കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി (54) അന്തരിച്ചു. കെപിസിസി അംഗവും മുൻ ഡിസിസി കണ്ണൂർ ജില്ലാ പ്രസിഡന്റും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അഞ്ച് വട്ടം നിയമസഭയിലേക്കും ഒരു വട്ടം ലോക സഭയിലേക്കും മത്സരിച്ചു. കണ്ണൂർ ജില്ലയിലെ പാച്ചേനിയിൽ കർഷകത്തൊഴിലാളികളായ പി ദാമോദരന്റെയും എം നാരായണിയുടെയും മൂത്ത മകനാണ് സതീശൻ പാച്ചേനി. 96 ൽകെഎസ്‌യു സംസ്ഥാന സെക്രട്ടറിയായിരിക്കെ സതീശൻ പാച്ചേനി നിയമസഭയിലേക്ക് മത്സരിച്ചു. തളിപ്പറമ്പ് മണ്ഡലത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർക്ക് എതിരെയായിരുന്നു കന്നി പോരാട്ടം.
2016 ഡിസംബർ 17 ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി പാർട്ടി ചുമതല കണ്ണൂരിൽ ഏല്പിച്ചപ്പോൾ നിലപാടുകളെ മുറുകെ പിടിക്കുന്ന ആദർശ നിഷ്ഠയുള്ള പാച്ചേനിയുടെ പ്രവർത്തന ശൈലി ഏറെ ശ്രദ്ധേയമായിരുന്നു. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമന്ദിരം പണി പൂർത്തിയാക്കി ഉദ്ഘാടനത്തിന് ഒരുക്കിയതും സതീശൻ പാച്ചേനിയായിരുന്നു. അന്ന് ആസ്ഥാന നിർമാണത്തിന് പണം തികയാതെ വന്നപ്പോൾ സ്വന്തം വീട് വിറ്റിട്ടായിരുന്നു സതീശൻ പാച്ചേനി നിർമ്മാണം പൂർത്തികരിക്കാൻ പണം കണ്ടെത്തിയത്. ജനങ്ങൾക്കെല്ലാവർക്കും ഏത് സമയത്തും സമീപിക്കാൻ കഴിയുന്ന സൗഹാർദ്ദപൂർണ്ണമായതും ഹൃദയബന്ധം സൂക്ഷിക്കുന്നതുമായ ഇടപെടൽ യിരുന്നു അദ്ദേഹത്തിന്റേത്. ഭാരത് ജോഡൊ പദയാത്രയുടെ കണ്ണൂർ ജില്ലയിലെ മുഖ്യ ചുമതലക്കാരനായിരുന്നു സതീശൻ പാച്ചേനി.
English Summary: Congress leader Satheesan Patcheni passed away
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.