3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

February 28, 2025
February 28, 2025
February 28, 2025
February 26, 2025
February 19, 2025
February 15, 2025
February 14, 2025
February 5, 2025
February 1, 2025
January 24, 2025

ലീഡേഴ്സ് ക്യാമ്പിലും തമ്മിലടിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

പുനഃസംഘടന വൈകിയാല്‍ രാജിവെക്കുമെന്ന് സുധാകരന്‍
ജോമോന്‍ ജോസഫ്
കല്‍പറ്റ
May 9, 2023 8:37 pm

സംഘടന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ചേര്‍ന്ന സംസ്ഥാന ലീഡേഴ്സ് ക്യാമ്പിലും ഐക്യം ഉണ്ടാക്കാനാകാതെ കോണ്‍ഗ്രസ് നേതൃത്വം ഉഴലുന്നു. കെപിസിസി പുനഃസംഘടന വൈകുന്നതിലുള്ള തന്റെ അമര്‍ഷം രൂക്ഷഭാഷയിലാണ് പ്രസിഡന്റ് കെ സുധാകരന്‍ പ്രകടിപ്പിച്ചത്. ഇനിയും പുനഃസംഘടന വൈകിയാല്‍ കെ പി സി സിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്നും താന്‍ രാജിവെക്കുമെന്ന് സുധാകരന്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം നല്‍കി രണ്ട് വര്‍ഷം മുമ്പ് താന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ടും ഒന്നും ചെയ്യാനാകാത്തതിലുള്ള കുറ്റസമ്മതം കൂടി സുധാകരന്‍ ക്യാമ്പില്‍ നടത്തി. താന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷം ചില മുതിര്‍ന്ന നേതാക്കള്‍ നടത്തുന്ന നിസ്സഹകരണവും സുധാകരന്‍ തുറന്ന് പറഞ്ഞു. വയനാട്ടില്‍ നടക്കുന്ന കെപിസിസി നേതൃക്യാമ്പില്‍ സംഘടനാ, രാഷ്ട്രീയ വിഷയങ്ങളിലുള്ള രേഖ അവതരിപ്പിച്ച് നടത്തിയ പ്രസംഗത്തിലാണ് സുധാകരന്‍ പൊട്ടിത്തെറിച്ചത്.
പുനഃസംഘടന അനന്തമായി നീളാന്‍ കാരണം ചില നേതാക്കളുടെ നിസ്സഹകരണമാണ്. താന്‍ പ്രസിഡന്റായി രണ്ട് വര്‍ഷം കഴിഞ്ഞു. ഇക്കാലയളവിലുള്ള പ്രവൃത്തിയില്‍ തനിക്ക് പോലും സംതൃപ്തിയില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദം പ്രവര്‍ത്തനത്തിന് തിരിച്ചടിയായി. നേതൃത്വത്തിലെ അനൈക്യം കാരണം സഹ ഭാരവാഹികളെ നിശ്ചയിക്കാന്‍ പോലും കഴിയുന്നില്ല. ഇനിയും ഇത്തരത്തില്‍ തുടരാനാകില്ല. പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ സ്ഥാനം രാജിവെക്കുമെന്ന് സുധാകരന്‍ ഭീഷണിമുഴക്കി.
കെ സി വേണുഗോപാല്‍ പക്ഷത്തിന് ഹൈക്കമാന്‍ഡ് നല്‍കുന്ന അമിത പരിഗണനയെയും സുധാകരന്‍ പരോക്ഷമായി വിമര്‍ശിച്ചു. പോഷക സംഘടനാ ഭാരവാഹികളെ നിശ്ചയിക്കുന്നതില്‍ ദേശീയ നേതൃത്വം കെപിസിസിയോട് ആലോചിക്കുന്നില്ല. പല പോഷക സംഘടന ഭാരവാഹികളേയും നിശ്ചയിക്കുന്നത് താന്‍ അറിയുന്നില്ല. മഹിളാ കോണ്‍ഗ്രസ്, കെ എസ് യു ഭാരവാഹികളെ നിശ്ചയിച്ചതിലുള്ള അതൃപ്തി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മത്സ്യ തൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് ആരാണെന്ന് തനിക്ക് അറിയില്ല. ഇക്കാര്യം പ്രസംഗത്തിനിടെ ടി എന്‍ പ്രതാപന്‍ എം പിയോട് അദ്ദേഹം ചോദിക്കുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാറിനെതിരെ ശക്തമായ ക്യാമ്പയിന്‍ നടത്താന്‍ നിരവധി വിഷയങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ അനൈക്യം ഇതിന് തിരിച്ചടിയായായെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. സുധാകരന്‍ അവതരിപ്പിച്ച രാഷ്ട്രീയ രേഖയില്‍ രാത്രി വൈകിയും ചര്‍ച്ച തുടരുകയാണ്. പത്രസമ്മേളനങ്ങള്‍ നടത്തിയതുകൊണ്ട് മാത്രം കേരളത്തില്‍ ഭരണത്തിലേക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്ന് കെ സുധാകരനേയും രമേശ് ചെന്നിത്തലയേയും പരോക്ഷമായി വിമര്‍ശിച്ച് കെ സി വേണുഗോപാല്‍ പറഞ്ഞു.

Eng­lish Sum­ma­ry;  Con­gress lead­ers also clashed in the lead­ers’ camp
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.