25 December 2024, Wednesday
KSFE Galaxy Chits Banner 2

‘കോണ്‍ഗ്രസ് മുക്ത് ഭാരത്’ ദൗത്യം ഏറ്റെടുത്ത് കോണ്‍ഗ്രസുകാര്‍

പ്രത്യേക ലേഖകന്‍
August 29, 2021 4:58 am

കോണ്‍ഗ്രസ് വാര്‍ത്തകളില്‍ നിറയുകയാണ്. രാജ്യത്തിന്റെയും ജനങ്ങളുടെയും ഉത്തമ താല്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഏറ്റവും പഴക്കംചെന്ന രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലല്ല അവര്‍ വാര്‍ത്തകളില്‍ നിറയുന്നത്. ചിരപ്രതിഷ്ഠിതങ്ങളായ ജനാധിപത്യ, മതനിരപേക്ഷ, സ്ഥിതിസമത്വ മൂല്യങ്ങളെ പരസ്യമായി വെല്ലുവിളിക്കുന്ന മോഡി ഭരണകൂടത്തിനെതിരായ ചെറുത്തുനില്പിന്റെ പേരിലുമല്ല അത്. ഭരണഘടനയേയും ഭരണഘടനാ സ്ഥാപനങ്ങളെയും ശിഥിലീകരിക്കുന്ന ഫാസിസ്റ്റ് ഭരണനയങ്ങളോടുള്ള എതിര്‍പ്പുമല്ല അവര്‍ക്ക് വാര്‍ത്തകളില്‍ സ്ഥാനം നല്കുന്നത്. നഗ്നമായ അധികാരത്തര്‍ക്കവും ചേരിതിരിഞ്ഞുള്ള നാണംകെട്ട തമ്മിലടിയുമാണ് അവര്‍ക്ക് വാര്‍ത്തകളില്‍ സ്ഥാനം ഉറപ്പാക്കുന്നത്.

ഡിസിസി പ്രസിഡന്റുമാരെ നിയമിക്കുന്നതു സംബന്ധിച്ച് പാളയത്തില്‍ ആരംഭിച്ച പടയൊരുക്കം തെരുവുകളിലേക്ക് കവിഞ്ഞൊഴുകുകയാണ് കേരളത്തില്‍. സമൂഹമാധ്യമങ്ങളിലും കോണ്‍ഗ്രസ് ഓഫീസുകളുടെ ചുമരുകളിലും ആ ചേരിപ്പോര് വിഷം വമിപ്പിക്കുന്നു. ആത്മാഭിമാനം നഷ്ടപ്പെട്ട നേതൃത്വം പാവം കോണ്‍ഗ്രസുകാര്‍ക്ക് താങ്ങാവുന്നതിലും വലിയ അപമാനമായി മാറിയിരിക്കുന്നു. തങ്ങളുടെ നേതാക്കളെ തിരഞ്ഞെടുക്കാനുള്ള അവകാശംപോലും ഹെെക്കമാന്‍ഡിന് അടിയറവച്ച കോണ്‍ഗ്രസുകാര്‍ക്ക് അവരിലുള്ള പ്രതീക്ഷപോലും അസ്തമിച്ച പ്രതീതിയാണ് ലഭിക്കുന്നത്.

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും പഞ്ചാബിലും ഛത്തിസ്ഗഢിലും ഭരണം നിലനിര്‍ത്തുന്നതിലുള്ള വ്യഗ്രതയെക്കാളും അധികാര വടംവലി, തുറന്ന ആഭ്യന്തരയുദ്ധത്തിന്റെ രൂപം കെെവരിച്ചിരിക്കുന്നു. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും പ്രതിയോഗി സച്ചിന്‍ പെെലറ്റും തമ്മില്‍ തുടര്‍ന്നുവരുന്ന ചേരിപ്പോരിന് ഇപ്പോള്‍ ഇടവേളയാണത്രെ. പാളയത്തിലെ തീകെടുത്താന്‍ ഹെെക്കമാന്‍ഡ് നടത്തിയ ഇടപെടലല്ല അതിനു കാരണം. ഗെലോട്ട് ഹൃദ്രോഗത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് ആശുപത്രിയില്‍ സുഖംപ്രാപിച്ചു വരുന്നതേയുള്ളു. സെപ്റ്റംബര്‍ ഒമ്പതിന് ചേരുന്ന നിയമസഭാ സമ്മേളനത്തിനു മുമ്പ് സച്ചിന്‍ പെെലറ്റിന്റെ അനുചരരെ ഉള്‍ക്കൊള്ളിച്ച് മന്ത്രിസഭാ വികസനം നടത്തണമെന്നാണ് ഹെെക്കമാന്‍ഡ് ഇടപെട്ട് ഉണ്ടാക്കിയ ഒത്തുതീര്‍പ്പ്. ഓഗസ്റ്റ് 15ന് മുമ്പ് മന്ത്രിസഭാ വികസനം എന്നതായിരുന്നു പെെലറ്റിന്റെ അന്ത്യശാസനം. ആശുപത്രി വിട്ടുവരുന്ന ഗെലോട്ട് ഹെെക്കമാന്‍ഡിന്റെ നിര്‍ദ്ദേശം അംഗീകരിച്ച് നടപ്പാക്കുമോ എന്ന് പിസിസി ചുമതല വഹിക്കുന്ന അജയ് മാക്കനുപോലും ഉറപ്പില്ല. പെെലറ്റിന്റെ പാളയം അസ്വസ്ഥമാണ്. വാഗ്ദാനങ്ങള്‍ നിറവേറ്റാനുള്ള ഹെെക്കമാന്‍ഡിന്റെ കഴിവില്‍ അവര്‍ക്ക് പൂര്‍ണ വിശ്വാസമില്ല.

കോണ്‍ഗ്രസ് ഭരിക്കുന്നതും അടുത്ത വര്‍ഷാരംഭത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടേണ്ടതുമായ സംസ്ഥാനമാണ് പഞ്ചാബ്. അവിടെ സ്ഥിതിവിശേഷം തികച്ചും സ്ഫോടനാത്മകമാണ്. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിലയുറപ്പിച്ച മുന്‍ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദുവും തമ്മില്‍ ആധിപത്യത്തിനുവേണ്ടിയുള്ള അന്തിമപോരാട്ടമാണ് അവിടെ നടക്കുന്നത്. ചേരിപ്പോരിന് അറുതിവരുത്താന്‍ തന്റെ അധികാരമുപയോഗിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയഗാന്ധിയാണ് സിദ്ദുവിനെ പഞ്ചാബ് പിസിസി അധ്യക്ഷപദവിയില്‍ അവരോധിച്ചത്. അതുകൊണ്ട് പ്രശ്നം അവസാനിച്ചില്ലെന്നുമാത്രമല്ല , തുറന്ന യുദ്ധത്തിലേക്കാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.

സിദ്ദുവിന്റെ അനുചരന്മാരായ നാല് മന്ത്രിമാര്‍ യോഗം ചേര്‍ന്ന് ക്യാപ്റ്റനെ മുഖ്യമന്ത്രിപദത്തില്‍ നിന്നും നീക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. എന്നാല്‍ ക്യാപ്റ്റന്‍ തന്നെയായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുക എന്ന് എഐസിസി ചുമതലക്കാരനായ ഹരീഷ് റാവത്ത് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. തന്നെ ‘കേവലം കാഴ്ചവസ്തുവാക്കി മാറ്റാന്‍’ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് സിദ്ദു രംഗത്തുവന്നു. ചുമതലക്കാരനായ റാവത്ത് ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പേരില്‍ യുദ്ധഭൂമിയില്‍ നിന്നും നിഷ്ക്രമിക്കാന്‍ ഹെെക്കമാന്‍ഡിന്റെ അനുമതി തേടിയിരിക്കുകയാണ്. പാകിസ്ഥാനും കശ്മീരുമായി ബന്ധപ്പെട്ട് സിദ്ദുവിന്റെ ഉപദേഷ്ടാക്കളായ മന്‍വീന്ദര്‍ സിങ് മാലിയും പ്യാരേലാല്‍ ഗാര്‍ഗും നടത്തിയ വിവാദ പ്രസ്താവനകളുടെ പേരില്‍ ഇരുവരെയും തല്‍സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് മുതിര്‍ന്ന നേതൃത്വം സിദ്ദുവിനോട് ആവശ്യപ്പെട്ടു. മാലി തല്‍സ്ഥാനം രാജിവച്ച് ഒഴിഞ്ഞെങ്കിലും വിവാദം അവസാനിച്ചിട്ടില്ല.

കോണ്‍ഗ്രസ് ഭരണം അവശേഷിക്കുന്ന ഛത്തിസ്ഗഢിലും അധികാര വടംവലി രൂക്ഷമാണ്. മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനെ മാറ്റി തല്‍സ്ഥാനത്ത് തന്നെ അവരോധിക്കണമെന്നാണ് ആരോഗ്യമന്ത്രി ടി എസ് സിങ് ദേവിന്റെ ആവശ്യം. ഊഴംവച്ച് ഇരുവര്‍ക്കുമിടയില്‍ മുഖ്യമന്ത്രിപദം പങ്കുവയ്ക്കാമെന്ന് ഹെെക്കമാന്‍ഡ് ഉറപ്പു നല്കിയിരുന്നു എന്നാണ് സിങ് ദേവിന്റെ വാദം. അത് തുറന്ന ശക്തിപ്രകടനത്തിനാണ് വഴിതെളിച്ചിട്ടുള്ളത്. എംഎല്‍എമാരെയും മന്ത്രിമാരെയും ഒപ്പം അണിനിരത്തി തന്റെ ശക്തി തെളിയിക്കാനാണ് ഭാഗല്‍‍ ശ്രമിക്കുന്നത്. അവരുമായി ഡല്‍ഹിയിലേക്ക് വരേണ്ടതില്ലെന്ന് ഹെെക്കമാന്‍ഡ് നിഷ്കര്‍ഷിക്കുന്നു. വെള്ളിയാഴ്ച ഭാഗലിനൊപ്പം ഡല്‍ഹിയിലെത്തിയ എംഎല്‍എമാരെയും മന്ത്രിമാരെയും കാണാന്‍ നേതൃത്വം അനുമതി നല്കിയില്ല.

രാഹുല്‍ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാല്‍‍ എന്നിവരെ സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് പി എന്‍ പുണിയയുമായി കൂടിക്കണ്ട ഭാഗല്‍ രാഹുല്‍ഗാന്ധിയെ സംസ്ഥാനം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിട്ടുണ്ടത്രെ. തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ അടുത്തയാഴ്ച രാഹുല്‍ ഛത്തിസ്ഗഢ് സന്ദര്‍ശിക്കുമെന്നാണ് ഭാഗല്‍ പറയുന്നത്. എന്നാല്‍ നടക്കാന്‍ പോകുന്നത് നേതാവിന്റെ മുന്നില്‍ ഇരുഗ്രൂപ്പുകളുടെയും ശക്തിപ്രകടനമായിരിക്കും.

കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരണം നടത്തുന്ന മൂന്ന് സംസ്ഥാനങ്ങളിലെയും, പാര്‍ട്ടി ഗണ്യമായ സ്വാധീനം അവകാശപ്പെടുന്ന കേരളത്തിലെ സംഘടനയും രാഷ്ട്രീയവും കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികളെയാണ് നേരിടുന്നത്. അടുത്ത വര്‍ഷം ആദ്യപാദത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട പഞ്ചാബടക്കം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സംഘടനാപരമായൊ രാഷ്ട്രീയമായൊ പാര്‍ട്ടിയെ സജ്ജമാക്കാന്‍ കഴിയാത്ത അവസ്ഥയാണ് അവിടങ്ങളിലെല്ലാം നിലനില്‍ക്കുന്നത്. സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധി വധേരയും അടങ്ങുന്ന കോണ്‍ഗ്രസ് ഹെെക്കമാന്‍ഡിന് നിയന്ത്രിക്കാന്‍ കഴിയാത്ത, അവരില്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിക്കാന്‍ വിസമ്മതിക്കുന്ന സംസ്ഥാന നേതൃനിരയും ഉള്‍പ്പെട്ട തികച്ചും ദയനീയമായ ഒരു ചിത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തിനു മുന്നില്‍ കാഴ്ചവയ്ക്കുന്നത്.

ജനാധിപത്യം എന്നേ കെെമോശം വന്ന പാര്‍ട്ടിയില്‍ രാഷ്ട്രീയത്തിനും ആശയങ്ങള്‍ക്കും തെല്ലും സ്ഥാനമില്ലെന്ന് ആ പാര്‍ട്ടിയുടെ നേതൃത്വത്തില്‍നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് സാക്ഷ്യപ്പെടുത്തുന്നു. ഗാന്ധികുടുംബാംഗങ്ങള്‍ മാത്രം ഉള്‍പ്പെട്ട ഹെെക്കമാന്‍ഡ് രാഷ്ട്രീയവും സംഘടനാപരവും നേതൃത്വപരവുമായ കഴിവുകളുടെ അഭാവത്തില്‍ ഇരുട്ടില്‍ തപ്പുകയാണ്. രാഷ്ട്രീയവും സംഘടനാപരവുമായ അനുഭവസമ്പത്തുള്ള നേതാക്കള്‍ നിര്‍ണായക തീരുമാനങ്ങള്‍ കെെക്കൊള്ളേണ്ടവരുടെ അനഭിമത പട്ടികയിലുമാണ്. രാജ്യം അഭിമുഖീകരിക്കുന്ന അതീവ ഗുരുതരമായ പ്രതിസന്ധികളുടെയും വെല്ലുവിളികളുടെയും മുഖത്ത് കോണ്‍ഗ്രസ് അതീവ ദയനീയമായ ചിത്രമാണ് കാഴ്ചവയ്ക്കുന്നത്. ഈ നില തുടര്‍ന്നാല്‍ ‘കോണ്‍ഗ്രസ് മുക്ത ഭാരതി‘നു വേണ്ടി ബിജെപിയും സംഘപരിവാറും ഏറെയൊന്നും അധ്വാനിക്കേണ്ടിവരില്ല. ആ ദൗത്യം കോണ്‍ഗ്രസുകാര്‍ തന്നെ നിര്‍വഹിച്ചുകൊള്ളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.