22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024

ഭാരത് ജോഡോ യാത്രപ്രചരണ ബോര്‍ഡില്‍ ചെന്നിത്തലയെ ഒഴിവാക്കിയതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം ; പരസ്പരമുള്ള തെറിവിളികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആയി

Janayugom Webdesk
തിരുവനന്തപുരം
September 15, 2022 3:37 pm

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോയാത്രയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ സ്ഥാപിച്ച പ്രചരണ ബോര്‍ഡില്‍ മുന്‍പ്രതിപക്ഷനേതാവും, മുന്‍കെപിസിസി പ്രസിഡന്‍റുമായ രമേശ് ചെന്നിത്തലയേയും, അദ്ദേഹത്തിന്‍റെ ഗ്രൂപ്പിലുള്ളവരേയും ഒഴിവാക്കിയതായി പരാതി. അതിന്‍റെ പേരില്‍ പ്രധാനചുമതലക്കാരനായ കോണ്‍ഗ്രസ് നേതാവ് അഡ്വ. റെജി മാത്യുവും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്നപേരില്‍ വിളിച്ച ആളും തമ്മില്‍ തെറിവിളി. സാമൂഹ്യമാധ്യമങ്ങളില്‍ ഇരുവരും തമ്മിലുള്ള തെറിവിളി സജീവമായിരിക്കുന്നു.

പ്രചാരണ ബോര്‍ഡ് സ്ഥാപിക്കാന്‍ സംഭാവന ചെയ്യാന്‍ താര്‍പര്യപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന വ്യാജേനയായിരുന്നു ഫോണ്‍ കോള്‍. ആഡ്വ റെജി തോമസും കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന പേരില്‍ ചെന്നൈയില്‍ നിന്ന് വിളിച്ച ആളും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്.ജില്ലയില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് പോരിന്‍റെ ഭാഗമാണ് ചെന്നിത്തലയേയും, സംഘത്തേയും ഒഴിവാക്കിയതും അവസാനം തെറിവിളി അഭിഷേകത്തില്‍ ചെന്നു നില്‍ക്കുന്നതും. ജില്ലയിലെ എ ഗ്രൂപ്പില്‍ തന്നെ മുതിര്‍ന്ന നേതാവായിരുന്ന പി.ജെ കുര്യനെ അനുകൂലിക്കുന്ന ഒരു വിഭാഗം ഉണ്ട്.നിലവിലെ ഡിസിസി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ കുര്യന്‍റെ നോമിനിയാണ്. എ, ഗ്രൂപ്പിലും, ഐ ഗ്രൂപ്പിലും വിവിധ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഒരു കാലത്ത് എ ഗ്രൂപ്പിന്‍റെ ശക്തമായ കേന്ദ്രമായിരുന്നു പത്തനംതിട്ട ജില്ല. എന്നാല്‍ ഇപ്പോള്‍ ഗ്രൂപ്പ് പല തട്ടിലാണ്. 

അതുപോലെ ഐ ഗ്രൂപ്പും വിവിധ നേതാക്കളുടെ ഭാഗമായിട്ടാണ് നിലനില്‍ക്കുന്നത്. ഭാരത് ജോഡോ യാത്രയെ കുറിച്ച് ആലോചിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത് തിരുവല്ല നിയോജക മണ്ഡലം യോഗം തന്നെ പരാജയമായിരുന്നു. തിരുവല്ലയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിലുള്ള ഭിന്നത രൂക്ഷമാണ്. അതിന്‍റെ പ്രതിഫലനമാണ് പ്രചരണ ബോര്‍ഡുകളില്‍ നിന്നും ചെന്നിത്തലയെ വെട്ടിമാറ്റിയിരിക്കുന്നുത്. പിജെ കുര്യൻ തിരുവല്ല, മല്ലപ്പള്ളി ബ്ലോക്കുകളിൽ കോൺഗ്രസ് പാർട്ടിയെ ഹൈജാക്ക് ചെയ്യുന്നുവെന്ന് ആക്ഷേപമുള്ളവർ നിയോജകമണ്ഡലം യോഗം ബഹിഷ്‌കരിച്ചത്. പങ്കെടുത്തത് നൂറിൽ താഴെ പ്രവർത്തകരാണ്. മൂന്നുറിനും അഞ്ഞുറിനുമിടയിൽ പ്രവർത്തകർ പങ്കെടുക്കേണ്ട സ്ഥാനത്തായിരുന്നു ഇത്. ജനപങ്കാളിത്തം കുറഞ്ഞതിന് പ്രധാന കാരണമായിഅവര്‍ ചൂണ്ടിക്കാണിക്കുന്നത്. 

പിജെ കുര്യന്റെ വിശ്വസ്തൻ അഡ്വ. റെജി തോമസിനെ ജാഥയുടെ കോ-ഓർഡിനേഷൻ കമ്മറ്റി കൺവീനറായി നിയമിച്ചിതായിരുന്നു.ഫ്ളക്സ് ബോർഡുകളിൽ നിന്നും ഐ ഗ്രൂപ്പ് നേതാക്കളുടെ ചിത്രങ്ങൾ ഒഴിവാക്കിയതിനെ ചൊല്ലി പ്രാദേശിക നേതാക്കൾ തമ്മിൽ അസഭ്യ വർഷവും ഉണ്ടായി. മൊബൈൽ ഫോണിലൂടെയും പാർട്ടിയുടെ വാട്ട്സാപ് ഗ്രൂപ്പുകളിലൂടെയും ആണ് ചേരി തിരിഞ്ഞ് നേതാക്കളും അണികളും പരസ്പരം ഏറ്റുമുട്ടിയത്. തിരുവല്ല നിയോജക മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ഉയർത്തിയ ബോർഡുകളിൽ രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുടെ ചിത്രം ഒഴിവാക്കിയതാണ് ഐ ഗ്രൂപ്പിലെ പ്രദേശിക നേതാക്കളെയും അണികളെയും ചൊടിപ്പിച്ചത്. 

ഇതിന്‍റെ ഭാഗമാണ്യാത്രയുടെ കോ-ഓർഡിനേഷൻ കമ്മറ്റി കൺവീനർ അഡ്വ. റെജി തോമസിനെ ഫോണിൽ വിളിച്ച അജിത്ത് എന്ന പ്രവർത്തകൻ ചീത്ത വിളിക്കുന്ന ഓഡിയോ വൈറൽ ആയിരിക്കുന്നത്അഡ്വ. റെജി തോമസിനെ ചെന്നൈ സ്വദേശി അജിത്ത് എന്ന് പരിചയപ്പെടുത്തുന്നയാൾ വിളിക്കുന്നത് പരിപാടിക്ക് സംഭാവന നൽകാമെന്ന് പറഞ്ഞാണ്. കാശ് കിട്ടുന്ന മുറയ്ക്കാണ് ഫൽക്സ് ബോർഡ് വയ്ക്കുന്നത് എന്നാണ് റെജി തോമസ് വിളിച്ചയാളോട് പറയുന്നത്. ബോർഡുകളിൽ എന്തു കൊണ്ട് ചെന്നിത്തലയുടെ തല വച്ചില്ല എന്ന് ചോദിച്ച വിളിച്ചയാൾ റെജി തോമസിനെ ഊടുപാട് ചീത്ത വിളിക്കുകയാണ്.വിളിച്ചയാൾ ഈ ഓഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത് പാർട്ടിക്കും നേതാക്കൾക്കും വൻ നാണക്കേടായി.കുര്യന്റെ തൻപ്രമാണിത്തത്തിനെതിരേ പാർട്ടിയിൽ വലിയൊരു വിഭാഗം അംസതുപ്തരാണ്. 

ഈ അസംതൃപ്തി പാർട്ടി പരിപാടികളെപ്പോലും ബാധിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് യോഗങ്ങളിൽ ജനപങ്കാളിത്തം കുറയുന്നത്. യാത്രയുടെ ബോർഡുകളിൽ നിന്നും മുതിർന്ന ഐ ഗ്രൂപ്പ് നേതാക്കളുടെ ചിത്രങ്ങൾ പോലും ഒഴിവാക്കിയതിന് പിന്നിൽ സുധാകരൻ ഗ്രൂപ്പ് നേതാവായ എൻ ഷൈലാജ് ആണെന്നും സഹോദരനും ഡിസിസി പ്രസിഡന്റുമായ സതീഷ് കൊച്ചു പറമ്പിൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങുകയാണെന്നും ഒരു വിഭാഗം നേതാക്കൾ ആരോപിച്ചു.വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്ന ലക്ഷ്യത്തോടെ മുതിർന്ന നേതാവ് പിജെ കുര്യൻ കരുക്കൾ നീക്കുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. ഇതിന്റെ ഭാഗമായി കുര്യന് എതിരാളികളായി വരാൻ സാധ്യതയുള്ള നേതാക്കളെ ഒന്നടങ്കം തിരുവല്ലയിൽ വെട്ടിനിരത്തി. മുൻ കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടികെ സജീവ് കുര്യനുമായുള്ള അഭിപ്രായ ഭിന്നത കാരണം പാർട്ടി വിട്ടിട്ട് ഏറെ നാളായി. പാർട്ടിയിലെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഡോ. സജി ചാക്കോയെ നിസാര കാരണം പറഞ്ഞ് പാർട്ടിയിൽ നിന്ന് പുറത്താക്കി. കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സജി ചാക്കോയെ പുറത്താക്കുന്നതിന് എതിരായിരുന്നു. 

എന്നാൽ, കുര്യനുമായി അടുത്ത ബന്ധം പുലർത്തുന്ന ഡിസിസി പ്രസിഡന്റിനെ അടക്കം ഉപയോഗിച്ചാണ് സജി ചാക്കോയെ പുകച്ചു പുറത്തു ചാടിച്ചത്. ഇതിനിടെ കെപിസിസി അംഗങ്ങളുടെ പ്രഖ്യാപനവും ജില്ലയിലെ കോണ്‍ഗ്രസ് വൃത്തങ്ങളില്‍ വന്‍ പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്. യുവാക്കള്‍, പുതുമുഖങ്ങള്‍ എന്നിവര്‍ക്ക് പ്രാധാന്യം നല്‍കുമെന്നു പറഞിരുന്നെങ്കിലും ജില്ലയില്‍ പഴയ ആളുകളെ മാത്രം കുത്തി നിറക്കുകമാത്രമാണ് ഉണ്ടായിരിക്കുന്നത്.ജില്ലയിൽ നിന്ന് ആകെയുള്ളത് 10 കെപിസിസി അംഗങ്ങളാണ്. അതിൽ അറുപതും എഴുപതും പിന്നിട്ടവരായി ഉള്ളത് എട്ടു പേർ. യുവജനപ്രാതിനിധ്യമായി രാഹുൽ മാങ്കൂട്ടത്തിൽ മാത്രം. പി.ജെ. കുര്യൻ വരെ കെപിസിസിയിൽ കടന്നു കൂടി. നാലോളം ഉപഗ്രൂപ്പുകളുള്ള ഐ യിൽ നിന്ന് ആർക്കും പ്രാധാന്യമില്ല. ഡിസിസി പ്രസിഡന്റിന്റെ സഹോദരനും, കെപിസിസി പ്രസിഡന്‍റ് സുധാകരന്‍റെ ഗ്രൂപ്പുകാരനും ലിസ്ററില്‍ ഇടം നേടി. ഡി,സിസി പ്രസിഡന്‍റ് കുര്യന്‍റെ നോമിനിയാണ്. 

യുവജന പ്രാതിനിധ്യം ഉറപ്പാക്കാതെ സ്ഥിരം കുറ്റികളെ മാത്രം കുത്തി നിറച്ചു കൊണ്ടുള്ള പട്ടിക മറ്റു നേതാക്കളിലും പ്രവർത്തകരിലും അസംതൃപ്തിക്ക് കാരണമായി. ജില്ലയിൽ ഓരോ നിയോജക മണ്ഡലത്തിലും രണ്ട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികൾ വീതമാണുള്ളത്. ഓരോ ബ്ലോക്കിൽ നിന്നും ഓരോ കെപിസിസി അംഗം എന്നതാണ് ചട്ടം. ജില്ലയിലെ യുവജനനേതാവായ അനീഷ് വരിക്കണ്ണാമലയില്‍,കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലൂടെ കെപിസിസിയിൽ എത്തിയ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ. റോയിസനും ഡിസിസി വൈസ് പ്രസിഡന്റഎ.സുരേഷ് കുമാര്‍, കെപിസിസി നിർവാഹക സമിതി അംഗം ജോർജ് മാമൻ കൊണ്ടൂര്‍ എന്നിവര്‍ ഒഴിവാക്കപ്പെട്ടു.അടൂർ നിയോജക മണ്ഡലത്തിൽ നിന്നും പന്തളം സുധാകരൻ, പഴകുളം മധു എന്നിവർക്ക് പുറമെ ഉൾപ്പെടുത്തിയ രാഹുൽ മാങ്കൂട്ടത്തിൽ ആണ് ഏക പുതുമുഖം.

കോന്നിയിൽ നിന്നും ബാബു ജോർജും മാത്യു കുളത്തിങ്കലും വീണ്ടും ഇടം പിടിച്ചു. ആറന്മുള നിയോജക മണ്ഡലത്തിൽ നിന്നും മുതിർന്ന നേതാക്കളായ മാലേത്ത് സരളാദേവി, കെ. ശിവദാസൻ നായർ, പി. മോഹൻരാജ് എന്നിവർ പുതിയ പട്ടികയിൽ ഉണ്ട്.തിരുവല്ലയിൽ നിന്നും പി.ജെ.കുര്യൻ, എൻ. ഷൈലാജ് എന്നിവരാണുള്ളത്. 

ഇതില്‍ ഷൈലാജ് ഡിസിസി പ്രസിഡന്‍റിന്‍റെ സഹോദരനും,സുധാകരന്‍റെ വിശ്വസ്തനുമാണ്.നേരത്തേ ജയിംസ് ജോർജ് മാവേലി,ബിജിലി പനവേലി, കെ. ജയവർമ തുടങ്ങിയവർ കെപിസിസി യിൽ ഉണ്ടായിരുന്നു. റിങ്കു ചെറിയാൻ കെപിസിസി സെക്രട്ടറി ആകുകയും ചെയ്തു.എന്നാല്‍ ഇവരാരും ഇടം കെപിസിസി ലിസ്റ്റില്‍ ഇടം നേടിയില്ല.

Eng­lish Summary:
Con­gress protests over exclu­sion of Chen­nitha­la from Bharat Jodo trav­el cam­paign board; The mutu­al taunts went viral on social media

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.