28 December 2024, Saturday
KSFE Galaxy Chits Banner 2

കണ്ടാലും കൊണ്ടാലും പഠിക്കാത്ത കോണ്‍ഗ്രസ്

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
December 10, 2021 7:30 am

സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് പറഞ്ഞ മഹാത്മാഗാന്ധി കോണ്‍ഗ്രസിനെ കാത്തിരിക്കുന്ന അപചയത്തെ ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. ‘സ്വന്തം തെറ്റിലേക്കു തിരിഞ്ഞുനോക്കുക’ എന്ന് ഉപദേശിച്ച ഗാന്ധിജി പറഞ്ഞു; ‘രണ്ടുകൂട്ടരും അവരുടെ തെറ്റുകള്‍ മനസിലാക്കണം. എന്നിട്ട് അതെല്ലാം മറന്ന് ഒന്നാകണം. തെറ്റ് മനസിലാകുമ്പോള്‍ ഒന്നാകാതിരിക്കുവാന്‍ കഴിയുകയില്ല. ഒരു കക്ഷി മറ്റേ കക്ഷിയുടെ തെറ്റ് മറക്കുന്നതിലാണ് ഏറ്റവും വലിയ മഹനീയത. അങ്ങനെയുള്ളയിടത്ത് പിന്നെ സംഘര്‍ഷമില്ല.’ ഒരു പാര്‍ട്ടി പല കക്ഷികളായി വെെരനിര്യാതന ബുദ്ധിയോടെ ദേശീയതലത്തിലും സംസ്ഥാനതലത്തിലും പ്രവര്‍ത്തിക്കുമ്പോള്‍ ഗാന്ധിജിയുടെ ഈ വാക്കുകള്‍ കൂടുതല്‍ കൂടുതല്‍ പ്രസക്തമാവുകയാണ്. കോണ്‍ഗ്രസ് ഇന്ന് ഒരു കക്ഷി മറ്റേ കക്ഷിയുടെ തെറ്റ് മറക്കാത്തവരും മറ്റേ കക്ഷി ഇതരകക്ഷിയുടെ തെറ്റ് പൊറുക്കാത്തവരുമായ വിവിധ കക്ഷികളുടെ കൂടാരമാണിന്ന്. ചരിത്രത്തിലാദ്യമായി യുഡിഎഫ് യോഗം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ബഹിഷ്കരിക്കുന്ന നിലയുണ്ടായി. തലസ്ഥാന നഗരിയിലുണ്ടായിരുന്ന ഇരുവരും പ്രതിഷേധപൂര്‍വം വിട്ടുനിന്നുവെന്ന് മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നിട്ടും ഇരുവരും വാര്‍ത്തകള്‍ നിഷേധിക്കാതിരുന്നത് തന്നെ വാര്‍ത്തകളുടെ ആധികാരികത വ്യക്തമാക്കുന്നുണ്ട്. ഇതിലും വലുത് കോണ്‍ഗ്രസ് കാണുകയും നേരിടുകയും ചെയ്തിട്ടുണ്ട് എന്ന് പരിഹാസവും ധാര്‍ഷ്ട്യവും പ്രകടിപ്പിക്കുകയാണ് രണ്ട് മുതിര്‍ന്ന നേതാക്കളുടെ ബഹിഷ്കരണത്തെ സംബന്ധിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ചെയ്തത്. ഇവര്‍ക്ക് തൃണവില മാത്രമേ കല്പി­ക്കുന്നുള്ളു എന്ന സന്ദേശമാണ് കെ സുധാകരന്‍ നല്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഏകപക്ഷീയമായ കെപിസിസി, ഡിസിസി പുനഃസംഘടന പാടില്ലെന്നും സ്വേച്ഛാപരമായ അച്ചടക്ക നടപടികള്‍ പാടില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറിയും പ്രവര്‍ത്തകസമിതി അംഗവുമായ ഉമ്മന്‍ചാണ്ടി ദില്ലിയില്‍ ചെന്ന് എഐസിസി അധ്യക്ഷ സോണിയാഗാന്ധിയെ നേരില്‍ക്കണ്ട് പറഞ്ഞിട്ടും രമേശ് ചെന്നിത്തല കത്തെഴുതിയിട്ടും സുധാകര-സതീശ ദ്വന്ദ്വങ്ങള്‍ പുല്ലുവില കല്പിച്ചില്ല. സുധാകര ബ്രിഗേഡ് സമൂഹമാധ്യമങ്ങള്‍ വഴി ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മുന്‍ പിസിസി അധ്യക്ഷന്‍മാരായ വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനുമെതിരെ പുലഭ്യവര്‍ഷം നടത്തുകയും ഇവര്‍ രാഷ്ട്രീയ പ്രവര്‍ത്തനം മതിയാക്കി ഭവനങ്ങളിലൊതുങ്ങി വിശ്രമജീവിതം നയിക്കുകയോ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയോ ചെയ്യണമെന്നും അപഹസിക്കുന്നു. അച്ചടക്ക നിഗ്രഹ പരിപാടിയില്‍ അഭിരമിക്കുന്ന കെ സുധാകരന്‍ വേറെ പാര്‍ട്ടിയുണ്ടാക്കാന്‍ സുധാകര ഭക്തിയാല്‍ ആക്രോശിച്ച രാജ്മോഹന്‍ ഉണ്ണിത്താനോടോ സുധാകര ബ്രിഗേഡ് സെമി കേഡര്‍മാരോടോ ഒരു വിശദീകരണംപോലും ആരാഞ്ഞില്ല. വി എം സുധീരന്‍ രാഷ്ട്രീയകാര്യസമിതി അംഗത്വവും എഐസിസി അംഗത്വവും രാജിവച്ചപ്പോഴും മുല്ലപ്പള്ളി പരസ്യമായി പരിഭവം പറഞ്ഞപ്പോഴും സുധാകരനും സതീശനും പരിഹാസത്തോടെയാണ് നേരിട്ടത്. സ്വന്തം സ്തുതിപാഠകരെ കെപിസിസിയിലും ഉപസമിതികളിലും ഏകപക്ഷീയമായി തിരുകിക്കയറ്റുന്ന തിരക്കിലാണ് കെ സുധാകരന്‍. അംഗത്വംപോലുമില്ലാത്ത വി എസ് ചന്ദ്രശേഖരനെ പ്രൊഫഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി പ്രസിഡന്റായിരുന്ന ഡോ. എസ് എസ് ലാലിനു പകരം നിയമിച്ചപ്പോള്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ശശി തരൂര്‍ പ്രതിഷേധിച്ചപ്പോള്‍ സുധാകരന്‍ തീരുമാനം റദ്ദാക്കി. പക്ഷെ തന്റെ സ്തുതിപാഠകനെ സുധാകരന്‍ കെെവിടാന്‍ തയാറായില്ല.


ഇതുകൂടി വായിക്കാം; കോണ്‍ഗ്രസ്‌മുക്ത ഭാരതവും ജനാധിപത്യവും


കെപിസിസിക്ക് ഇല്ലാതിരുന്ന ലീഗല്‍സെല്‍ സൃഷ്ടിച്ച് വി എസ് ചന്ദ്രശേഖരനെ അധ്യക്ഷസ്ഥാനത്ത് പ്രതിഷ്ഠിച്ചു. ഉപകാരസ്മരണ ഇങ്ങനെ വേണം. ഘടകകക്ഷികളും കോണ്‍ഗ്രസിനുള്ളിലെ വിവിധ കക്ഷിപ്പോരുകളില്‍ കക്ഷിചേരാന്‍ തുടങ്ങി. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കൊതിക്കെറുവാണെന്ന് കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലായി വട്ടപൂജ്യത്തില്‍ കഴിയുന്ന ആര്‍എസ്‌പിയുടെ നേതാവ് ഷിബു ബേബി ജോണിന്റെ സുധാകര ഭക്തി നിറഞ്ഞ പ്രസ്താവന ഇതിന്റെ തെളിവാണ്. മുങ്ങുന്ന യുഡിഎഫ് തോണിയില്‍ മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസ് ജോസഫും സംതൃപ്തിയുടെ കൊടുമുടിയിലാണ്. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്റെ ആ­ത്മകഥയായ ‘ഓര്‍മ്മചെപ്പി‘ന്റെ പ്രകാശനവേളയില്‍ പ്രഗത്ഭ കഥാകൃത്ത് ടി പത്മനാഭന്‍ പറഞ്ഞ വാക്കുകള്‍ അന്വര്‍ത്ഥമാണ്. ‘കോണ്‍ഗ്രസ് മുക്തഭാരതമെന്ന വാക്കുകള്‍ കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തുനിന്നും കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. പക്ഷെ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസുകാര്‍ തന്നെ വിചാരിക്കണം. ആ കര്‍ത്തവ്യം പലരും ഇപ്പോള്‍ ഭംഗിയായി നിര്‍വഹിക്കുന്നു.’ കോണ്‍ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യം നരേന്ദ്രമോഡിയുടെയും അമിത്‌ഷായുടെയും സംഘപരിവാര ശക്തികളുടേതുമാണ്. കോണ്‍ഗ്രസ് മുക്തകേരളം എന്ന മുദ്രാവാക്യം 35 സീറ്റ് കിട്ടി കേരളം ഭരിക്കുമെന്ന വിഡ്ഢിത്തം എഴുന്നെള്ളിച്ച ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റേതാണ്. അതിനു കുടപിടിക്കുവാന്‍ ടി പത്മനാഭന്‍ പറഞ്ഞതുപോലെ കോണ്‍ഗ്രസിലെ വിരുതന്മാര്‍ തന്നെ കഠിനാധ്വാനം ചെയ്യുന്നു. കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ ബിജെപിയിലേക്കും തൃണമൂല്‍ കോണ്‍ഗ്രസിലേക്കും നിരന്തരം പലായനം ചെയ്യുന്നു. കോണ്‍ഗ്രസുകാരെ ബിജെപിയിലേക്ക് സ്വീകരിച്ച് അമിത്‌ഷായുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഢയുടെയും കെെകള്‍ തളര്‍ന്നിരിക്കുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കൊല്‍ക്കത്തയില്‍ തങ്ങാന്‍ സമയമില്ല. അവര്‍ രാജ്യമാസകലെ സഞ്ചരിച്ച് കോണ്‍ഗ്രസുകാരെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ആനയിക്കുന്നു. ജി 23 ഗ്രൂപ്പുണ്ടാക്കിയ ഗുലാം നബി ആസാദിന്റെയും ആനന്ദ് ശര്‍മ്മയുടെയും കപില്‍സിബലിന്റെയും മനീഷ് തിവാരിയുടെയും ശശി തരൂരിന്റെയും സംഘം ദേശീയതലത്തില്‍ കോണ്‍ഗ്രസിനുയര്‍ത്തുന്ന വെല്ലുവിളിയും തെല്ലും ചെറുതല്ല. നരേന്ദ്രമോഡിയുടെ പ്രശംസാവര്‍ഷത്തിന് വിധേയനായ ഗുലാം നബി ആസാദ് ജമ്മുകശ്മീരില്‍ സ്വന്തം നിലയില്‍ റാലികള്‍ നടത്തി പ്രഭാഷണ പരമ്പരകള്‍ നടത്തുകയാണ്. കോണ്‍ഗ്രസ് ഇനി രാജ്യഭരണത്തിലെത്തുമെന്ന് പറയാനാവില്ലെന്നും മുന്നൂറ് സീറ്റ് എന്നത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കിട്ടാക്കനിയായിരിക്കുമെന്നും പരസ്യ പ്രഖ്യാപനം നടത്തുന്നു. സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുകയില്ലെന്നും രാഷ്ട്രീയത്തില്‍ ഭാവി പ്രവചിക്കുവാനാവില്ലെന്നും ഗുലാം നബി ആസാദ് പറയുമ്പോള്‍ കോണ്‍ഗ്രസിന്റെ അസ്ഥിവാരം ഇടിയുകയാണ് എന്നാണ് തിരിച്ചറിയേണ്ടത്. രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ട കോണ്‍ഗ്രസിനെ പുനരുദ്ധരിപ്പിക്കുവാനാണ് കെ സുധാകരനെയും വി ഡി സതീശനെയും കെട്ടിയിറക്കിയത്. ഇനി വിജയമഹാമേരുക്കള്‍ എന്ന് അവര്‍ വീമ്പിളക്കുകയും ചെയ്തു. ഡിസംബര്‍ ഏഴാം തീയതി നടന്ന പത്ത് ജില്ലകളിലെ 32 തദ്ദേശ സ്ഥാപന വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പില്‍ 16 സീറ്റുകളിലും എല്‍ഡിഎഫ് വിജയം നേടി. ബിജെപി ജയിച്ച ഒരേയൊരു വാര്‍ഡില്‍ കേവലം ഒരു വോട്ടിന്റെ മാത്രം കുറവ്. യുഡിഎഫ് വിജയിച്ചിരുന്ന വാര്‍ഡുകളും എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന് 11 വാര്‍ഡുകളില്‍ നാമമാത്ര വിജയം. ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലും ഇടതുമുന്നണിക്ക് മിന്നും വിജയം. പാഠം പഠിക്കാത്ത, ജനവിരുദ്ധതയുടെ ഭാഗമായ കോണ്‍ഗ്രസും യുഡിഎഫും പരാജയ പാതാളക്കുഴിയില്‍ മുങ്ങിത്താഴുകയാണ്. ജനപക്ഷവും ഹൃദയപക്ഷവും ഇടതുപക്ഷമാണെന്ന് കേരളീയ ജനത ആവര്‍ത്തിച്ച് അടയാളപ്പെടുത്തിയതാണ് ഉപതെരഞ്ഞെടുപ്പ് ഫലം. വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരായി മതനിരപേക്ഷ രാഷ്ട്രീയത്തിനൊപ്പം നവോത്ഥാന കേരള മനസുകള്‍ അടിയുറച്ചു നില്‍ക്കുന്നു എന്ന ഫലം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇടതുഭരണ സംവിധാനത്തെ അട്ടിമറിക്കുവാന്‍ ബിജെപിയുമായി കെെകോര്‍ക്കുന്ന വര്‍ഗീയ ബാന്ധവത്തിനേറ്റ ജനങ്ങളുടെ പ്രഹരം. എം എം ഹസന്റെ ആത്മകഥാ പ്രകാശനവേളയില്‍ വി എം സുധീരന്‍ തന്റെ വെെസ് പ്രസിഡന്റായിരുന്ന എം എം ഹസന്റെ അനീതികള്‍ എണ്ണിയെണ്ണി പറഞ്ഞതിനുശേഷം പറഞ്ഞു; ‘പാവം ഹസന്‍, ഗ്രൂപ്പിനുവേണ്ടി പലതും പറയേണ്ടി വന്നു’. പാവം കോണ്‍ഗ്രസ്. കണ്ടാലും കൊണ്ടാലും പഠിക്കാത്ത കോണ്‍ഗ്രസേ ഹാ! കഷ്ടം എന്നേ പറയാനുള്ളു.

TOP NEWS

December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.