8 November 2024, Friday
KSFE Galaxy Chits Banner 2

ഓണത്തിന്റെ ധർമ്മ ബോധം

അരുൺകുമാർ അന്നൂർ
August 27, 2023 7:45 am

ഞ്ഞകർക്കടകത്തെ റദ്ദ് ചെയ്തുകൊണ്ടാണ് ഓണം കടന്നുവരുന്നത്. അത് ഒരു സുവർണകാലത്തിന്റെ ഓർമ്മ പുതുക്കലാണ്. മാനുഷ്യരെല്ലാരും ഒന്നായിരുന്ന ഒരു കാലത്തിന്റെ വീണ്ടെടുപ്പാണ്. ഓണത്തിന്റെ വിശുദ്ധി സദ്ഭരണത്തെക്കുറിച്ചുള്ള ഓർമ്മകളിലടങ്ങിയിരിക്കുന്നു. എല്ലാവരും ഒത്തൊരുമിച്ച് നാടിനും നാട്ടാർക്കും ആനന്ദം പകരുന്ന കാലം. മലയാളത്തിലെ കവികൾക്ക് ഓണം എന്നും സങ്കല്പത്തിന്റെ പുഷ്പരഥമായിരുന്നു. മാനുഷികതയുടെ ഗാഥ പാടുന്നവർക്ക് ഓണം പോലെ വിശിഷ്ടമായ സോപാനമില്ല.
മലയാളത്തിന്റെ പ്രിയകവി ചവറ കെ എസ് പിള്ളയുടെ കവിതകളിൽ ഓണം അതിന്റെ എല്ലാ രൂപഭാവങ്ങളോടെയും നിറഞ്ഞാടുന്നു. അതിന്റെ രാഷ്ട്രീയം, സാംസ്കാരികത, സമകാലികത എന്നിവ ചർച്ച ചെയ്യുന്നതോടൊപ്പം പ്രകൃതിയുടെ അണിഞ്ഞൊരുങ്ങൽ, പഴമയും പുതുമയും തമ്മിലുള്ള സംഘർഷം, നഗര- ഗ്രാമ ഭേദങ്ങൾ ഒക്കെ കവിതയിൽ വിഷയമാക്കപ്പെടുന്നു.
സുവർണ്ണകാലത്തെ വീണ്ടെടുക്കാൻ ആഹ്വാനം ചെയ്യുകയാണ് ഓണത്തിങ്കൾ എന്ന കവിതയിൽ. പഴമയിൽ നിന്നൂർജ്ജം ഉൾക്കൊണ്ട് പുതിയ വഴിവെട്ടാൻ യുവത്വത്തോട് കവി ആഹ്വാനം ചെയ്യുന്നു. ഓണത്തെ കെടുതികളിൽ നിന്നുള്ള മോചനമായാണ് കവി കാണുന്നത്. 

പുഞ്ചിരികൊണ്ടകനെഞ്ചു തുളയ്ക്കും
വഞ്ചകരില്ലാ സൽക്കാലം
ചക്കരവാക്ക് ചതിക്കുഴി തീർക്കും
കുത്സിതമില്ലാ പൊൽക്കാലം
(ഓണത്തിങ്കൾ )

ഓണത്തെക്കുറിച്ചെഴുതുന്ന ഓരോ കവിയും പഴമപ്പെരുമകൾ പാടുന്ന മാബലി തന്നെയാണെന്ന് കവി പറയാതെ പറയുന്നു. സമത്വമാണ് ഓണസംസ്കൃതിയുടെ വേര്. എല്ലാവരും ഒന്നു പോലെ കഴിയുന്ന സോഷ്യലിസ്റ്റ് കാലം. കവി ഓണത്തെ ഇത്ര അധികം ഇഷ്ടപ്പെടാനുള്ള കാരണവും മറ്റൊന്നല്ല. ഏതൊരു പുരോഗമനക്കാരനും കാണുന്ന സ്വപ്നമാണത്. സമൂഹത്തിന്റെ കേന്ദ്രം മനുഷ്യനാണെന്നുറച്ച് ലോകനന്മയ്ക്കായ് പ്രവർത്തിക്കുന്ന ഒരു ദർശനത്തിനു മാത്രമേ മനുഷ്യനെ വരിഞ്ഞുമുറുക്കുന്ന അമിതാധികാരത്തിന്റെയും ചൂഷണത്തിന്റെയും ചങ്ങലകളിൽ നിന്ന് അവനെ രക്ഷിച്ചെടുക്കാനും കഴിയൂ എന്ന് ഉറച്ച ബോധ്യവും ഇതിനു പിന്നിലുണ്ട്. അതിനായ് ഭിന്നതകൾ മറന്ന് നാടിനും നാട്ടാർക്കും വേണ്ടി പ്രവർത്തിക്കേണ്ടതുണ്ട്. ഇങ്ങനെ, ഓണച്ചിന്തകൾ പങ്കുവയ്ക്കുന്നത് രാഷ്ട്രീയ ചിന്തകൾ തന്നെയാണെന്ന് സൂക്ഷ്മമായി ചിന്തിച്ചാൽ നമുക്ക് വ്യക്തമാകും. 

ഓണമേ, പോകല്ലേ നീയോരോ മൺതരിയിലും
ഓമനസ്വപ്നാർത്ഥന മന്ത്രമായുണരുമ്പോൾ
എന്തിതിൽപ്പരം മറ്റൊരാനന്ദം, ഗതകാല
ചിന്തകൾ മുളപൊട്ടിയീരില വിരിയുന്നു.
(എന്തേ ഓണം )

കൊച്ചുകൊച്ചാഹ്ലാദത്തിൻ മഞ്ചാടി കൊരുക്കാനാണ് കവിയ്ക്കിഷ്ടം. ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ കവിയുടെയുള്ളിലെ കുട്ടിക്ക് പുനർജന്മം. കുട്ടിക്കാലത്തിന്റെ കുസൃതി പൊടിപ്പുകളില്ലാതെ എന്ത് ഓണം? നീളുന്ന നിസംഗതയാണ് കാലം ചുമക്കുന്നത്. നിർവികാരതയുടെ മുഖങ്ങളാണെങ്ങും. എടുക്കാ ഭാണ്ഡംപേറി ഉന്നതങ്ങളിലേക്ക് കുതിക്കാൻ നിർബന്ധപ്പെടുന്ന കുരുന്നുകൾ. പശ്ചിമ ലോകത്തിന്റെ പത്രാസുകളിൽ പുളയ്ക്കുകയാണ് നവലോകം. മുതിർന്നവരുടെ കപടതകളിൽ കുരുങ്ങി വീഴരുതെന്ന് കവി കുട്ടികളോട് അഭ്യർത്ഥിക്കുന്നു. 

നിഷ്കളങ്കരേ, നിങ്ങൾ കളിച്ചും ചിരിച്ചുമീ-
നിസ്തുലബാല്യത്തിന്റെ നൈർമ്മല്യം തെളിക്കുമ്പോൾ
നിഷ്പ്രഭമെല്ലാം വാഴ് വിൻ സർഗകാമനയുടെ
നിത്യലാവണ്യമോണപ്പൂക്കളായ് വിരിയട്ടെ
(എന്തേ ഓണം)

ഓർമ്മകളിൽ കൊട്ടിഘോഷിക്കുന്ന ഓണത്തെക്കുറിച്ച് എത്ര വർണിച്ചാലും കവിക്ക് മതിയാകില്ല. 

വറുതികളും കെടുതികളും കുടിയൊഴിഞ്ഞ കാലം
വസുധയാകെ സ്വർഗ്ഗമായി സമത പൂത്ത കാലം
(ഓണപ്പാട്ടുകാർ)

ഇന്നും ആ മധുരിമ തേടി ജനങ്ങൾ ഉഴറുകയാണ്. മതങ്ങൾ മുന്നോട്ടു വയ്ക്കുന്ന സ്വർഗ്ഗത്തേക്കാൾ / ദൈവിക രാജ്യത്തേക്കാൾ ഉന്നതമാണ് ‘മാവേലിനാട്’ എന്ന സങ്കല്പം. അത് ഒരു ജാതിയുടെയോ മതത്തിന്റെയോ വർഗത്തിന്റെയോ മാത്രമല്ല. അത് എല്ലാവരുടേതുമാണ്. അസമത്വമാണ് തെറ്റുകൾക്ക് കാരണം. മാവേലി നാടിന്റെ മഹിമകൾ വാഴ്ത്താൻ നിദ്രവിട്ട് വരൂ എന്ന് സഹജരോട് കവി അഭ്യർത്ഥിക്കുന്നു. നല്ലതിനെ പാടി സുസ്ഥിരമാക്കുക എന്ന തന്ത്രമാണ് ഇവിടെ പയറ്റുന്നത്.
വറുതിയുടെ തീ വിഴുങ്ങാൻ സമൃദ്ധവസന്തത്തിന്നമൃതപ്രവാഹമായ് കടന്നു വരൂ എന്ന് കവി തിരുവോണപ്പെണ്ണിനോട് പറയുന്നു. അധികാരത്തിന്റെ വാമനത്വം എത്രയാഴത്തിൽ ചവിട്ടിത്താഴ്ത്തിയാലും വസന്തത്തിന്റെ മഞ്ഞതുമ്പികൾ പാറുന്ന ഇളവെയിൽ പുലരിയിൽ നാടിന്റെ ആത്മാഭിമാനം കുതിച്ചുയരുമെന്ന പ്രത്യാശ കൂടിയാണ് ഓരോ ഓണവും.
ഓണത്തിന്റെ വിശുദ്ധിയെ സമകാലത്തിന്റെ അനീതികളോട് ചേർത്തു വായിക്കുമ്പോൾ ആഘോഷങ്ങളിൽ അഭിരമിക്കാൻ കവിമനസിനു കഴിയുന്നില്ല. പുതുകാലം പൊയ്മുഖങ്ങൾ കെട്ടിയാടുന്നു. ജനങ്ങളുടെ ചേതന ലാഭങ്ങൾക്ക് പിറകെയാണ് പായുന്നത്. ഓർമ്മകൾക്ക് വേണ്ടി സമയം ബലി കഴിക്കാൻ അവർ താത്പര്യപ്പെടുന്നില്ല

ചേതന മരവിപ്പോ-
രെങ്ങനെയറിഞ്ഞീടും
വിഷുവും സംക്രാന്തിയു-
മോണവും പെരുന്നാളും? 

എല്ലാമൊരുക്കിയിട്ടും മാബലി വരാത്തതിനെക്കുറിച്ചാണ് ‘എന്തേ മാബലി വന്നില്ല’ എന്ന കവിതയിൽ പറയുന്നത്. അതിനുള്ള കാരണങ്ങൾ കവി തന്നെ പറയുന്നു. 

മാറിയ കൂത്തുകൾ കണ്ടിട്ടോ
മാറിയ പേച്ചുകൾ കേട്ടിട്ടോ
മാറു പിളർപ്പത് കണ്ടിട്ടോ
പാടം പടുകുഴിയായിട്ടോ
മേടുകൾ മൺതരിയായിട്ടോ
കാടുകരഞ്ഞത് കണ്ടിട്ടോ
പുഴയുടെ മരണം കണ്ടിട്ടോ
പറവകൾ പിടവത് കണ്ടിട്ടോ
ഉറവകളടവത് കണ്ടിട്ടോ
എന്തേ മാബലി വന്നില്ല
(എന്തേ മാബലി വന്നില്ല)

ഇല്ലായ്മകളിൽ ഓണം എന്താകാം തിരയുന്നത്? നഷ്ടപ്രതാപങ്ങളുടെ ശ്മശാനഭൂവിൽ ഏതു വസന്തമാണ് അത് തേടുന്നത്? 

എന്തു നീ തിരയുന്നു, സമൃദ്ധവസന്തമോ?
ചേലുകൾ വിരിയുന്ന വർണ്ണരാജിയോ? തണൽ-
പന്തലോ? പാദസരമന്ദ്രസംഗീതം പെയ്യും
പുഴയോ? പച്ചപ്പുകൾ ചിരിക്കും മലങ്കാടോ?
(നീ വന്നില്ലെങ്കിൽ)

കാലം എത്ര ദരിദ്രമാകിലും പിന്നെയും ഓണം വരുന്നു. അതാണ് ഓണം നമുക്ക് തരുന്ന ശരിയായ വരം. 

ആണ്ടുതോ റുമൊരിക്കലണഞ്ഞു, പൂ-
ന്തേനൊഴുക്കുമുദാരതേ, യോമലേ
വന്നുപോവുക, നിന്നെയും കാത്തിതാ
പിന്നെയും വഴിക്കണ്ണുമായ് നിന്നിടും
(വരിക വീണ്ടും)

ആഘോഷങ്ങളുടെ ജൈവികതയിലാണ് കവി വിശ്വസിക്കുന്നത്. ദൈനംദിനങ്ങളുടെ വിരസതകളെ അകറ്റാനുള്ള ഔഷധങ്ങളാണ് അവ. ഓർമ്മകളിലെ നിത്യതയാണ് ഓണക്കവിതകളിലൂടെ കെ എസ് പിള്ള ആവിഷ്കരിക്കുന്നത്. അതൃപ്തികളെ മറക്കാനും കൊച്ചു കൊച്ചു സന്തോഷങ്ങളാൽ ഹൃദയത്തെ നിറയ്ക്കാനുമാണ് കവി ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.