കാലത്തിന്റെ ഗതിമാറ്റം എല്ലാമേഖലകളെയും സ്വാധീനിച്ചു കൊണ്ടിരിക്കുകയാണ്. പുതുതലമുറ ഈ മാറ്റങ്ങൾ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുന്നുണ്ടെങ്കിലും ചില നിർണായക ഘട്ടങ്ങളിൽ അവർ പലപ്പോഴും പിൻതള്ളപ്പെടുന്നു. ചില അവസരങ്ങൾ അവർക്ക് നഷ്ടപ്പെടുന്നു. ഇതിനു കാരണം നമ്മുടെ പാഠ്യപദ്ധതിയിലെ ചില കുറവുകളാണെന്ന് വിദ്യാഭ്യാസ വിചക്ഷണർ കണ്ടെത്തുകയും ആ മേഖലകൾ കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.അതിലൊന്നാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം. വിദ്യാഭ്യാസരംഗത്തെ തൊഴിൽ വൽക്കരണത്തിന്റെ ആദ്യ മാതൃക ഗാന്ധിജിയുടേതാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം തൊഴിലധിഷ്ഠിത വിദ്യാഭ്യാസമാണ് ജീവിതലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന യഥാർത്ഥ വിദ്യാഭ്യാസം. ഒരു വ്യക്തിക്ക് ആവശ്യമായ നൈപുണ്യത്തോടെ തൊഴിൽ നേടുന്നതിനോ, സ്വയം തൊഴിൽ ചെയ്യുന്നതിനോ തയ്യാറാക്കാൻ നൽകുന്ന തരത്തിലുള്ള വിദ്യാഭ്യാസമാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം.
സാമൂഹിക വികസനത്തിന്റെ ഓരോ ഘട്ടത്തിലും വിദ്യാഭ്യാസത്തിന് സവിശേഷമായ ശ്രദ്ധയും പരിഗണനയും നൽകുന്ന കാര്യത്തിൽ കേരളം പ്രഥമ സ്ഥാനത്തുതന്നെയാണ്. എങ്കിലും വിദ്യാസമ്പന്നരിൽ തൊഴിലില്ലായ്മ രൂക്ഷമായ നാടാണ് കേരളം. ഇതിനൊരു പരിഹാരമെന്നവണ്ണം ഹയർസെക്കൻഡറി തലം മുതൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നിലവിൽ വന്നു. എന്‍ജിനീയറിങ് & ടെക്നോളജി, അഗ്രികൾച്ചർ മൃഗസംരക്ഷണം, പാരാമെഡിക്കൽ,ഫിസിക്കൽ എജ്യുക്കേഷൻ, ഹോംസയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് & കൊമേഴ്സ് എന്നീ വിഭാഗങ്ങളിലായി നാൽപ്പത്തിരണ്ടോളം കോഴ്സുകൾ വിഎച്ച്എസ്‌സിയിൽ നടന്നുവരുന്നു.
മത്സരാധിഷ്ഠിതമല്ലാത്ത വിദ്യാഭ്യാസത്തിനാണ് രാഷ്ട്രനിർമ്മാണത്തിൽ വ്യക്തമായ സംഭാവനകൾ നൽകാൻ കഴിയുക. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലെ പരാജയമാണ് ഇന്ത്യയിലെ വിദ്യാർത്ഥികൾ പലരും വിദേശരാജ്യങ്ങളിൽ പോയി പഠിക്കുന്നതിന്റെ ഒരു പ്രധാന കാരണം. ഇത് പരിഹരിക്കപ്പെടേണ്ടതുണ്ട്. കുട്ടികൾ ഇപ്പോൾ ജീവിക്കുന്ന ലോകത്തെ അറിവുകളും ഭാവിയിൽ ജീവിക്കേണ്ട ലോകത്തെ പുതിയ അറിവുകളും അതാതവസരങ്ങളിൽ സ്വാംശീകരിക്കാനാവശ്യമായ കഴിവുകൾ വികസിപ്പിച്ചെടുക്കുക എന്നതായിരിക്കണം പാഠ്യപദ്ധതിയുടെ അന്തഃസത്ത. ഹൈസ്കൂൾ തലത്തിൽ തന്നെ കുട്ടികളുടെ അഭിരുചികൾ മനസിലാക്കാനുള്ള ടെസ്റ്റുകൾ നടത്തി ഓരോരുത്തരുടേയും താല്പര്യ മേഖല കണ്ടെത്തണം. കരിയർ ഗൈഡൻസ് ക്ലാസുകൾ ഹൈസ്കൂൾ തലത്തിൽ തന്നെ നൽകണം. തയ്യൽ, ഡ്രോയിങ്, പാചകം, കൃഷി, പണം കൈകാര്യം ചെയ്യൽ തുടങ്ങി ലൈഫ് സ്കിൽ മേഖലയിൽ പരിശീലനം നൽകണം. ഹൈസ്കൂൾ തലത്തിലെ വിദ്യാഭ്യാസം പ്രക്രിയാധിഷ്ഠിതമായിരിക്കണം. ഹൈബ്രിഡ് ക്ലാസ് മുറികൾ ഇതിന് അനുയോജ്യമാണ്.
ഉന്നത വിദ്യാഭ്യാസവും സ്കൂൾതല വിദ്യാഭ്യാസവും തമ്മിൽ ബന്ധിപ്പിക്കുന്ന ബ്രിജ് കോഴ്സുകൾ ഉണ്ടാവണം. ശാരീരികവും മാനസികവും സാമൂഹികവുമായ ഉന്നമനം ലഭിക്കേണ്ടതിന് കയ്യും മെയ്യും അനങ്ങുന്ന രീതിയിലുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കുട്ടികൾക്ക് ലഭിക്കണം. മറ്റുള്ളവരോട് നന്നായി പെരുമാറുന്നതിന് കായികപഠനം സഹായിക്കും. മത്സരങ്ങളിലെ തോൽവി നേരിടാനുള്ള ചങ്കൂറ്റം ആർജിച്ചെടുക്കണം. ജീവിതം പരാജയപ്പെടാതിരിക്കാനും, ജീവിതശൈലീരോഗങ്ങൾ ഒഴിവാക്കാനും കായിക പഠനം സഹായിക്കും.
ഇങ്ങനെ നേക്കുമ്പോൾ, തൊഴിലധിഷ്ഠിത പഠന പരിശീലനം വ്യക്തിക്ക് മാത്രമല്ല, രാജ്യത്തിനും ധാരാളം നേട്ടങ്ങൾ നൽകുന്നു. ഇത്തരത്തിലുള്ള പരിശീലനം കുട്ടിയെ തൊഴിലിന് തയ്യാറാക്കുകയും വ്യക്തിത്വ നൈപുണി വർധിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം പഠനം മത്സരാധിഷ്ഠിതവും ചലനാത്മകവുമായ തൊഴിൽ ശക്തി നിലനിർത്തുന്നതിന് ആവശ്യമായ വൈദഗ്ധ്യവും അറിവും നൽകുന്നു.
ചുരുക്കത്തിൽ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഏതൊരു വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും സുപ്രധാന ഘടകമാണ്. ഇപ്പോൾ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി അഞ്ചാം ക്ലാസ് മുതൽ തൊഴിൽ‑കലാ പഠനത്തിന് പുതിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഏതെങ്കിലും തൊഴിൽ പഠനമല്ല. പത്താംക്ലാസ് കഴിയുമ്പോൾ താല്പര്യമുള്ള തൊഴിൽ മേഖല തിരഞ്ഞെടുക്കാനുള്ള അവബോധം കുട്ടികളിൽ ജനിപ്പിക്കുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഇതാണ്. ഇതിനായി രക്ഷിതാക്കളുടെ സഹകരണവും അത്യന്താപേക്ഷിതമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.