ഭൂമിയുടെ ഭാഗധേയം എന്ന വിഷയത്തില്‍ പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ് നടത്തിയ പ്രഭാഷണത്തിലെ നിരീക്ഷണം ശ്രദ്ധേയമായിരുന്നു. “വന്‍കരയോളം പോന്ന രാജ്യത്തെ ഒരു ചെറുരാജ്യത്തിലേക്ക് ചുരുക്കാനാണ് ആര്‍എസ്എസിന്റെ ശ്രമം. ഒരു രാജ്യമായിട്ടുപോലുമല്ല, ചുരുങ്ങി ചുരുങ്ങി വന്ന് ഒരു പ്രവിശ്യയോളം ചെറുതാകുകയാണ് അതിപ്പോള്‍. ഒരു പ്രാകൃത വംശീയ‑മതാധിഷ്ഠിത പ്രവിശ്യയുടെ രൂപമാണ് അതാര്‍ജിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെയൊക്കെ ചിന്തകള്‍ക്ക് അതീതമായ മട്ടില്‍ അത് രൂപാന്തരം പ്രാപിച്ചുകഴിഞ്ഞു. ആത്മനാശത്തിലേക്ക് കൂപ്പുകുത്തുന്ന ഈ പ്രക്രിയക്കിടെ ആരൊക്കെ, എന്തൊക്കെ, എത്രത്തോളം നാശത്തിലേക്ക് വീഴുമെന്ന് മാത്രമേ കണക്കൂകൂട്ടാനുള്ളു.” സംഘപരിവാര്‍ നേതൃത്വം നല്കുന്ന കേന്ദ്രഭരണകൂടം ജനതയ്ക്കുമേല്‍ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണത്തിന്റെ നേര്‍ചിത്രമുണ്ട് അരുന്ധതി റോയിയുടെ വാക്കുകളില്‍.
തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെയെല്ലാം ഭയപ്പെടുത്തി കീഴ്പ്പെടുത്താനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്. സംഘപരിവാറിന്റെ സ്തുതിപാഠകര്‍ ഒഴിച്ചുള്ളവരൊക്കെ രാജ്യദ്രോഹികളാണെന്ന് ചാപ്പകുത്തി കള്ളക്കേസെടുത്ത് ജയിലിലടയ്ക്കുകയും ആര്‍എസ്എസ് ഗുണ്ടകളെ ഉപയോഗിച്ച് കായികമായി നേരിടുകയും ചെയ്യുന്ന ദുരന്തഭൂമിയായി സ്വതന്ത്ര ഇന്ത്യ മാറിയിരിക്കുന്നു. മുസ്‌ലിങ്ങളും ദളിതരുമായ ആയിരത്തോളം പേരെയാണ് നരേന്ദ്രമോഡി അധികാരത്തില്‍ വന്നതിന് ശേഷം ആര്‍എസ്എസ് ക്രിമിനലുകള്‍ കൊലപ്പെടുത്തിയത്.
രോഹിത് വെമുലയും ഗോവിന്ദ് പന്‍സാരെയും നരേന്ദ്ര ധാബോല്‍ക്കറും എം എം കല്‍ബുര്‍ഗിയും ഗൗരിലങ്കേഷും തൊട്ട് ഫാദര്‍ സ്റ്റാന്‍ സ്വാമി വരെയുള്ളവരുടെ രക്തസാക്ഷിത്വം നമ്മുടെ മുന്നിലുണ്ട്. എം ടി വാസുദേവന്‍ നായരും സുനില്‍ പി ഇളയിടവും കമലും കുരീപ്പുഴ ശ്രീകുമാറും എസ് ഹരീഷും ഉള്‍പ്പെടെ സംഘപരിവാര്‍ ഭീഷണി മുഴക്കിയ എഴുത്തുകാര്‍ മലയാളികളാണെന്നു നാം മറന്നു പോകരുത്. ആരും എവിടെവച്ചും ആക്രമിക്കപ്പെടാം എന്ന അന്തരീക്ഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ജനാധിപത്യ ഇന്ത്യയിലെ സ്വാതന്ത്ര്യമെന്ന രക്ഷാകവചം തകര്‍ക്കപ്പെടുകയാണ്. പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ മഹനീയതയെ ഒട്ടും അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല അതനുഭവിക്കാന്‍ അര്‍ഹതയുള്ളവരല്ല രാജ്യത്തെ ജനതയെന്ന് പ്രഖ്യാപിക്കുകയും ചെയ്യുകയാണ് ആര്‍എസ്എസ്.
സംഘപരിവാറിന്റെ ചരിത്രം അറിയുന്നവര്‍ ആരും ഇവരില്‍ നിന്ന് ഇതല്ലാതെ മറിച്ചൊരു രീതിയോ സമീപനമോ പ്രതീക്ഷിക്കുമെന്ന് തോന്നുന്നില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കുകയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്ത രാജ്യദ്രോഹികളുടെ ചിത്രമാണ് ചരിത്രത്തിലെ സംഘപരിവാറിന്റേത്. ഇന്ത്യന്‍ ദേശീയപതാകയെയും ഭരണഘടനയെയും അത് ഉറപ്പുനല്‍കുന്ന ജനാധിപത്യ അവകാശങ്ങളും മതനിരപേക്ഷ മൂല്യങ്ങളും അവര്‍ക്കൊരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ജനാധിപത്യം എന്നത് ലോകത്തുള്ള ഏറ്റവും വലിയ വിഡ്ഢിത്തമാണ് എന്ന് പരിഹസിച്ചത് മുസോളിനിയാണ്. ജനാധിപത്യത്തോട് ഇതേ സമീപനമാണ് സംഘപരിവാറിനും ഉള്ളത്. ആര്‍എസ്എസ് ആചാര്യന്‍ എം എസ് ഗോള്‍വാള്‍ക്കറുടെ വിചാരധാര ജനാധിപത്യത്തെ പരിഹസിക്കുന്നുണ്ട്. ജനാധിപത്യം ഇന്ത്യന്‍ സംസ്കാരത്തിന് അന്യമായ ഒന്ന് എന്നാണ് ഗോള്‍വാള്‍ക്കര്‍ വിശദീകരിക്കുന്നത്.
‘സര്‍ സംഘചാലക്’ എന്ന ആര്‍എസ്എസിലെ ഉന്നത പദവി മുതല്‍ അവരുടെ സംഘടനാ സംവിധാനത്തിനകത്ത് ജനാധിപത്യത്തിന് ഒരു സ്ഥാനവുമില്ല. തികച്ചും ഏകാധിപത്യപരമായ സംഘടനാ സംവിധാനം. ആര്‍എസ്എസിനാല്‍ നിയന്ത്രിക്കപ്പെടുന്ന കേന്ദ്ര സര്‍ക്കാരിന് ഇന്ത്യന്‍ ജനാധിപത്യത്തോട് പുച്ഛം തോന്നുന്നതില്‍ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല. എന്നാല്‍ അവരാല്‍ ചവിട്ടിമെതിക്കപ്പെടാന്‍ വിട്ടുകൊടുക്കേണ്ടതല്ല ഇന്ത്യന്‍ ജനാധിപത്യം എന്ന ഉറച്ച ബോധ്യമാണ് കേന്ദ്ര സര്‍ക്കാരിനെതിരായ സമരം ഭരണഘടന സംരക്ഷണ സമരമായി വളര്‍ന്നിരിക്കുന്നത്. ഈ പ്രക്ഷോഭങ്ങള്‍ തുടരുമെന്ന പ്രതിജ്ഞയാണ് എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനത്തില്‍ നാം എടുക്കേണ്ടത്.
രണ്ടാം നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഏറെ കഴിയും മുന്‍പാണ് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ വിവാദമായ പ്രഖ്യാപനം വന്നത്. “ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണ്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല” ഞങ്ങളുടെ രാജ്യത്തിന് സ്വന്തമായി മതമില്ലെന്ന് പറഞ്ഞും പഠിപ്പിച്ചും അതില്‍ അഭിമാനിച്ചും ജീവിച്ചുവന്ന ജനതയെ നോക്കിയാണ് ഇത്തരം അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുന്നത്. എവിടെയാണോ ആര്‍എസ്എസ് തുടങ്ങിയത് അവിടെത്തന്നെ അവര്‍ ഉറച്ചു നില്ക്കുകയാണ്. ഇന്ത്യാ രാജ്യം ഹിന്ദുക്കളുടേതു മാത്രമാണെന്ന് ആദ്യം പ്രഖ്യാപിച്ചത് വിനായക ദാമോദര്‍ സവാര്‍ക്കര്‍ ആണ്. ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ ഒരു വിദേശീയ വംശമാണെന്നും അതുകൊണ്ട് ഇവിടെ പൗരത്വമവകാശപ്പെടാന്‍ അവര്‍ക്കധികാരമില്ലെന്നും ഏറ്റവും ശക്തമായി വാദിച്ചത് ആര്‍എസ്എസ് നേതാവായിരുന്ന എം എസ് ഗോള്‍വാള്‍ക്കര്‍ ആയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിലൂടെ ഇത് നടപ്പിലാക്കാനുള്ള ഗൂഢശ്രമവുമായി അവര്‍ മുന്നോട്ടു പോവുകയാണ്. മുസ്‌ലിം പേരുകാരായ ഇന്ത്യക്കാര്‍ക്ക് പൗരത്വം നിഷേധിക്കാനുള്ള നീക്കം ആര്‍എസ്എസിന്റെ പ്രഖ്യാപിത നിലപാടാണ്. പൗരത്വ ഭേദഗതി നിയമത്തിന്റെ വേര് കിടക്കുന്നത് എം എസ് ഗോള്‍വാള്‍ക്കര്‍ എന്ന ആര്‍എസ്എസ് സ്ഥാപക നേതാവിലാണെന്ന് കാണാന്‍ സാധിക്കും. മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരും ഈ രാജ്യത്തിലെ ശത്രുക്കളാണെന്നും അവര്‍ നശിപ്പിക്കപ്പെടേണ്ടവരാണെന്നും പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ വിചാരധാരയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് അധികാരം ഉപയോഗിച്ച് അവരെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ക്രിസ്തീയ പുരോഹിതന്‍ ഗ്രഹാംസ്റ്റെയില്‍സിനെയും കുഞ്ഞുങ്ങളെയും ചുട്ടുകൊന്നവര്‍തന്നെയാണ് ഫാദര്‍ സ്റ്റാന്‍സ്വാമിക്ക് തടവറ സമ്മാനിക്കുകയും ചികിത്സപോലും നിഷേധിച്ച് മരണത്തിലേക്ക് തള്ളിയിടുകയും ചെയ്തത്.
പാഠ്യപദ്ധതി പരിഷ്കരിച്ചുകൊണ്ട് തെറ്റായ ചരിത്രം പുതുതലമുറയിലേക്ക് സന്നിവേശിപ്പിക്കാനുള്ള ശ്രമവും തകൃതിയായി നടക്കുകയാണ്. മഹാത്മാഗാന്ധിയുടെ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആശയവും ആ കൃത്യം നടപ്പിലാക്കിയ കരങ്ങളും ആരുടേതാണെന്ന് ഏതൊരു ഇന്ത്യക്കാരന്റെയും ഒട്ടും സംശയമില്ലാത്ത ബോധ്യമാണെങ്കിലും ആ രക്തക്കറ മായ്ച്ചുകളയാനുള്ള പരിശ്രമവും ആര്‍എസ്എസ് നടത്തിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ തികച്ചും ഭയാനകമായ ജനാധിപത്യത്തെ ഇല്ലാതാക്കുന്ന, ജുഡീഷ്യറിയെ ദുര്‍ബലപ്പെടുത്തുന്ന, മാധ്യമങ്ങളെ നിശബ്ദരാക്കുന്ന, ജനതയെ അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ രാജ്യത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ജനമുന്നേറ്റമാണ് ഇന്ത്യ നിലനില്ക്കും എന്നതിന്റെ ഉറപ്പ്. വിവിധ ജനവിഭാഗം ഒറ്റയ്ക്കും കൂട്ടായും നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തില്‍ എഐവൈഎഫ് നേതൃത്വത്തില്‍ ‘ആസാദി സംഗമം’ സംഘടിപ്പിക്കുകയാണ്. നിര്‍ഭയ ഇന്ത്യക്കായി പോരാട്ടങ്ങള്‍ തുടരുമെന്ന് എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിജ്ഞ ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.