3 January 2026, Saturday

നിമെസുലൈഡ് വേദനസംഹാരികൾക്ക് നിരോധനം

Janayugom Webdesk
ന്യൂഡൽഹി
December 31, 2025 8:43 pm

വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വേദനസംഹാരിയായ നിമെസുലൈഡിന്റെ ഉല്പാദനവും വിതരണവും നിരോധിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുയർത്തുന്ന സാഹചര്യത്തിലാണ് 100 മില്ലിഗ്രാമിൽ കൂടുതലുള്ള നിമെസുലൈഡ് ഗുളികകളുടെയും സിറപ്പുകളുടെയും നിർമ്മാണവും വിൽപനയും തടഞ്ഞത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ വിദഗ്ധ ശുപാർശയെത്തുടർന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഈ തീരുമാനമെടുത്തത്. നിമെസുലൈഡ് ഉയർന്ന അളവിൽ ഉപയോഗിക്കുന്നത് കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതിനേക്കാൾ സുരക്ഷിതമായ മറ്റ് വേദനസംഹാരികൾ നിലവിൽ വിപണിയിൽ ലഭ്യമാണെന്നതും നിരോധനത്തിന് കാരണമായി.
നേരത്തെ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നിമെസുലൈഡ് നൽകുന്നത് ഇന്ത്യയിൽ നിരോധിച്ചിരുന്നു. ഇപ്പോൾ മുതിർന്നവർ ഉപയോഗിക്കുന്ന ഉയർന്ന അളവിലുള്ള മരുന്നുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. 1940‑ലെ ഡ്രഗ്‌സ് ആൻഡ് കോസ്മെറ്റിക്‌സ് ആക്ടിന്റെ സെക്ഷൻ 26എ പ്രകാരമാണ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. നിമെസുലൈഡ് അടങ്ങിയ മരുന്നുകൾ നിർമ്മിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഉല്പാദനം അടിയന്തരമായി നിർത്തിവെക്കണമെന്നും വിപണിയിലുള്ള ബാച്ചുകൾ തിരിച്ചുവിളിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഇത്തരം വേദനസംഹാരികൾ വാങ്ങി കഴിക്കരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നേരത്തെ തന്നെ അമേരിക്ക, കാനഡ, ബ്രിട്ടൻ ഉൾപ്പെടെയുള്ള പല രാജ്യങ്ങളും നിമെസുലൈഡ് നിരോധിച്ചിട്ടുള്ളതാണ്. നിരോധിത മരുന്നുകൾ വിൽക്കുന്ന മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡ്രഗ്‌സ് കൺട്രോൾ വിഭാഗം അറിയിച്ചു. 

Kerala State - Students Savings Scheme

TOP NEWS

January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.