4 May 2024, Saturday

Related news

April 25, 2024
April 17, 2024
April 16, 2024
April 14, 2024
April 8, 2024
March 26, 2024
March 4, 2024
February 25, 2024
February 23, 2024
February 4, 2024

ബ്രഹ്മപുരത്ത് ആരോഗ്യപ്രശ്നങ്ങൾ നേരിടാന്‍ കൺട്രോൾ റൂമുകൾ തുറന്നു

Janayugom Webdesk
കൊച്ചി
March 5, 2023 10:26 pm

മാലിന്യ സംഭരണ കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായ ബ്രഹ്മപുരത്ത് പുക വ്യാപിച്ചതിനാൽ സമീപ പ്രദേശങ്ങളിലുമുള്ളവർക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് കൺട്രോൾ റൂമുകൾ ആരംഭിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജ്: 8075774769,ഡിഎംഒ ഓഫീസ്: 0484 2360802 എന്നിവിടങ്ങളിലാണ് കൺട്രോൾ റൂമുകൾ.
വടവുകോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വരുന്ന ഒരാഴ്ച്ച 24 മണിക്കൂറും ഡോക്ടർമാർ ഉൾപ്പെടെ അധിക ജീവനക്കാരെ നിയോഗിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് പൾമനോളജിസ്റ്റ് ഉൾപ്പെടെ പ്രത്യേക മെഡിക്കൽ സംഘവും ഇവിടെയുണ്ടാകും. ഓക്സിജൻ കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്. എറണാകുളം ജനറൽ ആശുപത്രിയിൽ 100 കിടക്കകൾ, തൃപ്പൂണിത്തുറയിലെ താലുക്ക് ആശുപത്രിയിൽ 20 കിടക്കകൾ, കളമശേരി മെഡിക്കൽ കോളജിൽ കുട്ടികൾക്കായി 10 കിടക്കകളും സ്മോക്ക് കാഷ്വാലിറ്റിയും സജ്ജമാക്കിയിട്ടുണ്ട്. 

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടായാൽ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ ജില്ലയുടെ എല്ലാ ഭാഗത്തും നിന്നും ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ബ്രഹ്മപുരത്ത് നിരീക്ഷണ കേന്ദ്രം തുടങ്ങും. നിലവിൽ വൈറ്റിലയിലെയും ബിപിസിഎല്ലിലെയും നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം അനുസരിച്ച് വായുവിന്റെ ഗുണനിലവാരത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
തീപിടിത്തത്തെ തുടർന്നുണ്ടായ പുകമൂലം നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ആവശ്യമായ മുൻ കരുതൽ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും കാക്കനാട് കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ മന്ത്രി അറിയിച്ചു. പുക പടർന്നിരിക്കുന്ന പ്രദേശങ്ങളിലുളളവർ എൻ 95 മാസ്ക് നിർബന്ധമായും ഉപയോഗിക്കണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ, ഗർഭിണികൾ, കുട്ടികൾ, മുതിർന്നവർ കഴിവതും പുറത്തിറങ്ങാതിരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. 

തീയണയ്ക്കുന്നതിന് രംഗത്തുള്ള അഗ്നി രക്ഷാപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് ശ്വാസതടസം ഉണ്ടായാൽ ഉപയോഗിക്കുന്നതിനായി രണ്ട് ഓക്സിജൻ പാർലറുകൾ ബ്രഹ്മപുരത്ത് സജ്ജമാക്കിയിട്ടുണ്ട്. ഓക്സിജൻ സൗകര്യമുള്ള ആംബുലൻസും ഉണ്ട്. ആംബുലൻസിൽ ഒരേസമയം നാലുപേർക്ക് ഓക്സിജൻ നൽകുന്നതിന് സൗകര്യമുണ്ട്.

Eng­lish Sum­ma­ry: Con­trol rooms have been opened to deal with health prob­lems in Brahmapuram

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.