സംസ്ഥാനത്തെെ കൊപ്ര സംഭരണം ലക്ഷ്യത്തിലെത്താതിരുന്നതിനു കാരണം അപ്രായോഗികമായ കേന്ദ്ര മാനദണ്ഡങ്ങൾ. വൻകിട കൊപ്ര വ്യാപാരികളുടെയും ഇടനിലക്കാരുടെയും സമ്മർദ്ദതന്ത്രങ്ങൾക്ക് വഴങ്ങി നാഫെഡ് മുന്നോട്ടുവച്ച പ്രായോഗികമല്ലാത്ത നിബന്ധനകൾ സംസ്ഥാനത്തെ പ്രവർത്തനങ്ങളുടെ വഴിമുടക്കുകയായിരുന്നു. കൊപ്രയിൽ നിന്ന് വെളിച്ചെണ്ണ ഉല്പാദിപ്പിക്കുന്ന സഹകരണ സംഘങ്ങളെയും, കേരകർഷകരുടെ സംഘങ്ങളുടെ അപെക്സ് ബോഡിയെയും ഉപഭോക്താക്കൾക്ക് ഏറെ പ്രയങ്കരമായ ‘കേര” വെളിച്ചെണ്ണയുടെ ഉല്പാദകരായ കേരഫെഡിനെയും വിലക്കിയതിലൂടെയാണ്, കേരളത്തിലെ കേരകർഷകർക്ക് പ്രയോജനകരമായ സംരംഭത്തെ നാഫെഡ് കുരുക്കിലാക്കിയത്.
പച്ചത്തേങ്ങയ്ക്ക് കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവിലയെക്കാൾ നാല് രൂപ അധികം നൽകി, കേരഫെഡും നാളികേര വികസന കോർപ്പറേഷനും മുഖേന സംസ്ഥാന സർക്കാർ ശേഖരിച്ചു വരുന്നുണ്ട്. അതോടൊപ്പം, നാഫെഡ് മുഖേന കൊപ്ര സംഭരിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. നിരന്തരമായ മുറവിളിയുടെ ഫലമായാണ്, കേരളത്തിൽ നിന്ന് 5,000 മെട്രിക് ടൺ കൊപ്ര സംഭരിക്കാൻ കേന്ദ്രം നാഫെഡിന് അനുമതി നൽകിയത്. ഫെബ്രുവരിയിൽ തുടങ്ങുന്ന സംഭരണം ആറ് മാസം കൊണ്ട് പൂർത്തിയാക്കണമെന്ന് കേന്ദ്രം ശഠിച്ചിരുന്നെങ്കിലും, സംസ്ഥാനത്തിന്റെ നിർബന്ധത്തിനു വഴങ്ങി നവംബര്‍ ആറ് എന്ന് പിന്നീട് തിരുത്തി നിശ്ചയിച്ചു.
സംഘങ്ങൾ മുഖേന കർഷകരിൽ നിന്ന് കൊപ്ര സംഭരിച്ച് നാഫെഡിനു കൈമാറാൻ സംസ്ഥാന തല ഏജൻസികളായ കേരഫെഡിനെയും മാർക്കറ്റ് ഫെഡിനെയും ചുമതലപ്പെടുത്തി, പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന തലത്തിൽ കൃഷി സെക്രട്ടറിയും ജില്ലാ തലത്തിൽ കളക്ടർമാരും ചെയർമാന്‍മാരായി സമിതികൾ രൂപവത്കരിച്ച് കൃഷി വകുപ്പ് നടപടികൾ ത്വരിതപ്പെടുത്തുകയും ചെയ്തു. കൊപ്രയിൽ നിന്ന് ഉല്പാദനം നടത്തുന്ന കേരഫെഡിനെയും സഹകരണ സംഘങ്ങളെയും കൊപ്ര സംഭരണത്തിൽ നിന്ന് വിലക്കുന്ന പ്രായോഗികമല്ലാത്ത കേന്ദ്ര മാനദണ്ഡം പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കുകയായിരുന്നു.
മുൻകാലങ്ങളിൽ കൊപ്ര സംഭരണം നടന്നപ്പോൾ കേരഫെഡ് നോഡൽ ഏജൻസിയായി പ്രവർത്തിച്ചിരുന്നതാണെന്നും കൊപ്ര ഉണക്കി വെളിച്ചെണ്ണയായി വിൽക്കുന്ന കർഷകർ വിരളമായതിനാൽ അവരിൽ നിന്ന് പച്ചത്തേങ്ങ വാങ്ങി കൊപ്രയാക്കിയാണ് സംഘങ്ങൾ വെളിച്ചെണ്ണ ഉല്പാദിപ്പിക്കുന്നതെന്നുമുള്ള വസ്തുതകളൊന്നും കേന്ദ്രം പരിഗണിച്ചില്ല. ഈ സംഘങ്ങളും കേരഫെഡും പുറത്തായതോടെ, സംഭരണത്തിന്റെ ചുമതലയിൽ മാർക്കറ്റ് ഫെഡും വെളിച്ചെണ്ണ ഉല്പാദനമില്ലാത്ത ചുരുക്കം സംഘങ്ങളും മാത്രമായി. അവയുടെ പ്രവർത്തനം കൊണ്ടു മാത്രം സംഭരണം ലക്ഷ്യം കാണാത്ത സ്ഥിതിയിലുമായി. കടുത്ത നിബന്ധനകളിൽ നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യവും കേന്ദ്രം അവഗണിച്ചു.
English Summary: Copra collection: Central policy backfires on farmers
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.