11 January 2026, Sunday

Related news

January 1, 2026
December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025

വികസിത ഭാരതത്തിന്റെ മറവിലെ കോർപറേറ്റ് ചൂഷണം

Janayugom Webdesk
January 14, 2025 5:00 am

“വീട്ടിലിരുന്ന് നിങ്ങൾ എന്താണ് ചെയ്യുന്നത്? എത്രനേരം നിങ്ങൾക്ക് ഭാര്യയെ നോക്കിയിരിക്കാനാവും? ഭാര്യമാർ എത്രനേരം ഭർത്താക്കന്മാരെ നോക്കിയിരിക്കും? ഓഫിസിലേക്ക് പോകൂ, പണിയെടുക്കൂ”. ‘വികസിത ഭാരതം’ സൃഷ്ടിക്കാനുള്ള അതീവ വ്യഗ്രതയിൽ രാജ്യത്തെ പ്രമുഖ ബഹുരാഷ്ട്ര കോർപറേറ്റ് സമുച്ചയം ലാര്‍സണ്‍ ആന്റ് ട്യൂബ്രോയുടെ മേധാവി എസ് എൻ സുബ്രഹ്മണ്യം തന്റെ തൊഴിലാളികൾക്ക് നൽകിയ നിർദേശത്തിന്റെ ഭാഗമാണ് മേലുദ്ധരിച്ചത്. ‘നിങ്ങളെക്കൊണ്ട് ഞായറാഴ്ചകളിലും പണിയെടുപ്പിക്കാൻ കഴിയാത്തതിൽ ഞാൻ ആത്മാർത്ഥമായും ഖേദിക്കുന്നു. ഞായറാഴ്ചകളിലും നിങ്ങളെക്കൊണ്ട് പണിയെടുപ്പിക്കാൻ കഴിഞ്ഞാൽ ഞാൻ സന്തുഷ്ടനാവും, എന്തുകൊണ്ടെന്നാൽ ഞാൻ ഞായറാഴ്ചകളിലും പണിയെടുക്കുന്നുണ്ട്’. തന്റെ സ്ഥാപനത്തിലെ ഒരു സാധാരണ തൊഴിലാളിയെക്കാൾ 500 ഇരട്ടിയിൽ കുറയാത്ത ശമ്പളംപറ്റുന്ന ഒരു കോർപറേറ്റ് മേധാവിയുടെ കരകവിഞ്ഞൊഴുകുന്ന രാജ്യസ്നേഹവും അലസന്മാരായ തൊഴിലാളികൾക്കെതിരായ ധാർമ്മിക രോഷവുമാണ് സുബ്രഹ്മണ്യത്തിന്റെ വാക്കുകളിൽ നുരഞ്ഞുപൊന്തുന്നത്. ഇക്കാര്യത്തിൽ സുബ്രഹ്മണ്യം ഒറ്റയ്ക്കല്ല. 2023 ഒക്ടോബറിൽ ഇൻഫോസിസിന്റെ ചെയർമാൻ എമിരറ്റസ് എൻ ആർ നാരായണമൂർത്തിയുടെ മാധ്യമ തലക്കെട്ടുകളിൽ സ്ഥാനംപിടിച്ച, ആഴ്ചയിൽ 70 മണിക്കൂർ കഠിനാധ്വാനത്തിനുള്ള ആഹ്വാനത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് കഴിഞ്ഞ വാരാന്ത്യത്തിൽ സുബ്രഹ്മണ്യത്തിലൂടെ പുറത്തുവന്നത്. ഇരുവരുടെയും തൊഴിലെടുക്കുന്നവരോടുള്ള വികാരതീവ്രമായ ഈ ആഹ്വാനങ്ങൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മുതലാളിത്തത്തിന്റെ തൊഴിലിനോടും തൊഴിലെടുക്കുന്നവരോടും അവരുടെ കുടുംബങ്ങളോടും അഭൂതപൂർവമായ തൊഴിലില്ലായ്മ നേരിടുന്ന യുവാക്കളോടും സമൂഹത്തോടും ജനജീവിതത്തിന്റെ കൊടിയ, പരുക്കൻ യാഥാർത്ഥ്യങ്ങളോടുമുള്ള സമീപനത്തെയാണ് തുറന്നുകാട്ടുന്നത്. ലോക കോർപറേറ്റ് മുതലാളിത്തത്തിന്റെ പുതിയ സാമ്രാട്ട് ഇലോൺ മസ്കിന്റെയും ചൈനയുടെ ജാക്ക് മായുടെയും ശബ്ദം ഈ ഇന്ത്യൻ കോർപറേറ്റ് മുതലാളിമാരുടെ ശബ്ദത്തിൽ പ്രതിധ്വനിക്കുന്നുണ്ടെങ്കിൽ തെല്ലും അത്ഭുതപ്പെടേണ്ടതില്ല. ഒരു വർഗം എന്നനിലയിൽ അവരെല്ലാം ആധുനിക കോർപറേറ്റ് മൂലധന, കൊള്ളലാഭ താല്പര്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.

തൊഴിലാളികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യമോ ഉപജീവനത്തിനും കുടുംബത്തിന്റെ നിലനില്പിനും വേണ്ടി കഠിനാധ്വാനം ചെയ്യുന്നവരുടെ മാനസികോല്ലാസമോ കുടുംബജീവിതം അവർക്കു നൽകുന്ന ശാരീരികവും മാനസികവുമായ ഉത്തേജനമെന്ന യാഥാർത്ഥ്യമോ അംഗീകരിക്കാൻ വിസമ്മതിക്കുന്ന ഈ നൂറ്റാണ്ടിലെ കോർപറേറ്റ് മുതലാളിത്തത്തിന്റെ പൈശാചികമുഖമാണ് സുബ്രഹ്മണ്യൻമാരുടെയും നാരായണമൂർത്തിമാരുടെയും വാക്കുകളിലൂടെ മറനീക്കി പുറത്തുവരുന്നത്. അവരുടെ കൊടിയ ലാഭാസക്തിക്ക് മുഖപടമായി മാറുകയാണ് രാജ്യസ്നേഹം. ഇന്ത്യയിൽ അതിന്റെ താക്കോൽമന്ത്രമായി മാറുകയാണ് മോഡിയുടെ ‘വികസിത ഭാരത’മെന്ന ആശയകാപട്യം. സാമ്പത്തിക വളർച്ചയെന്നാൽ മൂലധനത്തിന്റെയും ലാഭത്തിന്റെയും അനിയന്ത്രിതമായ വളർച്ചയും അതിന്റെ അഭൂതപൂർവമായ കേന്ദ്രീകരണവുമാണെന്ന് മോഡിഭരണത്തിന്റെ കഴിഞ്ഞ ഒരുദശകത്തിന്റെ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. ആ വളർച്ച നിർബാധം തുടരുന്നതിന് കൂടുതൽ സമയം, കൂടുതൽ കഠിനമായി അധ്വാനിക്കാൻ പണിയെടുക്കുന്നവർ തയ്യാറാവണമെന്നാണ് കോർപറേറ്റ് മുതലാളിത്തവും അവരുടെ താല്പര്യസംരക്ഷകരായ ഭരണകൂടവും ആവശ്യപ്പെടുന്നത്. ഉല്പാദനവും ലാഭവും വർധിപ്പിക്കുന്നതിന് കൂടുതൽ അധ്വാനശേഷി ആവശ്യമാണെന്ന വസ്തുത അംഗീകരിക്കലാണ് തൊഴിൽസമയം വർധിപ്പിക്കണമെന്ന തൊഴിലുടമകളുടെ 70, 90 മണിക്കൂർ അധ്വാനം എന്ന ആവശ്യത്തിലൂടെ വ്യക്തമാകുന്നത്. ലോകം അംഗീകരിച്ച എട്ടുമണിക്കൂർ തൊഴിൽസമയത്തെക്കാൾ 22 മുതൽ 42 മണിക്കൂർവരെ അധികം പണിയെടുക്കാൻ തൊഴിലാളി തയ്യാറാവണമെന്നാണ് കോർപറേറ്റ് തൊഴിലുടമകൾ ആവശ്യപ്പെടുന്നത്. അതിനായി പുതിയ തൊഴിൽശക്തിയെ വിന്യസിക്കുന്നതിനും അതിന് കൂലി നല്‍കുന്നതിനും പകരം തൊഴിൽ ചൂഷണം നിർദയം, മനുഷ്യത്വരഹിതമായി തുടരാമെന്ന കോർപറേറ്റ് മുതലാളിത്ത വ്യാമോഹമാണ് സുബ്രഹ്മണ്യത്തിന്റെയും നാരായണമൂർത്തിയുടെയും ജല്പനങ്ങളിലൂടെ മറനീക്കി പുറത്തുവരുന്നത്.

സുബ്രഹ്മണ്യത്തിന്റെ വാക്കുകൾ കോർപറേറ്റ് മുതലാളിത്തത്തിന് സ്ത്രീകളോടും അവരുടെ സാമൂഹ്യ പദവിയോടുമുള്ള തികഞ്ഞ പുച്ഛവും പ്രതിലോമതയും തുറന്നുകാട്ടുന്നു. സ്ത്രീപുരുഷ ബന്ധം പരസ്പരം മുഖത്തുനോക്കിയിരിക്കുന്നതിലപ്പുറം യാതൊന്നുമല്ലെന്നാണ് സുബ്രഹ്മണ്യം പറഞ്ഞുവയ്ക്കുന്നത്. സമ്പത്തുല്പാദനത്തിലും കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും രാഷ്ട്രത്തിന്റെ തന്നെയും നിലനില്പിലും വികാസത്തിലും സ്ത്രീകൾ നൽകുന്ന സംഭാവനകളെയും കഠിനാധ്വാനത്തെയും അപ്പാടെ നിരാകരിക്കുകയാണ് ഈ കോർപറേറ്റ് മേധാവി. തൊഴിൽരഹിതരായ കോടാനുകോടി യുവജനങ്ങളെ രാഷ്ട്രത്തിന്റെ തൊഴിൽശക്തിയിലേക്ക് ഉൾച്ചേർക്കുന്നതിനെപ്പറ്റിയും വികസിത ഭാരതത്തിന്റെ സൃഷ്ടിയിൽ അവരെ പങ്കാളികളാക്കി മാറ്റുന്നതിനെപ്പറ്റിയും ചിന്തിക്കാൻപോലും കോർപറേറ്റ് മുതലാളിത്തം സന്നദ്ധമല്ല. തൊഴിലില്ലായ്മയും തൊഴിൽനിഷേധവുമാണ് തൊഴിൽ ചൂഷണത്തിന്റെ രോഗലക്ഷണം. ലോകത്തെവിടെയും സാമ്പത്തിക വളർച്ച കൈവരിച്ചിട്ടുണ്ടോ അവിടെയെല്ലാം യുവതയുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാൻ ബോധപൂര്‍വ്വമായ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. സുബ്രഹ്മണ്യന്മാർക്കും നാരായണമൂർത്തിമാർക്കും മറുപടിനൽകേണ്ടത് ഭരണകൂടമാണ്, സമൂഹമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.