കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ വിദ്യാഭ്യാസ സാങ്കേതിക കമ്പനിയായ ബൈജൂസിന് വീണ്ടും തിരിച്ചടി. 120 കോടി ഡോളറിന്റെ കടം വീട്ടാത്തതിനെ തുടര്‍ന്ന് ബൈജൂസിനെതിരെ നല്‍കിയ പരാതിയില്‍ വായ്പാദാതാക്കള്‍ക്ക് അനുകൂലമായി കോടതി വിധി.
വായ്പയില്‍ വീഴ്ച വരുത്തിയ ബൈജൂസിന്റെ അമേരിക്കന്‍ കമ്പനിയായ ബൈജൂസ് ആല്‍ഫയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ റെഡ്‌വുഡ് ഇന്‍വെസ്റ്റ്മെന്റ്സ്, സില്‍വര്‍ പോയിന്റ് കാപ്പിറ്റല്‍ തുടങ്ങിയ വായ്പാദാതാക്കള്‍ക്ക് അവകാശമുണ്ടെന്ന് ഡെലവര്‍ ചാന്‍സറി കോടതി വ്യക്തമാക്കി. ബൈജൂസ് ആല്‍ഫയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ബൈജൂസിന്റെ ഉടമസ്ഥനും മലയാളിയുമായ ബൈജു രവീന്ദ്രന്റെ ബന്ധുവിനെ മാറ്റി വായ്പ ദാതാക്കള്‍ അവരുടെ പ്രതിനിധിയായ തിമോത്തി ഫോലിനെ നിയമിച്ചു. വിധി സംബന്ധിച്ച് ബൈജൂസ് പ്രതികരിച്ചിട്ടില്ല. കോടതി വിധി അനുകൂലമായതില്‍ സന്തോഷമുണ്ടെന്ന് വായ്പാദാതാക്കളുടെ വക്താവ് പ്രതികരിച്ചു.
കോവിഡാനന്തര കാലത്ത് ഓണ്‍ലൈന്‍ പഠന സാധ്യത കുറഞ്ഞതോടെയാണ് ബൈജൂസ് പ്രതിസന്ധിയിലേക്ക് നീങ്ങിയത്. വായ്പാദാതാക്കള്‍ പണം ആവശ്യപ്പെട്ട് നിരന്തരം സമീപിച്ചെങ്കിലും തിരിച്ചടയ്ക്കാന്‍ ബൈജൂസിനായിരുന്നില്ല. ഇതേ തുടര്‍ന്ന് ചില നിക്ഷേപകര്‍ കമ്പനിയുടെ മൂല്യം കുറയ്ക്കുകയും ചെയ്തിരുന്നു.
വായ്പ തിരിച്ചടയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഉപസ്ഥാപനങ്ങളെ വിറ്റഴിച്ച് ആറ് മാസത്തിനകം കടം പൂര്‍ണമായി വീട്ടാമെന്ന വാഗ്ദാനം സെപ്റ്റംബറില്‍ ബൈജൂസ് മുന്നോട്ട് വച്ചിരുന്നു. ആദ്യ ഘട്ടമെന്ന നിലയില്‍ 2,500 കോടി രൂപ അടയ്ക്കാമെന്നും പറഞ്ഞിരുന്നു. മറ്റൊരു അമേരിക്കന്‍ ഉപകമ്പനിയായ എപിക് ക്രീയേഷന്‍സിനെ വിറ്റ് ഇതിനുള്ള പണം കണ്ടെത്താനുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുന്നതിനിടെയാണ് കോടതി വിധി.
വായ്പാദാതാക്കള്‍ ബൈജൂസിന്റെ കമ്പനികളെ ഏറ്റെടുക്കാന്‍ വേണ്ടി സമ്മര്‍ദം ചെലുത്തുന്നുവെന്ന് ആരോപിച്ച് ബൈജൂസും കോടതിയെ സമീപിച്ചിരുന്നു. ബൈജൂസിന്റെ പരാതി കോടതി തള്ളുകയായിരുന്നു. വായ്പാദാതാക്കള്‍ക്കുള്ള അവകാശം സംരക്ഷിക്കുന്നതിനു വേണ്ടി സ്ഥാപിച്ചതാണ് ഉപകമ്പനിയായ ബൈജൂസ് ആൽഫയെന്നാണ് ഈ വര്‍ഷം ആദ്യം കോടതിയില്‍ പറഞ്ഞത്. ബൈജൂസിനെ മുഴുവനായി സ്വന്തമാക്കാന്‍ ലക്ഷ്യമില്ലെന്നും വായ്പാദാതാക്കള്‍ അറിയിച്ചു.
English Summary: Court verdict in favor of lenders in complaint filed against bayjus
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.