22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 10, 2024
August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024
March 13, 2024
March 12, 2024

കോവിഡില്‍ വീണ്ടും ജാഗ്രത ;സംസ്ഥാനത്ത് പ്രതിരോധം ശക്തമാക്കും

Janayugom Webdesk
ന്യൂഡല്‍ഹി
December 22, 2022 11:06 pm

ചൈനയില്‍ ആഞ്ഞടിക്കുന്ന കോവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് അതീവ ജാഗ്രത. ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കോവിഡ് പ്രതിരോധത്തിനായി പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും മുന്‍കരുതല്‍ കുത്തിവയ്പെടുക്കാന്‍ ഊന്നല്‍ നല്‍കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു. ആരോഗ്യ രംഗത്തെ ചരക്കു നീക്കം, അടിസ്ഥാന സൗകര്യങ്ങള്‍, വാക്സിനേഷന്‍ പ്രചാരണത്തിന്റെ സ്ഥിതി, മറ്റ് സംവിധാനങ്ങള്‍ എന്നിവ യോഗം വിലയിരുത്തി. അന്താരാഷ്ട്ര തലത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.14 ശതമാനം മാത്രമാണ്.

ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ മാസ്ക് ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. അവശ്യ മരുന്നുകളുടെ വിലയും ആശുപത്രി കിടക്കകളുടെ ലഭ്യതയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരന്തരം പരിശോധിക്കണം. നിരീക്ഷണ നടപടികള്‍ ശക്തമാക്കാനും അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ തയ്യാറായിരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ചൈനയില്‍ രൂക്ഷമായ കോവിഡ് വ്യാപനത്തിന് കാരണമായ ഒമിക്രോണ്‍ വകഭേദമായ ബിഎഫ്. 7 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇന്ത്യയിലും കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കാനുള്ള തീരുമാനം.

പുതിയ വകഭേദങ്ങളെ തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനുമായി ജനിതക ശ്രേണീകരണം വേഗത്തിലാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വിമാനയാത്രക്കാരില്‍ രണ്ടു ശതമാനം പേര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. അടച്ചിട്ട മുറികളിലും എസി മുറികളിലും മാസ്ക് നിർബന്ധമാക്കി കർണാടക സർക്കാർ ഉത്തരവിറക്കി.

സംസ്ഥാനത്ത് പ്രതിരോധം ശക്തമാക്കും, കൂടുതല്‍ പരിശോധന

തിരുവനന്തപുരം: മറ്റ് രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകളും ജാഗ്രതയിലാണ്. ജില്ലകള്‍ പ്രത്യേകം യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കി വരുന്നു. കേസുകള്‍ എവിടെയെങ്കിലും കൂടുന്നതായി കണ്ടാല്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യാനും അതനുസരിച്ച് പ്രതിരോധം ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച എല്ലാ ജില്ലകളുടേയും പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് അവലോകനം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി കൂടുതല്‍ കോവിഡ് സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി.

വിവിധ കോവിഡ് വകഭേദങ്ങളെ കണ്ടെത്തുന്നതിനായി സമ്പൂര്‍ണ ജീനോമിക് സര്‍വയലന്‍സാണ് (ഡബ്ല്യുജിഎസ്) നടത്തുക. ഓരോ ജില്ലയ്ക്കും നിശ്ചയിക്കപ്പെട്ടിട്ടുള്ള ലാബുകളില്‍ ജനിതക നിര്‍ണയത്തിനായി സാമ്പിളുകള്‍ അയക്കേണ്ടതാണ്. ഏതെങ്കിലും ജില്ലകളില്‍ കോവിഡ് വകഭേദങ്ങള്‍ കണ്ടെത്തിയാല്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാനും അതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ അഡ്മിറ്റാകുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്തും. കൂടാതെ തീവ്രമായ പനി, തൊണ്ടവേദന, ശ്വാസതടസം എന്നിവയുള്ളവര്‍ക്കും കോവിഡ് പരിശോധന നടത്തും. അവധിക്കാലമായതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. മാസ്‌ക് വയ്ക്കാതെ പൊതുസ്ഥലങ്ങളിലും ആള്‍ക്കൂട്ടത്തിലും ഇറങ്ങരുത്. മാസ്‌ക് താഴ്ത്തി സംസാരിക്കരുത്. പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ പ്രായമായവരോടും കുട്ടികളോടും അടുത്തിടപഴകരുത്. പ്രായമായവര്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക കരുതല്‍ വേണം. പുറത്ത് പോയി വന്നതിന് ശേഷം സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകുന്നത് ശീലമാക്കണമെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Covid again in india
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.