23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 31, 2024
October 30, 2024
October 22, 2024
October 20, 2024
October 20, 2024
October 16, 2024
October 10, 2024
September 28, 2024
September 27, 2024
September 17, 2024

കോവിഡ് മരണ നഷ്ടപരിഹാരം: പ്രവാസി കുടുംബങ്ങള്‍ക്കും ആശ്വാസം

കെ രംഗനാഥ്
തിരുവനന്തപുരം
February 12, 2022 10:30 pm

ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച പതിനായിരത്തോളം മലയാളികളുടെ കുടുംബങ്ങള്‍ക്കും അരലക്ഷം രൂപയുടെ ആശ്വാസധനം ലഭിക്കും. സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം.

വിദേശത്ത് കോവിഡ് ബാധിച്ചു മരിച്ച ഹതഭാഗ്യരുടെ കുടുംബങ്ങള്‍ സര്‍ക്കാരിന്റെ ആശ്വാസധന പദ്ധതിയുടെ പടിക്കുപുറത്തു നില്ക്കുന്ന കാര്യം ഇക്കഴിഞ്ഞ നവംബര്‍ ഒമ്പതിന് ‘ജനയുഗം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആശ്വാസധനം ഇപ്രകാരം നിഷേധിക്കുന്നതിനെതിരെ പ്രവാസി ലീഗല്‍സെല്‍ നേരത്തേ ഡല്‍ഹി ഹൈക്കോടതിയിലും പിന്നീട് കേരളാ ഹൈക്കോടതിയിലും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ‘ജനയുഗം’ വാര്‍ത്തയുടെ പകര്‍പ്പ് സഹിതമുള്ള രേഖകളാണ് ഹര്‍ജിക്കാര്‍ കേരള ഹൈക്കോടതി മുമ്പാകെ എത്തിച്ചത്.

കോവിഡ് മൂലം വിദേശത്തു മരണമടഞ്ഞവരില്‍ ബഹുഭൂരിപക്ഷവും സാധാരണ തൊഴിലാളികളായിരുന്നു. കടമെടുത്തും കിടപ്പാടം പണയപ്പെടുത്തിയും മുക്കാല്‍ ലക്ഷം മുതല്‍ രണ്ടു ലക്ഷം രൂപ വരെ റിക്രൂട്ടിങ് ഏജന്‍സികള്‍ക്കു നല്കി പ്രവാസ ലോകത്ത് എത്തിയവരാണിവര്‍. ഇവരുടെ മരണത്തോടെ ഗള്‍ഫ് സ്വപ്നങ്ങള്‍ തകര്‍ന്ന് ആയിരക്കണക്കിനു കുടുംബങ്ങള്‍ക്കാണ് ആശ്വാസധനം പോലും നിഷേധിക്കപ്പെട്ടത്.

കേരളാ ഹൈക്കോടതിയില്‍ പ്രവാസി ലീഗല്‍സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം നല്കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരാണ് പ്രവാസ ലോകത്തു മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ആശ്വാസധനം നല്കാമെന്ന നിലപാട് കോടതിയെ അറിയിച്ചത്. ഇതിന് കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അര ലക്ഷം രൂപയുടെ ആശ്വാസ തുകയില്‍ 75 ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാനവുമാണ് നല്കേണ്ടത്. സര്‍ക്കാര്‍ നിലപാട് രേഖാമൂലം അറിയിക്കാനും ഇക്കാര്യം കേന്ദ്രത്തേയും ദേശീയ ദുരന്തനിവാരണ സമിതിയേയും അറിയിക്കാനും കോടതി നിര്‍ദേശിച്ചു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടറിഞ്ഞശേഷം ഫെബ്രുവരി 24ന് കോടതി കേസ് വീണ്ടും പരിഗണിക്കും. ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അനുകൂല ഉത്തരവുണ്ടായെങ്കിലും കേരളാ ഹൈക്കോടതി വിധിയുണ്ടാകുന്നതുവരെ ആ വിധി നടപ്പാക്കുന്നത് വൈകുകയായിരുന്നു.

പതിനായിരത്തോളം പേരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം കോവിഡ് ബാധിച്ചു മരിച്ച മലയാളികള്‍. എന്നാല്‍ കേന്ദ്രത്തിന്റെ പക്കലുള്ളതാകട്ടെ കൊട്ടത്താപ്പു കണക്കുകളും. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം ഏതാനും മാസം മുമ്പുവരെ ആറായിരത്തോളം പേര്‍ മാത്രമേ മരണപ്പട്ടികയിലുള്ളു. ഇക്കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം കോവിഡ് മൂലം 1892 പേര്‍ മരിച്ചതായി കണക്കുണ്ട്. സുപ്രീം കോടതിയുടെ പുതുക്കിയ മാനദണ്ഡമനുസരിച്ച് ഇത് മൂവായിരം കടന്നേക്കും.

Eng­lish Sum­ma­ry: covid Death Com­pen­sa­tion: Relief for Expa­tri­ate Families

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.