17 June 2024, Monday

Related news

June 14, 2024
June 12, 2024
June 12, 2024
June 12, 2024
June 12, 2024
June 12, 2024
June 12, 2024
June 10, 2024
June 10, 2024
June 9, 2024

കോവിഡ് മരണങ്ങള്‍: പ്രവാസികള്‍ പുറത്തുതന്നെ

കെ രംഗനാഥ്
തിരുവനന്തപുരം
November 9, 2021 11:01 pm

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ആശ്വാസധനമായ അരലക്ഷം രൂപ വീതം വിതരണം ചെയ്യുന്നതിനുള്ള അപേക്ഷ കഴിഞ്ഞ ദിവസം മുതല്‍ സ്വീകരിച്ചു തുടങ്ങിയെങ്കിലും പ്രവാസലോകത്ത് ഇപ്രകാരം മരണമടഞ്ഞ ഹതഭാഗ്യരുടെ കുടുംബങ്ങള്‍ ഇപ്പോഴും പട്ടികയ്ക്ക് പുറത്ത്. ഇതുമൂലം സംസ്ഥാനത്തെ പതിനായിരത്തോളം കുടുംബങ്ങള്‍ക്കാണ് ആശ്വാസധനം നിഷേധിക്കപ്പെടുന്നതെന്ന് പ്രവാസി സംഘടനകള്‍ ‘ജനയുഗ’ത്തിനയച്ച കത്തുകളില്‍ നിന്നു വ്യക്തമാവുന്നു.

കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം ഏതാനും മാസം മുമ്പുവരെ ആറായിരത്തോളം പ്രവാസികളാണ് കോവിഡ് ബാധിച്ചു മരിച്ചത്. കഴിഞ്ഞ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മാത്രം 1892 പ്രവാസികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം കോവിഡ് മൂലം മരിച്ചത്. സുപ്രീംകോടതി നിര്‍ണയിച്ച മാനദണ്ഡമനുസരിച്ചാണെങ്കില്‍ ഈ രണ്ട് മാസങ്ങളിലെ മരണസംഖ്യ മാത്രം മൂവായിരം കവിയും. പ്രവാസലോകത്ത് മരണമടഞ്ഞവരുടെ പഴയ കണക്കുകളും പുതുക്കിയ മാനദണ്ഡമനുസരിച്ചുള്ള കണക്കുകളും അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ നിന്ന് ലഭ്യവുമാണ്. പ്രവാസി ഭാരതീയ ബീമയോജന എന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ആദ്യ രണ്ടു വര്‍ഷം 275 രൂപ വീതവും അടുത്ത മൂന്നു വര്‍ഷം 375 രൂപയും വീതം അടച്ചാല്‍ ഈ കാലയളവിനുള്ളില്‍ അപകടമരണമോ മറ്റോ സംഭവിക്കുകയോ അംഗവിഹീനരാകുകയോ രോഗബാധിതരായി മരിക്കുകയോ ചെയ്യുന്നവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ ആശ്വാസധനമായി നല്കാന്‍ വ്യവസ്ഥയുണ്ട്. പക്ഷേ കോവിഡ് മരണങ്ങള്‍ ഈ ഇന്‍ഷുറന്‍സ് രക്ഷാകവചത്തിന് പുറത്തുമാണ്.

കോവിഡ് ബാധ തുടങ്ങുന്നതിനുമുമ്പുള്ള പദ്ധതിയായതിനാലാണ് കോവിഡ് മരണങ്ങള്‍ പരിധിക്ക് പുറത്തായതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എന്നാല്‍ മഹാമാരി കണക്കിലെടുത്ത് ഇന്‍ഷുറന്‍സ് പദ്ധതി ഭേദഗതി ചെയ്യാന്‍ കേന്ദ്രം തയാറാവുന്നുമില്ല. കോവിഡ് മൂലം മരിച്ച പ്രവാസികളില്‍ മഹാഭൂരിപക്ഷവും സാധാരണക്കാരായ തൊഴിലാളികളാണ്. കടമെടുത്തും കിടപ്പാടം പണയപ്പെടുത്തിയും റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് 75,000 മുതല്‍ രണ്ടു ലക്ഷം രൂപവരെ നല്കി തൊഴില്‍ തേടി ഗള്‍ഫ് രാജ്യങ്ങളിലെത്തിയവര്‍. ഇവരുടെ കുടുംബങ്ങളെ കടക്കയത്തിലാഴ്ത്തിയാണ് കോവിഡ് ഈ പ്രവാസികളുടെ ജീവനൊപ്പം അവരുടെ ഗള്‍ഫ് സ്വപ്നങ്ങളും കവര്‍ന്നെടുത്തത്. കോവിഡ് ബാധിതരായി മരണമടഞ്ഞ മലയാളി പ്രവാസികളുടെ അശരണരായ കുടുംബങ്ങള്‍ക്ക് പ്രതിമാസം 5,000 രൂപ വീതം മൂന്നു വര്‍ഷത്തേക്ക് നല്കാനുള്ള ആശ്വാസകരമായ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു നടപ്പിലാക്കി വരുന്നുണ്ട്. ഇതോടൊപ്പം അരലക്ഷം രൂപയുടെ ആശ്വാസധനത്തിന്റെ പട്ടികയിലും കോവിഡ് ബാധിച്ചു മരിച്ചവരുടെ അനാഥ കുടുംബങ്ങളെ ഉള്‍പ്പെടുത്തണമെന്നാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി സംഘനടകളുടേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും അഭ്യര്‍ത്ഥന.

ജീവകാരുണ്യപരമായ ഇക്കാര്യത്തില്‍ ഇടപെടണമെന്നഭ്യര്‍ത്ഥിച്ച് ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള‌സഭാംഗവുമായ അബ്ദുല്‍ റൗഫ് കൊണ്ടോട്ടി യുഎഇ യുവകലാസാഹിതി സാരഥിയും അബുദാബിയില്‍ നിന്നുള്ള ലോകകേരളസഭാംഗവുമായ ബാബു വടകര, അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ആക്ടിങ് പ്രസിഡന്റ് റോയ് ഐ വര്‍ഗീസ് തുടങ്ങിയവര്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നിവേദനങ്ങള്‍ നല്കിയിട്ടുണ്ട്.

Eng­lish summary:covid deaths: Expa­tri­ates out

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.