23 December 2024, Monday
KSFE Galaxy Chits Banner 2

കോവിഡ് കാലം: ചില അനുഭവങ്ങൾ

Janayugom Webdesk
March 4, 2022 6:00 am

കോവിഡ് 19 എന്ന മഹാദുരന്തത്തിൽ ഞെരിഞ്ഞമർന്ന സമൂഹം സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. കരുതൽ കൈവിടാതെ ഇനിയും കുറേക്കാലം മുന്നോട്ടുപോകണമെന്ന് ലോകാരോഗ്യസംഘടന ആഹ്വാനം ചെയ്യുന്നു. കടുത്ത ദുരിതങ്ങള്‍ അനുഭവിച്ച സമൂഹം കരുതൽ കൈവിടില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. കോവിഡ് കാലത്തെ അനുഭവങ്ങൾ ഞെട്ടലോടെയാണ് നാമിന്നു ഓർമ്മിക്കുന്നത്. ഇപ്രകാരം ഒരവസ്ഥ ഇനി ഒരിക്കലും വരാതിരിക്കട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം. എന്നാൽ സമൂഹം നേരിട്ട അത്യന്തം ആപൽക്കരങ്ങളായ അനുഭവങ്ങളാൽ നിസ്സഹായരായ ജനങ്ങളെ എന്തു വിലകൊടുത്തും സഹായിക്കാൻ നാം ജാതി-മത‑രാഷ്ട്രീയ വിഭാഗീയതകൾ മറന്ന് ഒറ്റക്കെട്ടായി അണിനിരന്നു. നമ്മുടെ നാട്ടിലെ അയൽക്കൂട്ടങ്ങളും നഗരങ്ങളിലെ യുവജനങ്ങളും അവരുടെ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളും സമൂഹത്തിന് ഒരു പുതിയ അനുഭവമായിരുന്നു. കോവിഡ് മഹാമാരി കാട്ടുതീപോലെ നാടാകെ പടർന്നുപിടിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും കോവിഡിന് വിധേയരായി. ആരോഗ്യപ്രവർത്തകർ, ഉദ്യോഗസ്ഥവിഭാഗം, പൊലീസ് തുടങ്ങി എല്ലാ മേഖലകളിലും കോവിഡ് പടർന്നുപിടിച്ചു. രോഗികളെ ശുശ്രൂഷിക്കാൻ ഉറ്റ ബന്ധുക്കൾപോലും കൈയൊഴിയുന്ന അവസ്ഥയിലായി. ഈ ആപൽസന്ധിയിൽ സർവസന്നാഹങ്ങളും ഒരുക്കി സർക്കാർ വകുപ്പുകൾ ഏകോപനത്തോടെ രംഗത്ത് എത്തി. മുൻപന്തിയിൽ ആരോഗ്യവകുപ്പും അവരോടൊപ്പം തദ്ദേശ സ്വയംഭരണവകുപ്പും ആഭ്യന്തരവും ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പും. അവർ സംയുക്തമായി യുദ്ധകാലാടിസ്ഥാനത്തിൽ കോവിഡിനെ പ്രതിരോധിക്കാനുള്ള പദ്ധതിക്ക് രൂപംനല്കി. അവരോടൊപ്പം ലോകശ്രദ്ധ പിടിച്ചുപറ്റിയ നമ്മുടെ നാടിന്റെ സർഗശക്തിയായ സ്ത്രീകളും അണിനിരന്നു. അവരുടെ കുടുംബശ്രീ എന്ന പ്രസ്ഥാനം ഇന്ന് ലോകത്ത് നിലനില്ക്കുന്ന ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ള കരുത്തുള്ള ഒരു പ്രസ്ഥാനമാണ്.

ഏഷ്യയിലെ വൻ പുരോഗതി നേടിയ രാജ്യങ്ങളിലോ മുതലാളിത്ത വികസനത്തിന്റെ മാതൃകകളായ യൂറോപ്യൻ രാജ്യങ്ങളിലോ കുടുംബശ്രീ പോലുള്ള ഒരു വനിതാ പ്രസ്ഥാനം നിലവിലില്ലെന്ന് പല അന്താരാഷ്ട്ര ഏജൻസികളും നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നു. കേരളജനത ഈ അടുത്തകാലത്ത് സമാനതകളില്ലാത്ത പ്രകൃതിദുരന്തങ്ങൾ ഏറ്റു വാങ്ങി. “നിപ” രോഗം റിപ്പോർട്ടു ചെയ്ത സന്ദർഭത്തിൽ തന്നെ പ്രളയവും വെള്ളപ്പൊക്കവും സൃഷ്ടിച്ച കെടുതികളും കേരളം അനുഭവിച്ചു. പ്രകൃതി ദുരന്തങ്ങളിൽ കനത്ത സാമ്പത്തികനഷ്ടവും ജീവഹാനിയും സംഭവിച്ചു. കാർഷികമേഖല തകർന്നടിയുന്ന അവസ്ഥയുണ്ടായി. സാധാരണ ജനങ്ങൾക്ക് എല്ലാ ദുരിതങ്ങളെയും നേരിടാനുള്ള അസാധാരണ കരുത്ത് പ്രകടമാക്കാനുള്ള ജനകീയ ഐക്യവും ആത്മവിശ്വാസവും പകർന്നുകൊണ്ട് കേരളത്തിലെ സർക്കാർ സംവിധാനങ്ങളെല്ലാം രംഗത്ത് എത്തി. മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും എൽഡിഎഫും യുഡിഎഫും കേരളത്തിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പ്രശംസനീയമായ പങ്കുവഹിച്ചു. രാഷ്ട്രീയമായ ചില അപശബ്ദങ്ങൾ പ്രതിപക്ഷത്ത് നിന്ന് ഉണ്ടായെങ്കിലും അവയൊന്നും സാരമായ പ്രതികരണങ്ങൾ ജനങ്ങൾക്കിടയിൽ സൃഷ്ടിച്ചില്ല. പ്രളയകാലത്ത് ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ രക്ഷിക്കാൻ സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് സൈന്യം അവരുടെ എല്ലാ സന്നാഹങ്ങളുമായി എത്തി. ജനങ്ങൾക്ക് വല്ലാത്ത ആത്മധൈര്യം സൃഷ്ടിക്കാൻ പട്ടാളത്തിന്റെയും പൊലീസിന്റെയും സേവനങ്ങൾ വലിയ പങ്ക് വഹിച്ചു. നമ്മുടെ നാടിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് മത്സ്യത്തൊഴിലാളികൾ അവരുടെ വള്ളങ്ങളുമായി കൂട്ടത്തോടെ പ്രളയം കാരണം ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാനെത്തി.

 


ഇതുംകൂടി വായിക്കാം; കോവിഡ് മഹാമാരിയും തൊഴിലാളി വർഗവും


 

അരോഗദൃഢഗാത്രരായ അവർ വെള്ളത്തിൽ കമഴ്ന്നുകിടന്ന് പാലം സൃഷ്ടിച്ചു. അവരുടെ ശരീരങ്ങളിൽ ചവിട്ടി പ്രളയത്തിൽനിന്ന് രക്ഷപ്പെട്ടവരെ കണ്ട് സമൂഹം അമ്പരന്നുപോയി. “ഇവരാണ് നമ്മുടെ നാടിന്റെ പട്ടാളം” എന്ന് മുഖ്യമന്ത്രി സന്തോഷം പങ്കിട്ടു. കോവിഡ് പടർന്നു പിടിച്ചപ്പോഴും കേരളം പകച്ചുപോയില്ല. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളായ മാസ്ക്ക്, സോഷ്യൽ ഡിസ്റ്റൻസ്, സാനിറ്റൈസേഷൻ, ക്വാറന്റൈന്‍, ആര്‍ടിപിസിആര്‍ പരിശോധന തുടങ്ങിയ നിരവധി നിർദേശങ്ങൾ അനുസരിക്കാൻ ജനങ്ങൾ സന്നദ്ധരായി. നിരന്തരമായ ബോധവല്ക്കരണം ഗ്രാമങ്ങളിലും നഗരങ്ങളിലും സംഘടിപ്പിച്ചു. പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, സിനിമാശാലകൾ, കടകമ്പോളങ്ങൾ, മാളുകൾ, ഉത്സവങ്ങൾ, വിവാഹങ്ങൾ എന്നിങ്ങനെ ജനം കൂടുന്ന ഇടങ്ങളിലെല്ലാം കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഏകദേശം നമ്മുടെ സംസ്ഥാനത്തെ എല്ലാ നിലവാരങ്ങളിലുമുള്ള വിദ്യാലയങ്ങൾ അടച്ചിട്ട് വിദ്യാർത്ഥികൾക്ക് അവരുടെ പഠനം തുടരാൻ ഓൺലൈൻ സമ്പ്രദായം നടപ്പിലാക്കി. കൂലിപ്പണിക്കാർ, കൈത്തൊഴിലെടുക്കുന്നവർ, ചെറുകിട കച്ചവടക്കാർ, ഓട്ടോറിക്ഷത്തൊഴിലാളികൾ തുടങ്ങി നിരവധി പാവപ്പെട്ട ജനവിഭാഗങ്ങള്‍ വല്ലാത്ത ദുരിതത്തിലായി. തൊഴിലും വരുമാനവും നഷ്ടപ്പെട്ടവർ കോവിഡ് രോഗം കൂടി ബാധിക്കുന്ന അവസ്ഥയിൽ അവരെ ശുശ്രൂഷിക്കാനും, ഭക്ഷണം നല്കാനും പ്രതിമാസം പെൻഷൻ നല്കാനും സർക്കാർ ഭാവനാപൂർണമായ ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചു. സർക്കാർ 20,000 കോടി രൂപ നീക്കിവച്ചു. ഭക്ഷ്യധാന്യങ്ങളും മറ്റു നിത്യോപയോഗ സാധനങ്ങളും സൗജന്യനിരക്കിൽ വിപുലമായ തോതിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം നടത്തി. അർഹരായ എല്ലാപേർക്കും, ഏകദേശം 45 ലക്ഷം പേർക്ക്, പ്രതിമാസം 1600 രൂപ നിരക്കിലുള്ള പെൻഷൻ വീടുകളിലെത്തിച്ചു. കോവിഡ് രോഗികൾക്ക് ചികിത്സ പൂർണമായും സൗജന്യമാക്കി. കിടപ്പുരോഗികൾക്കും മറ്റ് അവശതയനുഭവിക്കുന്നവർക്കും ഭക്ഷണപ്പൊതികളും, മരുന്നുകളുമായി വീടുകളിലെത്തിക്കാൻ യുവജന പ്രസ്ഥാനങ്ങളുടെ ഒരു വൻ സന്നദ്ധസംഘം രംഗത്തെത്തി. രോഗികൾക്ക് ആഹാരം എത്തിച്ചും, അവശരായവരെ ആംബുലൻസുകളിൽ ആശുപത്രികളിലെത്തിച്ചും നമ്മുടെ യുവജനങ്ങൾ പ്രശംസനീയമായ സേവനം കാഴ്ചവച്ചു.

2020 ജനുവരി 30‑ന് ചൈനയിലെ വുഹാൻ മെഡിക്കൽ കോളജിൽ നിന്ന് കേരളത്തിലെത്തിയ മെഡിക്കൽ വിദ്യാർത്ഥിയിൽനിന്ന് കേരളത്തിൽ കോവിഡ് രോഗം പടർന്നുപിടിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി രംഗത്തെത്തിയ വനിതകളുടെ മഹത്തായ ‘കുടുംബശ്രീ’ പ്രസ്ഥാനം ഏറ്റെടുത്ത പ്രവർത്തനങ്ങൾ ചരിത്രത്തിന്റെ ഭാഗമായി മാറി. ഭക്ഷ്യധാന്യങ്ങളും, പച്ചക്കറികളും സംഭരിച്ചുകൊണ്ടവർ ഗ്രാമങ്ങളിലാകെ കമ്മ്യൂണിറ്റി കിച്ചനുകള്‍ക്ക് നേതൃത്വം നൽകി. ഓരോ കേന്ദ്രത്തിൽനിന്നും നൂറുകണക്കിന് ഭക്ഷണപ്പൊതികളുമായി യുവജനങ്ങൾ അവശതയനുഭവിക്കുന്നവരുടെ വീടുകളിലെത്തിച്ചു. രോഗികൾക്കു മാത്രമല്ല എല്ലാപേർക്കും രോഗപ്രതിരോധത്തിന് “മാസ്ക്’ (മുഖാവരണം) അനിവാര്യമായി. ഈ വെല്ലുവിളിയും കുടുംബശ്രീ ഏറ്റെടുത്തു. അവർ നിരവധി തയ്യൽ കേന്ദ്രങ്ങൾ ആരംഭിച്ചു. വൻതോതിൽ തുണികൊണ്ടുള്ള മാസ്ക് നിർമ്മാണം തുടങ്ങി. 2020 മാർച്ച്-സെപ്റ്റംബർ മാസങ്ങളിലായി 10 രൂപ നിരക്കില്‍ ലക്ഷക്കണക്കിന് മാസ്ക് നിർമ്മിച്ച് വിതരണം ചെയ്തു. അവരുടെ കണക്കനുസരിച്ച് ഈ രണ്ടു മാസങ്ങളിലായി 71,55,301 മാസ്കുകൾ വിതരണം ചെയ്തു. തുടർന്ന് അവർ “സാനിറ്റൈസർ’ ഉല്പാദന രംഗത്തേക്ക് കടന്നു.

 


ഇതുംകൂടി വായിക്കാം; കോവിഡ് 19 എന്ന മഹാമാരിയും തൊഴിലില്ലായ്മയും


 

3 മാസക്കാലയളവിൽ അവർ മൊത്തം 9322 ലിറ്റർ സാനിറ്റൈസർ ഉല്പാദിപ്പിച്ചുകൊണ്ട് ആധുനിക ചികിത്സാരംഗത്തും കുടുംബശ്രീ പ്രസ്ഥാനം അവരുടെ കരുത്ത് തെളിയിച്ചു. സമൂഹത്തിൽ ശാരീരികമായി അവശതയനുഭവിക്കുന്ന മുതിർന്നവരെയും രോഗബാധിതരായവരെയും സമൂഹത്തിൽ പല കാരണങ്ങളാൽ ഒറ്റപ്പെട്ടുപോകുന്നവരെയും സഹായിക്കാനായി കുടുംബശ്രീ എന്നും സന്നദ്ധരാകുന്നു. ഇതിനകംതന്നെ നടന്ന എല്ലാ പഠനങ്ങളിലും കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനം സാമൂഹ്യ വികസന പ്രവർത്തനങ്ങളിൽ ലോകത്തിനുതന്നെ മാതൃകയായി മാറുന്ന വസ്തുത ചൂണ്ടിക്കാണിക്കുന്നു. എല്ലാ പഠനങ്ങളും ചൂണ്ടിക്കാണിക്കുന്ന ഒരു സവിശേഷത കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനം സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള ജനവിഭാഗങ്ങളിലൂടെയാണ് കെട്ടിപ്പടുത്തിരിക്കുന്നത് എന്നതാണ്. നിപയും, പ്രളയങ്ങളും കോവിഡും കഴിഞ്ഞ് സമൂഹം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ നമ്മുടെ കടലിന്റെ സൈന്യവും, ത്യാഗനിർഭരമായ സേവനസന്നദ്ധത പ്രകടിപ്പിച്ച് ഓടിയെത്തിയ യുവജന പ്രസ്ഥാനവും നല്ല മാതൃകയായി മാറിയ കുടുംബശ്രീ പ്രസ്ഥാനവും ചരിത്രത്തിൽ ഇടംനേടുകയാണ്. ഇതുപോലുള്ള ആപൽഘട്ടങ്ങളിൽ ജനസേവനം നടത്താനുള്ള ഒരു മാതൃകയായി മാറിയ ഈ പുതിയ സംസ്കാരം നിലനിറുത്തുകയെന്ന ദൗത്യം ഏറ്റെടുക്കാൻ നമുക്ക് കരുത്തുണ്ടാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.