23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 10, 2024
August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024
March 13, 2024
March 12, 2024

കോവിഡ് റിലീഫ് പോര്‍ട്ടല്‍; മരണങ്ങള്‍ക്ക് നഷ്ടപരിഹാരത്തിനായ് അപേക്ഷിക്കാം

കൃഷ്ണ എസ്
തിരുവനന്തപുരം
December 18, 2021 3:04 pm

ലോക ജനതയെ പിന്നോട്ടടിച്ച, മാനവ കുലത്തിനെ ഒന്നാകെ ബാധിച്ച മഹാമാരികളില്‍ പ്രധാനിയാണ് കോവിഡ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യങ്ങള്‍ ജനങ്ങളുടെ സുരക്ഷക്കായി ഒട്ടേറെ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. കോവിഡും, കോവിഡാനന്തര സാഹചര്യങ്ങളും പുതുതായി വന്ന ഒമിക്രോണ്‍ വകഭേദവുമെല്ലാം സമൂഹത്തില്‍ സൃഷ്ടിച്ച പ്രശ്‌നങ്ങളെ നേരിടുന്നതിനായ് വിവരസാങ്കേതിക വിദ്യയുടെ കാര്യക്ഷമമായ ഉപയോഗവും അതാത് ഭരണ കൂടങ്ങളുടെ നേതൃത്വത്തില്‍ സാധ്യമാക്കി. ഇത്തരത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന നഷ്ടപരിഹാരത്തുക കൃത്യമായി ജനങ്ങളിലേക്കെത്തിക്കുന്നതിന് പ്രത്യേക വെബ്‌സൈറ്റുകള്‍ നിലവിലുണ്ട്. കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കുകളെടുത്താല്‍ ലോകത്ത് ഏകദേശം 53.34 ലക്ഷവും ഇന്ത്യയില്‍ 4.76 ലക്ഷവും കേരളത്തില്‍ 43,626 പേരുമാണ് കോവിഡ് മൂലം മരണമടഞ്ഞത്, ഓരോ ദിവസവും ഈ കണക്കുകളില്‍ വര്‍ദ്ധന തുടരുകയാണ്. സംസ്ഥാന സര്‍ക്കാരുകള്‍ കോവിഡ് അനാഥരാക്കിയ കുടുംബങ്ങള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരമായി നല്‍കുന്നുണ്ട്. നഷ്ടപരിഹാര തുകക്കായി അപേക്ഷിക്കാനുള്ള പ്രക്രിയകള്‍ ലളിതമാക്കാന്‍ ഓരോ സംസ്ഥാനവും ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ തുടങ്ങുകയും ചെയ്തു. ഇതിനായി കേരളം www.relief.kerala.gov.in എന്ന വെബ് സൈറ്റും തമിഴ്‌നാട് www.tn.gov.in എന്ന സൈറ്റും അത് പോലെ മറ്റ് സംസ്ഥാനങ്ങള്‍ അവരുടേതായ സൈറ്റുകളും രൂപീകരിച്ചു.

പ്രാദേശിക ഭാഷകളില്‍ ലഭ്യമാണ് എന്നതിനാല്‍, എല്ലാവര്‍ക്കും സുഗമമായി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിവരങ്ങള്‍ നല്‍കാനാകും. വെബ് സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കുന്നതോടൊപ്പം ഐസിഎംആര്‍ നല്‍കുന്ന മരണ സര്‍ട്ടിഫിക്കറ്റും, റേഷന്‍ കാര്‍ഡിന്റെ കോപ്പിയും, അപേക്ഷകന്റെ ആധാറിന്റെ കോപ്പിയും ബാങ്ക് പാസ്ബുക്കിന്റെ കോപ്പിയും അവകാശ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. കോവിഡ് 19 ബാധിച്ച് മരിച്ചവ്യക്തിയുടെ അടുത്ത ബന്ധുവാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അതത് വില്ലേജ് ഓഫീസര്‍ അപേക്ഷയും അതോടൊപ്പം സമര്‍പ്പിച്ച രേഖകളും പരിശോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് (ഡിഡിഎംഎ) കൈമാറും. ദുരന്ത നിവാരണ അതോറിറ്റി പരിശോധിച്ച് അപേക്ഷയ്ക്ക് അന്തിമ അനുമതി നല്‍കും. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപയും, ആശ്രിതരായ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 36 മാസത്തേയ്ക്ക് പ്രതിമാസം 5000 രൂപയും അവരുടെ ബാങ്ക് എല്ലാ മാസവും അഞ്ചാം തിയതിയ്ക്ക് മുമ്പ് നല്‍കും. ഇത്തരം ബിപിഎല്‍ ഗുണഭോക്താക്കളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ആദായ നികുതി ദായകരോ ഉള്‍പ്പെട്ടിട്ടില്ലെന്ന് വില്ലേജ് ഓഫീസര്‍ ഉറപ്പുവരുത്തും. വില്ലേജ് ഓഫീസുകളില്‍ ഫിസിക്കല്‍ ഫോര്‍മാറ്റില്‍ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് വില്ലേജ് ഓഫീസര്‍ പോര്‍ട്ടല്‍ വഴി ഡിഡിഎംഎയ്ക്ക് കൈമാറും. പുനഃപരിശോധന ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ തുടര്‍ അന്വേഷണത്തിനായി ഡിഡിഎംഎ അപേക്ഷകള്‍ അതത് തഹസീല്‍ദാര്‍ക്ക് കൈമാറും.

കോവിഡ് റിലീഫ് പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ ലഭിച്ചുകഴിഞ്ഞാല്‍ അവ പരിശോധിച്ച് 30 ദിവസത്തിനകം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം കൈമാറും. മരണ സര്‍ട്ടിഫിക്കറ്റില്‍ കോവിഡ് 19 മൂലമുള്ള മരണമെന്ന് കാണിക്കാത്ത സാഹചര്യത്തില്‍ പോലും കൊറോണ വൈറസ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചുവെന്ന് കണ്ടെത്തിയാല്‍ അവരുടെ കുടുംബത്തിനും കൂടുതല്‍ വ്യവസ്ഥകളില്ലാതെ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. ഇതുവരെ ഉള്ള കണക്കുകള്‍ പ്രകാരം കേരള സര്‍ക്കാരിന്റെ റിലീഫ് പോര്‍ട്ടലില്‍ വന്ന ആകെ അപേക്ഷകള്‍ 11431 ആണ്, ഇതില്‍ അംഗീകരിച്ചത് 3622 ഉം, തുക അനുവദിച്ചത് 965 അപേക്ഷകളുമാണ്.

Eng­lish sum­ma­ry; covid Relief Portal

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.