22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024

കോവിഡ്: മാസവരുമാനക്കാരുടെ എണ്ണം കുറഞ്ഞു

Janayugom Webdesk
തിരുവനന്തപുരം
August 17, 2022 9:59 pm

കോവിഡ് പ്രതിസന്ധിക്ക് ശേഷം രാജ്യത്ത് മാസവരുമാനക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായി പഠനം. ലോക്ഡൗണുകളുടെ ആഘാതം ദിവസക്കൂലിക്കാരെ മാത്രമല്ല, ചെറുകിട ഇടത്തരം വരുമാനമുള്ള ജോലികളെയും ബാധിച്ചു. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരെയും സ്ത്രീകളെയുമാണ് കൂടുതൽ ബാധിച്ചതെന്ന് സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ വ്യക്തമാക്കുന്നു.
ഫാമിലോ ഫാമിതര സംരംഭങ്ങളിലോ ജോലി ചെയ്യുന്നവർ, മാസത്തിൽ ശമ്പളം വാങ്ങുന്ന കരാർത്തൊഴിലാളികൾ, മുഴുവൻ സമയ‑പാർട്ട് ടൈം ജീവനക്കാർ, അപ്രന്റീസുകൾ എന്നിവരെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്. 

2020–21 കാലയളവിൽ രാജ്യത്തെ തൊഴിൽ മേഖലയിൽ മാസവരുമാനക്കാരുടെ വിഹിതം രണ്ട് ശതമാനം കുറഞ്ഞു. 2019–20 ൽ ഏകദേശം 23 ശതമാനം പേർ സ്ഥിരവേതനം നേടിയിരുന്നത് 21 ശതമാനമായാണ് കുറഞ്ഞത്. വർഷംതോറും ജൂൺ‑ജൂലെെ മാസങ്ങളിൽ സർവേ നടക്കുന്നതിനാൽ ലോക്ഡൗൺ നിലനിന്നിരുന്ന 2020 ഏപ്രിൽ‑ജൂൺ ഘട്ടം 20–21 ലെ സർവേയിൽ ഉൾപ്പെട്ടിട്ടുണ്ട്. മാസവേതനക്കാരുടെ വിഹിതം 2017–18 ലെ 22.8 ൽ നിന്ന് 2018–19 ൽ 23.8 ആയി വർധിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താൽ മഹാമാരിക്കാലത്ത് മാസശമ്പളക്കാരുടെ വിഹിതത്തിലെ കുറവ് 2.7 ശതമാനമാകും. 

ഇന്ത്യയിലെ പാർശ്വവല്ക്കരിക്കപ്പെട്ട സമൂഹങ്ങളാണ് അനിശ്ചിതത്വങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നതെന്ന് മഹാമാരിക്കാലവും തെളിയിക്കുന്നുവെന്ന് ജവഹർലാൽ നെഹ്രു സർവകലാശാലയുടെ ലേബർ സ്റ്റഡീസ് സെന്റർ പ്രൊഫസർ അർച്ചന പ്രസാദ് പറയുന്നു. മാസശമ്പളം വാങ്ങുന്ന മുസ്‍ലിങ്ങളുടെ വിഹിതം 2018–19 ലെ 22.1 ശതമാനത്തിൽ നിന്ന് 2020–21 ൽ 17.5 ശതമാനമായി കുറഞ്ഞു. ഏകദേശം അഞ്ച് ശതമാനം ഇടിവ്. അതേ കാലയളവിൽ സിഖുകാരുടെ വിഹിതം 4.5 ശതമാനം കുറഞ്ഞു. ക്രിസ്ത്യൻ വിഭാഗത്തിന്റെ ജോലി വിഹിതം 3.2 ശതമാനമാണ് കുറഞ്ഞത്. ഹിന്ദു തൊഴിലാളികളുടെ വിഹിതം 2018–19 ലെ 23.7 ൽ നിന്ന് 2020–21 ൽ 21.4 ആയി 2.3 ശതമാനം കുറഞ്ഞു. 

സ്ത്രീകൾക്കിടയിലാണ് ജോലി നഷ്ടം കൂടുതലെന്ന് സർവേ പറയുന്നു. പുരുഷന്മാരുടെ വിഹിതം ഏകദേശം 1.7 ശതമാനം കുറഞ്ഞപ്പോൾ സ്ത്രീകളുടെ വിഹിതം 21.9ൽ നിന്ന് 17.4 ശതമാനത്തിലേക്ക് താണു. സിഖ് വിഭാഗത്തിലെ പുരുഷന്മാരുടെ വിഹിതത്തിൽ 2.7 ശതമാനം ഇടിവുണ്ടായപ്പോൾ സ്ത്രീകളിൽ ഇത് 12 ശതമാനമാണ്. മുസ്‍ലിം പുരുഷന്മാരുടെ വിഹിതം നാല് ശതമാനം കുറഞ്ഞ് 22.4ൽ നിന്ന് 18.4 ശതമാനമായി. സ്ത്രീകളുടെ എണ്ണത്തിലാകട്ടെ ഇത് എട്ട് ശതമാനമാണ്. 20.5ൽ നിന്ന് 12.5 ശതമാനമായി. 

Eng­lish Summary:Covid: The num­ber of month­ly income has decreased
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.