16 June 2024, Sunday

Related news

June 14, 2024
May 18, 2024
May 12, 2024
May 6, 2024
March 13, 2024
March 12, 2024
March 4, 2024
February 19, 2024
January 1, 2024
December 27, 2023

പായലും പൂപ്പലും മാത്രല്ല കോവിഡും പോകുമെന്ന് പറഞ്ഞു പറ്റിച്ചു; പെയിന്റ് കമ്പനികള്‍ക്ക് പിഴ

Janayugom Webdesk
കൊച്ചി
August 1, 2022 9:26 pm

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് ഏഷ്യന്‍ പെയിന്റ്‌സ്, ബെര്‍ജര്‍ പെയിന്റ്‌സ് തുടങ്ങിയവ ഉള്‍പ്പെടെ പ്രമുഖ കമ്പനികള്‍ക്ക് പിഴ. കോവിഡിനെതിരെ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങള്‍ നല്കിയതിനാണ് 15 ഓളം കമ്പനികള്‍ക്ക് പിഴ ലഭിച്ചിരിക്കുന്നത്. കമ്പനികള്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും ഒരു ലക്ഷം മുതല്‍ പത്ത് ലക്ഷം വരെയുള്ള പിഴ അടയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം അഡീഷണല്‍ ചീഫ് സെക്രട്ടറി നിധി ഖാരെ പറഞ്ഞു. കോവിഡ് കാലത്ത് ആളുകളുടെ പരിഭ്രാന്തി മുതലെടുത്ത് നിരവധി കമ്പനികള്‍ കോവിഡ് പരിരക്ഷയുമായി ബന്ധപ്പെട്ട വിവിധ അവകാശവാദങ്ങളുന്നയിച്ച് പരസ്യങ്ങള്‍ ഇറക്കിയിരുന്നു. ഇത് കച്ചവടത്തില്‍ വന്‍ വര്‍ധനവാണുണ്ടാക്കിയത്.

കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 129 നോട്ടീസുകള്‍ക്ക് നല്‍കിയ ശേഷം 2019ല്‍ പുറപ്പെടുവിച്ച ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം പ്രധാന കമ്പനികളുടെ 71ഓളം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളാണ് വിലക്കിയത്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നല്‍കിയ 129 നോട്ടീസുകളില്‍ 49 എണ്ണം അന്യായമായ വില്‍പന തന്ത്രങ്ങള്‍ക്കെതിരെയും ഒമ്പത് എണ്ണം ഉപഭോക്താക്കളുടെ അവകാശത്തെ ഹനിച്ചതിനെതിരെയുമാണെന്നും ഖാരെ കൂട്ടിച്ചേര്‍ത്തു.

ഏഷ്യന്‍ പെയിന്റ്സ് ബ്രാന്‍ഡ് തങ്ങളുടെ പെയിന്റില്‍ കോവിഡ്-19നെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ സില്‍വര്‍ നാനോ ടെക്നോളജി ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടാണ് പരസ്യമിറക്കിയത്. പെയിന്റ് ചെയ്ത് 30 മിനിട്ടുകള്‍ക്കുള്ളില്‍ കോവിഡിനെ പ്രതിരോധിക്കുമെന്നായിരുന്നു അവകാശവാദം. ഈ രീതിയില്‍ കോവിഡ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന പരസ്യം നല്‍കിയതിന് ബെര്‍ജര്‍ പെയിന്റ്സിനെതിരെയും പിഴ ചുമത്തിയിട്ടുണ്ട്.

ഹെല്‍ഖ് വൈറോ ബ്ലോക്ക് എന്ന ടെക്നോളജി ഉപയോഗിച്ച് 99 ശതമാനം കൊറോണ വൈറസിനെയും പ്രതിരോധിക്കാന്‍ തങ്ങളുടെ ഷര്‍ട്ടുകള്‍ക്കാവുമെന്ന് സോഡിയാക് അപ്പാരല്‍സ് അവകാശപ്പെട്ടിരുന്നു. സിയ്യാറാം അപ്പാരല്‍സിന്റെ ‘ആന്റി കൊറോണ സ്യൂട്ട് ഫാബ്രിക്’, കെന്റ് വാട്ടര്‍ ഫില്‍ട്ടേര്‍സിന്റെ അണുനാശിനി ഉപകരണങ്ങള്‍ എന്നിവയ്ക്ക് കൊറോണ വൈറസിനെ തുരത്താനാവുമെന്നും പരസ്യങ്ങളിലൂടെ അവകാശപ്പെട്ടിരുന്നു. തങ്ങളുടെ എസിക്ക് കൊറോണ വൈറസിനെ നിര്‍ജീവമാക്കാന്‍ സാധിക്കുമെന്ന് ബ്ളൂ സ്റ്റാര്‍ എ. സി നിര്‍മാതാക്കളും പറഞ്ഞിരുന്നു

ശാസ്ത്രീയ തെളിവുകളൊന്നും ഇല്ലാതെ കാല്‍മുട്ട് വേദനയ്ക്ക് പരിഹാരം നല്‍കുന്ന ഉപകരണം വിറ്റതിന് നാപ്ടോളിന് പത്ത് ലക്ഷം രൂപ പിഴ ചുമത്തി. ശാസ്ത്രീയ അടിത്തറയൊന്നുമില്ലാതെ കാഴ്ചശക്തി വര്‍ധിപ്പിക്കുമെന്ന് സ്ഥാപിച്ച് ഉപകരണം വിറ്റതിന് ഷുവര്‍ വിഷന്‍ ഇന്ത്യ കമ്പനിക്കും സിസിപിഎ പ്രകാരം പത്ത് ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.

Eng­lish Summary:covid will go away; Penal­ties for paint companies
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.