17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 11, 2024
November 10, 2024
November 8, 2024
November 3, 2024
October 31, 2024
October 30, 2024
October 26, 2024
October 22, 2024
October 21, 2024
October 20, 2024

സിപിഐ 100 വാര്‍ഷികാഘോഷം: അംഗത്വം പത്ത് ലക്ഷമായി ഉയര്‍ത്തും

Janayugom Webdesk
വിജയവാഡ
October 18, 2022 10:48 pm

ഗുരുദാസ് ദാസ് ഗുപ്ത നഗര്‍(വിജയവാഡ): എല്ലാ പാർട്ടി ഘടകങ്ങളും സിപിഐയുടെ 100-ാം വാർഷികം മുൻകൂട്ടി ആഘോഷിക്കാൻ പദ്ധതി തയാറാക്കണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ഓരോ ജില്ലാ ഘടകവും പാർട്ടിയുടെ ചരിത്രവും ജില്ലയിലെ പ്രവർത്തനങ്ങളും പ്രസിദ്ധീകരിക്കുകയും ആ ജില്ലകളിലെ നേതാക്കളുടെ ജീവചരിത്രങ്ങളുള്ള ചെറിയ ലഘുലേഖകൾ പ്രസിദ്ധീകരിക്കുകയും വേണം. അതുപോലെ, തെരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന് എല്ലാ തലങ്ങളിലും മണ്ഡലങ്ങളിലും പാർട്ടി യൂണിറ്റുകളെ ശാക്തീകരിക്കാനുള്ള ഉറച്ച തീരുമാനവും വേണം.
പാർട്ടി ശതാബ്ദിയോട് അടുക്കുമ്പോൾ, അംഗസംഖ്യ വൻതോതിൽ വർധിപ്പിക്കാൻ ലക്ഷ്യംവയ്ക്കണം. കൽക്കത്തയിൽ ചേർന്ന ദേശീയ കൗൺസിൽ യോഗം ശതാബ്ദിയിൽ എത്തുമ്പോൾ 10 ലക്ഷം അംഗത്വം ഉറപ്പാക്കാനാണ് തീരുമാനം. ഇത് സാധ്യമാക്കണം. സിപിഐയെ ദശലക്ഷക്കണക്കിന് അംഗങ്ങളുള്ള പാർട്ടിയാക്കാനുള്ള എല്ലാ ശ്രമങ്ങളും പൂര്‍ത്തീകരിക്കണം. ജനങ്ങളിൽ നിന്നും അംഗങ്ങളിൽ നിന്നും ഫണ്ട് സമാഹരിക്കണം. പാർട്ടി ഓഫീസുകളുടെ അലങ്കാരം, എല്ലാ ഓഫീസുകളിലും പതാക ഉയർത്തൽ, പ്രധാന വിഷയങ്ങളിൽ സെമിനാറുകൾ, സാംസ്കാരിക പരിപാടികൾ എന്നിവയും പാർട്ടിയുടെ 100 വർഷത്തെ പ്രയാണം ആഘോഷിക്കാൻ സംഘടിപ്പിക്കണമെന്നും ജനറല്‍ സെക്രട്ടി ഡി രാജ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
അധ്വാനിക്കുന്ന ജനങ്ങളുടെ വിപ്ലവ പാർട്ടിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ 1925 ഡിസംബർ 26ന് കാൺപൂരിലാണ് രൂപീകരിക്കപ്പെട്ടത്. വൈദേശിക അധീനതയിൽ ആയിരുന്ന രാജ്യം വളരെ പ്രയാസകരമായി കടന്നുപോയ കാലഘട്ടമായിരുന്നു അത്. മഹത്തായ ഒക്ടോബർ വിപ്ലവത്തിന്റെ വിജയത്തിനുശേഷം കമ്മ്യൂണിസത്തിന്റെ വിമോചന സാധ്യതകളെ തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാർ കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം തടയാൻ ഉറപ്പിച്ചു. അതിനായി കടുത്ത നടപടികൾ സ്വീകരിച്ചു. ആ കടുത്ത പ്രതിബന്ധങ്ങളെ മറികടന്ന്, അസാധാരണമായ ദേശസ്നേഹ തീക്ഷ്ണതയില്‍ യുവ നേതാക്കൾ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രൂപീകരിക്കുകയും അത് ഇന്ത്യൻ ജനതയുടെ പ്രതിനിധി പാർട്ടിയായി മാറുകയും ചെയ്തു. കാൺപൂർ, മീററ്റ് ഗൂഢാലോചനക്കേസുകളുടെ രൂപത്തിൽ വന്യമായ ബ്രിട്ടീഷ് അടിച്ചമർത്തൽ തുടര്‍ന്നെങ്കിലും ആയിരക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ജ്വലിപ്പിച്ച വിപ്ലവ ജ്വാല അടിച്ചമർത്താനായില്ല. നേതാക്കളും മുഖ്യപ്രവര്‍ത്തകരും ഒന്നായി തൊഴിലാളികളെയും കർഷകരെയും വിദ്യാർത്ഥികളെയും എഴുത്തുകാരെയും ബുദ്ധിജീവികളെയും കലാകാരന്മാരെയും സമൂഹത്തിലെ എല്ലാ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളോടൊപ്പം സംഘടിപ്പിച്ചു. തെലങ്കാന കലാപം, പുന്നപ്ര‑വയലാർ സമരം, തേഭാഗ സമരം തുടങ്ങിയ മഹത്തായ സമരങ്ങളിൽ പങ്കെടുക്കാൻ പ്രചോദനമായി.
ബ്രിട്ടണ്‍, ഫ്രാന്‍സ്, പോർച്ചുഗീസ് തുടങ്ങിയ രാജ്യങ്ങളുടെ കോളനി വാഴ്ചയ്ക്കും ഫ്യൂഡൽ പ്രഭുക്കന്മാർക്കും രാജാക്കന്മാർക്കും എതിരെയുള്ള സ്വാതന്ത്ര്യ സമരങ്ങളിൽ പങ്കെടുത്തതിന്റെ മഹത്തായ ചരിത്രമുണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക്. സ്വാതന്ത്ര്യം നേടിയതിന് ശേഷവും രാഷ്ട്രത്തിന്റെ അജണ്ടയെ സമൂലവൽക്കരിക്കുന്നതിലും അടിച്ചമർത്തപ്പെട്ട ജനങ്ങൾക്കുവേണ്ടി ഫലപ്രദമായി ശബ്ദമുയർത്തുന്നതിലും സിപിഐ പ്രധാന ശക്തിയായി തുടർന്നു. ഭൂമിയുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം, ഭാഷാപരമായ അവകാശങ്ങളുടെ സംരക്ഷണം, ബാങ്കുകളുടെയും മറ്റ് പ്രധാന മേഖലകളുടെയും ദേശസാൽക്കരണം, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയിലുള്ള ഇടപെടല്‍ ജനങ്ങൾ ഏറ്റെടുക്കുകയും പാര്‍ട്ടി അവർക്ക് പ്രിയങ്കരമാകുകയും ചെയ്തു.
രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുന്ന വേളയിൽ, പാര്‍ട്ടിയുടെ ചരിത്രവും മഹത്തായ ഭൂതകാലവും സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തവും ജനങ്ങളിലേക്ക് എത്തിക്കണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.

സമൂഹത്തിന്റെ പരിച്ഛേദമായി പാര്‍ട്ടി കോണ്‍ഗ്രസ്

സിപിഐ 24-ാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത പ്രതിനിധികൾ സമൂഹത്തിന്റെ പരിച്ഛേദം. 28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്നായി ആയിരത്തോളം പ്രതിനിധികളാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത്. 30 വയസിന് താഴെ പ്രായമുള്ള 18 പേരാണ് പ്രതിനിധികളായി എത്തിയത്. 31നും 40തിനും ഇടയിലുള്ള 57, 41 നും 60നും ഇടയിലുള്ള 338, 61നും 70നും ഇടയിലുള്ള 255, 70നു മുകളിൽ പ്രായമുള്ള 138 പേർ എന്നിങ്ങനെയാണ് പ്രതിനിധികളുടെ പ്രായഘടന.

53 ശതമാനം പ്രതിനിധികളും വിവിധ സമരങ്ങളിൽ പങ്കെടുത്ത് ജയിൽവാസമനുനുഭവിച്ചവരാണ്. ഇതിലെ 80 ശതമാനം പേരും ഒഡിഷയിൽ നിന്നായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. അഞ്ചുവർഷത്തിലധികം ജയിൽവാസം അനുഭവിച്ച രമേശ് പദ്യേ, അഞ്ചുവർഷം ജയിലിലും ആറുമാസം ഒളിവിലും കഴിഞ്ഞ ഇടുംബായൻ, മൂന്നുവർഷത്തിലധികം ജയിലിൽ കഴിയേണ്ടിവന്ന അഭയ് സാഹു എന്നിവർ പാർട്ടി കോൺഗ്രസ് പ്രതിനിധികളായി. വിവിധ കാലയളവുകളില്‍ ഒളിവില്‍ കഴിയേണ്ടിവന്ന 65 പേരും പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളായിരുന്നു. 782 പ്രതിനിധികളും മുഴുവൻസമയ പാർട്ടി പ്രവർത്തകരാണ്. 13 ശതമാനം പേരും 1970നു മുമ്പ് പാർട്ടിയിൽ ചേർന്നവരാണ്. 71നും 90നുമിടയിൽ പാർട്ടിയിൽ എത്തിയവരുടെ നിരക്ക് 50 ശതമാനമാണ്. 2015ന് ശേഷം പാർട്ടിയിൽ എത്തിയവരാണ് നാല് ശതമാനം പേർ. ബഹുജന സംഘടനകളിൽ എഐടിയുസി രംഗത്ത് പ്രവർത്തിക്കുന്നവരാണ് വലിയൊരു വിഭാഗം, 215 പേർ (28 ശതമാനം). കിസാൻ രംഗത്തുനിന്ന് 135 പേരും കര്‍ഷക തൊഴിലാളി രംഗത്തുനിന്ന് 73 പേരും പങ്കെടുത്തു.

ഇതര പാര്‍ട്ടികളില്‍ നിന്ന് സിപിഐയിലെത്തിയ 34 പേരാണ് പ്രതിനിധികളായെത്തിയത്. ഇതില്‍ ഒരാള്‍ ആര്‍എസ്എസ് ആശയം ഉപേക്ഷിച്ച് എത്തിയതാണ്. ദരിദ്ര കര്‍ഷക വിഭാഗത്തില്‍ നിന്നുള്ള 85, തൊഴിലാളിവര്‍ഗത്തില്‍ നിന്ന് 210, ഇടത്തരം കര്‍ഷക വിഭാഗം 85, സമ്പന്നകര്‍ഷകരായ 79, ഇടത്തരക്കാരായ 345, കര്‍ഷകത്തൊഴിലാളികളായ 79 പേര്‍ വീതം വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വിജയവാഡയിലെത്തി.

കോണ്‍ഗ്രസ് പ്രതിനിധികളിലെ 307 പേര്‍ ബിരുദവും 227 പേര്‍ ബിരുദാനന്തര ബിരുദവും നേടിയവരാണ്. ഡോക്ടറേറ്റ് ലഭിച്ച 29, പത്താം തരം വിദ്യാഭ്യാസ യോഗ്യതയുള്ള 135, പ്ലസ് ടു യോഗ്യതയുള്ള 82, ഡിപ്ലോമ യോഗ്യതയുള്ള 15 പേര്‍ വീതം പ്രതിനിധികളായെത്തിയപ്പോള്‍ നിരക്ഷരരായ ഒരാള്‍ പോലും എത്തിയില്ല. ഒരു ഡെപ്യൂട്ടി സ്പീക്കര്‍, നാലു മന്ത്രിമാര്‍, രണ്ടു ലോക്‌സഭാംഗങ്ങള്‍, രണ്ട് രാജ്യസഭാംഗങ്ങള്‍ ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട 236 പേരുണ്ട്.

Eng­lish Sum­ma­ry: CPI 100th anniver­sary cel­e­bra­tion: Mem­ber­ship to be raised to 10 lakhs

You may like this video also

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.