22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 19, 2024
December 19, 2024
December 17, 2024
December 10, 2024
December 10, 2024
December 10, 2024
December 1, 2024
November 30, 2024

പോരാട്ടഭൂമികയില്‍ ഇന്ന് ചെങ്കൊടി ഉയരും

അബ്ദുള്‍ ഗഫൂര്‍
വിജയവാഡ
October 14, 2022 7:00 am

ദേശീയ രാഷ്ട്രീയത്തിന്റെ വഴിത്തിരിവ് നിശ്ചയിക്കുന്ന സിപിഐ 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് ലക്ഷംപേരുടെ റാലിയോടെ ഇന്ന് തുടക്കമാകും. പോരാട്ടത്തിന്റെയും ചരിത്രസംഭവങ്ങളുടെയും രഥചക്രങ്ങള്‍ ഉരുണ്ട വിജയവാഡയുടെ മണ്ണില്‍ നടക്കുന്ന പ്രകടനത്തില്‍ പങ്കെടുക്കുന്നതിന് ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ ഇന്നലെ മുതല്‍ എത്തിത്തുടങ്ങി. വിവിധ പ്രദേശങ്ങളില്‍ നിന്ന് പ്രത്യേക വാഹനങ്ങളിലും കാല്‍നടയായുമാണ് പ്രവര്‍ത്തകര്‍ പ്രവഹിക്കുന്നത്. ഇതിന് പുറമേ ഏഴ് കേന്ദ്രങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെയും വഹിച്ച് പുറപ്പെട്ട പ്രത്യേക തീവണ്ടികള്‍ ഇന്ന് രാവിലെ വിജയവാഡ ജംങ്ഷനിലെത്തിച്ചേരും. ആന്ധ്രയുടെ മണ്ണില്‍ ചെങ്കൊടിയുടെ പ്രസ്ഥാനത്തിന് കരുത്തുറ്റ അടിത്തറയുണ്ടെന്ന് പ്രഖ്യാപിക്കുന്നതായിരിക്കും റാലിയെന്ന് സിപിഐ ആന്ധ്രാപ്രദേശ് സംസ്ഥാന സെക്രട്ടറിയും സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായ കെ രാമകൃഷ്ണ ജനയുഗത്തോട് പറഞ്ഞു.

സംസ്ഥാനത്തെ 26 ജില്ലകളില്‍ നിന്നും തെലങ്കാനയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും പ്രവര്‍ത്തകരെത്തുമെന്ന് അദ്ദേഹം അറിയിച്ചു. ബഹുജന പ്രക്ഷോഭങ്ങളിലൂടെയും ഭൂസമരങ്ങളിലൂടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശപോരാട്ടത്തിന്റെ മുന്നില്‍ നില്‍ക്കുന്ന സിപിഐക്കുള്ള ജനകീയാടിത്തറയുടെ പ്രതിഫലനമായിരിക്കും റാലിയിലെ പങ്കാളിത്തമെന്നും അദ്ദേഹം പറ‌ഞ്ഞു. വൈകീട്ട് മൂന്നിന് ബിആർടിഎസ് റോഡിന്റെ വടക്കേ അറ്റത്തുള്ള മേസാല രാജറാവു പാലം, പഴവിപണി എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം എത്തുന്നതോടെ സി രാജേശ്വര്‍ റാവു നഗറില്‍ (എംബിപി സ്റ്റേഡിയം) പൊതുസമ്മേളനം ആരംഭിക്കും.

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, പാർലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ. കെ നാരായണ, അമർജീത് കൗർ, എക്സിക്യൂട്ടീവ് അംഗം ഛഡ്ഡ വെങ്കട്ട റെഡ്ഡി, തെലങ്കാന സംസ്ഥാന സെക്രട്ടറി കെ സാംബശിവറാവു എന്നിവർ സംസാരിക്കും. ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ അധ്യക്ഷനാകും. തുടര്‍ന്ന് പ്രജന നാട്യമണ്ഡലി കലാകാരന്മാർ അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികൾ അരങ്ങേറും. പ്രശസ്ത ചലച്ചിത്ര ഗായകൻ വന്ദേമാതരം ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് സാംസ്കാരിക പരിപാടികളും വിപ്ലവ ഗാനാലാപനവും നടക്കുന്നത്. നാളെ മുതല്‍ 18 വരെ നാലു ദിവസങ്ങളിലായി ഗുരുദാസ് ദാസ് ഗുപ്ത നഗറി (എസ്എസ് കൺവൻഷൻ സെന്റര്‍) ലാണ് പ്രതിനിധി സമ്മേളനം.

900 പ്രതിനിധികള്‍ 30 വിദേശ പ്രതിനിധികള്‍

പാര്‍ട്ടി കോണ്‍ഗ്രസില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി 900ത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും. സംസ്ഥാന സമ്മേളനങ്ങള്‍ തെരഞ്ഞെടുത്തവരും പ്രത്യേക ക്ഷണിതാക്കളുമുള്‍പ്പെടെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍. ഇതിന് പുറമേ 16 വിദേശ രാജ്യങ്ങളില്‍ നിന്നായി 17 കമ്മ്യൂണിസ്റ്റ്, വര്‍ക്കേഴ്സ് പാര്‍ട്ടി പ്രതിനിധികളും പാര്‍ട്ടി കോണ്‍ഗ്രസിനെത്തുന്നുണ്ട്. ബംഗ്ലാദേശില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബംഗ്ലാദേശ്, വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് ബംഗ്ലാദേശ്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഗ്രീസ്, വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് കൊറിയ, ലാവോസ് പീപ്പിള്‍സ് റവലൂഷണറി പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍, പീപ്പിള്‍സ് പാര്‍ട്ടി ഓഫ് പലസ്തീന്‍, പോര്‍ച്ചുഗീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് റഷ്യന്‍ ഫെഡറേഷന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ശ്രീലങ്ക, ദക്ഷിണാഫ്രിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ്‍ തുര്‍ക്കി, അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, വിയറ്റ്നാമീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവയെ പ്രതിനിധീകരിച്ച് 30 പേര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കും.

Eng­lish Sum­ma­ry: cpi 24 th par­ty con­gress in Vijayawada

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.