വിശാലമായ ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതോടൊപ്പം അതിനായുള്ള ഇടതുപക്ഷ രാഷ്ട്രീയ മുൻകൈ ശക്തിപ്പെടുത്തുന്നതിന് വിപ്ലവ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യവും ഏകീകരണവും അത്യന്താപേക്ഷിതമാണെന്ന് സിപിഐ (എംഎൽ) റെഡ് സ്റ്റാർ ജനറൽ സെക്രട്ടറി കെ എൻ രാമചന്ദ്രൻ. കോഴിക്കോട് എസ് കെ പൊറ്റേക്കാട്ട് സാംസ്കാരിക നിലയത്തിലെ ശിവ്റാം- ശര്‍മ്മിഷ്ഠ നഗറില്‍ നടക്കുന്ന പാർട്ടിയുടെ പന്ത്രണ്ടാം കോൺഗ്രസ്സിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജതിവ്യവസ്ഥയെ തകർക്കുന്നതിനും പരിസ്ഥിതി സൗഹാർദ്ദമായ ബദൽ വികസന പരിപ്രേക്ഷ്യത്തിലും ലിംഗസമത്വത്തിലധിഷ്ഠിതവുമായ ജനാധിപത്യ വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും സോഷ്യലിസത്തിലേക്ക് മുന്നേറുന്നതിനും പ്രാപ്തമായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഈ ഐക്യവും ഏകീകരണവും ആവശ്യമാണ്.
രാജ്യത്തെ അതീവ ഗുരുതരാവസ്ഥയിലെത്തിച്ചിരിക്കുന്ന ആർ എസ് എസ് — ബിജെപി നവഫാസിസ്റ്റ് ഭരണത്തെ തൂത്തെറിയുന്നതിനായി മുഴുവൻ ജനാധിപത്യ ശക്തികളേയും ഫാസിസ്റ്റ് വിരുദ്ധ പാർട്ടികളേയും ഐക്യപ്പെടുത്തേണ്ടതുണ്ട്. ഈ സുപ്രധാന ദൗത്യങ്ങൾ ഏറ്റെടുക്കാനുള്ള പാർട്ടിയുടെ തുടർ പ്രവർത്തനങ്ങൾക്ക് മാർഗ്ഗദിശ നൽകുന്ന രേഖകള്‍ പാർട്ടി കോൺഗ്രസ്സ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാഗത സംഘം ചെയർമാൻ ഡോ. കെ എൻ അജോയ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജർമ്മൻ വിപ്ലവ പാർട്ടിയുടെ (എംഎൽപിഡി) പ്രതിനിധി പീറ്റർ, ബംഗ്ലാദേശ് കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്രക്കമ്മറ്റി അംഗം അൻവർ ഹൊസ്സൈൻ, നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി (മാഷാൾ) നേതാവ് ശാന്ത് ബഹാദൂർ, എംസിപിഐയു ജനറൽ സെക്രട്ടറി അശോക് ഓംകാർ, ആർഎംപിഐ കേന്ദ്രകമ്മറ്റി അംഗം കെ എസ് ഹരിഹരൻ, സിപിഐ (എംഎൽ) ജനശക്തി നേതാവ് നൂർ ശ്രീധർ, സിപിഐ (എംഎൽ) പ്രജാപന്ത നേതാവ് ഗംഗരാവു, സിപിഐ (എംഎൽ) റെഡ് സ്റ്റാർ പിബി അംഗങ്ങളായ ഡോ പി ജെ ജെയിംസ്, തുഹിൻ പാർട്ടിയുടെ സാർവ്വദേശിയ വേദി പ്രതിനിധി സജ്ഞയ് സിംഗ്വി എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു.
പാർട്ടി കോൺഗ്രസ്സിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാതിരുന്ന ഹോളണ്ട്, ശ്രീലങ്ക, തുർക്കി, ഇറാൻ എന്നിവടങ്ങളിൽ നിന്നുള്ള കമ്യൂണിസ്റ്റ് പാർട്ടികളുടെ സന്ദേശങ്ങളും വിപ്ലവ പാർട്ടികളുടെ സാർവ്വദേശീയ വേദിയായ ‘ഐകോർ’ കേന്ദ്ര സമിതിയുടെ സന്ദേശവും സമ്മേളനത്തിൽ വായിച്ചു.
18 സംസ്ഥാനങ്ങളിൽ നിന്നായി സംസ്ഥാന സമ്മേളനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികളും ദേശീയ‑സാർവ്വദേശീയ സഹോദര പാർട്ടി പ്രതിനിധികളും നിരീക്ഷകരുമായി 350 ഓളം പേർ പാർട്ടി കോൺഗ്രസില്‍ പങ്കെടുക്കുന്നു. പുതുക്കിയ പാർട്ടി പരിപാടി, വിപ്ലവ പാത രേഖകൾ, രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ സംഘടന റിപ്പോർട്ട്, ഭരണഘടന ഭേദഗതികൾ എന്നിവ പാർട്ടി കോൺഗ്രസ്സ് ചർച്ച ചെയ്ത് അംഗീകരിക്കും. 29 നു പുതിയ കേന്ദ്രകമ്മറ്റിയുടേയും ജനറൽ സെക്രട്ടറിയുടേയും തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.
English Summary: CPI (ML) Red Star Party Congress: Unity and unification of Communist parties essential
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.