25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 19, 2025
April 6, 2025
April 2, 2025
March 21, 2025
March 16, 2025
February 22, 2025
February 8, 2025
February 6, 2025
February 4, 2025
January 1, 2025

ക്രെഡിറ്റ് സ്യൂസ് ബാങ്കിലെ രഹസ്യനിക്ഷേപ വിവരങ്ങള്‍ ചോര്‍ന്നു

Janayugom Webdesk
ലണ്ടന്‍
February 21, 2022 11:06 pm

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ക്രെഡിറ്റ് സ്യൂസില്‍ നിന്നും രഹസ്യ നിക്ഷേപകരുടെ വിവരങ്ങള്‍ ചോര്‍ന്നു. 47 മാധ്യമസ്ഥാപനങ്ങളുടെ കൂട്ടായ്മയുടെ അന്വേഷണത്തിലൂടെയാണ് സ്വിസ് ബാങ്ക് നിക്ഷേപത്തിന്റെ രഹസ്യരേഖകള്‍ പുറത്തുവന്നിട്ടുള്ളത്. ലോകരാജ്യങ്ങളിലെ വിവിധ ഭരണത്തലവന്മാര്‍ ഉള്‍പ്പെടെ രാഷ്ട്രീയക്കാരുടെയും പീഡനം, മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി, മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇടപാടുകാരുടെയും ഒളിഞ്ഞിരിക്കുന്ന സമ്പത്തുവിവരങ്ങള്‍ ഇതിലൂടെ പുറത്തുവന്നു.

സ്വിറ്റ്സര്‍ലന്‍ഡിലെ ഏറ്റവും അറിയപ്പെടുന്ന ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് ക്രെഡിറ്റ് സ്യൂസ്. പുറത്തുവന്ന രേഖകള്‍ പതിനായിരം കോടിയിലധികം യൂറോയുടെ രഹസ്യനിക്ഷേപത്തിന്റെ വിവരങ്ങള്‍ ‘സ്വിസ് ലീക്ക്സ് ’ വെളിപ്പെടുത്തുന്നു. ലോകമെമ്പാടുമുള്ള 37,000 ഇടപാടുകാരുടെ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ചോര്‍ന്നിട്ടുണ്ട്.

ജോര്‍ദാനിലെ അബ്ദുള്ള രാജാവിന് ആറ് അക്കൗണ്ടുകളില്‍ നിക്ഷേപമുണ്ട്. പത്നി റാനിയക്ക് സ്വന്തം അക്കൗണ്ടിലും രഹസ്യനിക്ഷേപമുണ്ടെന്ന് ബ്രിട്ടീഷ് പത്രം ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ദ്ദിനാള്‍ ഉള്‍പ്പെടെ നിരവധി പ്രതികളുടെ ക്രിമിനല്‍ വിചാരണാകേന്ദ്രമായ ലണ്ടനിലെ വസ്തുവകകളില്‍ നിക്ഷേപം നടത്താന്‍ 350 ദശലക്ഷം യൂറോ ചെലവഴിക്കാന്‍ വത്തിക്കാന്‍ ഉടമസ്ഥതയിലുള്ള ഒരു അക്കൗണ്ട് ഉപയോഗിച്ചതായും സ്വിസ് ലീക്ക്സ് വെളിപ്പെടുത്തുന്നു.

ഫിലിപ്പീന്‍സിലെ ഒരു മനുഷ്യക്കടത്തുകാരന്‍, കൈക്കൂലിക്ക് ജയിലിലായ ഹോങ്കോങ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മേധാവി, ലെബനന്‍ പോപ്പ് താരമായ കാമുകിയെ കൊലപ്പെടുത്താന്‍ ഉത്തരവിട്ട ഒരു കോടീശ്വരന്‍, വെനസ്വേലയിലെ സര്‍ക്കാര്‍ ഓയില്‍ കമ്പനി കൊള്ളയടിച്ച ഉദ്യോഗസ്ഥര്‍, സെര്‍ബിയന്‍ മയക്കുമരുന്ന് സംഘത്തലവന്‍, ഈജിപ്ത് മുതല്‍ ഉക്രെയ്ന്‍ വരെയുള്ള അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ തുടങ്ങിയവരുടെ രഹസ്യനിക്ഷേപ വിവരങ്ങളും ചോര്‍ന്നിട്ടുണ്ട്.

അന്താരാഷ്ട്ര ബാങ്കിങ് നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ക്രിമിനല്‍ കേസ് പ്രതികളുടെ നിക്ഷേപം സ്വീകരിച്ചിട്ടുള്ളതെന്ന് ഫ്രഞ്ച് പത്രമായ ലെ മോണ്ടെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പുറത്തുവന്നവയില്‍ ചില അക്കൗണ്ടുകള്‍ 1940 കളില്‍ ആരംഭിച്ച് 2010 വരെ പ്രവര്‍ത്തിച്ചവയാണ്. 60 ശതമാനത്തോളം അക്കൗണ്ടുകള്‍ 2015 ന് ശേഷം അവസാനിപ്പിച്ചിട്ടുണ്ട്. അതേസമയം അന്വേഷണ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളെക്കുറിച്ച് പ്രതികരിക്കാന്‍ ക്രെഡിറ്റ് സ്യൂസ് തയാറായില്ല. പതിനഞ്ച് ലക്ഷം ഇടപാടുകാരുള്ള ബാങ്കിന് ഒന്നര ലക്ഷം കോടി സ്വിസ് ഫ്രാങ്കിന്റെ ആസ്തിയുണ്ട്.

 

Eng­lish Sum­ma­ry: Cred­it Suisse Bank leaked con­fi­den­tial information

 

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.