23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 20, 2024
December 19, 2024
December 19, 2024
December 15, 2024
December 12, 2024
December 11, 2024
December 9, 2024
December 8, 2024
December 2, 2024

സ്കലോണിയുടെ ഗെയിം പ്ലാനില്‍ ഡാലിച്ച് തന്ത്രം പാളി

സുരേഷ് എടപ്പാള്‍
December 14, 2022 11:30 pm

സൂപ്പര്‍താരവും ടീം ക്യാപ്റ്റനുമായ ലയണല്‍ മെസിയും ടീമിന്റെ മാനേജറും കോച്ചുമായ ലയണല്‍ സെബാസ്റ്റിയന്‍ സ്കലോണിയും ചേര്‍ന്ന് നടപ്പാക്കിയ ഗെയിംപ്ലാനില്‍ ക്രൊയേഷ്യ വീണു, കീഴടങ്ങിയത് ചെറുത്തു നില്‍പ്പിനുപോലും ശേഷിയില്ലാതെ. പൊടുന്നനെ ആക്രമണമഴിച്ചുവിട്ട് എതിരാളികളെ ഞെട്ടിക്കുന്ന ശൈലിയിലായിരുന്നില്ല ഖ­ത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് തലം മുതല്‍ സ്ലാറ്റ്‌കോ ഡാലിച്ച് അവലംബിച്ചത്. പതിയെ എതിരാളികളെ ശരിക്കും മനസിലാക്കി എടുത്തുള്ള നീക്കത്തിലൂടെ കളിയില്‍ ആധിപത്യം ഉറപ്പാക്കുന്ന രീതിയായിരുന്നു അത്. പലപ്പോഴും ഗോള്‍ വഴങ്ങിത്തന്നെയാണ് അവര്‍ തിരിച്ചുകയറുകയും ചെയ്തത്. ഗ്രൂപ്പ് തലത്തില്‍ ബെല്‍ജിയത്തോടും മൊറോക്കൊയോടും നോക്കൗട്ടില്‍ ജപ്പാനോടും ബ്രസീലിനോടും ആ തന്ത്രം വിജയച്ചതോടെ ആത്മവിശ്വാസം ഇരട്ടിച്ചു. അതേ പദ്ധതിയുമായാണ് ഇന്നലെ ലൂസെയ്ല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീനക്കെതിരെയും കളത്തിലെത്തിയത്.

ആദ്യ 20 മിനിറ്റുകളില്‍ അവരുടെ കണക്കുകൂട്ടലുകള്‍ക്കനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോയി. കളിയില്‍ മേധാവിത്വവും ലഭിച്ചു. അര്‍ജന്റീനയാകട്ടെ ക്രൊയേഷ്യന്‍ മുന്നേറ്റത്തെ ചെറുക്കുന്നതിലായിരുന്നു കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. മെസിക്ക് പന്തെത്തിച്ച് എതിരാളികളെ പ്രകോപിതരാക്കുന്നതിനു ശ്രമമുണ്ടായില്ലെന്നു മാത്രമല്ല, ക്രോട്ടു പ്രതിരോധക്കാര്‍ മെസിയെ ശരിക്കും പൂട്ടുകയും ചെയ്തു. ഫലത്തില്‍ ബ്രസീലിനെതിരെ പുറത്തെടുത്ത അതേ രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ പെനാല്‍റ്റി ഗോള്‍. ഗോള്‍ വീണാല്‍ തെല്ലും പതറാതെ തിരിച്ചടിക്കാന്‍ ഒരുക്കങ്ങളാരംഭിക്കുകയും അത് സഫലമാക്കുകയും ചെയ്യുന്നതില്‍ അതിവിദഗ്ധരായ ലൂക്ക സ്‌ക്വാഡ് പക്ഷേ അര്‍ജന്റീനയ്ക്കെതിരെ പതറി. ആറുമിനിറ്റിനുള്ളില്‍ രണ്ടാം ഗോളും വലയില്‍. ആദ്യ പകുതിയില്‍ ലഭിച്ച രണ്ട് ഗോള്‍ ലീഡാണ് യഥാര്‍ത്ഥത്തില്‍ മത്സരത്തെ അര്‍ജന്റീനയുടെ കൈകളിലെത്തിച്ചത്. ഇടവേളസമയത്ത് ലീഡില്‍ തുടരാനുള്ള തുടര്‍ തന്ത്രങ്ങള്‍ ആവര്‍ത്തിപ്പിച്ച് പഠിപ്പിച്ചാണ് സ്കലോണി ശിഷ്യരെ മൈതാനത്തേക്ക് യാത്രയാക്കിയതെന്ന് വ്യക്തമാക്കുന്നതായിരുന്നു പിന്നീടുള്ള കളിയില്‍ പ്രകടമായത്. 

ഗോള്‍ തിരിച്ചടിക്കാന്‍ ശ്രമിക്കുന്നതിനു പകരം മൂന്നാം ഗോള്‍ വലയില്‍ വീഴാതെ നോക്കേണ്ട ബദ്ധപ്പാടിലായി ക്രൊയേഷ്യ­ന്‍ സംഘം. ആ അവസരം മുതലെടുത്തുകൊണ്ടായിരുന്നു മെസിയുടെ മുന്നേറ്റത്തിലൂടെ അല്‍വാരസിന്റെ രണ്ടാംഗോള്‍. പൂട്ട് പൊട്ടിച്ച് സ്വതന്ത്രനായ മെസിയുടെ വിളയാട്ടം തന്നെയായിരുന്നു പിന്നീട് മൈതാനം കണ്ടത്. തുടര്‍ന്ന് മത്സരം കൈവിട്ട അവസ്ഥയിലായ എതിരാളികളുടെ ഗോള്‍മുഖത്ത് അര്‍ജന്റീനക്കാര്‍ നിരന്തരമായി ആക്രമിക്കുന്നതും കാണാമായിരുന്നു. ബ്രസീലിനും ജപ്പാനുമൊക്കെ എതിരായി പരീക്ഷിച്ചു വിജയിച്ച സമനിലക്കുരുക്കിലകപ്പെടുത്തി വിജയിക്കാനുള്ള ക്രൊയേഷ്യന്‍ കോച്ച് ഡാലിക്കിന്റെ പതിവ് തന്ത്രം അ­ങ്ങനെ അര്‍ജന്റീയ്ക്കെതിരെ പാളിയെന്നു മാത്രമല്ല ടീം ദയനീയമായി പരാജയപ്പെടുകയും ചെയ്തു. നെ­തര്‍ലാന്‍ഡുമായുള്ള മത്സരത്തി­ല്‍ നിന്ന് പാഠം പഠിച്ച സ്കലോണി പ്രതിരോധത്തില്‍ കൂടുതല്‍ ജാഗ്രതപുലര്‍ത്തിയപ്പോള്‍ അടുത്ത കാലത്തൊന്നും കാണാത്ത പഴുതടച്ച കാവല്‍ നിരതന്നെ തെക്കേ അമേരിക്കന്‍ ടീമിനായി മൈതാനത്തു കണ്ടു.

എന്തായാലും ക്രൊയേഷ്യ‑അര്‍ജന്റീന മത്സരം കഴിഞ്ഞപ്പോള്‍ അര്‍ജന്റീന വാണവനും ക്രൊയേഷ്യ വീണവനുമായി. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മെസി വാഴുകയും ലൂക്കാ മോഡ്രിച്ച് വീഴുകയുമായി. മെസി എന്ന ലോക ഫുട്ബോളിലെ സൂപ്പര്‍താരത്തിനായി ഒരു ലോകകപ്പ് കിരീടം സ്വപ്നംകണ്ടാണ് അവര്‍ ഖത്തറിലെത്തിയിരുന്നത്. എന്നാല്‍ സൗദി അറേബ്യയോട് ആദ്യ കളിയില്‍ തോറ്റ് തുടങ്ങിയപ്പോള്‍ ആ സ്വപ്നം സ്വപ്നമായി അവശേഷിക്കുമെന്ന് കരുതിയവര്‍ ഏറെയായിരുന്നു. പിന്നീടുള്ള കളികളില്‍ അര്‍ജന്റീന അവരുടെ മികവിലേക്ക് ഉയര്‍ന്നപ്പോള്‍ പിന്നെ കിരീടം സ്വപ്നം കാണാമെന്ന വിശ്വാസവും കൂടിക്കൂടി വന്നു. അവരുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഈ ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരായ സെമിഫൈനല്‍ പോരാട്ടം. 18ന് നടക്കുന്ന ഫൈനലില്‍ അര്‍ജന്റീനയ്ക്ക് ഈ വിജയം നല്‍കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ലെന്നും ഉറപ്പാണ്.

ലോകകപ്പ് സെമിഫൈനലിലെ തോല്‍വിയറിയാതെയുള്ള പതിവ് ആവര്‍ത്തിച്ചാണ് അവര്‍ ആറാം തവണ കലാശപ്പോരിന് യോഗ്യത നേടുന്നത്. സെമിഫൈനലിലെത്തിയ 1930,1978,1986, 1990, 2014, 2022 വര്‍ഷങ്ങളില്‍ അര്‍ജന്റീന ലോകകപ്പിന്റെ ഫൈനലിനും യോഗ്യത നേടി. 1978ലും 1986ലും കിരീടമുയര്‍ത്തിയപ്പോള്‍ ബാക്കി മൂന്ന് തവണയും അര്‍ജന്റീന പരാജയം നുണഞ്ഞു. ഡിസംബര്‍ 18ന് ഇന്ത്യന്‍ സമയം രാത്രി 8.30ന് ആണ് ഫൈനല്‍ മത്സരം. മെസിയുടേയും സംഘത്തിന്റേയും തകര്‍പ്പന്‍ ഫോം 36 വര്‍ഷത്തെ കിരീടവരള്‍ച്ച അവസാനിപ്പിക്കുമെന്ന് അര്‍ജന്റൈന്‍ ജനത മാത്രമല്ല, ലോകമെങ്ങുമുള്ള ആരാധകരും സ്വപ്നം കണ്ടുതുടങ്ങിക്കഴിഞ്ഞു.

Eng­lish Summary:Dalich tricked Scoloni’s game plan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.