17 November 2024, Sunday
KSFE Galaxy Chits Banner 2

വ്യക്തിവിവരങ്ങൾ സംരക്ഷിക്കുമോ വിവര സംരക്ഷണ നിയമം

ടി ഷാഹുല്‍ ഹമീദ്
December 11, 2022 4:45 am

വിവരസാങ്കേതിക മന്ത്രാലയം ഇക്കഴിഞ്ഞ നവംബർ 18ന് പൊതുജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ച ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ ബിൽ (ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ 2022 )സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഡിസംബർ 17 നുള്ളിൽ അഭിപ്രായം രേഖപ്പെടുത്തേണ്ട കരട് ബില്ലിന്റെ വിശദാംശങ്ങൾ സെെറ്റില്‍ ലഭ്യമാണ്. ആധാർ വിവരങ്ങൾ സ്വകാര്യ കമ്പനികൾ ഉപയോഗിക്കുന്നത് ഭരണഘടന വിരുദ്ധമാണ് എന്ന് 2017ൽ സുപ്രീം കോടതി വിധിച്ചത് മുതൽ ജനങ്ങളുടെ വ്യക്തിഗത വിവരങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിന്റെ ദൃഷ്ടാന്തങ്ങൾ ഒന്നിന് പുറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് പുതിയ നിയമം പ്രസക്തമാകുന്നത്. ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോഗം വർഷത്തിൽ എട്ട് ശതമാനം വർധിക്കുന്ന സാഹചര്യത്തിൽ ഇന്റർനെറ്റിലൂടെ പുതിയ മാർക്കറ്റ് രൂപപ്പെടുകയും ഇ‑കൊ
മേഴ്സ് യാഥാർത്ഥ്യമാവുകയും ചെയ്തു. ഇവിടെ വിവിധ ആവശ്യങ്ങൾക്ക് വേണ്ടി നൽകിയ വ്യക്തിപരമായ വിവരങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യാൻ തുടങ്ങി. ഇന്റർനെറ്റ് സ്വകാര്യതാ സൂചിക(ഇന്റർനെറ്റ് പ്രൈവസി ഇൻഡക്സ് 2022)യനുസരിച്ച് 68 ശതമാനം ജനങ്ങളും വ്യക്തിപരമായ വിവരങ്ങൾ യാതൊരു ശ്രദ്ധയുമില്ലാതെയാണ് നൽകുന്നത് എന്ന് ചുണ്ടിക്കാണിച്ച സാഹചര്യത്തിൽ പുതിയ നിയമം പൗരന്മാർ ഗൗരവപൂര്‍വം അറിഞ്ഞിരിക്കേണ്ട ഒന്നായി മാറിയിരിക്കുന്നു.

ലോകത്ത് ഇന്റർനെറ്റ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന(96.5 %)നോർവെയിലാണ് നിലവിൽ ഏറ്റവും ശക്തമായ വിവരസംരക്ഷണ നിയമം ഉള്ളത്. 194 രാജ്യങ്ങളിൽ 137 രാജ്യങ്ങളിലും വ്യക്തിവിവര സംരക്ഷണ നിയമങ്ങളുണ്ട്. ചില രാജ്യങ്ങൾ നിയമമുണ്ടാക്കുന്ന പ്രക്രിയയിലാണ്. എന്നാല്‍ 15 ശതമാനം രാജ്യങ്ങളിൽ ഒരു നിയമവും ഇക്കാര്യത്തിൽ ഇല്ല. ഏഷ്യയിലെ 55 ശതമാനം രാജ്യങ്ങളിൽ മാത്രമേ വിവരസംരക്ഷണ നിയമം ഉള്ളൂ. ആറ് മാസത്തെ സാവകാശം അഭിപ്രായം സ്വരൂപിച്ച് യുഎഇയിൽ 2021ൽ പാസാക്കിയ നിയമം ഇക്കാര്യത്തിൽ വേറിട്ട് നിൽക്കുന്നു. നിർമ്മിതബുദ്ധിയിൽ അധിഷ്ഠിതമായ ഭരണക്രമം ലോകത്ത് വ്യാപിക്കുമ്പോൾ അൽഗൊരിതങ്ങൾ ലോകത്തെ നിയന്ത്രിക്കുകയും, ഭരണകൂടങ്ങളുടെ തീരുമാനങ്ങൾ നിർമ്മിത ബുദ്ധിയിലൂടെ എടുക്കുകയും ചെയ്യുന്ന കാലം വരാനിരിക്കേ വ്യക്തികളുടെ വിവരങ്ങൾക്ക് മൂല്യമേറുകയാണ്. യൂറോപ്യൻ യൂണിയൻ നാലുവർഷം മുമ്പ് നിയമം ഉണ്ടാക്കിയതിനുശേഷമാണ് നമ്മുടെ രാജ്യം ഇക്കാര്യത്തിൽ നിയമം ഉണ്ടാക്കുന്നത്. 2017ൽ സുപ്രീം കോടതി ഒരു കേസിൽ സ്വകാര്യത ഒരു മൗലികാവകാശമായി അംഗീകരിച്ചതിനുശേഷം 2018 ൽ കേന്ദ്രസർക്കാർ ശ്രീകൃഷ്ണ കമ്മിറ്റി രൂപീകരിക്കുകയും 2019 ല്‍ ലോക് സഭയിൽ ഒരു നിയമം അവതരിപ്പിക്കുകയും ചെയ്തു. 2021 ഡിസംബറിൽ പുതിയ നിയമം അവതരിപ്പിച്ചെങ്കിലും പിൻവലിക്കേണ്ടി വന്നതിനെത്തുടര്‍ന്നാണ് പുതിയ നിയമത്തിന് വഴിയൊരുങ്ങിയത്. 2022ലെ ബജറ്റ് പ്രസംഗത്തിലും ഇത്തരത്തിൽ ഒരു നിയമം ഉണ്ടാക്കുമെന്ന് ധനമന്ത്രി സൂചിപ്പിച്ചിരുന്നു.
ബിഗ് ഡാറ്റ ഒരു വിപ്ലവമായി മാറുകയും വ്യവസായ ഭീമന്മാർ വട്ടമിട്ട് പറക്കുകയും ചെയ്യുമ്പോൾ വ്യക്തിഗത വിവരങ്ങൾ വലിയതോതില്‍ പണമായി മാറുന്ന കാലമാണിത്. വിവരങ്ങൾ മൂല്യമുള്ള സമ്പത്തായി പരിണമിക്കുന്ന സമയത്താണ് നിയമം പടിവാതിക്കൽ എത്തിനിൽക്കുന്നത്. വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കുമ്പോൾ മനുഷ്യാവകാശം എന്ന മന്ത്രം രാജ്യങ്ങളുടെ മുമ്പിൽ ഉണ്ടാകണമെന്ന് ഐക്യരാഷ്ട്രസഭ നിർദ്ദേശിച്ചിട്ടുണ്ട്. ഇ‑മെയിൽ, ഫോൺ ചാറ്റുകൾ, പോസ്റ്റര്‍, ലൈക്ക്, കമന്റ്, ചിത്രങ്ങൾ, വീഡിയോ, ഓൺലൈൻ ടാക്സി സേവനം, ഓൺലൈൻ ഭക്ഷണം, സിനിമ‌, പാട്ട് എന്നിങ്ങനെയുള്ള വിവിധ സാമൂഹിക ഇടങ്ങളിൽ കൈമാറുന്ന വിവരങ്ങളാണ് ദുരുപയോഗം ചെയ്യാതെ സംരക്ഷിക്കേണ്ടത്.


ഇതുകൂടി വായിക്കൂ: ജി20 അധ്യക്ഷ പദവി അവകാശങ്ങളും യാഥാർത്ഥ്യങ്ങളും


‌‌അന്താരാഷ്ട്ര നിബന്ധനകളായ നോട്ടീസ്, സമ്മതം (തിരഞ്ഞെടുക്കൽ), പങ്കാളിത്തത്തിനുള്ള വഴി,സുരക്ഷിതത്വം,നിയമനടപടികൾ സ്വീകരിക്കൽ എന്നിവയുടെ ആശയങ്ങൾ ഉൾക്കൊണ്ടാണ് പുതിയ നിയമം രൂപപ്പെടുന്നത്. രാജ്യത്തെ ജനങ്ങൾ ഡിജിറ്റൽ പൗരന്മാരായി തീർന്നതിനാൽ വ്യക്തിവിവരങ്ങൾ സംരക്ഷിക്കേണ്ടത് അനിവാര്യതയായി മാറിയിരിക്കുകയാണ്. പുതിയ നിയമത്തിൽ ഡാറ്റ എന്നാൽ എന്താണെന്ന് നിർവചിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ എല്ലാ നെറ്റ്‍വർക്കിലൂടെയും ശേഖരിക്കുന്ന വിവരങ്ങള്‍ നിയമത്തിന്റെ പരിധിയിൽ വരുമോ എന്നതിൽ നിശ്ചയമില്ല. ഡാറ്റ കൃത്യമായി നൽകാതിരിക്കുകയും തെറ്റായ രീതിയിൽ നൽകുകയും ചെയ്താൽ പതിനായിരം രൂപ പിഴ വിധിക്കും എന്ന് നിയമത്തിലുണ്ട്. ഡാറ്റ കൈവശം വച്ചിരിക്കുന്നവരെ ഡാറ്റാ ഫിഡുഷ്യറി എന്നാണ് വിശേഷിപ്പിക്കുന്നത്. തെറ്റായ രീതിയിൽ ഡാറ്റ ഉപയോഗിച്ചാൽ നിലവിലെ 15 കോടിക്ക് പകരം 500 കോടി രൂപ പിഴ ഈടാക്കുമെന്നത് വലിയ ചുവടുവയ്പാണ്. പക്ഷേ അത് എങ്ങനെ ചുമത്തും എന്നത് റൂൾ ഉണ്ടാക്കിയാൽ മാത്രമേ മനസിലാവുകയുള്ളൂ. വ്യക്തിഗത വിവരങ്ങളുടെ രഹസ്യാത്മകത, വിശ്വാസ്യത എന്നിവയിൽ സർക്കാരിനും ഇളവുണ്ടാവില്ല എന്ന് നിയമത്തിൽ പറയുന്നുണ്ട്. പക്ഷേ ഉചിതമായ നിയന്ത്രണം ഉണ്ടാക്കാം എന്ന നിബന്ധന സർക്കാര്‍ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്.

വ്യക്തിപരമായ ഡാറ്റ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഡാറ്റാ ഫിഡുഷ്യറി, ഡാറ്റ നൽകിയവർക്ക് (ഡാറ്റാ പ്രിൻസിപ്പൽ) വ്യക്തമായ ഭാഷയിൽ നോട്ടീസ് നൽകുകയും അവരിൽ നിന്നും ആവശ്യമായ സമ്മതപത്രം വാങ്ങിക്കുകയും വേണം. ഒരിക്കൽ സമ്മതപത്രം വാങ്ങിയാൽ അത് ഏത് സമയത്തും റദ്ദ് ചെയ്യാൻ ഡാറ്റ നൽകിയവർക്ക് സാധിക്കും. ഡാറ്റ സ്വമേധയാ നൽകിയതായി കണക്കാക്കുന്ന ചില സന്ദർഭങ്ങളുമുണ്ട്. അടിയന്തരമായ ചികിത്സാഘട്ടം, ജോലിയുമായി ബന്ധപ്പെട്ട് പൊതുവിവരങ്ങൾ ശേഖരിക്കുന്ന ഘട്ടം, കടം തിരിച്ചടവ് എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. പുതിയ വിവരസുരക്ഷാ ബിൽ പ്രകാരം 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങാൻ രക്ഷിതാക്കളുടെ സമ്മതം വേണം. ഓൺലൈനായി ശേഖരിക്കുന്ന വ്യക്തിവിവരമാണെങ്കിലും കുട്ടികളിൽ നിന്ന് ശേഖരിച്ച് പിന്നീട് ഡിജിറ്റലായി സൂക്ഷിക്കുന്ന വിവരങ്ങളും നിയമത്തിന്റെ പരിധിയിൽ വരും. നിലവിൽ ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിക്കുവാൻ 13 വയസ് പൂർത്തിയായാൽ മതി. അയയ്ക്കുന്ന സന്ദേശം മറ്റാർക്കും വായിക്കാൻ കഴിയാത്ത ഫോണ്ടിലേക്ക് മാറ്റി സൂക്ഷിക്കുന്ന പ്രവണതയാണ് ഇപ്പോൾ നിലവിലുള്ളത്. അതുകൊണ്ട് ഡാറ്റ പ്രിൻസിപ്പൽ നൽകിയ വിവരങ്ങൾ ബിഗ് ഡാറ്റയിലൂടെ വിശകലനം നടത്തി ബിസിനസ് സംവിധാനത്തിൽ ഉപയോഗിക്കുന്നത് തടയാൻ നിയമം പര്യാപ്തമല്ല.


ഇതുകൂടി വായിക്കൂ: അധിനിവേശത്തിന്റെ ശൈത്യം


സ്മാർട്ട്ഫോൺ, ഇ‑കൊമേഴ്സ്, സോഷ്യൽ മീഡിയ, ഐഒടി (ഇന്റർനെറ്റ് ഓഫ് തിങ്സ്)എന്നിവയിൽ ബന്ധിതമായ ആധുനിക യുഗത്തിലെ വികസന മാറ്റങ്ങളുടെ മുഴുവൻ ചലനങ്ങളും ഒപ്പിയെടുക്കുവാൻ പുതിയ നിയമം കൂടുതൽ കാര്യക്ഷമമാക്കേണ്ടതായിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം അഭിമാനകരമായ ജീവിതം തടസപ്പെടുത്തുന്നതിനുള്ള പലകാര്യങ്ങളും വിവര ചോർച്ചയിൽ കടന്നുവരുന്നതിനാൽ പഴുതടച്ച ഒരു നിയമമാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ഡാറ്റ മോഷണം നടന്നാലും നഷ്ടപ്പെട്ടാലും സെക്ഷൻ 14 പ്രകാരമുള്ള പരിഹാരം, ബോർഡിനെ സമീപിക്കലാണ് എന്ന് പറയുന്നു. എന്നാല്‍ അത് കേന്ദ്രീകൃതമാണോ സംസ്ഥാന‑ജില്ലാതലത്തിൽ ഉണ്ടാകുമോ എന്ന് നിയമം വ്യക്തമാക്കുന്നില്ല. ഡാറ്റ ബോർഡിന്റെ തീരുമാനത്തിനെതിരെ അപ്പീൽ പോകാം എന്ന നിബന്ധന വലിയ നിയമ യുദ്ധത്തിലേക്കാണ് തള്ളിവിടുക. വലിയ കമ്പനികൾ മിടുക്കന്മാരായ വക്കീലന്മാരെ വച്ച് നിയമത്തിൽ നിന്ന് ഊരിപ്പോകാൻ സാധ്യതയുണ്ട്. ഇതിന് പകരം വിദേശരാജ്യങ്ങളിലേതുപോലെ നിർമ്മിത ബുദ്ധിയുടെ അടിസ്ഥാനത്തിൽ തീരുമാനം ഉണ്ടാക്കിയാൽ ഞൊടിയിടയ്ക്കുള്ളിൽ നടപടി ഉണ്ടാകും. സെക്ഷൻ 23 പ്രകാരം കുറ്റങ്ങൾ രാജിയാക്കാൻ മീഡിയേഷനും നിയമം വിഭാവനം ചെയ്യുന്നുണ്ട്. 30 വകുപ്പുകളും ആറ് അധ്യായങ്ങളും ഉള്ള നിയമത്തിൽ പിഴകളുടെ പട്ടികയും പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമം കുറ്റമറ്റ രീതിയിൽ ഉണ്ടാകണമെങ്കിൽ കരട് നിയമത്തിൽ വലിയ രീതിയിൽ ജനങ്ങൾ അഭിപ്രായം രേഖപ്പെടുത്തേണ്ടതായിട്ടുണ്ട്.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.