സംസ്ഥാനത്ത് ഡിസിസി പുനഃസംഘടനാ നടപടികൾ അനിശ്ചിതത്വത്തിൽ. പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും ഇതുവരെയും സമവായത്തിലെത്താൻ കഴിയാത്തതും രമേശ് ചെന്നിത്തലയടക്കമുള്ള പഴയ ഐ ഗ്രൂപ്പിന്റെ പലതരത്തിലുള്ള എതിർപ്പുകളും ലിസ്റ്റിന്റെ മുന്നോട്ടുപോക്കിന് തടസമായി. രണ്ടര മാസം മുമ്പ് കരട് പട്ടിക നൽകിയിട്ടും വിഡി സതീശൻ ഇതുവരെയും മാറ്റങ്ങൾ നിർദേശിച്ചില്ല. ഇക്കാര്യത്തിലും പ്രശ്നങ്ങൾ ഉയർന്നിട്ടുണ്ട്. നേരത്തെ എല്ലാ വിഭാഗങ്ങളെയും ബന്ധപ്പെട്ട് ചർച്ച് ചെയ്ത് കരട് പട്ടിക തയ്യാറിക്കിയിരുന്നെങ്കിലും ഒരുവിഭാഗം എതിർപ്പുമായി രംഗത്തെത്തിയതോടെ പ്രഖ്യാപനം നീളുകയായിരുന്നു. എംപിമാർ പരാതി ഉയർത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കമാൻഡ് നടപടികൾ നിർത്തിവെച്ചത്. കെ സി വേണുഗോപാൽ പക്ഷമാണ് ഈ എതിർപ്പിന് പിന്നിലെന്നാണ് മറ്റ് ഗ്രൂപ്പുകൾ ആരോപിച്ചത്.
കെ സുധാകരനും വിഡി സതീശനും പിന്നീട് ചർച്ചകൾ നടത്തിയെങ്കിലും അന്തിമസമവായത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. പ്രതിപക്ഷ നേതാവ് കരട് പട്ടികയിൽ മാറ്റങ്ങൾ നിർദേശിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. അംഗത്വ വിതരണം 15വരെ നീട്ടി സംഘടനാ തെരഞ്ഞെടുപ്പുമായി നേതൃത്വം മുന്നോട്ട് പോകുമ്പോൾ ഇനി പുനഃസംഘടന വേണോ എന്ന സംശയവും നേതാക്കൾക്കുണ്ട്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് യാതൊരു തർക്കങ്ങളുമില്ലെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്. എന്നാൽ തീരുമാനം നീളുന്നതിന് പിന്നിലെ കാരണമെന്താണെന്നും എന്ന് പ്രഖ്യാപനമുണ്ടാകുമെന്നും പറയാൻ സംസ്ഥാന നേതാക്കൾക്ക് കഴിഞ്ഞിട്ടില്ല. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ തന്നെ പുനഃസംഘടന വേണ്ടെന്ന നിലപാടാണ് എ- ഐ ഗ്രൂപ്പുകൾ നേരത്തെ സ്വീകരിച്ചത്. എന്നാൽ എഐസിസിയുടെ പിന്തുണ ലഭിച്ചതോടെ ഈ എതിർപ്പ് തള്ളി സംസ്ഥാന നേതൃത്വം മുന്നോട്ട് പോവുകയായിരുന്നു. പിന്നീട് എ- ഐ ഗ്രൂപ്പുകളും പുനഃസംഘടനയുമായി സഹകരിച്ചെങ്കിലും നേതൃത്വത്തിൽ തർക്കം ആരംഭിച്ചതോടെ അന്തിമ തീരുമാനം നീളുകയായിരുന്നു. ഇതിനിടയിലാണ് കൂനിന്മേൽ കുരുവെന്ന നിലയിൽ ഐ എൻ ടി യൂ സി കോൺഗ്രസ് തർക്കം എന്ന നിലയിൽ വി ഡി സതീശൻ പുതിയ വിവാദം ഉയർത്തികൊണ്ടുവന്നത് .
ഇതോടെ ഗ്രൂപ്പിനതീതമായി സതീശനെതിരെ പരാതി പ്രവാഹമായി . തൊടുന്നതെല്ലാം മർമ്മത്തിൽ എന്ന നിലയിൽ താൻ പറയുന്ന ഒരു കാര്യവും സംഘടനയിൽ നടക്കുന്നില്ലേയെന്നായതോടെ സുധാകരനും നിരാശയിലാണ് . ഇതെല്ലാം കൈകാര്യം ചെയ്യണ്ട ഹൈക്കമാണ്ടിൽ ആണെങ്കിൽ ആശയകുഴപ്പം ഇപ്പോഴും നിലനിൽക്കുന്നു . നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണക്കാരെ കണ്ടെത്താവാനാ കാതെ നേതൃത്വം വലയുമ്പോൾ കേരള കാര്യത്തിൽ എന്തുവേണമെന്ന് ചോദ്യം ഉയരുന്നുണ്ട് . രാഹുൽ ഗാന്ധിയെ കേരളത്തിൽ മത്സരിപ്പിക്കുന്നതടക്കമുള്ള കാര്യത്തിൽ നിർണായക തീരുമാനം എടുത്ത കെ സി വേണുഗോപാലിനെ പിണക്കാൻ സോണിയഗാന്ധിക്ക് കഴിയില്ല . എന്നാൽ മറ്റ് ഗ്രൂപ്പുകൾ ഒറ്റയടിക്ക് കെ സിയെ ക്രൂശിക്കുമ്പോൾ കണ്ടില്ലെന്ന് നടിക്കാനും കഴിയില്ല . ഈ അവസരം മുതലെടുത്തു ഗ്രൂപ്പുകൊണ്ട് മാത്രം ജീവിച്ചിരുന്ന നേതാക്കളും അവസരം തേടി രംഗത്തെത്തിയതോടെ പുനഃസംഘടനാ നടപടികൾ വെള്ളത്തിലായ അവസ്ഥയാണ് . കെ വി തോമസ്, ശശി തരൂർ എന്നിവർ സുധാകരനെ വട്ടം തട്ടുകയാണ് . സി പിഎം സമ്മേളനത്തിൽ പങ്കെടുക്കണോയെന്നകാര്യത്തിൽ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്ന് ഇരുവരും ആവ ർത്തിക്കുമ്പോൾ കേട്ടില്ലെന്ന് നടിക്കുകയാണ് സുധാകരൻ . ഇതിനിടയിൽ കെ മുരളീധരനും തനിക്കാകാവുന്ന മട്ടിൽ സംസ്ഥാന നേതൃത്വത്തിന് തലവേദന ഉണ്ടാക്കുന്നു .
English Summary:DCC reorganization process in limbo
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.