കഴിഞ്ഞ വര്‍ഷം വധശിക്ഷകളുടെ എണ്ണം ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതായി ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്. ഇറാൻ, ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പിലാക്കിയത്. 2024ൽ ലോകമെമ്പാടും ആകെ 1,518 വധശിക്ഷകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2015ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 2023 നെ അപേക്ഷിച്ച് വധശിക്ഷകളില്‍ 35 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ചൈനയിലും ഉത്തരകൊറിയയിലും വിയറ്റ്നാമിലും വധശിക്ഷയ്ക്ക് വിധേയരായവരുടെ എണ്ണം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തുടർച്ചയായ രണ്ടാം വർഷവും പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കുന്ന രാജ്യങ്ങളുടെ എണ്ണം 15ലെത്തിയതായി ആംനസ്റ്റി ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം നടന്ന വധശിക്ഷകളുടെ 91 ശതമാനവും ഇറാന്‍, ഇറാഖ്, സൗദി എന്നീ രാജ്യങ്ങളിലായിരുന്നു. ഇത് ആഗോളതലത്തില്‍ വധശിക്ഷകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കി. വധശിക്ഷകളുടെ 64 ശതമാനം ഇറാനിലാണ് നടന്നത്. ഏകദേശം 972 പേരുടെ ശിക്ഷ നടപ്പിലാക്കി. ശിരഛേദം പ്രയോഗിക്കുന്ന സൗദി അറേബ്യയില്‍ വധശിക്ഷകളുടെ എണ്ണം 172ല്‍ നിന്ന് 345 ആയി ഉയര്‍ന്നു. അതേസമയം, ഇറാഖില്‍ 16ല്‍ നിന്ന് 63 ആയി വര്‍ധിച്ചു. പ്രതിഷേധക്കാർക്കും വംശീയ വിഭാഗങ്ങൾക്കുമെതിരെ വധശിക്ഷയെ ആയുധമാക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മഹ്സ അമിനിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെ ശിക്ഷിക്കാന്‍ വധശിക്ഷകളാണ് പ്രധാന ആയുധമായി ഇറാന്‍ പ്രയോഗിക്കുന്നത്. രാഷ്ട്രീയ വിയോജിപ്പുകളെ നിശബ്ദമാക്കുന്നതിനും ന്യൂനപക്ഷമായ ഷിയാ വിഭാഗത്തിലുള്‍പ്പെട്ടവര്‍ക്കുമെതിരെ സൗദി അറേബ്യയും വധശിക്ഷ ഉപയോഗിക്കുന്നു.
2023ൽ ഒരാളുടെ വധശിക്ഷ നടപ്പിലാക്കിയ സ്ഥാനത്ത്, കഴിഞ്ഞ വർഷം അമേരിക്കയിൽ 25 പേർക്ക് വധശിക്ഷ നടപ്പാക്കിയതായും ആംനസ്റ്റി ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ വധശിക്ഷകളിൽ 40 ശതമാനത്തിലധികവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണ്. മയക്കുമരുന്ന് കേസുകളില്‍ ചൈന, ഇറാൻ, സൗദി അറേബ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കുന്നത്. മയക്കുമരുന്ന് കേസുകളെ ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഒന്നായി കണക്കാക്കരുതെന്നതിനാൽ മാനുഷിക നിയമം ഇത്തരം വധശിക്ഷകൾ നിയമവിരുദ്ധമായാണ് പരിഗണിക്കുന്നത്. മാലിദ്വീപ്, നൈജീരിയ, ടോംഗ എന്നീ രാജ്യങ്ങൾ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ആംനസ്റ്റി മുന്നറിയിപ്പ് നല്‍കി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും ബുർക്കിന ഫാസോയും സാധാരണ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ തിരികെ കൊണ്ടുവരാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം, 145 രാജ്യങ്ങൾ വധശിക്ഷ നിയമവിരുദ്ധമാക്കുകയോ അല്ലെങ്കിൽ അത് ഉപയോഗിക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടെന്നും ആനംസ്റ്റി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.