26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 2, 2024
November 28, 2024
November 15, 2024
October 29, 2024
October 26, 2024
October 25, 2024
October 25, 2024
October 22, 2024
October 16, 2024
October 12, 2024

പതിറ്റാണ്ടുകള്‍ നീണ്ട ഭൂപ്രശ്‌നത്തിന് പരിഹാരമായി: റവന്യൂ മന്ത്രിയുടെ ഇടപെടലില്‍ ചിറ്റാറിലെ ആയിരത്തിലധികം കുടുംബങ്ങള്‍ ഭൂമിക്ക് അവകാശികളാകും

Janayugom Webdesk
ചിറ്റാര്‍
February 14, 2022 6:09 pm

ചിറ്റാര്‍ പഞ്ചായത്തില്‍ എസ്റ്റേറ്റ് ഭൂമി വാങ്ങി താമസക്കാരായ ആയിരത്തിലധികം കുടുംബങ്ങളുടെ ഭൂപ്രശ്‌നത്തിന് പരിഹാരമായതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. പതിറ്റാണ്ടുകളായി നിലനിന്ന പോക്കുവരവ്, കരമടയ്ക്കല്‍, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കല്‍ എന്നീ പ്രശ്‌നങ്ങള്‍ക്കാണ് റവന്യൂ മന്ത്രിയുടെ ഇടപെടലിലൂടെ പരിഹാരമായത്.

സ്വന്തം ഭൂമിക്ക് കരം അടക്കാന്‍ സാധിക്കാതെ ആയിരത്തിലധികം കുടുംബങ്ങള്‍ ദുരിതത്തിലായിരുന്നു. 1963ലെ ഭൂപരിഷ്‌കരണ നിയമ പ്രകാരം എസ്റ്റേറ്റ് ഭൂമി വിലയ്ക്ക് വാങ്ങിയാല്‍ പോക്കുവരവ് ചെയ്ത് കരം തീര്‍ത്ത് നല്കുവാന്‍ കഴിയില്ല എന്ന നിയമപ്രശ്‌നമാണ് ഭൂമി വാങ്ങിയ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് പ്രതിസന്ധിയായി മാറിയത്. അനുകൂല കോടതി വിധിയിലൂടെ ചിലയാളുകള്‍ പോക്കുവരവ് ചെയ്യിച്ചു എങ്കിലും ബഹുഭൂരിപക്ഷവും നിയമത്തിന്റെ നൂലാമാലയില്‍ പെട്ട് വില കൊടുത്ത് വാങ്ങിയ ഭൂമിയുടെ അവകാശികളല്ലാതെ തുടരുകയായിരുന്നു.

റവന്യൂ മന്ത്രി കെ.രാജന്‍ എംഎല്‍എമാര്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ ആരംഭിച്ച മിഷന്‍ ആന്റ് വിഷന്‍ ഡാഷ് ബോര്‍ഡ് പദ്ധതിയില്‍ ചിറ്റാറിലെ ഭൂപ്രശ്‌നം പരാതിയായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ എത്തിച്ചതോടെയാണ് പ്രശ്‌ന പരിഹാരത്തിന് വഴിതെളിഞ്ഞത്. പരാതിയെ തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കുന്നതിന് തുടര്‍ച്ചയായ ഇടപെടല്‍ മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായി.

വിഷയത്തിന്റെ ഗൗരവം മനസിലാക്കി പ്രശ്‌ന പരിഹാരത്തിനായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്.അയ്യരും സജീവമായി ഇടപെട്ടു. ചിറ്റാറിലെ 1016 ഏക്കര്‍ എസ്റ്റേറ്റ് ഭൂമി തിരുവിതാംകൂര്‍ ദിവാനായിരുന്ന പി.രാജഗോപാലന്‍ ആചാരി ബ്രട്ടീഷ് കമ്പനിയായ റാണി എസ്റ്റേറ്റിന് തീറാധാരം നടത്തി നല്കുകയായിരുന്നു. തുടര്‍ന്ന് 1946ല്‍ കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ആധാരം രജിസ്റ്റര്‍ ചെയ്ത് എവിടി കമ്പനി എസ്റ്റേറ്റ് വിലയ്ക്ക് വാങ്ങി. 1993 ല്‍ കൊല്ലം സ്വദേശിയും, 2005 ല്‍ വി.കെ.എല്‍ ഗ്രൂപ്പും എസ്റ്റേറ്റ് ഭൂമി എ.വി.ടി കമ്പനിയില്‍ നിന്നും പകുത്തു വാങ്ങി. പിന്നീട് ഇവരില്‍ നിന്നാണ് ആയിരത്തിലധികം കുടുംബങ്ങളിലേക്ക് ഈ ഭൂമി എത്തുന്നത്.

കേരള ഭൂപരിഷ്‌കരണ നിയമം 1963 നെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ഭൂമി മുറിച്ചു വില്‍ക്കുന്നത് തടയാനായി പോക്കുവരവും ആവശ്യമെങ്കില്‍ രജിസ്‌ട്രേഷനും നിര്‍ത്തിവയ്ക്കുവാനും ലാന്‍ഡ് ബോര്‍ഡ് ഉത്തരവായിരുന്നു. ഭൂമിയുടെ ഉടമകള്‍ ഹൈക്കോടതിയെ സിംഗിള്‍ ബഞ്ചിനെ സമീപിച്ച് ചില അനുകൂല വിധികള്‍ സമ്പാദിച്ചിരുന്നു എങ്കിലും ഇത്തരത്തില്‍ ഭൂമി കൈമാറ്റം ചെയ്യുന്നത് വസ്തുവിന്റെ തരം മാറ്റം ആകുമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു. കക്ഷികളുടെ അപേക്ഷയിന്മേല്‍ ഭൂമി പോക്കുവരവ് ചെയ്ത് നല്‍കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ കോടതി ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ പോകുവാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കോന്നി ഭൂരേഖാ തഹസീല്‍ദാരെ ചുമതലപ്പെടുത്തിയിരുന്നു. വകുപ്പ് 81 പ്രകാരം ഇളവ് ലഭിച്ച ഭൂമി തരം മാറ്റി മുറിച്ചു വില്‍പ്പന നടത്തുന്ന ഉടമസ്ഥന് എതിരെ കേസെടുക്കുവാന്‍ സ്റ്റേറ്റ് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയും നിര്‍ദേശിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന് കോന്നി ഉപതെരഞ്ഞെടുപ്പിനു ശേഷം എംഎല്‍എയുടെ നേതൃത്വത്തില്‍ പരിശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് പൊതുതെരഞ്ഞെടുപ്പിനു ശേഷം റവന്യൂ മന്ത്രിയുടെ ഡാഷ് ബോര്‍ഡ് പദ്ധതിയിലേക്ക് എംഎല്‍എ സമര്‍പ്പിച്ച കോന്നി നിയോജക മണ്ഡലത്തില്‍ അടിയന്തിര പരിഹാരം കാണേണ്ട അഞ്ച് പ്രധാന പ്രശ്‌നങ്ങളില്‍ ചിറ്റാറിലെ ഭൂപ്രശ്‌നത്തിന് പ്രഥമ പരിഗണന നല്കി. തുടര്‍ന്നാണ് സ്റ്റേറ്റ്‌ലാന്റ് ബോര്‍ഡിന്റെ 2021 ഒക്ടോബര്‍ 23 ലെ സര്‍ക്കുലര്‍ അടിസ്ഥാനത്തില്‍ പ്രശ്‌ന പരിഹാരത്തിന് മന്ത്രി നിര്‍ദേശം നല്കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ള ഭൂമികളുടെ പോക്കുവരവ്, കരംഅടവ്, കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ എന്നിവ നിഷേധിക്കരുതെന്ന് കാട്ടി വില്ലേജ് ഓഫീസര്‍ക്ക് റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ ചിറ്റാര്‍ എസ്റ്റേറ്റ് ഭൂമിയിലെ ആയിരത്തോളം കുടുംബങ്ങള്‍ക്ക് കരം അടയ്ക്കാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്. നിലവിലുള്ള മുഴുവന്‍ അപേക്ഷകര്‍ക്കും ഭൂമി പേരില്‍ കൂട്ടി കരം തീര്‍ത്ത് ഉടന്‍ ലഭ്യമാകുമെന്നും എംഎല്‍എ പറഞ്ഞു.

 

Eng­lish Sum­ma­ry: Decades-long land dis­pute resolved: Thou­sands of fam­i­lies in Chit­tor will inher­it land with the inter­ven­tion of the Rev­enue Minister

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.