ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും ആഴക്കടൽ ഖനനത്തിലൂടെ നടന്നടുക്കുന്നത് വന്‍ ദുരന്തത്തിലേക്കായിരിക്കുമെന്ന് വിദഗ്ധര്‍. സമുദ്രത്തിലെ ജൈവവൈവിധ്യത്തെ ദോഷകരമായി ബാധിക്കുന്ന കടല്‍മണല്‍ ഖനനത്തിലൂടെ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഏറെ വലുതായിരിക്കുമെന്നാണ് മുന്നറിയിപ്പ്. കടലിന്റെ അടിത്തട്ടിൽ നിന്ന് കോബാൾട്ട്, ചെമ്പ്, സ്വർണം, ഈയം, മാംഗനീസ്, നിക്കൽ, വെള്ളി, സിങ്ക്, മറ്റ് അപൂർവ ലോഹങ്ങൾ എന്നിവ വേർതിരിച്ചെടുക്കുന്നതാണ് ആഴക്കടൽ ഖനനം. ഈ ലോഹങ്ങൾ ഇലക്ട്രിക് വാഹനങ്ങൾ, സ്മാർട്ട് ഫോണുകൾ, ലാപ‌്ടോപ്പുകൾ എന്നിവയ്ക്കായി ബാറ്ററികൾ നിർമ്മിക്കാന്‍ ഉപയോഗിക്കുന്നു.
പല രാജ്യങ്ങളും തങ്ങളുടെ പരിധിയിലുള്ള ആഴക്കടലിൽ നിന്ന് ധാതുക്കളും ലോഹങ്ങളും വേർതിരിച്ചെടുക്കുന്നതിനുള്ള അനുമതി ഇന്റര്‍നാഷണല്‍ സീബെഡ് അതോറിട്ടി (ഐഎസ്എ)യില്‍ നിന്നും ലഭ്യമാക്കുന്നതിനായി ശ്രമം നടത്തിവരുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തിലുള്ള ആഴക്കടൽ ഖനനത്തിന് അനുമതി നല്‍കിയ നോർവേ അടക്കമുള്ള രാജ്യങ്ങള്‍ പിന്നീട് പാരിസ്ഥിതിക പ്രശ്നങ്ങളുടെ പേരില്‍ പിന്മാറി. അതേസമയം കോപ്പർ, നിക്കൽ, കോബാൾട്ട് തുടങ്ങിയ ധാതുക്കളുടെ കരയിലെ നിക്ഷേപം കുറഞ്ഞുവരികയാണെന്നും ഹരിത സാങ്കേതികവിദ്യകളുടെ ആവശ്യം നിറവേറ്റണമെങ്കിൽ ഈ ധാതുക്കൾ ആവശ്യമാണെന്നും കടല്‍ മണല്‍ ഖനനത്തെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു.
ആഴക്കടല്‍ ഖനനം നിലവിൽ ഒരു പര്യവേക്ഷണ ഘട്ടത്തിലാണ്. ഇതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഇതുവരെ പൂര്‍ണമായി പഠനവിധേയമാക്കപ്പെട്ടിട്ടില്ല. വന്‍ ജെെവവൈവിധ്യ നഷ്ടമായിരിക്കും സൃഷ്ടിക്കപ്പെടുക എന്ന് ചൂണ്ടിക്കാട്ടുന്ന വിദഗ്ധരുണ്ട്. സമുദ്ര ആവാസവ്യവസ്ഥയെയും മത്സ്യസമ്പത്തിനെയും സാരമായി ബാധിക്കും. ആഴക്കടലിലെ ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥയുടെയും ജീവശാസ്ത്രം, പരിസ്ഥിതിശാസ്ത്രം, പരസ്പര ബന്ധം എന്നിവയെക്കുറിച്ചുമുള്ള പൂര്‍ണമായ ശാസ്ത്രീയ വിവരങ്ങൾ ഇനിയും ലഭ്യമല്ല. ഈ വിവരങ്ങളില്ലാതെ ഖനന പ്രവർത്തനത്തിന്റെ അപകടസാധ്യതയെക്കുറിച്ച് മനസിലാക്കാൻ കഴിയില്ലെന്നും പരിസ്ഥിതി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മോഡി സര്‍ക്കാരിന്റെ ബ്ലൂ ഇക്കോണമി നയത്തിന്റെ ഭാഗമായി കേരളത്തില്‍ കടല്‍ മണല്‍ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ വന്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. ഗുജറാത്തിലെ പോർബന്തറിൽ മൂന്ന് ബ്ലോക്കുകളിൽ നിന്ന് ചുണ്ണാമ്പും ചെളിയും കേരളത്തിൽ കൊല്ലത്തെ മൂന്ന് ബ്ലോക്കുകളിൽ നിന്ന് കടൽമണലും, ആന്‍ഡമാനിലെ ഏഴ് ബ്ലോക്കുകളിൽ നിന്നും പോളിമെറ്റാലിക് നൊഡ്യൂൾസ് എന്നറിയപ്പെടുന്ന ധാതു വിഭവങ്ങളും, കൊബാൾട്ടും ഖനനം ചെയ്തെടുക്കാനാണ് കേന്ദ്ര പദ്ധതി.
ജിഎസ്ഐ കേരള തീരത്ത് നടത്തിയ പഠനത്തില്‍ പൊന്നാനി, ചാവക്കാട്, ആലപ്പുഴ, കൊല്ലം തെക്ക്, കൊല്ലം വടക്ക് എന്നീ അഞ്ച് സെക്ടറുകളിലായി 745 ദശലക്ഷം ടണ്‍ വെള്ള മണൽ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തൽ. ഇതിൽ കൊല്ലം സെക്ടറിലാണ് ഇപ്പോൾ ഖനനം നടത്തുക. വർക്കല മുതൽ അമ്പലപ്പുഴ വരെ 85 കിലോമീറ്റര്‍ നീളത്തിലും 3,300 ചതുരശ്ര കിലോ മീറ്റർ വിസ്തൃതിയിലും പരന്നുകിടക്കുന്ന കൊല്ലം പരപ്പ് എന്ന ക്വയിലോൺ ബാങ്കിൽ നിന്നാണ് ഖനനം. ഇന്റര്‍നാഷണല്‍ സീബെഡ് അതോറിട്ടി (ഐഎസ്എ) അനുമതി ഇല്ലാതെയാണ് ഖനനത്തിന് ടെണ്ടര്‍ നല്‍കിയിരിക്കുന്നത്. ധാതു മണല്‍ ഖനനം ഉപജീവന മാർഗം ഇല്ലാതാക്കുമെന്നും കടലിന്റെ മരണമണിയായി മാറുമെന്നും മത്സ്യത്തൊഴിലാളി സംഘടനകള്‍ ആശങ്ക ഉയര്‍ത്തുന്നു.
സമുദ്രത്തിന്റെയും തീരദേശ ആവാസവ്യവസ്ഥയുടെയും ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം സാമ്പത്തിക വളർച്ചയ്ക്കും മെച്ചപ്പെട്ട ഉപജീവനമാർഗങ്ങൾക്കും തൊഴിലവസരങ്ങൾക്കും വഴിയൊരുക്കുന്ന സമുദ്രവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗമായി ബ്ലൂ ഇക്കണോമി എന്ന പദം നിര്‍വചിക്കപ്പെടുന്നു. അതേസമയം ആഴക്കടൽ കൊള്ളയടിക്കുന്നതിന് കോർപറേറ്റുകൾക്ക് അവസരമൊരുക്കുന്നതായി മോഡിയുടെ ബ്ലൂ ഇക്കണോമി നയം മാറി. ഖനനത്തിന്റെ പൊതു അവകാശം പൊതുമേഖലയ്ക്കായിരിക്കണമെന്ന 2002ലെ ഖനന നിയമം 2023ൽ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. തീരദേശത്തുള്ള കരിമണൽ ഖനനത്തിന് സംസ്ഥാന സർക്കാരിനും പൊതുമേഖലയ്ക്കുമുള്ള അവകാശവും കേന്ദ്രം നിയമഭേദഗതി വഴി ഇല്ലാതാക്കിയിട്ടുണ്ട്. ഖനനത്തിനും സംസ്കരണത്തിനും വിപണനത്തിനും സ്വകാര്യ മേഖലയ്ക്കുകൂടി അവകാശം ഉറപ്പിച്ചുകൊണ്ട് മൂന്ന് നിയമങ്ങളും കേന്ദ്രസർക്കാർ കൊണ്ടുവന്നിരുന്നു.
തിരുവനന്തപുരം: കടൽ മണൽ ഖനനം നടത്തുന്നതിന് കേന്ദ്ര മൈനിങ് മന്ത്രാലയം പുറപ്പെടുവിച്ച ടെൻഡർ നടപടികൾ പിൻവലിക്കണമെന്ന് എഐടിയുസി ദേശീയ ജനറൽ സെക്രട്ടറി അമർജിത് കൗർ ആവശ്യപ്പെട്ടു. ഇന്ത്യയുടെ സമ്പദ്ഘടനയിലും തൊഴിൽ രംഗത്തും ഭക്ഷ്യ സുരക്ഷയിലും സുപ്രധാന പങ്കുവഹിക്കുന്ന തൊഴിൽ മേഖലയാണ് മത്സ്യ മേഖല.
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ബ്ലൂ ഇക്കോണമി നയത്തിന്റെ ഭാഗമായി കടലിൽ നിന്ന് മണൽ ഖനനം നടത്തുന്നതിനായി സ്വകാര്യ കമ്പനികളെ അനുവദിച്ചാൽ കടലിന്റെ ആവാസവ്യവസ്ഥ തകരുകയും തീരശോഷണം സംഭവിക്കുകയും ലക്ഷക്കണക്കിന് മത്സ്യത്തതൊഴിലാളികളുടെ ഉപജീവന മാർഗം ഇല്ലാതാകുകയും ചെയ്യും.
കോർപറേറ്റ് കമ്പനികളെ സഹായിക്കുന്നതിനുവേണ്ടി പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗം ഇല്ലാതാക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണമെന്നും കേരളത്തിലെ മത്സ്യത്തൊഴിലാളി കോഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത തീരദേശ ഹർത്താലിനും പാർലമെന്റ് മാർച്ചിനും ഗോവയിൽ ചേർന്ന എഐടിയുസി ദേശീയ വർക്കിങ് കമ്മിറ്റി യോഗം പിന്തുണ പ്രഖ്യാപിച്ചതായും അമർജിത് കൗർ അറിയിച്ചു.
തൃശൂര്‍: കടലിന്റെ ആവാസ വ്യവസ്ഥയെ തകർക്കുന്നതും മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗം ഇല്ലാതാകുന്നതുമായ കടൽ മണൽ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി കോ-ഓര്‍ഡിനേഷൻ കമ്മിറ്റി 27ന് നടത്തുന്ന തീരദേശ ഹർത്താൽ വിജയിപ്പിക്കണമെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ തൊഴിലാളികളോട് അഭ്യർത്ഥിച്ചു.
ബ്ലൂ ഇക്കോണമി നയത്തിന്റെ ഭാഗമായി കടലിൽ നിന്ന് മണൽ ഖനനം നടത്തുന്നതിന് സ്വകാര്യ കമ്പനികളെ അനുവദിക്കുന്നതിനാണ് കേന്ദ്ര മൈനിങ് മന്ത്രാലയം ടെൻഡർ വിളിച്ചിരിക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയിൽ കേരളം, ഗുജറാത്ത്, നിക്കോബാർ എന്നിവിടങ്ങളാണ് ടെൻഡർ ചെയ്തിരിക്കുന്നത്. കേരളത്തിന്റെ സമ്പദ്ഘടനയിലും തൊഴിൽ രംഗത്തും ഭക്ഷ്യ സുരക്ഷയിലും സുപ്രധാന പങ്കുവഹിക്കുന്ന തൊഴിൽ മേഖലയാണ് മത്സ്യമേഖല. കടൽ ഖനനം അനുവദിച്ചാൽ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ തൊഴിലും ഉപജീവന മാർഗവും ഇല്ലാതാകും. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ നിലനിൽപ്പിനായി നടത്തുന്ന പോരാട്ടത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് കെ പി രാജേന്ദ്രൻ അറിയിച്ചു.
കടൽ ഖനനത്തെക്കുറിച്ച് കേന്ദ്ര സർക്കാർ ഒരു വിധത്തിലുളള പഠനങ്ങളും നടത്തിയിട്ടില്ല. ശാസ്‌ത്രീയ പഠനമില്ലാതെ ഇത്തരത്തിലുളള ബൃഹത്തായ ഒരു പദ്ധതി നടപ്പാക്കുന്നത് കടലിന് മാത്രമല്ല രാജ്യത്തിന്റെയാകെ സമ്പദ് വ്യവസ്ഥയ്ക്കും നിലനിൽപ്പിനും എതിരായ നടപടിയാണ്.
കടലിന്റെ നിലനിൽപ്പ് മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും എന്ന പോലെ കടലിനെ ആശ്രയിച്ച് കഴിയുന്ന ബോട്ട് വ്യവസായത്തിനും പ്രധാനമാണ്. 27 ന് നടക്കുന്ന തീരദേശ ഹർത്താലിൽ കാസർഗോഡ് മുതൽ കൊല്ലം വരെയുളള ചെറുതും വലുതുമായ 26 ഫിഷിങ് ഹാർബറുകളും നിശ്ചലമാകും. അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്‌തിട്ടുളള നാലായിരത്തോളം ഫിഷിങ് ബോട്ടുകൾ അന്ന് മത്സ്യബന്ധനം ഉപേക്ഷിച്ച് ഹർത്താലിൽ അണിനിരക്കും. കടലിന്റെ അടിത്തട്ടിൽ രണ്ട് മീറ്ററോളം ആഴത്തിലാണ് മത്സ്യങ്ങളടക്കം പല കടൽജീവികളുടെയും പ്രജനനകേന്ദ്രം.
അശാസ്ത്രീയമായ കടൽ ഖനനം കടലിലെ ജൈവവ്യവസ്ഥയ്ക്ക് ഹാനികരമായതിനാൽ ശാസ്ത്രീയപഠനം അനിവാര്യമാണ്.
ജോസഫ് സേവ്യർ കളപ്പുരയ്‌ക്കൽ
ജന. സെക്രട്ടറി, ഓൾ കേരള ഫിഷിങ് ബോട്ട്
ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ
ബ്ലൂ ഇക്കണോമി എന്ന പേരിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്നത് യഥാർത്ഥത്തിൽ ബ്ലാക്ക് ഇക്കണോമിയാണ്. വരും തലമുറകളുടെയും മാനവരാശിയുടെയും നിലനിൽപ്പിന് വലിയ ഭീഷണിയാണ് മോഡി സർക്കാർ കൊണ്ടു വരുന്ന ഈ നയം.
കടൽ ഖനനം സ്വകാര്യ കോർപ്പറേറ്റുകൾക്ക് വലിയ ലാഭത്തിന് വഴിയൊരുക്കുന്നതാണെങ്കിലും കടലിലെ ആവാസവ്യവസ്ഥയ്ക്കും തീരദേശത്തെ ജനതയ്ക്കും ഇതു വലിയ ആപത്താണ്. ഈ വസ്തുത തിരിച്ചറിഞ്ഞ് ലോകത്തിലെ വികസിതരാജ്യങ്ങൾ പലതും കടൽ ഖനനപദ്ധതിയിൽ നിന്നും പിന്നോക്കം പോയി കൊണ്ടിരിക്കുകയാണ്.
യുഎൻ അംഗ രാജങ്ങളെല്ലാം ഇതിനെതിരാണ്. കടൽ ഖനനത്തിന് എതിരായ പ്രമേയത്തിൽ ഒപ്പിട്ട ശേഷമാണ് ഇന്ത്യ ഏകപക്ഷീയമായി ഖനനാനുമതി നൽകിയിരിക്കുന്നത്. ഇത് യുഎൻ അന്തഃസത്തയ്‌ക്ക് വിരുദ്ധമാണ്. അടിയന്തരമായി ഈ നയം പിൻവലിക്കേണ്ടതാണ്. കടൽ ഖനനത്തിന് അനുമതി നൽകിയ കേന്ദ്രസർക്കാരിനുളള താക്കീതായിരിക്കും ഈ മാസം 27ന് നടത്തുന്ന തീരദേശ ഹർത്താൽ.
ടി എൻ പ്രതാപൻ
മത്സ്യത്തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.