18 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 17, 2024
October 17, 2024
October 17, 2024
October 17, 2024
October 16, 2024
October 16, 2024
October 14, 2024
October 14, 2024
October 14, 2024
October 13, 2024

കൂറുമാറ്റവും കേന്ദ്ര ഏജൻസികളും ബിജെപിയുടെ പിന്‍ബലം

അമിത് ഷിയോകാന്ത്
July 13, 2023 4:39 am

മഹാരാഷ്ട്രയിലെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എംഎൽഎമാരുടെ കൂറുമാറ്റം, കേന്ദ്രത്തിലെ ബിജെപി ഭരണത്തിൻ കീഴിലുള്ള ആശങ്കാജനകമായ പ്രവണതയുടെ ഏറ്റവും പുതിയ രാഷ്ട്രീയ അട്ടിമറിയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ബിജെപി മഹാരാഷ്ട്രയിൽ കൂറുമാറ്റം നടത്തുന്നത്. കഴിഞ്ഞ വർഷം ജൂണിൽ, 56 ശിവസേന എംഎൽഎമാരിൽ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള 40 പേര്‍ പാർട്ടി വിട്ടു. അതുവഴി മഹാരാഷ്ട്ര വികാസ് അഘാഡി (എംവിഎ) സർക്കാരിനെ താഴെയിറക്കി. ബിജെപിയുമായി സഖ്യമുണ്ടാക്കി ഷിൻഡെ മുഖ്യമന്ത്രിയായി. പുതിയ കൂറുമാറ്റത്തില്‍ അജിത് പവാറും എന്‍സിപിയിലെ എട്ട് എംഎൽഎമാരും സംസ്ഥാന മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.


ഇത് കൂടി വായിക്കൂ :കോൺഗ്രസ് പതനത്തിന്റെ പാതാളത്തിലേക്ക്


രാജ്യം സ്വാതന്ത്ര്യം നേടിയ കാലം മുതൽ ഇന്ത്യയിൽ രാഷ്ട്രീയ കൂറുമാറ്റങ്ങൾ സാധാരണമാണ്. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി, ജന കോൺഗ്രസ് പോലുള്ള പാർട്ടികൾ നേരത്തേ കൂറുമാറ്റങ്ങളുടെ കേന്ദ്രമായിരുന്നു. 1960കളിൽ, പ്രത്യേകിച്ച് 1967ൽ കോൺഗ്രസിന് പല സംസ്ഥാനങ്ങളിലും അധികാരം നഷ്ടപ്പെട്ടപ്പോൾ ഇത് കൂടുതൽ വഷളായി. ‘ആയാ റാം ഗയാ റാം’ എന്ന പ്രയോഗം വരുന്നത് രാഷ്ട്രീയ കൂറുമാറ്റങ്ങളുടെ ആദ്യകാല കേന്ദ്രമായ ഹരിയാനയിൽ നിന്നാണ്. ഗയാ ലാൽ എന്ന എംഎല്‍എ ഒരു വർഷത്തിനുള്ളിൽ നിരവധി സർക്കാരുകളെ താഴെയിറക്കാൻ സഹായിച്ചു. ഭജൻ ലാൽ 1980കളിൽ ഹരിയാനയിലെ മറ്റൊരു ഗയാ ലാൽ ആയിരുന്നു. അധികാരത്തിൽ തുടരാൻ പാർട്ടികൾ പലതുമാറി. ‘ഫാംഹൗസ് രാഷ്ട്രീയം’ എന്ന പ്രയോഗവും ഹരിയാനയിൽ ഉടലെടുത്തത് കൂറുമാറ്റത്തിൽ നിന്ന് രക്ഷപ്പെടാൻ എം‌എൽ‌എമാരോട് ഒരു ഫാംഹൗസിൽ താമസിക്കാൻ ആവശ്യപ്പെട്ടതിനാലാണ്. ഇത് നിലവിലെ ‘റിസോർട്ട്’ രാഷ്ട്രീയത്തിന്റെ ഒരു മുൻകാല രൂപമായിരുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ആദ്യ നാല് പതിറ്റാണ്ടുകളിൽ കോൺഗ്രസ് നിരവധി രാഷ്ട്രീയ കൂറുമാറ്റങ്ങൾക്ക് സാക്ഷ്യംവഹിച്ചു. കേന്ദ്രത്തിൽ ശക്തമായ സർക്കാർ വന്നപ്പോഴെല്ലാം മറ്റ് പാർട്ടികളിലെ എംഎൽഎമാരും എംപിമാരും കോൺഗ്രസിലേക്ക് കൂറുമാറി. 1971ൽ ഇന്ത്യയിലുടനീളം സർക്കാരുകൾ തകരുന്നതിനും 1980ൽ ഇന്ദിരാഗാന്ധി അധികാരത്തിൽ തിരിച്ചെത്തുന്നതിനും കൂറുമാറ്റം കാരണമായി. മൊറാർജി ദേശായി സർക്കാരിലെ 76 എംപിമാർ കൂറുമാറിയതാണ് ഇന്ദിരയുടെ തിരിച്ചുവരവ് സുഗമമാക്കിയത്. അവരുടെ മടങ്ങിവരവിന് ശേഷം, രാജ്യവ്യാപകമായി കമ്മ്യൂണിസ്റ്റ് ഇതര പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള അംഗങ്ങൾ കോൺഗ്രസിൽ ചേർന്നു. ഹിമാചൽ പ്രദേശിൽ ഭരണകക്ഷിയായ ജനതാ പാർട്ടി, ഹരിയാനയിൽ 21 എംഎൽഎമാരുമായി ഭജൻ ലാൽ തുടങ്ങിയവര്‍ കോൺഗ്രസ് പക്ഷത്തേക്ക് മാറി. അതേസമയം, 1980കളിൽ അധികാരത്തിൽ തുടരാൻ ഭജൻ ലാലിനെപ്പോലുള്ളവര്‍ കോൺഗ്രസിനെ ഉപേക്ഷിക്കാനും മടിച്ചില്ല. ഈ വ്യതിയാനങ്ങൾ വിവിധ കാരണങ്ങളാൽ സംഭവിച്ചതാണ്. ഫ്യൂഡലിസം, ആന്തരിക ഭിന്നതകള്‍, പ്രാദേശികവാദം, അധികാരത്തിലേക്കുള്ള എളുപ്പവഴി എന്നിവയാണ് പ്രധാന കാരണങ്ങള്‍.
1980കളിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളും ശെെശവാവസ്ഥയിലായിരുന്ന ബിജെപിയും മാത്രമാണ് കൂറുമാറ്റങ്ങളില്ലാതെ നിന്നത്. ജാതി അടിസ്ഥാനത്തിലോ കുടുംബത്തിലധിഷ്ഠിതമായോ നിലവില്‍വന്ന പാർട്ടികൾക്ക് രാഷ്ട്രീയ അധികാരം തേടുന്ന സ്വന്തം ജനപ്രതിനിധികളെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല. ഇതോടെ ഇന്ത്യയുടെ രാഷ്ട്രീയ ശക്തികൾ കോൺഗ്രസ് അനുകൂലം, കോൺഗ്രസ് വിരുദ്ധം എന്നിങ്ങനെ രണ്ട് ധാരകളായി സംഘടിച്ചു. 1985ൽ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന്റെ കീഴിലാണ് ആദ്യമായി കൂറുമാറ്റ നിരോധന നിയമം പാർലമെന്റിൽ പാസാക്കിയത്. എന്നിട്ടും കൂറുമാറ്റങ്ങൾ നിർബാധം തുടർന്നു. 2003ൽ കൂറുമാറ്റ നിരോധന നിയമം തിരുത്തി. നേരത്തെ, മൂന്നിലൊന്ന് അംഗങ്ങള്‍ പ്രതിനിധീകരിച്ചാൽ അയോഗ്യരാക്കപ്പെടാതെ പാർട്ടി മാറാമായിരുന്നു. ഇത് മൂന്നിൽ രണ്ട് എന്ന് മാറ്റി. കൂടാതെ, സഭയിൽ സ്പീക്കറുടെ പങ്ക് നിർണായകമായി. കൂറുമാറിയ അംഗങ്ങൾക്കെതിരെ രാഷ്ട്രീയ പാർട്ടികൾ സമർപ്പിച്ച അയോഗ്യതാ ഹർജികളിൽ തീരുമാനമെടുക്കാൻ സ്പീക്കറെ ചുമതലപ്പെടുത്തി.
2014ൽ നരേന്ദ്രമോഡി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ചില സംസ്ഥാനങ്ങളില്‍ ബിജെപി താരതമ്യേന ശക്തമായിരുന്നു. മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഗോവ എന്നിവിടങ്ങളിൽ സർക്കാരുകൾ ഉണ്ടായിരുന്നു, ബിഹാർ, പഞ്ചാബ് സംസ്ഥാന സർക്കാരുകളിൽ സഖ്യകക്ഷിയായിരുന്നു. 2014ലെ പൊതുതെരഞ്ഞെടുപ്പിൽ ലോക്‌സഭയില്‍ പാർട്ടി വ്യക്തമായ ഭൂരിപക്ഷം നേടിയെങ്കിലും, അധികാരത്തുടര്‍ച്ച കോൺഗ്രസിൽ നിന്നുള്ള നേതാക്കളുടെ ഒഴുക്ക് സമ്മാനിച്ചതാണ്. പുതിയ മോഡി തരംഗത്തില്‍ നിരവധി നേതാക്കൾ ബിജെപിയിൽ ചേര്‍ന്നു. ലോക്‌സഭയിൽ കോൺഗ്രസ് 44 സീറ്റുകളിലേക്ക് ചുരുങ്ങി. ഹരിയാന, അസം, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജയിക്കാനും ബിജെപിക്ക് കോൺഗ്രസിൽ നിന്നുള്ള ഒഴുക്ക് നിർണായകമായി.
പിന്നീട് ‘കോൺഗ്രസ് മുക്ത് ഭാരത്’ പ്രഖ്യാപനവുമായിറങ്ങിയ ബിജെപി, എം‌എൽ‌എമാരെ ആകർഷിക്കാൻ ഭേദഗതി വരുത്തിയ കൂറുമാറ്റ നിരോധന നിയമം ഉപയോഗപ്പെടുത്തി. നിയമമനുസരിച്ച്, മൂന്നിൽ രണ്ട് എംഎൽഎമാര്‍ പാർട്ടി വിട്ടുപോയാല്‍ അയോഗ്യരാക്കപ്പെടില്ല എന്നതിലൂന്നിയായിരുന്നു പ്രവര്‍ത്തനം. 2014ൽ അരുണാചൽ പ്രദേശിലെ 60 അംഗ നിയമസഭയിൽ 47 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. എന്നാല്‍ രണ്ട് വർഷത്തിനുള്ളിൽ, മുഖ്യമന്ത്രി പേമ ഖണ്ഡുവും എംഎൽഎമാരും പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിലേക്ക് കൂറുമാറിയതോടെ കോൺഗ്രസിന്റെ അംഗബലം കേവലം ഒരു സീറ്റിൽ ഒതുങ്ങി. പിന്നീട് ഖണ്ഡു ബിജെപിയുമായി സഖ്യമുണ്ടാക്കി മുഖ്യമന്ത്രിയായി.
2017ൽ കോൺഗ്രസ് കൂടുതൽ സീറ്റുകൾ നേടിയ മണിപ്പൂരിലും സമാനമായ കാര്യം ബിജെപി ചെയ്തു. പ്രാദേശിക പാർട്ടികളായ എൻപിഎഫ് (നാഗ പീപ്പിൾസ് ഫ്രണ്ട്), എൻപിപി (നാഷണൽ പീപ്പിൾസ് പാർട്ടി) എന്നിവയുടെയും ഒരു കോൺഗ്രസ് എംഎൽഎയുടെയും പിന്തുണയോടെ സർക്കാർ രൂപീകരിച്ചു. ഏക കോൺഗ്രസ് എംഎൽഎ പാർട്ടിയിൽ നിന്ന് രാജിവച്ചില്ലെങ്കിലും ബിജെപി സർക്കാരിൽ മന്ത്രിയായി. 2008ൽ ‘ഓപ്പറേഷൻ ലോട്ടസ്’ വിജയകരമായി നടത്തിയ കർണാടകയിൽ 2019ലും അത് നടപ്പാക്കി. 13 കോൺഗ്രസ് എംഎൽഎമാരെ ബിജെപിയിലേക്ക് കൂറുമാറ്റി. ജെഡിഎസിലെ മൂന്ന് എംഎൽഎമാരും കെപിജെപിയിൽ നിന്നുള്ള ഒരാളും ചേർന്ന് കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ അട്ടിമറിച്ചു. 2018ൽ നഷ്ടപ്പെട്ട ഭരണം ബിജെപി തിരികെപ്പിടിച്ചു.
2014 മുതൽ രാജ്യത്ത് 405 എംഎൽഎമാർ കൂറുമാറിയതായി അസോസിയേഷന്‍ ഫോര്‍ ഡെമോക്രോറ്റിക് റിഫോംസ് (എഡിആര്‍) 2020ലെ റിപ്പോർട്ടിൽ പറയുന്നു. ഇതില്‍ 182 പേർ (44.9%) ബിജെപിയിൽ ചേർന്നു. 405 എംഎൽഎമാരിൽ 170 പേരും (42%) കോൺഗ്രസിൽ നിന്നുള്ളവരാണ്. 2020 മാർച്ചിൽ, രാജ്യത്തെ കോവിഡ് വിഴുങ്ങാന്‍ തുടങ്ങുമ്പോള്‍, ബിജെപി മറ്റൊരു സർക്കാരിനെ താഴെയിറക്കുന്ന തിരക്കിലായിരുന്നു. മധ്യപ്രദേശിൽ 21 കോൺഗ്രസ് എംഎൽഎമാർ കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് കമൽനാഥ് സർക്കാരിന്റെ പതനത്തിലേക്ക് നയിച്ചു. പരാജയപ്പെട്ട ഒരു സംസ്ഥാനത്ത് കൂടി ബിജെപി അധികാരത്തിൽ തിരിച്ചെത്തി.


ഇത് കൂടി വായിക്കൂ :ചാൾസ് ഡാർവിന്‍ സിലബസിന് പുറത്താകുമ്പോള്‍


ആരോഗ്യകരമായ ജനാധിപത്യത്തിൽ, ഭൂരിപക്ഷമുണ്ടെങ്കിൽ ഒരു പാർട്ടിക്കോ സഖ്യത്തിനോ സർക്കാർ രൂപീകരിക്കാം. മോഡി ഭരണത്തില്‍ പക്ഷേ, ഇതു നടപ്പാകുന്നില്ല. ഒരു പ്രതിപക്ഷ പാർട്ടി സർക്കാർ രൂപീകരിച്ചാല്‍, അതിന്റെ നേതാക്കൾ കേന്ദ്ര അന്വേഷണ ഏജൻസികളാല്‍ ദ്രോഹിക്കപ്പെടുന്നു. 2014 മുതൽ ഇഡി 121 രാഷ്ട്രീയ നേതാക്കളുടെ മേല്‍ അന്വേഷണം നടത്തി ഇതിൽ 115 പേരും (95%) ബിജെപി ഇതര പാർട്ടികളിൽ നിന്നുള്ളവരാണ്. ഏതെങ്കിലും നേതാവ് ബിജെപിയിലേക്ക് മാറാൻ തീരുമാനിച്ചാൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലയ്ക്കും. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, സുവേന്ദു അധികാരി തുടങ്ങിയവർക്കെതിരെയുള്ള കേസുകൾ ബിജെപിയോടൊപ്പം ചേർന്നതോടെ പിൻവലിക്കുകയോ ഒഴിവാക്കുകയോ ചെയ്തു.
മറുവശത്ത്, പ്രതിപക്ഷ പാർട്ടികളുടെ ഉന്നത നേതാക്കൾക്കെതിരെ ഒന്നിലധികം കേസുകൾ ഫയൽ ചെയ്യാൻ സിബിഐയും ഇഡി സംഘവും മത്സരിക്കുകയാണ്. രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവും കുടുംബവും ഇതിന് ഉദാഹരണമാണ്. മറ്റാെരു ഇര ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ്. ഇത്തരം കേസുകളില്‍ നേതാക്കളെ കുടുക്കാൻ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) ക്രൂരമായ വ്യവസ്ഥകൾ ഇഡി ഉപയോഗിച്ചു. ഈ തന്ത്രം തന്നെയാണ് മഹാരാഷ്ട്രയിലെ എംവിഎ സർക്കാരിനെ താഴെയിറക്കാൻ ഉപയോഗിച്ചത്. കഴിഞ്ഞദിവസം എൻസിപിയിൽ അജിത് പവാർ നടത്തിയ ഭിന്നതയില്‍ കൂടെനിന്ന പല എംഎൽഎമാർക്കും എംഎൽസിമാർക്കും എതിരെ ഇഡി കേസുകൾ ഉണ്ടായിരുന്നു. കൂറുമാറിയ എംഎൽഎമാരെ അയോഗ്യരാക്കാനുള്ള ഹർജികളിൽ തീരുമാനങ്ങൾ വൈകിപ്പിക്കാൻ സ്പീക്കറുടെ അധികാരങ്ങളും ദുരുപയോഗിക്കുന്നു. ഒരു വർഷത്തിലേറെയായി, ഷിൻഡെ വിഭാഗം എംഎൽഎമാർക്കെതിരെ ശിവസേന നൽകിയ അയോഗ്യതാ ഹർജികളിൽ മഹാരാഷ്ട്ര സ്പീക്കർ ഇതുവരെ നടപടിയെടുത്തിരുന്നില്ല.


ഇത് കൂടി വായിക്കൂ :ബിജെപിയുടെ ക്രൈസ്തവ പ്രീണനവും ആലഞ്ചേരിയുടെ മോഡീ പ്രണയവും


നിർണായക തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ നേതാക്കൾ കേന്ദ്ര ഏജൻസികളുടെ റെയ്ഡുകളോ കേസുകളോ നേരിടേണ്ട പ്രവണതയുമുണ്ട്. 2021 ഏപ്രിലിൽ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിന്റെ മകൾ സെന്താമരൈയുടെ സ്വത്തുക്കളിൽ ഐടി വകുപ്പ് റെയ്ഡ് നടത്തി. ടിഎംസി എംപി അഭിഷേക് ബാനർജിക്കും കുടുംബത്തിനുമെതിരെയും സമാനമായ നടപടിയുണ്ടായി. കേരളത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ്, സ്വർണക്കടത്ത് കേസിലെ പ്രതികളിലൊരാളായ സ്വപ്നാ സുരേഷ് ‘മുഖ്യമന്ത്രി പിണറായി വിജയന്റെ നിർബന്ധത്തിനു വഴങ്ങിയാണ് കുറ്റം ചെയ്തതെന്ന്’ ഇഡി ആരോപിച്ചു. 2020 ഒക്ടോബറിൽ കർണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ സിബിഐ റെയ്ഡിന് വിധേയനായി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ കൂട്ടാളികള്‍, ഹരിയാനയിലെ കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡ, ബിജെപി സഖ്യം വിട്ട തെലുങ്ക് ദേശം പാർട്ടി (ടിഡിപി) നേതാവ് ചന്ദ്രബാബു നായിഡു തുടങ്ങിയവരും വേട്ടയാടപ്പെട്ടു.
മുൻ സർക്കാരുകളുടെ കാലത്തും അംഗങ്ങളുടെ കൂറുമാറ്റം നടന്നിട്ടുണ്ടെങ്കിലും, പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും ദുർബലപ്പെടുത്താനും എല്ലാ മാർഗങ്ങളും ബിജെപി ഉപയോഗിക്കുന്നത് ചരിത്രത്തിലില്ലാത്ത വിധമാണ്. എംഎൽഎമാരുടെ കുതിരക്കച്ചവടത്തെ അവര്‍ ‘ചാണക്യനീതി’ എന്നാണ് വിശേഷിപ്പിക്കുന്നത്. അധികാരത്തിന്റെ നഗ്നമായ ദുർവിനിയോഗം ഇപ്പോൾ അതിശയകരമോ ഞെട്ടിക്കുന്നതോ അല്ലാതായിരിക്കുന്നു. പൊതുതെരഞ്ഞെടുപ്പിന് ഒരു വർഷത്തിൽത്താഴെ മാത്രം അവശേഷിക്കെ, ഈ തന്ത്രങ്ങൾ അവര്‍ കൂടുതല്‍ ശക്തമാക്കും.

(അവലംബം: ന്യൂസ് ക്ലിക്ക്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.