ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്യാൻ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി സുപ്രീം കോടതി. മലിനീകരണം കുറയ്ക്കാൻ വേണ്ട പ്രതിവിധികള്‍ ചര്‍ച്ച ചെയ്യാൻ ഡല്‍ഹി, ഹരിയാന, യുപി പഞ്ചാബ് സംസ്ഥാനങ്ങളുടെ യോഗം വിളിച്ചുചേര്‍ക്കാനാണ് കേന്ദ്രത്തിനോട് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വായു മലിനീകരണം നേരിടാൻ ലോക്‌ഡൗൺ പ്രായോഗികമല്ലെന്ന് ദില്ലി സർക്കാർ വ്യക്തമാക്കി. എന്നാൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിൽ എതിർപ്പില്ലെന്നും അരവിന്ദ് കെജ്രിവാൾ സർക്കാർ പറഞ്ഞു. ദില്ലിയിൽ മാത്രമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കരുത്. ദില്ലിക്കൊപ്പം അയൽ സംസ്ഥാനങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നനും ദില്ലി സർക്കാർ സമർപ്പിച്ച സത്യവാംങ്മൂലത്തിൽ പറയുന്നു.
കർഷകർ വൈക്കോൽ കത്തിക്കുന്നതല്ല മലിനീകരണത്തിന് കാരണമെന്ന് കേന്ദ്രം നിലപാടെടുത്തു. വായു മലിനീകരണത്തിൽ 10 ശതമാനത്തിന് താഴെ മാത്രമേ വൈക്കോൽ കത്തിക്കുന്നതിലൂടെ കാരണമകുന്നുള്ളൂവെന്ന് കേന്ദ്രം പറഞ്ഞു. ഡീസൽ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കരുതെന്ന് ദില്ലി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
മലിനീകരണം അടിയന്തിരമായി കുറക്കാനുള്ള സംവിധാനങ്ങൾ എന്താണെന്ന് കോടതി ചോദിച്ചു. എന്തെങ്കിലും മെഷീനുകൾ വേണമെങ്കിൽ വാങ്ങണം, ആവശ്യമെങ്കിൽ കൂടുതൽ ജീവനക്കാരെ താത്കാലികമായി നിയമിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. ഇക്കാര്യങ്ങൾ ദില്ലി സർക്കാരാണ് പറയേണ്ടതെന്ന് കേന്ദ്രം മറുപടി നൽകി. മലിനീകരണം തടയുന്നതിൽ രാഷ്ട്രീയമില്ല. റോഡിലെ പൊടിയാണ് മലിനീകരണത്തിന്റെ ഒരു കാരണമെന്നും കേന്ദ്രം പറഞ്ഞു.
സർക്കാരുകളുടെ നിലപാട് ദൗർഭാഗ്യകരമെന്ന് സുപ്രീംകോടതി വാക്കാൽ വിമർശിച്ചു. മലിനീകരണം തടയാൻ അടിയന്തിരമായി നടപടി വേണം. നിർമാണ പ്രവർത്തനങ്ങൾ കുറച്ച് ദിവസത്തേക്ക് നിർത്തിവെക്കണം. നിർമാണ പ്രവർത്തനങ്ങളും വാഹനങ്ങളും മാലിന്യം കത്തിക്കുന്നതും വൈക്കോൽ കത്തിക്കുന്നതുമാണ് വായു മലിനീകരണത്തിന് കാരണമെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണെന്ന് പറഞ്ഞ കോടതി നാളെ എത്ര വൈകിയാലും കേസ് വീണ്ടും പരിഗണിക്കാമെന്ന് പറഞ്ഞ് ഇന്നത്തെ വാദം അവസാനിപ്പിച്ചു.
English Summary : delhi air pollution supreme court directs centre to call meeting of states
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.