23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 15, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024

‘ഇരട്ട എന്‍ജിന്‍’ ആംആദ്മിയെ തുണച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
December 7, 2022 11:09 pm

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി പ്രചരിപ്പിക്കുന്ന ‘ഇരട്ട എന്‍ജിന്‍’ സര്‍ക്കാര്‍ എന്ന തന്ത്രം ഡല്‍ഹിയില്‍ തിരിച്ചടിച്ചു. സംസ്ഥാനവും നഗരസഭയും ഒരേ ഭരണത്തില്‍ എന്ന കെജ്‌രിവാളിന്റെ പ്രചരണം ആംആദ്മി പാര്‍ട്ടിക്ക് തുണയായി. വിലക്കയറ്റവും സൗജന്യങ്ങൾക്കെതിരായ നിലപാടും മൂലം പാവപ്പെട്ടവരും തൊഴിലാളികളും ബിജെപിക്കെതിരെ തിരിഞ്ഞതും അവര്‍ക്ക് പ്രഹരമായി. മുനിസിപ്പൽ കോർപറേഷന്റെ അധികാരം കൂടി നേടിയതോടെ രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ ശക്തിയായി ആംആദ്മി പാര്‍ട്ടി മാറി. പോള്‍ ചെയ്തതില്‍ 42.05 ശതമാനം വോട്ട് ആംആദ്മിക്ക് കിട്ടി. ബിജെപി 39.09 ശതമാനം വോട്ട് നേടിയപ്പോൾ 11.68 ശതമാനം മാത്രമാണ് കോൺഗ്രസിന് നേടാൻ കഴിഞ്ഞത്. ഈ പരാജയത്തോടെ രാജ്യതലസ്ഥാനത്തെ കോൺഗ്രസിന്റെ നില കൂടുതല്‍ പരുങ്ങലിലായി.

സാമ്പത്തിക ക്രമക്കേട് കേ­സിൽ ജയിലിൽ കഴിയുന്ന ഡല്‍ഹി മന്ത്രി സത്യേന്ദർ ജയ്‌നിന്റെ ദൃശ്യങ്ങൾ ഉള്‍പ്പെടെ ബിജെപി പ്രചരണായുധമാക്കിയിരുന്നു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐയെക്കാെണ്ട് ചോദ്യം ചെയ്യിപ്പിച്ചു. ഇതിനെയാെക്കെ മറികടന്നുള്ള വിജയം ബിജെപിയെ നേരിടാനുള്ള കരുത്ത് എഎപിക്കുണ്ട് എന്ന സന്ദേശമാണ് നൽകുന്നത്. ശക്തമായ ബദല്‍ ഉണ്ടെങ്കില്‍ ബിജെപിയെ പുറത്താക്കും എന്ന സന്ദേശം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ജനങ്ങള്‍ നല്‍കുന്നു. ഡല്‍ഹിയിലെ പരാജയം ബിജെപി മുൻകൂട്ടി കണ്ടിരുന്നുവെന്നും സൂചനയുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ എംസിഡി ഉ­ദ്യോഗസ്ഥരുടെ നിയന്ത്രണം കേ­ന്ദ്രസർക്കാരിന് കീഴിലാക്കിയത് അതിനാലാണെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. പരാജയം മണത്തിരുന്ന ബിജെപി തെരഞ്ഞെടുപ്പ് വൈകിക്കാൻ ശ്രമം നടത്തുന്നതായി ആംആദ്മി നേതൃത്വം ആരോപണം ഉന്നയിച്ചിരുന്നു.

സംസ്ഥാന സർക്കാരിന്റെ പദ്ധതികളുടെ ഗുണഭോക്താക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ പ്രചാരണത്തിന്റെ മുഖമാക്കുക, സംസ്ഥാനവും നഗരസഭയും ഒരേ പാർട്ടിക്കൊപ്പം എന്ന ‘ഇരട്ട എന്‍ജിൻ’ വാഗ്ദാനം എന്നിവയാണ് ആപ്പിനെ സഹായിച്ച പ്രധാന ഘടകങ്ങൾ. മൂന്ന് തവണ തുടര്‍ച്ചയായി അധികാരത്തിലിരുന്ന ബിജെപിക്ക് വലിയതോതില്‍ ഭരണ വിരുദ്ധത നേരിടേണ്ടിവന്നു. കെജ്‍രിവാളിന് തുല്യമായ ഒരു സംസ്ഥാന നേതാവും പാര്‍ട്ടിക്ക് ഇല്ലായിരുന്നു. തലസ്ഥാനത്തെ സംഘടനാ വിഷയങ്ങളും കോര്‍പറേഷന്‍ ഭരണത്തിനെതിരായ വികാരവും തോൽവിക്ക് കാരണമായെന്നാണ് ബിജെപിയുടെ പ്രാഥമിക വിലയിരുത്തല്‍. എന്നാൽ മധ്യവർഗം തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലും തിരിച്ചടിയേറ്റത് ബിജെപി കേന്ദ്ര നേതൃത്വത്തിനുള്ള സന്ദേശമാണ്. 15 കൊല്ലം മുമ്പുവരെ ഭരണത്തിലുണ്ടായിരുന്ന കോ­ൺഗ്രസ് ചില പോക്കറ്റുകളിൽ ഒഴികെ തകർന്നടിഞ്ഞുവെന്നതും ദയനീയമാണ്.

Eng­lish Sam­mury: BJP’s strat­e­gy of ‘twin engine’ gov­ern­ment has back­fired in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.