8 July 2024, Monday
KSFE Galaxy Chits

ഡല്‍ഹി കോര്‍പറേഷന്‍ നിയമം: ഫെഡറലിസത്തിന്റെ അട്ടിമറി

Janayugom Webdesk
April 1, 2022 5:00 am

ലോക്‌സഭ ഡൽഹിയിലെ മൂന്ന് മുനിസിപ്പൽ കോർപറേഷനുകളെ സംയോജിപ്പിച്ച് ഒന്നാക്കികൊണ്ടുള്ള ഡൽഹി മുനിസിപ്പൽ കോർപറേഷൻ (ഭേദഗതി) ബിൽ 2022 ബുധനാഴ്ച പാസാക്കുകയുണ്ടായി. ഭിന്നതകൾ മറന്നുള്ള പ്രതിപക്ഷത്തിന്റെ യോജിച്ച എതിർപ്പുകൾ വകവയ്ക്കാതെ മോഡിഭരണകൂടം പതിവുപോലെ തങ്ങളുടെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് ബിൽ പാസാക്കിയെടുക്കുകയായിരുന്നു. ഏപ്രിൽ മാസത്തിൽ മൂന്ന് ഡൽഹി മുനിസിപ്പൽ കോർപറേഷനുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിയമനിർമ്മാണം. ആം ആദ്മി പാർട്ടിക്ക് ഇപ്പോൾ പൂർത്തിയായ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ വൻ വിജയമാണ് തിടുക്കത്തിൽ ഇത്തരം ഒരു നിയമനിർമ്മാണത്തിന് മോഡിസർക്കാരിനെ നിർബന്ധിതമാക്കിയത്. കെജ്‌രിവാൾ നേതൃത്വം നൽകുന്ന ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പരിമിതമായ അധികാരങ്ങൾപോലും കവർന്നെടുക്കാനും രാഷ്ട്ര തലസ്ഥാന മേഖലയുടെ ഭരണനിർവഹണത്തിൽ നേരിട്ട് ഇടപെടാനുമുള്ള നഗ്നമായ ശ്രമമാണ് നിയമനിർമ്മാണം. അത് സംസ്ഥാനങ്ങളുടെ അവകാശ, അധികാരങ്ങളിന്മേലുള്ള കേന്ദ്രഭരണകൂടത്തിന്റെ കൈകടത്തലും രാജ്യത്തിന്റെ സഹകരണാത്മക ഫെഡറൽ സംവിധാനത്തിനും സങ്കല്പത്തിനും നേരെയുള്ള വെല്ലുവിളിയുമാണ്. മൂന്ന് ഡൽഹി മുനിസിപ്പൽ കോർപറേഷനുകൾ സംബന്ധിച്ച നിയമനിർമ്മാണം നടത്തിയത് 2011ല്‍ അന്നത്തെ ഡൽഹി നിയമസഭയായിരുന്നു. അതിനുശേഷം നിയമസഭയിലേക്ക് പലതവണ തെരഞ്ഞെടുപ്പുകൾ നടക്കുകയും സർക്കാരുകൾ മാറിവരികയും ഉണ്ടായി. വസ്തുത അതാണെന്നിരിക്കെ പൊടുന്നനെ കേന്ദ്രസർക്കാർ നേരിട്ട് ഡൽഹി മുനിസിപ്പൽ നിയമ ഭേദഗതിക്ക് തുനിഞ്ഞിറങ്ങിയതിന്റെ ഉദ്ദേശ്യശുദ്ധിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. അത് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പുകൾ വൈകിക്കുന്നതിനും ജനവിധിതന്നെ അട്ടിമറിക്കുന്നതിനും ലക്ഷ്യം വച്ചുള്ളതാണ്. തങ്ങൾക്കു വഴങ്ങാത്തതും വിയോജിക്കുന്നതുമായ സർക്കാരുകളെ ഭരണഘടനയെയും പാർലമെന്റിനെത്തന്നെയും ഉപയോഗിച്ച് “നിയമപരമായി” അട്ടിമറിക്കുന്നത് മോഡിഭരണത്തിൽ ഇത് ആദ്യമല്ല. ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദുചെയ്ത് ജമ്മുകശ്മീരിനെ വിഭജിച്ചതിനും വിഭജിക്കപ്പെട്ട സംസ്ഥാനത്തെ കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിൻകീഴിൽ കൊണ്ടുവന്ന് ഭരണഘടനയെയും ഫെഡറൽ സംവിധാനത്തെയും മോഡിസർക്കാർ അട്ടിമറിക്കുന്നതിനും രാജ്യം സാക്ഷ്യം വഹിക്കേണ്ടി വന്നു.


ഇതുകൂടി വായിക്കാം; ജനാധിപത്യത്തിനായി കൂടുതല്‍ പ്രതിരോധങ്ങളുണ്ടാവണം


ഇപ്പോൾ മോഡി, ഷാ പ്രഭൃതികൾ ഭിന്നിപ്പിക്കലിനും അസ്ഥിരീകരണത്തിനുമായി ലക്ഷ്യമിട്ടിരിക്കുന്നത് കേന്ദ്രഭരണ പ്രദേ ശങ്ങളായ ചണ്ഢീഗഢിനെയും ഡൽഹിയെയുമാണ്. ചണ്ഢീഗഢ് ഭരണകൂടത്തിന്റെ ജീവനക്കാർക്ക് കേന്ദ്ര സിവിൽ സർവീസ് ചട്ടങ്ങൾ ബാധകമാക്കികൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയത് ഏതാനും ദിവസങ്ങൾക്കു മുമ്പ് മാത്രമാണ്. പഞ്ചാബ് തെരഞ്ഞെടുപ്പിൽ തങ്ങ ൾക്കുണ്ടായ കനത്ത പരാജയത്തോടുള്ള മോഡിസർക്കാരിന്റെ വികല പ്രതികരണമാണ് അതെന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസിലാകും. പഞ്ചാബിനെ പഞ്ചാബ്, ഹരിയാന എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങളായി വിഭജിക്കുമ്പോൾ ചണ്ഢീഗഢിനെ രണ്ട് സംസ്ഥാനങ്ങളുടെയും താല്കാലിക തലസ്ഥാനമായി മാറ്റുകയായിരുന്നു. ഹരിയാനക്ക് സ്വന്തമായി തലസ്ഥാനം ആവുമ്പോൾ ചണ്ഢീഗഢ് പഞ്ചാബിന്റെ തലസ്ഥാനമായി മാറും എന്നായിരുന്നു ധാരണ. അതുവരെ ചണ്ഢീഗഢ് ഭരണകൂടത്തിൽ പഞ്ചാബിനും ഹരിയാനക്കും 60, 40 അനുപാതത്തിൽ ഭരണ പങ്കാളിത്തം വ്യവസ്ഥ ചെയ്തിരുന്നു. കേന്ദ്രഭരണകൂടത്തിന്റെ ഇപ്പോഴത്തെ നീക്കം ആ വ്യവസ്ഥകളുടെ ലംഘനവും പഞ്ചാബിലെ എഎപി സർക്കാരിനെ സമ്മർദ്ദത്തിലാക്കി അട്ടിമറി ലക്ഷ്യം വച്ചുള്ളതുമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന, സംസ്ഥാനങ്ങൾക്കിടയിൽ തുല്യതയും സ്വയംഭരണാധികാരവും ഉറപ്പുനൽകുന്ന, സഹകരണാത്മക ഫെഡറൽ തത്വങ്ങൾ ബലികഴിച്ചുകൊണ്ടുള്ള ഭിന്നിപ്പിന്റെയും പരസ്പര വിദ്വേഷത്തിന്റെയും വിനാശകരമായ രാഷ്ട്രീയ തീക്കളിയിലാണ് മോഡിസർക്കാർ ഏർപ്പെട്ടിട്ടുള്ളത്. ഒരു വാശിയേറിയ തെരഞ്ഞെടുപ്പിൽ പരസ്പരം ഏറ്റുമുട്ടിയ പ്രതിപക്ഷ പാർട്ടികൾ ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഭേദഗതി ബില്ലിനെ യോജിച്ചെതിർക്കാൻ സന്നദ്ധമായി എന്നത് രാഷ്ട്രത്തിന്റെ ഭാവിയെപ്പറ്റി ഉൽകണ്ഠ ഉള്ളവർ ശുഭസൂചകമായാണ് നോക്കി കാണുന്നത്. രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും സഹകരണാത്മക ഫെഡറൽ സംവിധാനവും സംരക്ഷിക്കാൻ യോജിച്ച പ്രതിപക്ഷ ചെറുത്തുനില്പ് അല്ലാതെ മറ്റൊരു മാർഗവുമില്ല എന്ന തിരിച്ചറിവിലേക്കാണ് പ്രതിപക്ഷം നീങ്ങുന്നത്, എന്നുവേണം കരുതാൻ. പാർലമെന്റിലെ നിലവിലുള്ള ബലാബലം അത്തരം ഒരു ബോധ്യത്തിന്റെ പ്രകാശനത്തിന് മാത്രമേ സഹായകമാവൂ. പാർലമെന്റിനു പുറത്ത് ജനങ്ങളെ അണിനിരത്തികൊണ്ടു മാത്രമേ ആ ചെറുത്തുനില്പ് അർത്ഥപൂര്‍ണമാക്കാൻ കഴിയൂ.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.