ന്യൂഡല്‍ഹി
November 13, 2023 8:00 am
എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും വൃത്തിയുള്ള ദീപാവലി പ്രഭാതത്തിന് സാക്ഷ്യം വഹിച്ച് ഡല്‍ഹി നഗരം. ഇന്നലെ രാവിലെ വായു ഗുണനിലവാരം 220 രേഖപ്പെടുത്തി. എട്ടു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ദീപാവലി വേളയില്‍ വായുഗുണനിലവാരം 300ല്‍ താഴെ രേഖപ്പെടുത്തുന്നത്. എന്നാല്‍ ഇപ്പോഴും മോശം വിഭാഗത്തില്‍ തന്നെയാണ് വായു ഗുണനിലവാരം. കഴിഞ്ഞ വര്‍ഷം വായു ഗുണനിലവാരം 312 ആണ് രേഖപ്പെടുത്തിയിരുന്നത്. 2021ല്‍ 382, 2020ല്‍ 414, 2019ല്‍ 337, 2018ല്‍ 281, 2017ല്‍ 319, 2016ല്‍ 431 എന്നിങ്ങനെയായിരുന്നു ഡല്‍ഹിയില്‍ ദീപാവലി സമയത്തെ വായു ഗുണനിലവാര സൂചിക.
ഗുണനിലവാര സൂചിക മോശം വിഭാഗത്തില്‍ തുടരുന്നുണ്ടെങ്കിലും കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് മെച്ചപ്പെട്ടിട്ടുണ്ട്. സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്റ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്റ് റിസര്‍ച്ച്(സഫര്‍) അനുസരിച്ച് വായുഗുണനിലവാര സൂചിക ഇന്നലെ രാവിലെ 7.30ന് 204 രേഖപ്പെടുത്തി. രണ്ടു ദിവസങ്ങളിലായി പെയ്ത മഴയിലാണ് വായു ഗുണനിലവാരം അല്പം മെച്ചപ്പെട്ടത്. ഡല്‍ഹി സര്‍വകലാശാല, ഐഐടി ഡല്‍ഹി, എയര്‍പോര്‍ട്ട്(ടി3), ധീര്‍പൂര്‍, ലോധി റോഡ് എന്നിവിടങ്ങല്‍ വായുഗുണനിലവാര സൂചിക യഥാക്രമം 269, 221, 239, 228, 218 രേഖപ്പെടുത്തി. പൂസ, മഥുര റോഡ്, നോയിഡ, ഗുരുഗ്രാം, ആയനഗര്‍ എന്നിവിടങ്ങള്‍ സൂചിക ഇടത്തരം വിഭാഗത്തിലെത്തിയിട്ടുണ്ട്.
എന്നാല്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലും ചിലയിടങ്ങളില്‍ ദീപാവലിയുടെ ഭാഗമായി പടക്കങ്ങള്‍ പൊട്ടിക്കുന്നുണ്ട്. ഇത് വായു ഗുണനിലവാരത്തെ മോശമാക്കാൻ സാധ്യതയുണ്ട്. കുറഞ്ഞ താപനില തുടരുന്നതായും പടക്കം പൊട്ടിക്കുന്നത് മലിനീകരണം വര്‍ധിപ്പിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദീപാവലിയോടനുബന്ധിച്ച് ‘ദീപങ്ങള്‍ തെളിയിക്കൂ, പടക്കങ്ങള്‍ ഒഴിവാക്കൂ’ എന്ന ക്യാമ്പയിനും ഡല്‍ഹി സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. മഴ, കാറ്റ് എന്നിവ മൂലം മലിനീകരണം കുറഞ്ഞതായും ദീപാവലിക്കു ശേഷവും വായു ഗുണനിലവാരം മികച്ച നിലയില്‍ തുടരേണ്ടതുണ്ടെന്നും ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.
ദീപാവലിയോടനുബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. ദീര്‍ഘ നേരത്തെ ട്രാഫിക്, മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍, നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കണമെന്നും വിറക്, കരിയില, കാര്‍ഷിക അവശിഷ്ടങ്ങള്‍, മാലിന്യങ്ങള്‍ എന്നിവ കത്തിക്കരുതെന്നും പുകയില ഉല്പന്നങ്ങള്‍ കത്തിക്കരുതെന്നും കൊതുകുതിരികള്‍, ചന്ദനത്തിരികള്‍ എന്നിവ അടച്ചിട്ട ഇടങ്ങളില്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശം നല്‍കിയിരുന്നു.
English Summary: Delhi Wakes Up To Cleanest Diwali Morning In Eight Years
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.