29 May 2024, Wednesday

Related news

May 26, 2024
May 19, 2024
May 16, 2024
May 13, 2024
May 11, 2024
May 11, 2024
May 10, 2024
May 10, 2024
May 10, 2024
May 8, 2024

കെജ്‌രിവാളിന്റെ അറസ്റ്റില്‍ രാജ്യവ്യാപക പ്രതിഷേധം

റെജി കുര്യന്‍
ന്യൂഡല്‍ഹി
March 22, 2024 10:58 pm

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ രാജ്യവ്യാപക പ്രതിഷേധം. ഡല്‍ഹിയിലും വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധം അണപൊട്ടി. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ഉള്‍പ്പെടെ ഇന്ത്യ മുന്നണി സഖ്യകക്ഷികളും പ്രതിഷേധത്തില്‍ അണിനിരന്നു. പ്രതിഷേധം ശക്തമായതോടെ എഎപി ആസ്ഥാനം കേന്ദ്ര സേന ഉള്‍പ്പെടെ സുരക്ഷാഭടന്മാര്‍ വളഞ്ഞു. ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹവുമുണ്ട്.

ഡല്‍ഹിയില്‍ രാവിലെ 10 മണിയോടെ ഐടിഒ കേന്ദ്രീകരിച്ചായിരുന്നു മന്ത്രിമാരായ അതിഷിയുടെയും സൗരഭ് ഭരദ്വാജിന്റെയും നേതൃത്വത്തില്‍ പ്രതിഷേധം. പൊലീസും സുരക്ഷാ സേനയും ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ബിജെപി ആസ്ഥാനത്തേക്ക് റാലി സംഘടിപ്പിക്കാനായിരുന്നു ആദ്യം തീരുമാനം. ബിജെപി ഓഫിസിലേക്കുള്ള വഴികള്‍ ബാരിക്കേഡ് നിരത്തി ഉപരോധം തീര്‍ത്തതോടെ പ്രതിഷേധം ഡല്‍ഹിയിലെ പ്രധാന ഗതാഗത മേഖലയായ ഐടിഒയിലേക്ക് മാറ്റുകയായിരുന്നു.

പൊലീസ് നിര്‍ദേശ പ്രകാരം ഡല്‍ഹി മെട്രോ സര്‍വീസിന് ഇവിടെയുള്ള സ്റ്റോപ്പ് റദ്ദാക്കി. പ്രതിഷേധത്തില്‍ ഡല്‍ഹിയിലെ ഗതാഗതം താറുമാറാകുകയും ചെയ്തു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്ന മുറയ്ക്ക് വീണ്ടും ചെറു സംഘങ്ങളായി പ്രവര്‍ത്തകര്‍ ഐടിഒയിലേക്ക് എത്തി പ്രതിഷേധിക്കുന്നത് ഉച്ചവരെ തുടര്‍ന്നു. ചൊവ്വാഴ്ച ഡല്‍ഹിയിലെ മോഡിയുടെ വസതി വളയാന്‍ എഎപി പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തു.
കേരളത്തിലും വന്‍ പ്രതിഷേധമാണ് നടക്കുന്നത്. അറസ്റ്റ് നടന്ന വ്യാഴാഴ്ച അര്‍ധരാത്രിതന്നെ പ്രതിഷേധം ആരംഭിച്ചിരുന്നു. തിരുവനന്തപുരം ഉള്‍പ്പെടെ നഗരങ്ങളില്‍ അര്‍ധരാത്രി നൂറുകണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധപ്രകടനം നടന്നു. വിവിധ ജില്ലാ പ്രാദേശിക കേന്ദ്രങ്ങളില്‍ ഇന്നലെ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു.

മാര്‍ച്ച് 28 വരെ ഇഡി കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മാര്‍ച്ച് 28 വരെ ഇഡി കസ്റ്റഡിയില്‍ വിടാന്‍ റോസ് അവന്യു പ്രത്യേക കോടതി ഉത്തരവിട്ടു. സിബിഐ സ്പെഷ്യല്‍ ജഡ്ജ് കാവേരി ബവേജയാണ് കേസില്‍ വാദം കേട്ടത്. ചോദ്യം ചെയ്യലിനായി 10 ദിവസം കസ്റ്റഡിയില്‍ വേണമെന്ന ആവശ്യമാണ് ഇഡി ഉന്നയിച്ചത്.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ഒമ്പതുതവണ നല്‍കിയ സമന്‍സ് കെജ്‌രിവാള്‍ നിരാകരിച്ചിരുന്നു. ഇതിനു പിന്നാലെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹം സമര്‍പ്പിച്ച അപേക്ഷ നിരാകരിച്ച് ഹൈക്കോടതിയും ഉത്തരവു പുറപ്പെടുവിച്ചതോടെയാണ് ഇഡി കസ്റ്റഡിയില്‍ എടുത്തത്. വീട് റെയ്ഡ് ചെയ്യാനുള്ള ഉത്തരവുമായി വ്യാഴാഴ്ച വൈകിട്ട് എത്തിയ ഇഡി സംഘം കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇഡിക്കുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവാണ് കോടതിയില്‍ ഹാജരായത്.

സുപ്രീം കോടതിയിലെ ഹര്‍ജി പിന്‍വലിച്ചു

അറസ്റ്റിനെതിരെ കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പിന്നീട് ഹര്‍ജി പിന്‍വലിച്ചു. വ്യാഴാഴ്ച അറസ്റ്റ് ഉണ്ടായ ഉടന്‍തന്നെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും രാത്രി കേസ് പരിഗണിക്കാന്‍ കോടതി രജിസ്ട്രി വിസമ്മതിച്ചു. ഇതേത്തുടര്‍ന്നാണ് ഇന്നലെ രാവിലെ ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ബെഞ്ചില്‍ പരാമര്‍ശിക്കപ്പെട്ടത്. കേസ് രണ്ടാം നമ്പര്‍ കോടതി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഈ അവസരത്തില്‍ വ്യക്തമാക്കി.
കെ‌ജ‌്‌രിവാളിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഘ്‌വി കോടതിയിലെത്തി. കേസ് ജസ്റ്റിസുമാരായ എം എം സുന്ദരേശ്, ബേലാ എം ത്രിവേദി എന്നിവരുള്‍പ്പെട്ട പ്രത്യേക ബെഞ്ച് പരിഗണിക്കുമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി.
എന്നാല്‍ കേസ് പിന്‍വലിക്കുകയാണെന്നാണ് സിംഘ്‌വി കോടതിയെ അറിയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രജിസ്ട്രിക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. വിചാരണ കോടതിയെ സമീപിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

സിപിഐ പ്രതിഷേധിച്ചു

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പിനെ നേരിടുന്നതിൽ ബിജെപിക്ക് ഭയമുണ്ടെന്നാണ് പ്രതിപക്ഷ പാർട്ടികളെ ഭയപ്പെടുത്താൻ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന രീതിയിൽ നിന്ന് വ്യക്തമാകുന്നത്.
ഝാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സൊരേന് ശേഷം ഈ പരമ്പരയിൽ ഒടുവിലത്തേതാണ് എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റുകൾ നേടുമെന്ന് അവകാശവാദമുന്നയിക്കുന്ന ബിജെപിക്ക് അതിനുപിന്നിലെ പൊള്ളത്തരം നന്നായി അറിയാമെന്നും അതുകൊണ്ടാണ് ഏറ്റവും ജനാധിപത്യവിരുദ്ധമായ രീതിയിൽ, പ്രതിപക്ഷത്തെ ലക്ഷ്യം വയ്ക്കുന്നതെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
ജനങ്ങളെ അഭിമുഖീകരിക്കുന്നതിലുള്ള ബിജെപിയുടെ അസ്വസ്ഥതകളാണ് ഈ സ്വേച്ഛാധിപത്യ തന്ത്രങ്ങൾ തുറന്നുകാട്ടുന്നത്. അതുകൊണ്ടാണ് വിലക്കയറ്റം, തൊഴിലില്ലായ്മ, അസമത്വം തുടങ്ങിയ ഗുരുതരമായ വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ ശ്രമിക്കുന്നത്. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കി ഹീനമായ ഈ രാഷ്ട്രീയത്തിന് ജനങ്ങൾ തെരഞ്ഞെടുപ്പിൽ തക്ക മറുപടി നൽകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

Eng­lish Summary:Nationwide protests over Kejri­wal’s arrest

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.