19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

June 27, 2024
June 6, 2024
April 20, 2024
March 26, 2024
March 11, 2024
February 3, 2024
November 5, 2023
October 26, 2023
September 24, 2023
August 6, 2023

അപഹസിക്കപ്പെട്ട ജനാധിപത്യം

സുരേന്ദ്രന്‍ കുത്തനൂര്‍
സ്വേച്ഛാധിപത്യം നല്‍കുന്ന ഗ്യാരന്റി- 2
March 26, 2024 4:30 am

ഇന്ത്യൻ ജനാധിപത്യം ഏറ്റവും ഭീതിദവും നിസഹായവുമായ ദശാസന്ധിയിലൂടെ കടന്നുപോവുകയാണ്. ഭരണപക്ഷം മാത്രമുള്ള ഒരു ഹിന്ദുത്വപാർലമെന്റ് എങ്ങനെ നിർമ്മിച്ചെടുക്കാമെന്ന് പാർലമെന്റിന്റെ 2023ലെ ശീതകാല സമ്മേളനത്തില്‍ മോഡിസർക്കാർ രാജ്യത്തിന് കാണിച്ചുതന്നു. പാർലമെന്റിനെയും ഭരണഘടനയെയും രാജകൊട്ടാരവും രാജകല്പനകളുമായി മാറ്റിക്കൊണ്ടിരിക്കുന്നു. വംശഹത്യചെയ്യപ്പെട്ട സമൂഹത്തെപ്പോലും ‘മൻ കി ബാത്തി‘ന്റെ പരസ്യമോഡലുകളായി മാറ്റി. ഒരു ഭരണകൂടം സ്വാഭാവികമായും നിർബന്ധിതമായും ചെയ്യേണ്ട അടിസ്ഥാന സൗകര്യവികസന പദ്ധതികളായ കുടിവെള്ളം, ശുചിത്വസൗകര്യം, പാചക ഇന്ധനം തുടങ്ങിയവ സ്ത്രീകൾക്കു വേണ്ടിയുള്ള വലിയ ഭരണ നേട്ടങ്ങളാണെന്ന് അവകാശപ്പെട്ടുകൊണ്ട് മോഡി സ്വയം പ്രഖ്യാപിക്കുന്ന അല്പത്തരത്തിന് കയ്യടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്യുന്നവരെ ഇപ്പോള്‍ കേരളത്തിലും കാണുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ മോഡി ഭജനയാക്കി മാറ്റിയ ചാനല്‍ റിപ്പോർട്ടിങ് പാലക്കാടും പത്തനംതിട്ടയിലും തൃശൂരും നമ്മള്‍ കണ്ടു.

മോഡി എന്ന ഒരു ‘കള്‍ട്ട് ഫിഗര്‍’ (ഒരുവിഭാഗം ജനങ്ങളില്‍ ഭക്തിയുണര്‍ത്തുന്നയാള്‍) കെട്ടിപ്പടുക്കാനുള്ള പ്രചാരണമാണ് ഭരണകൂടത്തെ ഉപയോഗിച്ച് ഹിന്ദുത്വ പരിവാര്‍ നടത്തുന്നത്. പൊതുസ്ഥാപനങ്ങളെ ഉപയോഗിച്ചാണ് ഭരണകൂടം ഇത് ചെയ്യുന്നത്. കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ നിരവധി മാര്‍ഗങ്ങളിലൂടെ പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയത് അതിന്റെ ഭാഗമാണ്. തൊഴില്‍മേളകളിലും റേഷന്‍കടകളിലും പോലും സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കുമ്പോഴും അവരുടെ ലക്ഷ്യം മറ്റാെന്നല്ല. നരേന്ദ്ര മോഡിയുടെ ചിത്രത്തിനൊപ്പം സെല്‍ഫിയെടുക്കാനുള്ള പോയിന്റുകള്‍ സ്റ്റേഷനുകളില്‍ സ്ഥാപിക്കാന്‍ സെന്‍ട്രല്‍ റെയില്‍വേ മാത്രം ധൂര്‍ത്തടിച്ചത് 1.62 കോടി രൂപയാണെന്ന് വിവരാവകാശം വഴി പുറത്തുവന്നിരുന്നു. താല്‍ക്കാലികമായി സ്ഥാപിച്ച സെല്‍ഫി ബൂത്തുകളില്‍ ത്രീഡി സാങ്കേതിക വിദ്യയില്‍ തയ്യാറാക്കിയ ചിത്രം സ്ഥാപിക്കാന്‍ 6.25 ലക്ഷം രൂപയാണ് ഓരോ ബൂത്തിനും അനുവദിച്ചത്. തന്റെ ചിത്രം പതിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് പണം തരില്ല എന്ന് മോഡി പറഞ്ഞ പാവപ്പെട്ടവര്‍ക്കുള്ള പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലെ വീടുകള്‍ക്ക് കേവലം 72,000 മുതല്‍ 1,20,000 വരെ മാത്രമാണ് കേന്ദ്രം നല്‍കുന്നത് എന്ന് കൂടി ഓര്‍ക്കണം.


ഇതുകൂടി വായിക്കൂ:ഭരണഘടന പരണത്ത് വയ്ക്കുമ്പോൾ


നരേന്ദ്ര മോഡിയുടെ ചിത്രങ്ങളുള്ള സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കണമെന്ന് രാജ്യത്തെ എല്ലാ സര്‍വകലാശാലകളോടും കോളജുകളോടും നിര്‍ദേശിച്ചത് യുജിസി (യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍) യാണ്. വിവിധ മേഖലകളില്‍ രാജ്യം സ്വന്തമാക്കിയ നേട്ടങ്ങള്‍ കൂടുതല്‍ യുവാക്കളിലേക്കെത്തിക്കാനാണ് സെല്‍ഫി പോയിന്റുകള്‍ എന്നും യുജിസി പറഞ്ഞു. ഇത്തരം പ്രചരണങ്ങള്‍ നടത്തണമെന്ന് അക്കാദമിക് സ്ഥാപനങ്ങളോട് ആവശ്യപ്പെടാന്‍ സര്‍ക്കാരിനോ യുജിസിക്കോ അധികാരമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ചന്ദ്രയാന്‍ പാേലുള്ള ഐഎസ്ആര്‍ഒയുടെ നേട്ടങ്ങള്‍ പോലും പ്രധാനമന്ത്രിക്ക് ചാര്‍ത്തിക്കൊടുക്കാന്‍ വെമ്പുന്ന ഉദ്യോഗസ്ഥവൃന്ദത്തെയും രാജ്യം കണ്ടു. അതിദരിദ്രര്‍ അരിയും ഗോതമ്പും വാങ്ങുന്ന റേഷൻ കടകൾക്കു മുന്നിൽ കേന്ദ്ര സർക്കാരിന്റെ ചിഹ്നവും പ്രധാനമന്ത്രിയുടെ ചിത്രവും പതിപ്പിച്ച ബാനർ കെട്ടണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടതും വിചിത്രം.

തിരഞ്ഞെടുത്ത 20,000 റേഷൻ കടകൾക്കു മുന്നിൽ ബാനറിനു സമീപം സെൽഫി പോയിന്റും ഒരുക്കാന്‍ നിര്‍ദേശിച്ചു. മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് 10 കിലോ സാധനങ്ങൾ കൊണ്ടുപോകാനുള്ള സഞ്ചിയില്‍ പോലും പ്രധാനമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്യപ്പെട്ടു. ഈ പരിഷ്കാരം നടപ്പാക്കില്ലെന്ന് തീരുമാനിച്ച അപൂര്‍വം സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എല്ലാ നേട്ടങ്ങള്‍ക്കും ഉത്തരവാദി താന്‍ മാത്രമാണെന്ന സൂക്ഷ്മമായ ധാരണ സൃഷ്ടിക്കുകയാണ് മേല്പറഞ്ഞ നടപടികളുടെയെല്ലാം ലക്ഷ്യം. അതിന്റെ മറ്റൊരു വശമാണ് മോഡിയെ വിമര്‍ശിക്കുന്നത് ‘രാജ്യദ്രോഹ’മാണ് എന്ന രീതിയിലുള്ള നടപടികള്‍. മോഡി ഭരണത്തിലെത്തിയതിനുശേഷം രാജ്യദ്രോഹക്കേസുകള്‍ കുത്തനെ വര്‍ധിച്ചത് ഇങ്ങനെയാണ്. അപകീര്‍ത്തി കേസുകളുടെ എണ്ണത്തിലും കുതിച്ചുചാട്ടമുണ്ടായി. വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കാണരുത് എന്ന് സുപ്രീം കോടതി പല തവണ കേന്ദ്ര സര്‍ക്കാരിനോട് ഉപദേശിച്ചിട്ടുള്ളതാണ്. പക്ഷേ താനാണ് രാജ്യമെന്ന ചിന്തയില്‍ വിയോജനത്തിന് ഇടമില്ലല്ലോ. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണാടകയിലെ കോലാറില്‍ പ്രസംഗത്തിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ രണ്ടുവര്‍ഷം തടവ് വിധിച്ചതും ഞൊടിയിടയില്‍ അദ്ദേഹത്തിന്റെ സഭാഗംത്വം റദ്ദ് ചെയ്തതും ഒരുദാഹരണം മാത്രമാണ്.


ഇതുകൂടി വായിക്കൂ:ഭരണഘടന പരണത്ത് വയ്ക്കുമ്പോൾ


കേസില്‍ രാഹുലിന്റെ അപ്പീല്‍ തള്ളിക്കൊണ്ട് ഗുജറാത്ത് ഹെെക്കോടതി നടത്തിയ പരാമര്‍ശം മോഡിയെന്ന ഭരണാധികാരി, നീതിപീഠത്തെയുള്‍പ്പെടെ എങ്ങനെ വര്‍ഗീയവല്‍ക്കരിച്ചുവെന്നതിന്റെ നേര്‍സാക്ഷ്യമാണ്. ”ഇപ്പോൾ ശിക്ഷ വിധിച്ച കേസിനുശേഷവും രാഹുലിനെതിരെ കേസുകൾ ഫയൽ ചെയ്യപ്പെട്ടിരിക്കുന്നു. രാഷ്ട്രീയത്തിൽ സംശുദ്ധി പുലർത്തണം. കേംബ്രിഡ്ജിൽ വച്ച് വീർ സവർക്കറിനെതിരെ പരാമർശങ്ങൾ നടത്തി. അതിനെതിരെ സവർക്കറുടെ ചെറുമകൻ പൂനെ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. രാഹുലിനെ കുറ്റക്കാരനായി ശിക്ഷിച്ചത് നീതിയുക്തവും ശരിയായതുമാണ്” എന്നായിരുന്നു ജഡ്ജി ഹേമന്ത് പ്രച്ഛക് നടത്തിയ പരാമര്‍ശം. ഒരിക്കല്‍ നരേന്ദ്ര മോഡിയുടെ വിശ്വസ്തനായിരുന്ന മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പുല്‍വാമ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയതോടെ അദ്ദേഹത്തിനെതിരെ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹിയിലെ വസതിയിലടക്കം വിവിധ കേന്ദ്രങ്ങളില്‍ സിബിഐ പരിശോധന നടത്തി. പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് കാരണമായത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വീഴ്ചയാണെന്ന, പൊതുസമൂഹം നേരത്തെ ഉയര്‍ത്തിയ സംശയം തുറന്നുപറയുകയായിരുന്നു സത്യപാല്‍ മാലിക്. ഇത് പുറത്തുപറയരുതെന്ന് നിര്‍ദേശമുണ്ടായിരുന്നുവെന്നും സര്‍ക്കാരിനും ബിജെപിക്കും തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുന്ന രീതിയില്‍ ഇതിനെ ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഒരു പരിപാടിക്കിടെ മോഡിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് മുൻ കോൺഗ്രസ് എംപി വിർജി തുമ്മറിനെതിരെ കേസെടുത്തത് 2023 ഡിസംബറിലാണ്. അതേവര്‍ഷം ഫെബ്രുവരിയിൽ അഡാനിയുടെ ഓഹരി തട്ടിപ്പ് സംബന്ധിച്ച ഹിൻഡൻബർ​ഗ് റിപ്പോർട്ട് കത്തിനിൽക്കെ, ‘നരേന്ദ്ര ഗൗതം ദാസ് മോഡി’ എന്ന പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരക്കെതിരെ അസമിലും യുപിയിലും കേസ് രജിസ്റ്റർ ചെയ്തു. അസം പൊലീസ് പവൻ ഖേരയെ ഡൽഹിയില്‍ വിമാനത്തിൽനിന്നിറക്കി അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു. മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സർക്കാരിന് എതിരെയുള്ള വസ്തുതകള്‍ പുറത്തുവിട്ടതിന് സിപിഐ നേതാവ് ആനി രാജയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത് കഴിഞ്ഞവര്‍ഷം ജൂലെെയിലാണ്. മണിപ്പൂരിലേത് സർക്കാർ സ്പോൺസേഡ് കലാപമാണ് എന്ന് ആരോപിച്ചതിനാണ് കേസ്.


ഇതുകൂടി വായിക്കൂ:വീണ്ടെടുക്കണം ഭഗത് സിങ്ങിന്റെ ഇന്ത്യയെ


മണിപ്പൂർ മുഖ്യമന്ത്രിയുടെ രാജിക്കെതിരെ മെയ്തി വിഭാഗം വനിതകൾ നടത്തിയ പ്രതിഷേധം നാടകം ആയിരുന്നുവെന്ന പരാമർശത്തിനെതിരെയും കേസെടുത്തു. ആക്ടിവിസ്റ്റുകളായ നിഷ സിദ്ദു, ദീക്ഷ ദ്വിവേദി എന്നിവർക്കെതിരെയും രാജ്യദ്രോഹത്തിന് കേസ് രജിസ്റ്റർ ചെയ്തു. ശിവസേനയുടെ മുഖപത്രത്തില്‍ മോ​ഡിയെ അ​ധി​ക്ഷേ​പി​ച്ചെ​ന്നാ​രോ​പി​ച്ച്​ ഉ​ദ്ധ​വ്​ താ​ക്ക​റെ വിഭാഗം ശി​വ​സേ​ന നേ​താ​വ്​ സ​ഞ്ജ​യ് റൗട്ട് എംപിക്കെതിരെയും കേ​സുണ്ട്. ഉത്തര്‍പ്രദേശ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സച്ചിൻ ചൗധരിക്കെതിരെ 2023 ഏപ്രിലില്‍ കേസെടുത്തതും നരേന്ദ്ര മോഡിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്ന ബിജെപിയുടെ പരാതിയിലാണ്. ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തില്‍ ‘മോഡി ഹഠാവോ ദേശ് ബച്ചാവോ’ എന്ന പോസ്റ്ററുകള്‍ പതിച്ച ഒട്ടേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. (അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.