23 December 2024, Monday
KSFE Galaxy Chits Banner 2

ജനാധിപത്യം ധ്വംസിക്കപ്പെടുന്ന പാര്‍ലമെന്റ്

Janayugom Webdesk
December 1, 2021 5:00 am

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ച തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഏതാനും വാക്കുകള്‍ ദേശീയ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. എല്ലാ പ്രശ്‌നങ്ങളെയും ചോദ്യങ്ങളെയും ശീതകാല സമ്മേളനത്തില്‍ അഭിമുഖീകരിക്കുവാന്‍ തയാറാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇരുസഭകളും ആരംഭിക്കുന്നതിന്റെ മുന്നോടിയായി കഴിഞ്ഞ ഞായറാഴ്ച വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ മാറിനിന്ന പ്രധാനമന്ത്രിയാണ് ഇതു പറഞ്ഞതെങ്കിലും അത് പതിരാകില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ചോദ്യങ്ങള്‍ അഭിമുഖീകരിക്കുവാന്‍ മാത്രമല്ല ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ അംഗീകരിക്കുവാന്‍ പോലും സന്നദ്ധമല്ലെന്നാണ് സഭാസമ്മേളനത്തിന്റെ ആദ്യദിനം തന്നെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളെയെല്ലാം നിരാകരിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിന്റെ പേരില്‍ നടപടികള്‍ ചട്ടപ്രകാരം നടത്താതെ സഭാസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു അന്ന് ചെയ്തതെങ്കില്‍ ശീതകാല സമ്മേളനത്തിന്റെ ആദ്യദിനം മുന്‍സമ്മേളനത്തിലെ പ്രതിഷേധത്തിന്റെ പേരില്‍ 12 അംഗങ്ങളെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്ന അസാധാരണ നടപടിയാണ് കൈക്കൊണ്ടത്. സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം, സിപിഐ(എം) നേതാവ് എളമരം കരീം, മറ്റു കക്ഷികളില്‍പ്പെട്ട ഫൂലോ ദേവി, ഛായ വര്‍മ്മ, റിപുന്‍ ബോറ, രാജാമണി പട്ടേല്‍, സെയ്ദ് നസീര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിങ്, പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായ്, ഡോല സെന്‍, ശാന്ത ഛേത്രി എന്നിവരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. ചട്ടം 256 പ്രകാരമാണ് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യുന്നതെന്നാണ് ഇതുസംബന്ധിച്ച പ്രമേയത്തില്‍ പറയുന്നത്. സഭയില്‍ ഭൂരിപക്ഷമുണ്ടോ എന്നുപോലും പരിശോധിക്കാതെയാണ് ഈ പ്രമേയം അംഗീകരിച്ച് നടപടി പ്രാബല്യത്തിലാക്കിയത്. ഈ ചട്ടമാകട്ടെ നടപ്പുസമ്മേളനങ്ങളെ ആസ്പദമാക്കിയുള്ള നടപടിയെയാണ് വിശദീകരിക്കുന്നത്. അംഗങ്ങളില്‍ നിന്ന് സഭാനടപടികള്‍ക്ക് ദോഷകരമാകുന്ന പ്രവൃത്തിയുണ്ടായാല്‍ തുടര്‍സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കുകയെന്നതായിരുന്നു കീഴ്വഴക്കം. സഭാസമ്മേളനത്തിന്റെ അവസാന ദിവസം നടന്ന പ്രതിഷേധത്തിന്റെ പേരിലുള്ള നടപടി ആ സമ്മേളന കാലയളവില്‍ മാത്രമാണ് ബാധകമാകുക എന്നര്‍ത്ഥം. എന്നാല്‍ പ്രസ്തുത ചട്ടത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് മുന്‍ സമ്മേളനത്തിലെ പ്രതിഷേധത്തിന്റെ പേരില്‍ അടുത്ത സമ്മേളനത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയെന്ന വിചിത്ര നടപടിയാണ് സ്വീകരിച്ചത്. സഭയ്ക്കകത്തും പുറത്തും ശക്തമായ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടുണ്ടെങ്കിലും ജനാധിപത്യവിരുദ്ധമായ നടപടി ന്യായീകരിക്കാനാവില്ല.
സഭാസമ്മേളനത്തിന്റെ ആദ്യദിവസം തന്നെയാണ് കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്ലിന് അംഗീകാരം നല്കിയത്. ഏത് നിയമമായാലും അംഗീകരിക്കേണ്ടത് ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണെന്ന സ്വാഭാവിക നടപടിക്കുപോലും നില്ക്കാതെയാണ് കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്‍ ഇരുസഭകളും അംഗീകരിച്ചത്.


ഇതുകൂടി വായിക്കാം; പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം പ്രക്ഷോഭകാലം 


സഭാതലം പ്രക്ഷുബ്ധമായിരുന്നുവെന്നത് ശരിയാണ്. അതുപക്ഷേ ബില്ലുകള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നുണ്ടായതാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതു സംബന്ധിച്ച നിയമം ചര്‍ച്ച ചെയ്യുന്നതിന് തയാറായിരുന്നുവെങ്കില്‍ അങ്ങനെയൊരു പ്രതിഷേധം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമായിരുന്നില്ല. പ്രതിപക്ഷ പ്രതിഷേധത്തിന്റെ പേരില്‍ ചര്‍ച്ചയ്ക്കുള്ള അവസരം നിഷേധിക്കുകയാണ് കേന്ദ്രം ചെയ്തത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് ഒരാഴ്ച മുമ്പ് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചിരുന്നതാണ്. കേന്ദ്രസര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ കര്‍ഷകരും അതിലൂടെ ജനസാമാന്യവും ഉയര്‍ത്തിയ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. അത് സഭാസമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടാല്‍ തങ്ങളുടെ മുഖംമൂടി വലിച്ചഴിക്കപ്പെടുമെന്ന് ബോധ്യമുള്ളതിനാലാണ് ചര്‍ച്ചയെ കേന്ദ്രം ഭയപ്പെട്ടത് എന്ന് വ്യക്തം. എല്ലാം ചര്‍ച്ച ചെയ്യുവാനും അഭിമുഖീകരിക്കുവാനും തയാറാണെന്ന് നരേന്ദ്രമോഡി വ്യക്തമാക്കിയ അതേദിനത്തില്‍ തന്നെയാണ് ജനാധിപത്യവിരുദ്ധമായ ഈ നടപടികള്‍ ഉണ്ടായത്. ഇതിന് പുറമേ കഴിഞ്ഞ സമ്മേളനത്തിലെന്നതുപോലെ അംഗങ്ങളുടെ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‌കേണ്ടതില്ലെന്ന നിര്‍ദ്ദേശം കേന്ദ്രം നല്കിയെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. മുന്‍ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കിയ പെഗാസസ് വിഷയത്തിലും കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ സഹായിച്ച പ്രവാസികളെ തിരിച്ചയച്ചതുസംബന്ധിച്ചുമുള്ള ചോദ്യങ്ങള്‍ക്കും ഉത്തരം നല്‌കേണ്ടതില്ലെന്നാണ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. പെഗാസസ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒളിച്ചുകളി മനസിലാക്കിയ സുപ്രീംകോടതി അന്വേഷണത്തിന് പ്രത്യേക സംവിധാനം തന്നെ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പരമോന്നത കോടതിയുടെ ഈ തീരുമാനം കേന്ദ്ര സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണ്. അതുപോലും പരിഗണിക്കാതെയാണ് പെഗാസസ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്ന് പറഞ്ഞ് അംഗങ്ങളുടെ അവകാശനിഷേധത്തിന് കേന്ദ്രം കൂട്ടുനില്ക്കുന്നത്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് ചര്‍ച്ച ചെയ്യുവാനോ ചോദ്യമായി ഉന്നയിക്കുവാനോ അനുവദിക്കില്ലെന്ന നിലപാട് ഏകാധിപത്യത്തിന്റേതു തന്നെയാണ്. ജനങ്ങളുടെയും അവരുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെയും അവകാശനിഷേധത്തിലൂടെ ഏകാധിപത്യത്തിന്റെയും ചോദ്യങ്ങളെ ഭയക്കുന്ന ജനാധിപത്യവിരുദ്ധ സമീപനങ്ങളുടെയും കൂടാരമാണ് ബിജെപി സര്‍ക്കാരെന്നാണ് ഒരിക്കല്‍കൂടി തെളിയിക്കപ്പെടുന്നത്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.