26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 7, 2024
December 5, 2024
December 2, 2024
November 29, 2024
November 25, 2024
October 28, 2024
October 27, 2024
August 17, 2024
August 8, 2024

ജനാധിപത്യക്കശാപ്പ്

Janayugom Webdesk
ന്യൂഡൽഹി
November 29, 2021 11:08 pm

രാജ്യസഭയിലെ മുന്‍ സമ്മേളനത്തിലുണ്ടായ പ്രതിഷേധത്തിന്റെ പേരിൽ സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം, സിപിഐ (എം) നേതാവ് എളമരം കരീം എന്നിവരുള്‍പ്പെടെ 12 പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ സമ്മേളനത്തിന്റെ അവസാന ദിവസമായ ഓഗസ്റ്റ് 11 ന് ഇന്‍ഷുറന്‍സ് ബില്ലിനെതിരെ രാജ്യസഭയിൽ നടന്ന പ്രതിഷേധത്തിന്റെ പേരിലാണ് അസാധാരണവും ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയുമുള്ള നടപടി.

ഒരു സമ്മേളന കാലപരിധിയിലായിരിക്കണം അംഗങ്ങള്‍ക്കെതിരായ നടപടി എന്നാണ് പാര്‍ലമെന്റ് ചട്ടം 256 ല്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇത് മറികടന്നുകൊണ്ടാണ് വര്‍ഷകാല സമ്മേളനത്തിലുണ്ടായ പ്രതിഷേധത്തിന്റെ പേരില്‍ നടപ്പുസമ്മേളനത്തില്‍ 12 എംപിമാരെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. പാര്‍ലമെന്റ് ചരിത്രത്തില്‍ തന്നെ ഇത് ആദ്യ സംഭവമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രതിഷേധത്തിനിടെ വനിതാ എംപിമാര്‍ക്കടക്കം ക്രൂരമായ മര്‍ദ്ദനമേറ്റിരുന്നു. ടിവി സംപ്രേഷണവും കാമറകളും നിര്‍ത്തിവച്ച ശേഷം എംപിമാരെ സുരക്ഷാജീവനക്കാര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവത്തില്‍ എംപിമാരുടെ സമിതിയെ രാജ്യസഭാധ്യക്ഷന്‍ അന്വേഷണത്തിന് നിയോഗിച്ചെങ്കിലും ഭരണ ഭൂരിപക്ഷത്തിന്റെ പേരില്‍ പ്രതിപക്ഷം സഹകരിച്ചിരുന്നില്ല. എന്നാല്‍ എംപിമാർ സഭയുടെ അന്തസിനു നിരക്കാത്തവിധത്തിലുള്ള പ്രവർത്തികൾ ചെയ്തുവെന്നാണ് സസ്പെന്‍ഷന്‍ പ്രമേയത്തില്‍ പറയുന്നത്.

കോണ്‍ഗ്രസ് എംപിമാരായ ഫൂലോ ദേവി നേതാം, ഛായ വര്‍മ്മ, ആര്‍ ബോറ, രാജാമണി പട്ടേല്‍, സെയ്ദ് നസീര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിങ്, ശിവസേന എംപിമാരായ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡോല സെന്‍, ശാന്ത ഛേത്രി എന്നിവരാണ് സസ്പെന്‍ഷന്‍ നടപടി നേരിട്ട മറ്റ് അംഗങ്ങള്‍.

ജനാധിപത്യ വിരുദ്ധമായ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇന്ന് യോഗം ചേര്‍ന്ന് അടുത്ത നടപടികള്‍ തീരുമാനിക്കുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശീതകാല സമ്മേളനം പൂര്‍ണമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്ക്കരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

കേന്ദ്രത്തിന് ഏകാധിപത്യ സ്വഭാവം: ബിനോയ് വിശ്വം

 

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഏകാധിപത്യ സ്വഭാവം ഒരിക്കല്‍ കൂടി പുറത്തുവന്നിരിക്കുകയാണെന്നും എതിര്‍പ്പുകളെ അടിച്ചമര്‍ത്താനുള്ള നടപടികളുടെ ഭാഗമാണ് സസ്പെന്‍ഷനെന്നും ബിനോയ് വിശ്വം.

രാജ്യത്തെ പൗരന്മാരുടെ അവകാശത്തിനുവേണ്ടി ശബ്ദമുയര്‍ത്തുക ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണ്. ജനാധിപത്യവിരുദ്ധമായ ഇത്തരം നടപടികളിലൂടെ ജനങ്ങളുടെ സ്വരം അടിച്ചമര്‍ത്താമെന്നത് ഭരണകൂടത്തിന്റെ വ്യാമോഹമായി അവസാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

 

Eng­lish Sum­ma­ry: 12 oppo­si­tion MPs suspended

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.