24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

July 30, 2022
June 8, 2022
May 3, 2022
April 28, 2022
April 24, 2022
April 22, 2022
April 21, 2022
April 21, 2022
April 21, 2022
April 20, 2022

സുപ്രീം കോടതിയെ വെല്ലുവിളിച്ച് ഇടിച്ചുനിരത്തല്‍

റെജി കുര്യന്‍
ന്യൂഡല്‍ഹി
April 20, 2022 11:26 pm

സുപ്രീം കോടതിയുടെ ഉത്തരവിനെ വെല്ലുവിളിച്ച് ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ മുസ്‌ലിം വിഭാഗക്കാരുടെ വീടുകളും വ്യാപാരസ്ഥാപനങ്ങളും ഇടിച്ചുനിരത്തി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍. നിരാലംബരായ ജനങ്ങളുടെ ആകെയുണ്ടായിരുന്ന സമ്പാദ്യങ്ങള്‍ ഭരണകൂടത്തിന്റെ പ്രതികാരത്തില്‍ ഇല്ലാതായി.

മുസ്‌ലിം പള്ളിയും 20 വീടുകളും വ്യാപാരസ്ഥാപനങ്ങളും ബിജെപി ഭരിക്കുന്ന ഡല്‍ഹി നോര്‍ത്ത് മുനിസിപ്പല്‍ കോര്‍പറേഷന്‍ നിയമത്തെ വെല്ലുവിളിച്ച് പൊളിച്ചുനീക്കി. മോസ്കിന്റെ ഗേറ്റ് തകര്‍ത്ത അധികൃതര്‍ അനധികൃതമായി നിര്‍മ്മിച്ച ക്ഷേത്രം ഒഴിവാക്കുകയും ചെയ്തു. ഒമ്പത് ബുള്‍ഡോസറുകളാണ് രാവിലെ 9.30 ഓടെ 1500 പൊലീസുകാരുടെ അകമ്പടിയോടെ എത്തിയത്.

ഇന്നലെ രാവിലെ സുപ്രീം കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ വിഷയം കോടതിയുടെ അടിയന്തര ശ്രദ്ധയില്‍പ്പെടുത്തി. കേസ് ഇന്ന് പരിഗണിക്കാമെന്നും അതുവരെ തല്‍സ്ഥിതി തുടരണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഇടിച്ചുനിരത്തല്‍ വീണ്ടും രണ്ടു മണിക്കൂര്‍ തുടര്‍ന്നു.

ഉത്തരവ് ഇറങ്ങിയശേഷവും പൊളിക്കല്‍ നടപടി തുടര്‍ന്നതോടെ ഇക്കാര്യം ദാവെ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നു. ഇതോടെ പൊളിച്ചുനീക്കല്‍ നടപടി നിര്‍ത്തിവയ്ക്കണമെന്ന് എന്‍ഡിഎംസി മേയറെയും കമ്മിഷണറെയും പൊലീസ് കമ്മിഷണറെയും അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

ഇടിച്ചു നിരത്തല്‍ തടയാന്‍ ശ്രമിച്ച സിപിഐ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. അതിനിടെ സിപിഐ (എം) നേതാവ് ബൃന്ദാ കാരാട്ട് വിധിയുടെ പകര്‍പ്പുമായി നേരിട്ടെത്തി. കോടതി ഉത്തരവ് ലഭിച്ചതിനുശേഷം പൊളിക്കല്‍ നിര്‍ത്തിവച്ചു.

സുപ്രീം കോടതി ഉത്തരവ് ലംഘിച്ചതിന് ജഹാംഗിര്‍പുരിയിലെ ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ പൗരസമിതിക്കും പൊലീസിനും ഡല്‍ഹി ചീഫ് സെക്രട്ടറിക്കും വക്കീല്‍ നോട്ടീസ് അയച്ചു. ഹനുമാൻ ജയന്തി ശോഭയാത്രക്കിടെ രണ്ടു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ ജഹാംഗീർ പുരിയിൽ പ്രതികാര നടപടിയായാണ് അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെയെന്ന പേരില്‍ ഒഴിപ്പിക്കല്‍ തുടങ്ങിയത്.

 

ഒഴിപ്പിക്കല്‍ നിയമവിരുദ്ധം

ജഹാംഗിര്‍പുരിയിലെ ഒഴിപ്പിക്കല്‍ നടപടികള്‍ നിയമ, ഭരണഘടനാ വിരുദ്ധമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു അറിയിപ്പും നൽകാതെയാണ് നടപടി ഉണ്ടായതെന്ന് ഭരണകൂടത്തിന്റെ പ്രതികാര നടപടിക്കിരയായവര്‍ പറയുന്നു. മുനിസിപ്പൽ കോർപറേഷൻ നിയമപ്രകാരം കുറഞ്ഞത് അഞ്ച് ദിവസം മുമ്പെങ്കിലും നോട്ടീസ് നൽകണം. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് പൊളിക്കൽ ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നതെങ്കിലും കോടതിയിൽ പോകുന്നുവെന്ന് അറിഞ്ഞതിനാല്‍ രാവിലെ ഒമ്പതുമണി മുതല്‍ നടപടി ആരംഭിക്കുകയായിരുന്നു.

 

സിപിഐ അപലപിച്ചു

കെട്ടിച്ചമച്ച കാരണങ്ങളുടെ അടിസ്ഥാനത്തില്‍ പാവപ്പെട്ടവരുടെ വീടുകളും കടകളും തകര്‍ത്ത ബിജെപി ഭരണസമിതിയുടെ നടപടിയെ സിപിഐ ഡല്‍ഹി ഘടകം ശക്തമായി അപലപിച്ചു. ബിജെപി ഡല്‍ഹി ഘടകം നേതാവ് നല്‍കിയ നിര്‍ദേശ പ്രകാരമാണ് ജഹാംഗീര്‍പുരിയിലേക്ക് ബുള്‍ഡോസറുകള്‍ നീങ്ങിയത്.

വിലക്കയറ്റം ഉള്‍പ്പെടെ സാധാരണക്കാരന്റെ വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനുള്ള മനപ്പൂര്‍വമായ ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. ദേശവ്യാപകമായി വര്‍ഗീയ കലാപങ്ങളും അക്രമവും അഴിച്ചുവിടാനുള്ള ബിജെപി അജണ്ടയുടെ ഭാഗമാണ് ബുള്‍ഡോസര്‍ ആക്രമണമെന്നും സിപിഐ ഡല്‍ഹി ഘടകം കുറ്റപ്പെടുത്തി.

 

പൊളിക്കല്‍ അമിത് ഷായുമായി ചര്‍ച്ചയ്ക്കു ശേഷം

 

പൊളിക്കല്‍ നടപടികള്‍ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് ഡല്‍ഹിയിലെ ബിജെപി നേതാക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ഡൽഹി ബിജെപി അധ്യക്ഷൻ ആദേശ് ഗുപ്ത, രമേഷ് ബിദുരി എംപി, രാം ബിദുരി എംഎല്‍എ, മുതിര്‍ന്ന നേതാവ് മനീന്ദര്‍ സിങ് സിര്‍സ എന്നിവരാണ് കൂടിക്കാഴ്ചയിലുണ്ടായിരുന്നത്.

ജഹാംഗിർപുരി അക്രമത്തിൽ അറസ്റ്റിലായവരുടെ ‘അനധികൃത കയ്യേറ്റം’ കണ്ടെത്തി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ആദേശ് ഗുപ്തയാണ് കോർപറേഷൻ മേയർക്ക് ആദ്യം കത്തെഴുതിയത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സമ്മതവും ഭരണകൂട ക്രൂരതയ്ക്ക് ഉണ്ടായിരുന്നുവെന്നാണ് സൂചനകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.