പൊതുവിതരണ സംവിധാനത്തിലൂടെ കേരളം നല്കിപ്പോന്ന ഗോതമ്പിന്റെയും മണ്ണെണ്ണയുടെയും വിഹിതം വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടി കേരളത്തിലെ പൊതുവിതരണ സംവിധാനത്തിനും ജനജീവിതത്തിനും സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്കും കനത്ത തിരിച്ചടിയായി മാറിയിരിക്കുന്നു. അഭൂതപൂർവമായ നാണ്യപ്പെരുപ്പത്തിന്റെയും ഭക്ഷ്യവിലക്കയറ്റത്തിന്റെയും കാലത്ത് കേന്ദ്രസർക്കാരിന്റെ നടപടി സാധാരണക്കാരുടെയും പട്ടിണിപ്പാവങ്ങളുടെയും ജീവിതത്തെ ദുരിതക്കയത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. രാജ്യത്ത് ആദ്യമായി നിയമാനുസൃത സാർവത്രിക ഭക്ഷ്യ പൊതുവിതരണം നടപ്പിലായ സംസ്ഥാനമാണ് കേരളം. 1940 കളിൽത്തന്നെ ഭക്ഷ്യക്കമ്മി നേരിട്ടിരുന്ന കേരളത്തിൽ ന്യായമായ ഭക്ഷ്യ പൊതുവിതരണ സംവിധാനത്തിനുവേണ്ടി ജനകീയ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. ശക്തമായ സമരങ്ങളെ തുടർന്ന് തുടക്കത്തിൽ ബ്രിട്ടീഷ് മലബാറിലും തുടർന്ന് തിരുവിതാംകൂറിലും കൊച്ചിയിലും പരിമിതമായ തോതിലെങ്കിലും സ്വാതന്ത്ര്യത്തിനു മുൻപുതന്നെ റേഷൻ സമ്പ്രദായം ആരംഭിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം റേഷൻ സംവിധാനത്തെ നിരീക്ഷിക്കാൻ ജനകീയ കമ്മിറ്റികൾ പോലും നിലവിൽവന്നു. കേന്ദ്രസഹായം കൂടാതെ കേരളത്തിന്റെ ഭക്ഷ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവില്ല എന്നതുകൊണ്ട് അതിനുവേണ്ടിയുള്ള സമരങ്ങൾ ശക്തമായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന സമരങ്ങളാണ് 1965 ഓടെ ഇന്നത്തെ നിയമാനുസൃത സാർവത്രിക ഭക്ഷ്യ പൊതുവിതരണ സംവിധാനത്തിന് വഴിതുറന്നത്. കൂടുതൽ കേരളീയർ ഇടതുപക്ഷത്തേക്ക് നീങ്ങുന്നത് തടയുക എന്ന ഗൂഢലക്ഷ്യവും അന്നത്തെ കേന്ദ്ര ഭരണാധികാരികൾക്ക് ഉണ്ടായിരുന്നു.
ഭക്ഷ്യക്കമ്മി സംസ്ഥാനമായ കേരളത്തെ വിലക്കയറ്റത്തിന്റെ പിടിയിൽനിന്നും ഒരുപരിധിവരെ സംരക്ഷിക്കാനും വിപണിവില ഗണ്യമായി നിയന്ത്രിച്ചു നിർത്താനും സാർവത്രിക റേഷനിങ് സംവിധാനം സഹായകമായിരുന്നു. എൺപതുകളിൽ അധികാരത്തിലേറിയ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരൻനായർ ആവിഷ്കരിച്ച പൊതുവിതരണ ശൃംഖല വ്യാപകമായതോടെ ഭക്ഷ്യവസ്തുക്കളുടെ വിലനിയന്ത്രണവും ലഭ്യതയും വലിയൊരളവു വരെ ഉറപ്പുവരുത്താൻ സംസ്ഥാനത്തിന് കഴിഞ്ഞിരുന്നു. എന്നാൽ, രണ്ടാം യുപിഎ സർക്കാർ എതിർപ്പുകൾ അവഗണിച്ചു രൂപം നൽകിയതും തുടര്‍ന്ന് അധികാരത്തിൽ വന്ന നരേന്ദ്രമോഡി സർക്കാർ രാജ്യത്തിനുമേൽ അടിച്ചേല്പിച്ചതുമായ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം റേഷനിങ്ങിന്റെയും ഭക്ഷ്യസുരക്ഷയുടെയും പ്രയോജനം എല്ലാവർക്കും ലഭ്യമാക്കുന്നതിന് പകരം അത് പരിമിതപ്പെടുത്തി. കേരളത്തിൽ അത് ജനസംഖ്യയിൽ 43 ശതമാനത്തിനു മാത്രമായി ഒതുക്കി. ബാക്കിവരുന്ന 57 ശതമാനം പേർക്ക് പ്രതിസന്ധിയെ മറികടക്കാനായി നല്കിപ്പോന്ന പരിമിത അളവിലുള്ള ഗോതമ്പ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നു. റഷ്യ‑ഉക്രെയ്ൻ സംഘർഷത്തിന്റെയും, വിള കുറവിന്റെയും പേരിലാണ് ഈ നടപടി. സൂക്ഷ്മ പരിശോധനയിൽ കേന്ദ്രസർക്കാരിന്റെ നയപരാജയവും ആസൂത്രണ വീഴ്ചയുമാണ് കാരണമെന്ന് കണ്ടെത്താനാവും. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള കരുതൽശേഖരം ശാസ്ത്രീയമായും യുക്തിഭദ്രമായും വിനിയോഗിക്കാൻ തയാറായാൽ പരിഹരിക്കാവുന്നതാണ് ഈ പ്രശ്നം.
പെട്രോളിയം ഉല്പന്നമായ മണ്ണെണ്ണയുടെ വിലക്കയറ്റത്തെക്കുറിച്ച് എണ്ണവിതരണ കമ്പനികൾക്കും കേന്ദ്രസർക്കാരുകൾക്കും അവരുടേതായ ന്യായീകരണങ്ങൾ നിരത്താൻ ഏറെയുണ്ടാവും. സർക്കാരിന്റെ വാദമുഖങ്ങൾ സാമ്പത്തിക വിദഗ്ധരും മാധ്യമങ്ങളും പ്രതിപക്ഷ പാർട്ടികളും പൊതുജനങ്ങളും ഒരുപോലെ തള്ളിക്കളഞ്ഞിട്ടുള്ളവയാണ്. സാധാരണക്കാരും പട്ടിണിപ്പാവങ്ങളുമായവരുടെമേൽ നികുതിഭാരം അടിച്ചേല്പിക്കുന്ന സാമ്പത്തികനയത്തിന് അറുതിവരുത്തി അതിസമ്പന്നരിൽനിന്നും വൻകിട കോർപറേറ്റുകളിൽനിന്നും മതിയായ നികുതി പിരിക്കാൻ കേന്ദ്രസർക്കാർ തയാറായാൽ നികുതി വരുമാനം വർധിപ്പിക്കാനും പാവപ്പെട്ടവരുടെമേലുള്ള നികുതിഭാരം കുറയ്ക്കാനും കഴിയും. മണ്ണെണ്ണയുടെ വിലയും അതിന്മേലുള്ള നികുതിഭാരവും തീരദേശത്തെ കോടാനുകോടി ജനങ്ങളെയാണ് പട്ടിണിയിലേക്കും തൊഴിലില്ലായ്മയിലേക്കും എടുത്തെറിഞ്ഞിരിക്കുന്നത്. 2020 ഏപ്രിലിൽ 22.26 രൂപയുണ്ടായിരുന്ന മണ്ണെണ്ണയുടെ വില ഇന്ന് 84 രൂപയ്ക്കു മുകളിൽ എത്തിനിൽക്കുന്നു. വലിയൊരുവിഭാഗം ജനതയുടെ ജീവിതമാർഗമാണ് കൊട്ടിയടയ്ക്കപ്പെടുന്നത്.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.