വേനല്‍ക്കാല ഡ്രൈവിങ്ങില്‍ മുന്നറിയിപ്പുമായി മോട്ടോര്‍വാഹന വകുപ്പ്. റോഡില്‍ കൂടുതല്‍ വാഹനങ്ങളും ആളുകളും ഉണ്ടാകും എന്നത് കൊണ്ട് രാത്രികാല ഉറക്കത്തെക്കാള്‍ അപകടകരമാണ് പകല്‍ സമയത്തെ മയക്കമെന്ന് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു. വേനല്‍ക്കാലത്തെ ഡ്രൈവിങ്ങില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പങ്കുവച്ച് കൊണ്ട് ഫേസ് ബുക്കിലൂടെയാണ് മോട്ടോര്‍ വാഹനവകുപ്പ് അപകട മുന്നറിയിപ്പ് നല്‍കിയത്.
ചൂടും പൊടിയും ശബ്ദ മലിനീകരണവും എല്ലാം ഡ്രൈവർക്കും യാത്രക്കാർക്കും വളരെയധികം ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാക്കാവുന്ന ഒന്നാണ്. ഉറക്കം, അമിത ക്ഷീണം, നിർജലീകരണം, മാനസിക പിരിമുറുക്കം, പുറംവേദന, കണ്ണിന് കൂടുതൽ ആയാസം സൃഷ്ടിക്കൽ എന്നിവയെല്ലാം സുരക്ഷിതമായ യാത്രയെ ബാധിക്കും. ദീർഘദൂര യാത്രകളിൽ ഇത് കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കും. ദാഹവും ശാരീരിക പ്രശ്നങ്ങളും മാത്രമല്ല ഹൈവേകളിൽ റോഡ് മരീചിക പോലെയുള്ള താൽക്കാലിക പ്രതിഭാസങ്ങളും ഡ്രൈവിങ് ദുഷ്കരമാക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
വാഹനവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളും മോട്ടോര്‍വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നു. റബ്ബർ ഭാഗങ്ങളും ടയറും വൈപ്പർ ബ്ലേഡുകളും ഫാൻ ബെൽറ്റും കൃത്യമായി പരിശോധിക്കുകയും ആവശ്യമെങ്കിൽ മാറ്റിയിടുകയും ചെയ്യുക. ടയർ എയർ പ്രഷർ കുറച്ചിടുക. റേഡിയേറ്റർ കൂളന്റിന്റെ അളവ് ഇടയ്ക്കിടെ പരിശോധിക്കുക, കഴിയുന്നതും വാഹനങ്ങൾ തണലത്ത് പാർക്ക് ചെയ്യാൻ ശ്രദ്ധിക്കുക. വെയിലത്ത് പാർക്ക് ചെയ്യേണ്ടി വരുന്ന സന്ദർഭങ്ങളിൽ നേരിട്ട് വെയിൽ ഡാഷ്ബോർഡിൽ കൊള്ളാത്ത രീതിയിൽ പാർക്ക് ചെയ്യുക. പാർക്ക് ചെയ്യുമ്പോൾ ഡാഷ് ബോർഡ് സൺ പ്രൊട്ടക്ഷൻ ഷീൽഡ് ഘടിപ്പിക്കുന്നത് നല്ലതാണ്.
പാർക്ക് ചെയ്യുമ്പോൾ ഡോർ ഗ്ലാസ് അല്പം താഴ്ത്തി ഇടുകയും വൈപ്പർ ബ്ലേഡ് ഉയർത്തി വയ്ക്കുകയും ചെയ്യുക. ഉണങ്ങിയ ഇലകളുള്ളതോ മറ്റ് തീപിടിത്ത സാധ്യതയുള്ള സ്ഥലങ്ങളിലോ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക. വെയിലത്ത് നിർത്തിയിട്ടുള്ള വാഹനങ്ങളിൽ ഉണ്ടാകാവുന്ന ആരോഗ്യത്തിന് ഹാനികരമായ വാതകങ്ങൾ പുറന്തള്ളുന്നതിനായി യാത്ര ആരംഭിക്കുന്ന സമയത്ത് ഗ്ലാസ് താഴ്ത്തിയിടുകയും കാലുകളിലേക്ക് വായു സഞ്ചാരം വരുന്ന രീതിയിൽ ഫാൻ ക്രമീകരിക്കുകയും അല്പദൂരം വാഹനം ഓടിയതിനു ശേഷം മാത്രം എസി ഓൺ ചെയ്യുകയും ഗ്ലാസ് കയറ്റിയിടുകയും ചെയ്യുക. പെറ്റ് ബോട്ടിലുകളിലും ഗ്ലാസ് ബോട്ടിലുകളിലും വെള്ളം വാഹനത്തിൽ സൂക്ഷിക്കാതിരിക്കുക. ഡാഷ്ബോർഡിൽ വെയിൽ നേരിട്ട് കൊള്ളുന്ന രീതിയിൽ ഇങ്ങനെ സൂക്ഷിക്കുന്നത് പ്രിസം എഫക്ട് മൂലം തീപിടിത്തത്തിന് സാധ്യത ഉണ്ടാക്കും. ബോട്ടിലുകളിൽ ഇന്ധനം വാങ്ങി സൂക്ഷിക്കുന്നത് നിർബന്ധമായും ഒഴിവാക്കുക. തീപിടിത്തത്തിന് സാധ്യതയുള്ള സാധനങ്ങൾ, സ്പ്രേകൾ, സാനിറ്റൈസർ എന്നിവ വാഹനത്തിൽ സൂക്ഷിക്കരുത്.
തണൽ തേടി നായകളോ മറ്റു ജീവികളോ പാർക്ക് ചെയ്ത വാഹനത്തിന്റെ അടിയിൽ അഭയം തേടാൻ ഇടയുള്ളതിനാല്‍ മുന്നോട്ട് എടുക്കുന്നതിന് മുമ്പ് നിർബന്ധമായും വാഹനത്തിന്റെ അടിഭാഗം ശ്രദ്ധിക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു.
English Summary: Department of Motor Vehicles warns against summer driving
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.