29 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 4, 2024
November 8, 2024
November 6, 2024
November 5, 2024
October 26, 2024
October 24, 2024
October 17, 2024
October 16, 2024
October 6, 2024

2.5 ലക്ഷം കോടി ചെലവഴിച്ചിട്ടും റയില്‍വേ വികസനം ഇഴയുന്നു

Janayugom Webdesk
ന്യൂഡൽഹി
April 18, 2022 6:18 pm

നവീകരണത്തിന്റെ പേരില്‍ അഞ്ചു വര്‍ഷത്തിനിടെ 2.5 ലക്ഷം കോടി രൂപ ചെലവഴിച്ചിട്ടും ട്രെയിനുകളുടെ വേഗം കൂട്ടാനും സമയനിഷ്ഠ മെച്ചപ്പെടുത്താനും ഇന്ത്യൻ റയിൽവേക്ക് കഴിഞ്ഞില്ലെന്ന് കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ റിപ്പോര്‍ട്ട്. 2016–17 ൽ നടപ്പാക്കിയ ‘മിഷൻ രഫ്താർ’ വഴിയാണ് 2.5 ലക്ഷം കോടി രൂപ ചെലവഴിച്ചത്. എന്നാല്‍ റയിൽവേ അതിന്റെ ‘ചലനാത്മക ഫലം’ മെച്ചപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് പാർലമെന്റിന്റെ മേശപ്പുറത്ത് വച്ച സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

2019–20 ൽ മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെയും ഗുഡ്സ് ട്രെയിനുകളുടെയും ശരാശരി വേഗത യഥാക്രമം 50.6 കിലോമീറ്ററും 23.6 കിലോമീറ്ററുമായിരുന്നു. ‘മിഷൻ രഫ്താറിന്റെ’ ഭാഗമായി, 2021–22 അവസാനത്തോടെ പാസഞ്ചർ ട്രെയിനുകളുടെ ശരാശരി വേഗത മണിക്കൂറിൽ 50 കിലോമീറ്ററിൽ നിന്ന് 75 ആയും ചരക്ക് വണ്ടികളുടെ വേഗത മണിക്കൂറിൽ 25 ൽ നിന്ന് 50 കിലോമീറ്ററായും വർധിപ്പിക്കാൻ റയിൽവേ വിഭാവനം ചെയ്തിരുന്നു.

എന്നാൽ, യാത്രാ ട്രെയിനുകളുടെ വേഗത സമാനമായി തുടരുകയും ചരക്ക് ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 23.6 കിലോമീറ്ററായി കുറയുകയുമാണ് ചെയ്തത്. കോവിഡ് മഹാമാരിക്ക് മുമ്പ് പൂർണ തോതില്‍ സര്‍വീസ് നടന്നിരുന്ന 2019–20 സാമ്പത്തിക വർഷത്തെ ട്രെയിനുകളെ അടിസ്ഥാനമാക്കിയാണ് സിഎജിയുടെ വിലയിരുത്തൽ.

എന്നാല്‍ യാത്രാ തീവണ്ടികള്‍ വർധിക്കുന്നതാണ് വേഗത കുറയുന്നതിന് കാരണമെന്ന് റയിൽവേ മന്ത്രാലയം പറയുന്നു. റയിൽവേ പ്രതിവർഷം ശരാശരി 200 ട്രെയിനുകൾ അവതരിപ്പിക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്‍ ആനുപാതികമായ വർധനയുണ്ടാകുന്നില്ലെന്നാണ് മന്ത്രാലയം സിഎജിക്ക് നൽകിയ മറുപടിയിൽ പറയുന്നത്. തീവണ്ടികളുടെ വേഗത കുറയുന്നത് ആശങ്കാജനകമാണെന്നും ഇത് മാറ്റിയില്ലെങ്കിൽ റയിൽവേ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരുമെന്നും വിദഗ്ധർ പറയുന്നു.

സ്രോതസ്സിനും ലക്ഷ്യത്തിനും ഇടയിൽ ട്രെയിൻ സഞ്ചരിക്കുന്ന സമയത്തെയും ദൂരത്തെയും അടിസ്ഥാനമാക്കിയാണ് രാജ്യത്ത് ഓടുന്ന 2,951 എക്സ്പ്രസ് ട്രെയിനുകളുടെ ശരാശരി വേഗത സിഎജി കണക്കാക്കിയത്. ഇതിൽ 2.1 ശതമാനം (62) മണിക്കൂറിൽ 75 കിലോമീറ്ററിൽ കൂടുതല്‍ വേഗത പാലിക്കുന്നു. എക്സ്പ്രസ് ട്രെയിനുകളിൽ ഭൂരിഭാഗത്തിന്റെയും (37%) ശരാശരി വേഗത മണിക്കൂറിൽ 55–75 കിലോമീറ്ററാണ്.

മണിക്കൂറിൽ ശരാശരി 40–50 കിലോമീറ്റർ വേഗതയുള്ള 933 ട്രെയിനുകൾ (31%). എന്നാല്‍ 269 (9.4%) എക്സ്പ്രസ് ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെയാണ്. ചില എക്സ്പ്രസ് ട്രെയിനുകളുടെ വേഗതയിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും അത് മറ്റ് പാസഞ്ചർ ട്രെയിനുകളുടെ വേഗത കുറയ്ക്കുന്നതിന്റെ ചെലവിലാണ് വന്നതെന്ന് സിഎജി ചൂണ്ടിക്കാട്ടി.

2012–13ൽ ഒരു എക്സ്പ്രസ് ട്രെയിന്‍ 1,000 കിലോമീറ്റർ താണ്ടാൻ 19.52 മണിക്കൂർ എടുക്കുമായിരുന്നെങ്കിൽ 2019–20ൽ അത് 19.47 മണിക്കൂറായി കുറഞ്ഞു. നോൺ‑എക്സ്പ്രസ് ട്രെയിനുകൾ 2012–13ൽ 1,000 കിലോമീറ്റർ പിന്നിടാൻ 27.37 മിനിറ്റ് എടുത്തിരുന്നത് 2019–20 ഓടെ 29.51 മണിക്കൂറായി. 2012–13 ൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റുകൾ 50 കിലോമീറ്റർ ദൂരം പിന്നിടാൻ ഒരു മണിക്കൂർ 13 മിനിറ്റ് എടുത്തത് 2019–20 ആയപ്പോഴേക്കും ആറ് മിനിറ്റ് കൂടുതലായി. കൂടാതെ, പ്രത്യേക ട്രാക്കുകളിൽ ഒരു ട്രെയിൻ ഓടാൻ അനുവദിക്കുന്ന പരമാവധി അനുവദനീയമായ വേഗത (എംപിഎസ്) വളരെക്കാലമായി അപ്ഡേറ്റ് ചെയ്തിട്ടില്ലെന്ന് ഓഡിറ്റ് ചൂണ്ടിക്കാട്ടുന്നു.

Eng­lish summary;Despite spend­ing Rs 2.5 lakh crore, rail­way devel­op­ment is drag­ging on

You may also like this video;

drag­ging

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.