22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 13, 2024
November 13, 2024
November 13, 2024
August 29, 2024
June 3, 2024
May 21, 2024
May 21, 2024
May 7, 2024
May 1, 2024

വികസന കുതിപ്പ്: നയരേഖയ്‌ക്ക്‌ എല്‍ഡിഎഫ് അംഗീകാരം

Janayugom Webdesk
തിരുവനന്തപുരം
January 13, 2023 11:20 pm

കേരളത്തിന്റെ വികസനത്തിന് കുതിപ്പേകുന്ന നയരേഖയ്‌ക്ക്‌ എല്‍ഡിഎഫിന്റെ അംഗീകാരം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് മുന്നോട്ട് വെച്ച മതനിരപേക്ഷ, അഴിമതിരഹിത, വികസിത കേരളം എന്ന സന്ദേശത്തെ അടിസ്ഥാനമാക്കിയുള്ള കര്‍മ്മ പരിപാടികള്‍ക്കാണ് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി അന്തിമ രൂപം നല്‍കിയത്. ഇതിനായി കേരള വികസനത്തിനുള്ള കാഴ്‌ചപ്പാട്‌ എന്ന നയരേഖ അംഗീകരിച്ചതായി കൺവീനർ ഇ പി ജയരാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സമഗ്ര വികസന കാഴ്‌ചപ്പാട്‌ എൽഡിഎഫ്‌ പ്രകടന പത്രികയിലും നയപ്രഖ്യാപന പ്രസംഗത്തിലുമൊക്കെ വ്യക്തമാക്കിയതാണ്‌. ഇവ ക്രോഡീകരിച്ച്‌ കാലോചിതമായി ഒരോ വകുപ്പിലും നടപ്പാക്കേണ്ട കർമ്മ പദ്ധതികളുടെ രൂപരേഖയാണ്‌ അംഗീകരിച്ചത്‌. പ്രഖ്യാപനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കി ജനങ്ങൾക്ക്‌ അനുഭവവേദ്യമാക്കാൻ യോഗം നിർദേശിച്ചു.

കാർഷിക, വ്യാവസായിക, ആരോഗ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക, ടൂറിസം മേഖലകളിലെല്ലാം വലിയ പുരോഗതിയാണ്‌ നയരേഖ ലക്ഷ്യമിടുന്നത്. പൊതുവിദ്യാഭ്യാസ മേഖലയിലെ ശാക്തീകരണം ഉന്നത വിദ്യാഭ്യാസ മേഖലയിലും ഉറപ്പാക്കും. എല്ലാവർക്കും ഇവിടെ പഠിക്കാൻ അന്താരാഷ്‌ട്ര നിലവാരത്തിൽ സൗകര്യമൊരുങ്ങും. ആദിവാസികളുടെയും മലയോര കർഷകരുടെയുമടക്കം അഭിവൃദ്ധിക്കായി കാർഷികരംഗത്ത്‌ വിപുല പദ്ധതികൾ ഏറ്റെടുക്കും. 20 ലക്ഷം അഭ്യസ്‌ത തൊഴിൽ ലക്ഷ്യത്തിനായി എല്ലാ മേഖലയെയും കൂട്ടിയിണക്കും. ക്ഷേമ പെൻഷൻ വിതരണത്തിലെ കൃത്യത നിലനിർത്താൻ കൂടുതൽ ശക്തമായി ഇടപെടും. വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ മുന്നോട്ട് വെച്ച പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കും. അങ്കണവാടികള്‍, ബാലവാടികള്‍ എന്നിവയുടെ പശ്ചാത്തല സൗകര്യം വിപുലീകരിക്കും. സര്‍ക്കാര്‍ താലൂക്ക് ആശുപത്രികളില്‍ നഴ്സിങ് സ്കൂൂളുകള്‍ ആരംഭിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കും.

നദികളിലും കായലുകളിലും ശുദ്ധജലം ഉറപ്പാക്കും. ജലസ്രോതസുകളെ കാത്തുസൂക്ഷിക്കും. പ്രവാസികളുടെ സംരക്ഷണം ഉറപ്പ് വരുത്താനും അവരുടെ ജീവിതം സുരക്ഷിതമാക്കുവാനും വേണ്ടിയുള്ള അടിസ്ഥാനപരമായ വികസന പദ്ധതികള്‍ അവരുടെ കൂടി സഹകരണത്തോടെ ആരംഭിക്കും. വയോജനങ്ങളുടെ സുരക്ഷിതകേന്ദ്രം കൂടുതല്‍ വിപുലീകരിക്കാനുള്ള നടപടികള്‍ ആരംഭിക്കും. ഗ്രന്ഥശാലകൾ, വായനശാലകൾ, ക്ലബ്ബുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയ വിപുലപ്പെടുത്തി ആരോഗ്യ, സാമൂഹിക, സാംസ്‌കാരിക രംഗത്ത്‌ പുതിയ മാറ്റത്തിന്‌ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര പ്രാധാന്യം നൽകും. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ ബോധവത്‌കരണവും സാമൂഹിക ഉയർച്ചസൃഷ്ടിച്ചെടുക്കൽ നടപടികളും ഇതിന്റെ ഭാഗമാകുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
ചരടുകളില്ലാത്ത വായ്‌പകളിലൂടെ നാടിന്റെ മുന്നേറ്റത്തിന്‌ പണം കണ്ടെത്താനുള്ള ശ്രമങ്ങൾക്കാണ്‌ കേന്ദ്രം തുരങ്കം വയ്‌ക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം ആകാം. ഇത് നയംമാറ്റം അല്ലെന്നും കാലോചിതമായ മാറ്റം ആണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായി.

വെള്ളക്കരം ലിറ്ററിന് ഒരു പൈസ കൂടും

തിരുവനന്തപുരം: വെള്ളക്കരം ഒരു ലിറ്ററിന് ഒരു പൈസ കൂട്ടാൻ ജല വകുപ്പിന് ഇടതു മുന്നണി അനുവാദം നൽകി. വാട്ടർ അതോറിറ്റി 2391 കോടി നഷ്ടത്തിൽ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് തീരുമാനം. ബിപിഎല്ലുകാർക്ക് വർധനവ് ബാധകമാകില്ല. ജലവിഭവ മന്ത്രിയുടെ ശുപാർശ യോഗം അംഗീകരിക്കുകയായിരുന്നു. ജല അതോറിറ്റിയെ കൂടുതൽ മെച്ചപ്പെടുത്താൻ ഈ തീരുമാനത്തിലൂടെ കഴിയുമെന്ന് ഇ പി ജയരാജൻ പറഞ്ഞു.
വർധന മാർച്ചിന് ശേഷം പ്രാബല്യത്തിൽ വരുമെന്ന് ജലവിഭവ വകുപ്പുമന്ത്രി റോഷി അ​ഗസ്റ്റിൻ അറിയിച്ചു.

Eng­lish Sum­ma­ry: Devel­op­ment leap: LDF approves pol­i­cy document

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.