29 September 2024, Sunday
KSFE Galaxy Chits Banner 2

രാജ്യസഭയില്‍ പുതിയ നിരീക്ഷണം

Janayugom Webdesk
ന്യൂഡല്‍ഹി
March 8, 2023 11:23 pm

രാജ്യസഭയില്‍ ചരിത്രത്തിലില്ലാത്ത നടപടിയുമായി ഉപരാഷ്ട്രപതി ജഗ്‌ദീപ് ധന്‍ഖര്‍. പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ പാര്‍ലമെന്ററി കമ്മിറ്റിയില്‍ നിയമിച്ചു. ജഗ്ദീപ് ധൻഖറിന്റെ എട്ട് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെയാണ് 20 രാജ്യസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ നിയമിച്ചിരിക്കുന്നത്. ഇവരില്‍ നാല് പേർ രാജ്യസഭാ അധ്യക്ഷന്റെ ഓഫിസിലും ബാക്കിയുള്ളവര്‍ ഉപരാഷ്ട്രപതി സെക്രട്ടേറിയറ്റിലും ജീവനക്കാരാണ്. വിവിധ കമ്മിറ്റികളിലെ പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും രാജ്യസഭാ സെക്രട്ടറി ജനറലിനെ അറിയിക്കുന്നതിനായാണ് ഈ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്.

രാജ്യസഭാ സെക്രട്ടേറിയറ്റ് തയ്യാറാക്കുന്ന പൊതുപാനലില്‍നിന്നാണ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കേണ്ടത്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ട് പുതിയ ഉദ്യോഗസ്ഥരെ ഉപരാഷ്ട്രപതിയുടെ സ്റ്റാഫില്‍നിന്ന് നിയമിക്കുകയായിരുന്നു. സ്‌പെഷ്യൽ ഡ്യൂട്ടി ഓഫിസര്‍മാരായ രാജേഷ് എൻ നായിക്, അഭ്യുദയ് സിങ് ഷെഖാവത്ത്, പ്രൈവറ്റ് സെക്രട്ടറി സുജീത് കുമാർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സഞ്ജയ് വർമ എന്നിവരാണ് ഉപരാഷ്ട്രപതിയുടെ ഓഫിസില്‍ നിന്ന് നിയമിച്ചിട്ടുള്ളവര്‍. സ്‌പെഷ്യൽ ഡ്യൂട്ടി ഓഫിസര്‍മാരായ അഖിൽ ചൗധരി, ദിനേഷ് ഡി, കൗസ്തുഭ് സുധാകർ ഭലേക്കർ പ്രൈവറ്റ് സെക്രട്ടറി അദിതി ചൗധരി എന്നിവരാണ് രാജ്യസഭാ അധ്യക്ഷന്റെ ഓഫിസില്‍ നിന്നുള്ളവര്‍. ഉപരാഷ്ട്രപതിയുടെ നടപടിക്കെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്.

വിചിത്ര നടപടിയെന്നാണ് ഇതിനെ പ്രതിപക്ഷം വിശേഷിപ്പിച്ചത്. വിവിധ സമിതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനാണ് പുതിയ നടപടിയെന്നും നിലവിലെ സംവിധാനത്തിൽ അദ്ദേഹത്തിന് വിശ്വാസമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ചുമതലയേറ്റതുമുതല്‍ ഭരണകക്ഷിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന രാജ്യസഭാ അധ്യക്ഷനെതിരെ കടുത്ത വിമര്‍ശനമാണ് നിലവിലുള്ളത്. അഡാനി വിഷയത്തിൽ ചർച്ചയാവശ്യപ്പെട്ട്‌ പ്രതിഷേധിച്ച 12 പ്രതിപക്ഷ എംപിമാർക്കെതിരെ അന്വേഷണം നടത്താൻ പ്രിവിലേജ്‌ കമ്മിറ്റിക്ക്‌ നിർദേശം നൽകിയ തീരുമാനവും കേട്ടുകേള്‍വിയില്ലാത്തതാണ്.

തുടർച്ചയായി ചോദ്യോത്തരവേള നിർത്തിവച്ച്‌ അഡാനി വിഷയം ചർച്ച ചെയ്യാൻ നോട്ടീസ്‌ നൽകിയെന്ന്‌ ആരോപിച്ച്‌ എഎപി അംഗം സഞ്ജയ് സിങ്ങിനെതിരെ അന്വേഷണം നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്‌. സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസാരിക്കുമ്പോള്‍ ക്ഷുഭിതനായ ധൻഖർ മൈക്ക് ഓഫ് ചെയ്തതും വിവാദമായിരുന്നു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗ ഭാഗങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്തതിലും അഡാനി അഴിമതി വിഷയത്തില്‍ ചർച്ച അനുവദിക്കാത്തതിലും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. സുപ്രീം കോടതിക്കെതിരെ ധന്‍ഖര്‍ നടത്തിയ കടന്നുകയറ്റവും വിവാദമായിരുന്നു.

Eng­lish Sum­ma­ry: Dhankar attach­es staff to 20 House committees

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.