ചലച്ചിത്ര സംവിധായകരും നിര്‍മ്മാതാക്കളും സൂക്ഷിക്കുക. രാജ്യത്ത് പുതിയൊരു സെന്‍സര്‍ ബോര്‍ഡ് വരുന്നു; ‘ധര്‍മ്മ സെന്‍സര്‍ ബോര്‍ഡ്.’ ഹിന്ദു ദൈവങ്ങളെയും സംസ്കാരത്തെയും അപമാനിക്കുന്ന കാര്യങ്ങള്‍ ചലച്ചിത്രങ്ങളിലുണ്ടോ എന്ന് ഇനി മുതല്‍ ഇവര്‍ പരിശോധിക്കും. ഇവര്‍ തീരുമാനിക്കും സിനിമ പ്രദര്‍ശിപ്പിക്കണമോ വേണ്ടയോ എന്ന്. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടന്ന ഹിന്ദുസന്യാസിമാരുടെ മാഘ് മേളയില്‍ വച്ചാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ഇതിനായി പത്തംഗ സെന്‍സര്‍ ബോര്‍ഡിനും അവര്‍ രൂപം നല്‍കിക്കഴിഞ്ഞു. ഈ ബോര്‍ഡിന്റെ നേതാവായി അവരോധിക്കപ്പെട്ടത് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദയെയാണ്. മാധ്യമ വിദഗ്ധന്‍ സുരേഷ് മന്‍ചന്ദ്, സുപ്രീം കോടതി അഭിഭാഷകന്‍ പി എന്‍ മിശ്ര, സനാതന്‍ ധര്‍മ്മ വക്താവ് സ്വാമി ചക്രപാണി മഹാരാജ്, ചലച്ചിത്രനടി മാനസി പാണ്ഡെ, യു പി ഫിലിം ഡെവലപ്മെന്റ് ബോര്‍ഡ് വൈസ് പ്രസിഡന്റ് തരുണ്‍ രതി, ക്യാപ്റ്റൻ അരവിന്ദ് സിങ് ബദുവാരിയ, സനാതനധര്‍മ്മ വിദഗ്ധരായ പ്രീതി ശുക്ല, ഗാര്‍ഗിപണ്ഡിറ്റ്, കേന്ദ്ര പുരാവസ്തു വകുപ്പിന്റെ മുന്‍ ഡയറക്ടര്‍ ധരന്‍വീര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ആരൊക്കെയാണ് ഈ പ്രതിഭകള്‍ എന്നറിയുമ്പോഴാണ് രാജ്യത്തെ ചലച്ചിത്രരംഗം അകപ്പെടാന്‍ പോകുന്ന അപകടത്തിന്റെ ആഴം നമുക്ക് മനസിലാകുക. അവിമുക്തേശ്വരാനന്ദ ബദരീനാഥിലെ ജ്യോതിര്‍മഠത്തിലെ ശങ്കരാചാര്യനെന്നാണ് അവകാശപ്പെടുന്നത്. ഇതുസംബന്ധിച്ച തര്‍ക്കം ഇപ്പോഴും കോടതിയിലാണ്.
ആദിശങ്കരാചാര്യര്‍ സ്ഥാപിച്ച നാലു മഠങ്ങളില്‍ ബദരി, ദ്വാരക മഠങ്ങളുടെ അധിപനായിരുന്ന സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ മരണത്തെത്തുടര്‍ന്ന് രണ്ടുപേരെ ഏകപക്ഷീയമായി ശങ്കരാചാര്യരായി പ്രഖ്യാപിച്ചു. ഗോവര്‍ധനമഠം അധികൃതര്‍ സുപ്രീം കോടതിയില്‍ ഈ തീരുമാനം റദ്ദാക്കാന്‍ കേസ് കൊടുത്തു. ആര്‍എസ്എസിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള രണ്ട് മഠങ്ങളിന്മേലുള്ള അധികാരത്തര്‍ക്കം നിലനില്‍ക്കുമ്പോഴും ശങ്കരാചാര്യരായി അവിമുക്തേശ്വരാനന്ദ മുന്നോട്ടുപോകുന്നതിനു പിന്നില്‍ ആര്‍എസ്എസും ബിജെപിയും നല്‍കുന്ന നിര്‍വാജ്യ പിന്തുണയുടെ ബലമുണ്ട്. സ്വരൂപാനന്ദ സരസ്വതി എന്ന മുന്‍ ശങ്കരാചാര്യരുടെ ഹിന്ദുവര്‍ഗീയ നിലപാടുകള്‍ ഏറെ വിവാദമായിരുന്നു. ബീഫ് നിരോധനം, ഭരണഘടനയുടെ 37-ാം വകുപ്പ് റദ്ദാക്കല്‍, ഹരേകൃഷ്ണ പ്രസ്ഥാനത്തിനെതിരായ നിലപാടുകള്‍, പശുഹത്യാ നിരോധനം അടക്കമുള്ള വിഷയങ്ങളില്‍ ബിജെപിക്ക് വേണ്ടി വര്‍ഗീയനയങ്ങള്‍ രൂപപ്പെടുത്തുന്ന ബുദ്ധികേന്ദ്രമായിരുന്നു ഈ പ്രസ്ഥാനം. പികെ എന്ന ചലച്ചിത്രത്തിനെതിരെ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടതും ഇവര്‍ തന്നെ. അത്തരമൊരു ചിന്താധാരയുടെ പ്രതിനിധിയെ തന്നെ ധര്‍മ്മ സെന്‍സര്‍ ബോര്‍ഡിന്റെ തലപ്പത്ത് അവരോധിച്ചത് ഒരു ദിശാസൂചികയാണ്. രാമക്ഷേത്രം സംബന്ധിച്ച കേസില്‍ സുപ്രീം കോടതിയില്‍ രാമക്ഷേത്രനിര്‍മ്മാണ സമിതിക്കുവേണ്ടി നിലകൊള്ളുന്ന അഭിഭാഷകനാണ് പി എന്‍ മിശ്ര. സനാതന്‍ ധര്‍മ്മയുടെ വക്താക്കള്‍, തീവ്രഹിന്ദുത്വപക്ഷ സാമൂഹ്യ കലാപ്രവര്‍ത്തകര്‍, വര്‍ഗീയ ചരിത്രനിര്‍മ്മിതിക്ക് നേതൃത്വം നല്‍കുന്ന ചരിത്രകാരന്മാര്‍ തുടങ്ങി ഹിന്ദുരാഷ്ട്ര വാദത്തിന് രംഗസംവിധാനമൊരുക്കുന്ന ‘പ്രതിഭകളെ’ അണിനിരത്തിക്കൊണ്ടുള്ള ഒരു സെന്‍സര്‍ ബോര്‍ഡ് ബോളിവുഡ് സിനിമയെ ലക്ഷ്യംവച്ച് നീങ്ങിക്കഴിഞ്ഞു. ഹിന്ദുമതത്തിലെ ജഗദ്ഗുരുവിന്റെ നേതൃത്വത്തിലാണ് ഈ മതസംരക്ഷണയജ്ഞം എന്ന് തുറന്ന് പറഞ്ഞുകൊണ്ടാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് സംസ്ഥാന ചലച്ചിത്ര വികസന ബോര്‍ഡിന്റെ വൈസ് പ്രസിഡന്റായ തരുണ്‍ രതിയെ തന്നെ ഹിന്ദുവര്‍ഗീയ സെന്‍സര്‍ ബോര്‍ഡിന്റെ ഉപദേശക സ്ഥാനത്ത് അവരോധിക്കുന്നതിലെ ഭരണഘടനാ വിരുദ്ധത പോലും വിഷയമാകുന്നില്ല.
സമീപകാലത്ത് ചലച്ചിത്ര രംഗത്തെ സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഈ നീക്കത്തിന്റെ ഗൂഢലക്ഷ്യം ബോധ്യമാകും. അമീര്‍ഖാന്‍ മുഖ്യ കഥാപാത്രമായെത്തിയ ‘പികെ’ എന്ന ചലച്ചിത്രം മനുഷ്യരുടെ അന്ധവിശ്വാസ ബോധത്തെയും അയുക്തിയെയും തുറന്നുകാണിക്കുന്നുണ്ട്. മതങ്ങളുടെ പേരില്‍ നടക്കുന്ന ചൂഷണങ്ങളെ നര്‍മ്മത്തിലൂടെ തുറന്നു കാണിക്കുന്ന സിനിമ അസഹിഷ്ണുക്കളായ ഹിന്ദു വര്‍ഗീയവാദികള്‍ക്ക് മാത്രമാണ് അസ്വസ്ഥത സൃഷ്ടിച്ചത്. സഞ്ജയ് ലീല ബന്‍സാലി എന്ന ബോളിവുഡിലെ വിഖ്യാത സംവിധായകന്‍ നിര്‍മ്മിച്ച ‘പത്മാവത്’ എന്ന ചലച്ചിത്രത്തിനും അതില്‍ നായികയായി വന്ന ദീപിക പദുകോണിനും നേരിട്ട ദുരനുഭവം നമ്മുടെ മുന്നിലുണ്ട്. സിനിമയുടെ ഷൂട്ടിങ് സെറ്റ് അടിച്ചുതകര്‍ത്ത് തീയിട്ടു. ബോളിവുഡിലെ ഹിറ്റ് മേക്കറായ, ഖാമോഷി, ഹം ദില്‍ ദെ ചുകെ സനം, ദേവദാസ് പോലുള്ള ബോക്സോഫിസ് ഹിറ്റ് പടങ്ങള്‍ നിര്‍മ്മിച്ച പത്മശ്രീ പുരസ്കാരമുള്‍പ്പെടെ നേടിയ സഞ്ജയ് ലീല ബന്‍സാലിയെ കര്‍ണിസേന എന്ന വര്‍ഗീയ ഭീകരര്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രഹരിച്ചു. 16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മാലിക് മുഹമ്മദ് ജയാസി എന്ന സൂഫി കവിയുടെ കവിതയെ ആസ്പദമാക്കി ഒരുക്കിയ ‘പത്മാവതി’ ഹിന്ദു റാണിയാണെന്നും സ്വപ്നരംഗങ്ങളിലെ ഗാനത്തിനൊപ്പം അവര്‍ നൃത്തം ചെയ്തത് വലിയ ഹിന്ദു നിന്ദയാണെന്നും പറഞ്ഞാണ് കര്‍ണിസേന സെറ്റുകള്‍ അഗ്നിക്കിരയാക്കിയത്. ഒടുവില്‍ സിനിമയുടെ പേര്‍ പത്മാവത് എന്നാക്കി, ഗാനരംഗങ്ങള്‍ മാറ്റിയപ്പോള്‍ മാത്രമാണ് കേന്ദ്ര ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്കിയത്. ഇത് സംഭവിക്കുന്നത് 2016 ലാണ്. അതിനുശേഷം നിരവധി അനിഷ്ട സംഭവങ്ങളുണ്ടായി. അലംകൃത ശ്രീവാസ്തവയുടെ ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ, ആമസോണ്‍ പ്രൈം വെബ് സീരീസ് താണ്ഡവ്, ഏറ്റവും ഒടുവില്‍ ബിബിസിയുടെ ഇന്ത്യ–ദി മോഡി ക്വസ്റ്റന്‍ ഡോക്യുമെന്ററി ഇവയെല്ലാം തന്നെ ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളായി മാറിക്കഴിഞ്ഞു.
പാകിസ്ഥാനിലും മറ്റ് മതരാഷ്ട്രങ്ങളിലും നടക്കുന്ന ഫാസിസ്റ്റ് പ്രവണത ഇന്ത്യന്‍ ചലച്ചിത്ര മാധ്യമ മേഖലകളെയും പിടികൂടിയിരിക്കുന്നു. മഹാവീര്‍ ജെയിന്‍, സന്ദ്പീ സിങ് തുടങ്ങി ചില അഭിനവ ചലച്ചിത്ര ഭീമന്മാരെ ബോളിവുഡിനെ കൈപ്പിടിയിലൊതുക്കാന്‍ ബിജെപി രംഗത്തിറക്കിക്കഴിഞ്ഞു. ഗോഡ്സെ, സവര്‍ക്കര്‍ തുടങ്ങിയവരുടെ ജീവചരിത്രം ചലച്ചിത്രമാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി 2019ല്‍ എ ഗ്രേഡ് സിനിമക്കാരുമായി നടത്തിയ കൂടിക്കാഴ്ച ഇതിന്റെ ഭാഗമായിരുന്നു. ‘ചലോ ജീതാഹെ മോഡി’ എന്ന ചിത്രം ഉദ്ഘാടനം ചെയ്താണ് പുതിയ സിനിമാ സംസ്കാരത്തിന് അവര്‍ തുടക്കം കുറിച്ചത്. രാജ്യത്തെ ചലച്ചിത്ര മേഖലയില്‍ സെന്‍സര്‍ ബോര്‍ഡ് രൂപീകരിക്കപ്പെടുന്നത് 1951 ലാണ്. 1952 ലെ സിനിമോട്ടോഗ്രാഫ് നിയമമനുസരിച്ച് ഇതിന് ദിശാബോധം നല്കുകയുണ്ടായി. കുറച്ചുകൂടി സമഗ്ര നിയമമായി ഇതിനെ 1983 ലാണ് പരിഷ്കരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനങ്ങള്‍ സംബന്ധിച്ച ഒരു അപ്പലേറ്റ് ട്രിബ്യൂണല്‍ വന്നതോടുകൂടി മൂന്നുതലത്തിലായി സെന്‍സര്‍ ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ വികേന്ദ്രീകരിക്കപ്പെട്ടു. ഒന്ന് പരിശോധന കമ്മിറ്റി, റിവൈസിങ് കമ്മിറ്റി, മറ്റൊന്ന് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണല്‍. ഒരു സംവിധായകന് സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തില്‍ അനീതിയും അതൃപ്തിയും തോന്നിയാല്‍ പുനഃപരിശോധന കമ്മിറ്റിക്ക് അപേക്ഷ കൊടുക്കാം. അവിടെയും നീതി കിട്ടിയില്ലെങ്കില്‍ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാം. എന്നാല്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ റദ്ദാക്കിയാല്‍ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും കോടതിയെ ശരണം പ്രാപിക്കേണ്ടിവരും. ഇത്രയൊക്കെ വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് ഈ രംഗത്ത് തുടരുന്നത് പ്രയാസകരമാണ്. അതിനെക്കാള്‍ ഭീകരമായ മറ്റൊരു ദുരന്തമാണ് ബോളിവുഡിനെ കാത്തിരിക്കുന്ന ധര്‍മ്മ സെന്‍സര്‍ ബോര്‍ഡ്. സാംസ്കാരിക രംഗം ഇരുളാന്‍ പോകുന്നു. എതിര്‍ത്താല്‍ പല തലകളും ഉരുളും. ഭരണകൂടത്തിനും മീതെ മതാധികാരം സര്‍വശക്തമാകുമ്പോള്‍ എന്താണ് സംഭവിക്കുക, അത് സംഭവിക്കാതിരിക്കട്ടെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.