18 December 2024, Wednesday
KSFE Galaxy Chits Banner 2

സംവിധാനം, അഭിനയം ഹിറ്റടിച്ച് ബേസിൽ

മഹേഷ് കോട്ടയ്ക്കല്‍
December 8, 2024 7:15 am

മലയാള ചലച്ചിത്ര മേഖലയിൽ തന്റെ ചിത്രങ്ങളിലൂടെ ഒരോ പ്രേക്ഷകർക്കും മിനിമം ഗ്യാരണ്ടി ഉറപ്പ് നൽകി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ബേസിൽ ജോസഫ്. നാളിതുവരെ ഇറങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങളാണ് ബേസിലിനെ തേടിയെത്തിയത്. നിലവിൽ തിയേറ്ററുകളിലുള്ള ബേസില്‍ ചിത്രം സൂക്ഷമദര്‍ശിനി 50 കോടിയും കഴിഞ്ഞ് കുതിക്കുന്നു. ചിത്രം പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ചതോടെ സമൂഹമാധ്യങ്ങളിലടക്കം ബേസിൽ തന്നെയാണ് ചർച്ച.

പല സിനിമ ഗ്രൂപ്പുകളിലും മലയാളത്തിലെ പുതിയ ജനപ്രിയ നായകനോ ബേസിൽ ജോസഫ്? എന്ന ചർച്ചയാണ് പ്രധാനമായും നടക്കുന്നത്. സത്യത്തിൽ ആ ചർച്ചകൾ ശരി വയ്ക്കുന്ന രീതിയിൽ തന്നെയാണ് ബേസിലിന്റെ ഒരോ ചിത്രങ്ങളും വ്യക്തമാകുന്നത്. സംവിധായകന്‍മാരിലെ നടനും, നടന്‍മാരിലെ സംവിധായകനുമായി ബേസില്‍ മലയാള ചിലച്ചിത്രമേഖലയില്‍ നിറഞ്ഞാടുകുയാണ്. ഇന്ന് തിയേറ്ററിലെത്തുന്ന ഒരോ ചിത്രങ്ങളും പ്രമോഷനുകള്‍കൊണ്ട് തിരയടിക്കുന്ന കാലമായിട്ട് പോലും ബേസിലിന്റെ പല ചിത്രങ്ങളും വലിയ പ്രമോഷനുകൾ ഇല്ലാതെ തന്നെ പ്രേക്ഷകർ തിയേറ്ററുകളിലെത്തുന്നത് പതിവ് കാഴ്ചയായിമാറിയിരിക്കുകയാണ്.

പ്രമോഷന്‍ വേളയിലെ ബേസിലിന്റെ ഫൺ ആയുള്ള ഇന്റവ്യൂകളും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. ഓരോ സിനിമയും ഒന്നിനൊന്നു മികച്ചത് എന്ന് മാത്രമല്ല ഓരോ സിനിമയിലും വ്യത്യസ്തതയാർന്ന പ്രകടനമാണ് ബേസില്‍ കാഴ്ചവക്കുന്നത്. ഇത്രമാത്രം പ്രായഭേദമന്യേ ആളുകളെ കയ്യിലെടുത്ത പുതുതാരങ്ങളുണ്ടോയെന്നത് സംശയമാണ്. സംവിധാന മേഖലയിൽ കരുത്ത് തെളിയിച്ച ബേസിൽ അഭിനയ രംഗത്തെ മികച്ച പ്രകടനം എടുത്ത് പറയേണ്ടതാണ്. ജാൻ എമൻ, പാൽതു ജാൻവർ, ജയ ജയ ജയ ജയഹേ, കഠിന കഠോരമീ അണ്ഡകടാഹം, ഫാലിമി, ഗുരുവായൂരമ്പല നടയിൽ, നുണക്കുഴി അങ്ങനെ അഭിനയിച്ച സിനിമകളെല്ലാം ഒന്നിനുപിറകെ ഒന്നായി ഹിറ്റടിച്ച് ഇപ്പോൾ സൂക്ഷ്മദർശിനിയിലൂടെ സൂപ്പർ ഹിറ്റിലേക്ക് കുതിക്കുകയാണ് ബേസിൽ.

സുൽത്താൻബത്തേരിയിൽ നിന്നും സിനിമ മോഹവുമായി ഒരു പയ്യൻ ബസ് കയറിയത് പ്രേക്ഷകരുടെ ഹൃദയത്തിലായിരുന്നു. ബേസിൽ ഉറപ്പുനൽകുന്ന മിനിമം ഗ്യാരണ്ടിതന്നെയാണ് കുടുംബ പ്രേക്ഷകരെപോലും തിയേറ്ററുകളിലേക്കെത്തിക്കുന്നത്. നിലവിൽ ചെയ്തിരുന്ന കഥാപാത്രങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായ വേഷവുമായാണ് ബേസിൽ- നസ്രിയ കോമ്പോയിൽ സൂക്ഷ്മദർശിനി എത്തുന്നത്. തന്റെ പ്രേക്ഷകരെ ബേസിൽ ഈ സിനിമയിലൂടെ ഞെട്ടിച്ചിരിക്കുകയാണെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. മാനുവൽ എന്ന കഥാപാത്രത്തെ ബേസിൽ മികച്ചതായി മാറ്റി. എം സി ജിതിന്റെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ നായകന്റെയും നായികയുടെയും ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന കൗതുകവും ഉദ്വേഗജനകവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രത്തിന്റെ ഒഴുക്ക്.
ചിത്രത്തിൽ ദീപക് പറമ്പോൽ, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. അതിനിടെ ബേസിലിന്റെ അടുത്ത ചിത്രവും റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന പൊൻമാൻ എന്ന ചിത്രത്തിന്റെ റിലീസ് തീയതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2025 ഫെബ്രുവരി ആറിനാണ് ചിത്രത്തിന്റെ ആഗോള റിലീസ്.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന പൊൻമാൻ ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. ചിത്രത്തിന്റെ നേരത്തെ പുറത്ത് വന്ന ഫസ്റ്റ് ലുക്ക് അടക്കമുള്ള പോസ്റ്ററുകൾ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജി ആർ ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാർ എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊൻമാൻ ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതോടെ ഏറെ പ്രതീക്ഷയിലാണ് ആരാധകരും സിനമാ പ്രേമികളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.