23 December 2024, Monday
KSFE Galaxy Chits Banner 2

ദുരന്ത അവബോധവും ദുരന്ത ആഘാത പ്രതിരോധവും

തമലം വിജയൻ
March 20, 2022 6:00 am

ഒരു തീപ്പൊരി കാട്ടില്‍ വീണാല്‍ കാട് ഭയചികിതമാവും. സംഭവിക്കാന്‍ പോകുന്ന വലിയ അപകടത്തിന്റെ തിരിച്ചറിയലും അതിന്റെ മുന്നറിയിപ്പുമായി പക്ഷി മൃഗാദികള്‍ നിലവിളിക്കും. നാട്ടിലും മറ്റിടങ്ങളിലും തീപിടിത്തം ഒഴിവാക്കുന്നതിന് മനുഷ്യര്‍ക്ക് വേണ്ടതും പക്ഷിമൃഗാദികളുടേതുപോലുള്ള ഈ ജാഗ്രതയും മുന്‍കരുതലും തന്നെയാണ്. ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ പറഞ്ഞതുപോലെ, പ്രതിരോധമാണ് അപകടശേഷമുള്ള ചികിത്സയെക്കാള്‍ ഉത്തമം. ഇന്ത്യന്‍ ഉപഭൂഖണ്ഡ‍ം ലോകത്തിലെ ഏറ്റവും വലിയൊരു ദുരന്ത സാധ്യതാ മേഖലയാണ്. ഭൂചലനമേഖലാ ഭൂപടപ്രകാരം ഇന്ത്യയുടെ 59 ശതമാനം പ്രദേശങ്ങളും മിതമോ തീഷ്ണമോ ആയ ഭൂകമ്പ സാധ്യതാ മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. രാജ്യത്തെ 329 ദശലക്ഷം ഹെക്ടര്‍ ഭൂപ്രദേശത്തില്‍ 40 ദശലക്ഷം ഹെക്ടറും പ്രളയ സാധ്യതാ മേഖലയാണ്. പ്രളയത്താല്‍ ശരാശരി 75 ലക്ഷം ഹെക്ടര്‍ കൃഷിയിടങ്ങളിലെ വിളകളും 1610 മനുഷ്യ ജീവനുകളും പ്രതിവര്‍ഷം രാജ്യത്ത് നഷ്ടമാകുന്നു. അലസമായി വലിച്ചെറിയുന്ന ഒരു വസ്തുവിലെ തീപ്പൊരി കാരണം വന്‍ തീപിടിത്തങ്ങള്‍ സംഭവിക്കുന്നുണ്ട്. വലുതും ചെറുതുമായ തീപിടിത്തമോ പൊട്ടിത്തെറിയോ സംഭവിക്കുന്നതിന് കാരണമായിത്തീരുന്നത് അന്തരീക്ഷത്തിലെ ഓക്സിജനും വസ്തുക്കളിലെ ഇന്ധനവും കൂടി ഒരുമിച്ച് സന്ധിക്കുമ്പോഴാണ്. ഈ പ്രതിഭാസത്തെ ഫയര്‍ ട്രയാങ്കിള്‍ എന്നാണറിയപ്പെടുന്നത്. ഓക്സിജന്‍, ചൂട്, ഇന്ധനം ഇവയില്‍ ഏതെങ്കിലും ഒന്നിനെ മറ്റുള്ളവയില്‍ നിന്നും വേര്‍പെടുത്തുമ്പോഴാണ് സ്ഫോടനമോ, തീയോ ഒഴിവാക്കാന്‍ കഴിയുന്നത്. ഇതേ തത്വമനുസരിച്ചാണ് അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സാഹചര്യത്തിനനുസരിച്ച് ഏതെങ്കിലും ഒന്നിനെ വേര്‍പെടുത്തുന്നതിലൂടെ ജ്വലനശേഷി നഷ്ടപ്പെടുത്താനും തീപിടിത്തത്തെയും സ്ഫോടനത്തെയും അഗ്നിശമന പ്രവര്‍ത്തനത്തിലൂടെ നിര്‍വീര്യമാക്കാനും സാധിക്കുന്നു. 2004 ജൂലൈ 16ന് തമിഴ്‌നാട്ടിലെ കുംഭകോണത്തെ കൃഷ്ണ വിദ്യാലയത്തിലുണ്ടായ തീപിടിത്ത ദുരന്തത്തില്‍ 94 കുട്ടികള്‍ അഗ്നിക്കിരയായിരുന്നു. തമിഴ്‌നാട്ടിലെ വിദ്യാലയങ്ങളില്‍ ഉണ്ടായിട്ടുള്ള തീപിടിത്തങ്ങളില്‍ വച്ച് ഏറ്റവും വലുതായിരുന്നു ഈ തീപിടിത്തം. ദാരുണമായ ഈ സംഭവത്തില്‍ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട് മരിച്ച സ്കൂള്‍ കുട്ടികളുടെ ഓര്‍മ്മയ്ക്കായി മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍ കലാം രചിച്ച ഒരു കവിത കേന്ദ്ര സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്കൂള്‍ ഫയര്‍ സേഫ്റ്റി മാനേജ്മെന്റ് പ്ലാന്‍ എന്ന പ്രസിദ്ധീകരണത്തില്‍ ചേര്‍ത്തിട്ടുണ്ട്. ആ ഇംഗ്ലീഷ് കവിതയിലെ ഹൃദയഭേദകമായ രണ്ടു വരികള്‍ “കുട്ടികള്‍ അവരുടേതായ സ്വപ്നങ്ങളില്‍ ആയിരുന്നുവെങ്കിലും തീ അവരുടെ എല്ലാ സ്വപ്നങ്ങളെയും വിഴുങ്ങിക്കളഞ്ഞു” എന്നായിരുന്നു. വ്യത്യസ്ത സാഹചര്യങ്ങളില്‍ ദുരന്തം സംഭവിക്കുമ്പോള്‍ അഗ്നിശമനം നടത്തുന്നതിന് വ്യത്യസ്ത മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്.


ഇതുകൂടി വായിക്കാം; ദുരന്തനിവാരണ സാക്ഷരത കാലഘട്ടത്തിന്റെ അനിവാര്യത


ഒരു സാധാരണ ഉദാഹരണം പരിശോധിച്ചാല്‍, വറുക്കുന്നതിനുപയോഗിക്കുന്ന ഒരു ചട്ടിയിലെ എണ്ണയില്‍ തീ പടര്‍ന്നുപിടിച്ചാല്‍ ഓക്സിജന്റെ സാന്നിധ്യം ഒഴിവാക്കുവാനായി മറ്റൊരു പാത്രം കൊണ്ട് മൂടുകയാണ് വേണ്ടത്. എന്നാല്‍ തീ കത്തിക്കൊണ്ടിരിക്കുന്ന പാത്രത്തില്‍ വെള്ളം ഒഴിക്കുകയാണ് മിക്കവാറും വീട്ടമ്മമാര്‍ ചെയ്തുവരുന്നത്. വെള്ളത്തേക്കാള്‍ എണ്ണയ്ക്ക് സാന്ദ്രത കുറവായതിനാല്‍ അത് ഒഴിക്കുന്ന വെള്ളത്തോടൊപ്പം സഞ്ചരിച്ച് വീടിനകം മുഴുവനും തീ പടര്‍ത്തും. ഒരു വ്യക്തിയോ സമൂഹമോ സുരക്ഷിതത്വമില്ലാതെ നടത്തുന്ന പ്രവൃത്തികളാണ് പലപ്പോഴും വലിയ അപകടങ്ങള്‍ക്കിടയാക്കുന്നത്. അപകടത്തെ സംബന്ധിച്ച ശരിയായ അവബോധം ഓരോ വ്യക്തിയിലും സൃഷ്ടിക്കുക എന്നതാണ് ദുരന്ത നിവാരണത്തിന്റെ പ്രഥമ ദൗത്യം. പൊതുജനങ്ങള്‍ക്കിടയില്‍ ദുരന്ത സംബന്ധിയായി അവബോധം സൃഷ്ടിക്കുക എന്നതും തുല്യ പ്രാധാന്യമുള്ള കാര്യമാണ്. പലപ്പോഴും അല്പജ്ഞാനം തിക്ത ഫലങ്ങള്‍ക്ക് കാരണമാകും. പ്രത്യേകിച്ച് ദുരന്തമേഖലയില്‍. ദുരന്ത സാധ്യതാ മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് ദുരന്തങ്ങളെ മുന്നില്‍ കണ്ട് രക്ഷപ്പെടാനുള്ള പരിശീലനങ്ങള്‍ നല്കണം. ഫലപ്രദമായ ആശയവിനിമയമാണ് പ്രധാനം. വ്യത്യസ്ത വസ്തുക്കളില്‍ അഗ്നിബാധയുണ്ടാകുമ്പോള്‍ വ്യത്യസ്ത രീതികളിലുള്ള അഗ്നിശമന വസ്തുക്കളും മാര്‍ഗങ്ങളുമാണ് സ്വീകരിക്കേണ്ടത്. ഏത് പദാര്‍ത്ഥത്തിലാണ് അഗ്നിബാധയുണ്ടായതെന്ന് മനസിലാക്കി അത് നിയന്ത്രിക്കുന്നതിനും അഗ്നിശമനം നടത്തുന്നതിനും അഗ്നിബാധയെ ക്ലാസ് എ, ക്ലാസ് ബി, ക്ലാസ് സി, ക്ലാസ് ഡി എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ക്ലാസ് എ: ഖരപദാര്‍ത്ഥങ്ങളിലെ തീപിടിത്തം ശമിപ്പിക്കുന്നതിന് ജലമാണ് ഉപയോഗിക്കുന്നത്. ക്ലാസ് ബി: ദ്രാവകരൂപത്തിലുള്ളവയും ലിക്വിഫൈഡ് സോളിഡിലുള്ളവയും തീ പടരുമ്പോള്‍ അഗ്നി ശമനത്തിന് പതയോ ഡ്രൈ കെമിക്കല്‍ പൗഡറോ ഉപയോഗിക്കുന്നു. ക്ലാസ് സി: വാതകമോ ലിക്വിഫൈഡ് വാതകമോ ആയിട്ടുള്ളവ തീ പിടിക്കുമ്പോള്‍ അവ അണയ്ക്കുന്നതിന് കാര്‍ബണ്‍ഡൈഓക്സൈഡ്, ക്ലീന്‍ ഏജന്‍റ് എക്സ്റ്റിംഗുഷറുകള്‍ ഉപയോഗിക്കുന്നു. ക്ലാസ് ഡി: ലോഹ (മെറ്റല്‍) ഭാഗങ്ങളില്‍ തീ പിടിക്കുന്നത് കെടുത്തുന്നതിന് പൗഡേര്‍ഡ് ഗ്രാഫൈറ്റ്, പൗഡേര്‍ഡ് ടാള്‍ക്ക്, സോഡാ ആഷ്, ലൈം സ്റ്റോണ്‍, ഉണങ്ങിയ മണല്‍ തുടങ്ങിയവ ഉപയോഗിക്കുന്നു.

സാധാരണ ഉണ്ടാകാനിടയുള്ള തീപിടിത്തം തടയേണ്ട മാര്‍ഗങ്ങള്‍

വീട്ടില്‍ നല്ല നിലവാരത്തിലുള്ള അഗ്നിശമന ഉപകരണം ഉണ്ടായിരിക്കണം. അഗ്നിശമനോപകരണം ഉപയോഗിക്കുവാനുള്ള അറിവ് വീട്ടിലുള്ള എല്ലാവര്‍ക്കും ഉണ്ടായിരിക്കണം. കിടപ്പുമുറിക്കടുത്തും അടുക്കളയുടെ ഭാഗത്തും ഹാളിലും അഗ്നിശമന ഉപകരണം വയ്ക്കുക. ഇടയ്ക്കിടെ അഗ്നിശമനോപകരണങ്ങള്‍ പരിശോധിക്കുകയും കൃത്യമായി റീചാര്‍ജ് ചെയ്തുവയ്ക്കുകയും ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുകയും വേണം. അഗ്നിബാധാ മുന്നറിയിപ്പ് യന്ത്രം എപ്പോഴും പ്രവര്‍ത്തനസജ്ജമാക്കി വയ്ക്കണം. ഒരു സ്ഥലത്തെ തീയുടെ സാന്നിധ്യം കൃത്യസമയത്തുതന്നെ മുന്നറിയിപ്പ് നല്കുവാനാകുമെങ്കില്‍ വലിയൊരു ദുരന്തം ഒഴിവാക്കാനാകുന്നു. ഒരു മെഴുകുതിരിയുടെ ജ്വലനം തന്നെ വീട്ടില്‍ തീപിടിത്തത്തിനുള്ള സാധ്യതകള്‍ സൃഷ്ടിക്കുന്നു. മെഴുകുതിരി കത്തിച്ചുകഴിഞ്ഞാല്‍ വസ്ത്രങ്ങളിലോ സമീപത്തെ മറ്റു വസ്തുക്കളിലോ കത്താന്‍ അനുവദിക്കാതെ പൂര്‍ണമായും അണയുന്നതുവരെ മെഴുകുതിരിയെ ശ്രദ്ധിക്കുക. ഭവനങ്ങളിലെ തീപിടിത്തങ്ങളില്‍ മൂന്നിലൊന്നു ഭാഗവും കത്തുന്ന മെഴുകുതിരിയില്‍ നിന്നാണ് ഉണ്ടാകുന്നതത്രേ. വസ്ത്രങ്ങളില്‍ തീപിടിക്കാനിടയായാല്‍ തറയില്‍ കിടന്നുരുളുക. ഓടുന്നത് കൂടുതല്‍ ഓക്സിജന്‍ ജ്വലനത്തിന് ഇന്ധനമായി ലഭിക്കുവാന്‍ ഇടയാക്കും. വീടുകള്‍ വയ്ക്കുമ്പോള്‍ തന്നെ അഗ്നിബാധ തടയുന്ന വിധത്തിലായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഫയര്‍ ഡ്രില്‍ ബോധവല്‍ക്കരണത്തിലൂടെ തീപിടിത്തം സംബന്ധിച്ച് സമൂഹത്തെ ജാഗ്രതയുള്ളവരാക്കാന്‍ സാധിക്കും. ഫയര്‍ സേഫ്റ്റി, ഡിസാസ്റ്റര്‍ മാനേജ്മെന്റ് എന്നിവ സംബന്ധിച്ച് പൊതുജന ബോധവല്ക്കരണം നല്കുന്നതിലൂടെ നാടിനെ ഒരു സുരക്ഷിത സ്വര്‍ഗമായി മാറ്റുവാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.