25 June 2024, Tuesday
KSFE Galaxy Chits

Related news

June 24, 2024
June 16, 2024
May 28, 2024
April 29, 2024
April 12, 2024
March 1, 2024
February 23, 2024
February 2, 2024
January 29, 2024
January 22, 2024

കേരളത്തില്‍ ദുരന്ത നിവാരണ സാക്ഷരത അനിവാര്യം: റവന്യു മന്ത്രി കെ രാജന്‍

Janayugom Webdesk
തിരുവനന്തപുരം
January 4, 2022 5:42 pm

കേരളത്തിലെ ജനങ്ങള്‍ക്ക് ദുരന്തനിവാരണ സാക്ഷരത ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ 2022 ജനുവരി 04, 05 തിയതികളിലായി നടത്തപ്പെടുന്ന ജൈവ‑പരിസ്ഥിതി അധിഷ്ഠിത ദുരന്ത ലഘൂകരണ ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രകൃതി ക്ഷോഭങ്ങളെ നമുക്ക് നിയന്ത്രിക്കാനാവില്ലെങ്കിലും അതു വഴിയുണ്ടാകാന്‍ സാധ്യതയുള്ള ദുരന്തങ്ങളെ ഒരു പരിധി വരെ നിയന്ത്രണ വിധേയമാക്കുന്നതിന് നമുക്ക് കഴിയും. അതു പോലെ തന്നെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ശാസ്ത്രിയമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതുണ്ട്. 

ഇതിന് ഏറ്റവും ആവശ്യം ദുരന്ത സാധ്യതകളെ കുറിച്ചും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെ കുറിച്ചുമുള്ള അറിവ് ജനങ്ങളില്‍ ഉണ്ടാക്കുക എന്നതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിസൗഹാര്‍ദപരവും ജൈവ സമ്പത്ത് സംരക്ഷിക്കുന്ന തരത്തിലുമാകുന്നത് തുടര്‍ ദുരന്തങ്ങളിലേക്ക് നയിച്ചേക്കാവുന്ന സാഹചര്യങ്ങളുടെ ലഘൂകരണത്തിനു വഴിയൊരുക്കുന്നു. വര്‍ധിച്ചു വരുന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ ഭൂപ്രകൃതിക്കും, പരിസ്ഥിതിക്കും ഇണങ്ങുന്ന പദ്ധതികള്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ ദുരന്ത ലഘൂകരണ പദ്ധതികളില്‍ ഉള്‍ച്ചേര്‍ക്കുന്നതിനു ബോധപൂര്‍വ്വമായ ഇടപെടല്‍ ആവശ്യമായതിനാല്‍ സംസ്ഥാനത്തെ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ ചുമതലകളുള്ള മുഴുവന്‍ വകുപ്പുകള്‍ക്കും ബോധവല്‍ക്കരണവും പരിശീലനവും എന്ന ലക്ഷ്യം മുന്‍ — നിര്‍ത്തിക്കൊണ്ടാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിവിധ വകുപ്പുകള്‍ക്കായി പ്രസ്തുത പരിശീലനം സംഘടിപ്പിക്കുന്നത്. 

അന്താരാഷ്ട്ര തലത്തില്‍ വിജയിച്ചതും കേരളത്തില്‍ പ്രായോഗികമായി നടപ്പിലാക്കാവുന്നതുമായ മാതൃകകള്‍ പരിചയപ്പെടുത്തുകയും പദ്ധതിയാസൂത്രണത്തില്‍ പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്താന്‍ വേണ്ട ഇടപെടലുകള്‍ ചര്‍ച്ച ചെയ്യാനും വിഭാവനം ചെയ്യാനും ഉതകുന്ന രീതിയിലാണ് ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിക്കുന്ന ദ്വിദിന പരിശീലനം. ഉല്‍ഘാടന ചടങ്ങില്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ ശ്രീ കെ. ബിജു ഐഎഎസ്, അധ്യക്ഷത വഹിച്ചു. ഡോ. വത്സല കുമാരി ഐഎഎസ് (റിട്ട.), മുന്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഖ്യപ്രഭാഷണം നടത്തി. സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രൊഫ. കെപി സുധീര്‍; കെഎസ്ഡിഎംഎ മെമ്പര്‍ സെക്രട്ടറി ഡോ ശ്രീറാം വെങ്കിട്ടരാമന്‍; ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ ശ്രീ ജെറോമിക് ജോര്‍ജ് ഐഎഎസ്, കെഎസ്ഡിഎംഎ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ അജി ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. 

രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയുടെ വിവിധ സെഷനുകളിലായി ഡോ മുരളി തുമ്മരുകുടി, ചീഫ്, ദുരന്തലഘൂകരണം, ഐക്യരാഷ്ട്രസംഘടന പരിസ്ഥിതി പ്രോഗ്രാം; സുനില്‍ പനീതി ഐഎഫ്എസ്, ഡയറക്ടര്‍ പരിസ്ഥിതി വകുപ്പ്; വിനോദ് കുമാര്‍, കില; സഞ്ജയ് ദേവ്‌കൊണ്ട, നേപ്പാള്‍; പ്രദീപ് ജി.എസ്, കെഎസ്ഡിഎംഎ, ഡോ. പ്രതീഷ് സി. മാമ്മന്‍, യൂണിസെഫ്-കെഎസ്ഡിഎംഎ എന്നിവര്‍ ക്ലാസുകള്‍ എടുക്കുന്നു. പതിനഞ്ചു വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും മണ്‌റോതുരുത്ത്, നെടുമങ്ങാട് തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളെ പ്രതിനിധീകരിച്ചു ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പങ്കെടുത്തു.

ENGLISH SUMMARY:Disaster man­age­ment lit­er­a­cy is essen­tial in Ker­ala: Rev­enue Min­is­ter K Rajan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.