22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024

ഡിസിസി അധ്യക്ഷസ്ഥാനങ്ങള്‍ ചര്‍ച്ച എങ്ങുമെത്തുന്നില്ല; ഗ്രൂപ്പുകള്‍ സമ്മര്‍ദ്ദതന്ത്രത്തില്‍

പുളിക്കല്‍ സനില്‍രാഘവന്‍
August 18, 2021 11:21 am

കോൺഗ്രസ് ജില്ലാ അധ്യക്ഷൻമാരെ പ്രഖ്യാപിക്കാനുള്ള നടപടികൾക്കും ചർച്ചകൾക്കും വേഗം കൂട്ടി ഹൈക്കമാന്റ്. കെപസിസി നേതൃത്വം സമർപ്പിച്ച പട്ടികയിൽ ചർച്ച പുരോഗമിക്കുകയാണ്. നിലവിൽ പട്ടിക സംബന്ധിച്ച് എ,ഐ ഗ്രൂപ്പുകൾ പരാതികൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇതിനൊന്നും ചെവികൊടുക്കാത്ത അധ്യക്ഷൻമാരെ വേഗത്തിൽ പ്രഖ്യാപിക്കാനാണ് നിലവിൽ ഹൈക്കമാന്റ് ആലോചിക്കുന്നത്. മൂന്ന് ജില്ലകളിലാണ് നിലവിൽ തർക്കം നിലനിൽക്കുന്നത്. സാധ്യത് പട്ടിക പോലും അംഗീകരിക്കാന്‍ ഗ്രൂപ്പുകള്‍ തയ്യാറാകുന്നില്ല. കെപിസിസിയിലും, ഡിസിസി അധ്യക്ഷന്‍മാരുടെ കാര്യത്തിലും യുവാക്കള്‍ക്കും, പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കണമെന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെടുമ്പോള്‍ ഗ്രൂപ്പുകളെ മാത്രം അംഗീകരിക്കണമെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും,രമേശ് ചെന്നിത്തലയും.അതിനു പിന്നിലെ കാര്യങ്ങള്‍ ഗ്രൂപ്പുകളെ ഊതി വീര്‍പ്പിച്ചാലേ തങ്ങള്‍ക്ക് നിലനില്‍പ്പുള്ളൂ എന്ന നിലയിലാണ് ഇരുവരും. ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയില്‍ എ,ഐ ഗ്രൂപ്പുകള്‍ ഉടക്കിട്ടത് ഗ്രൂപ്പിലെ താപ്പാനകളുടെ പേര് വെട്ടിയതിന്റെ പേരില്‍. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന തങ്ങളുടെ വിശ്വസ്തരിം, ഏറാന്‍മൂളികളുമായ നേതാക്കളെ പദവിയിലേക്ക് പരിഗണിക്കാതിരുന്നതാണ് ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വിരോധത്തിന് കാരണം. 

ഈ നേതാക്കള്‍ ഡിസിസി അധ്യക്ഷ പദവിയിലേക്ക് നല്‍കിയ പേരുകള്‍ കേട്ടാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവരെ പരസ്യമായി കയ്യേറ്റം ചെയ്യാന്‍ സാധ്യതയുള്ളതായി ഇപ്പോള്‍ അണികള്‍ അഭിപ്രായപ്പെടുന്നു. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍തന്നെ ഐ ഗ്രൂപ്പ മുമ്പോട്ടു വച്ച ചില പേരുകള്‍ ഇതായിരുന്നു. തിരുവനന്തപുരത്ത് ടി ശരത്ചന്ദ്ര പ്രസാദ്, വി.എസ് ശിവകുമാര്‍ കൊല്ലത്ത് ശൂരനാട് രാജശേഖരന്‍, ആലപ്പുഴയില്‍ ബാബു പ്രസാദ്, കോട്ടയത്ത് ജോസഫ് വാഴയ്ക്കന്‍, എറണാകുളത്ത് എന്‍ വേണുഗോപാല്‍ , ഇടുക്കിയില്‍ ഇ എം ആഗസ്തി, കോഴിക്കോട് എന്‍ സുബ്രമണ്യന്‍.എ ഗ്രൂപ്പാകട്ടെ പത്തനംതിട്ടയില്‍ ശിവദാസന്‍ നായര്‍, കോട്ടയത്ത് കെസി ജോസഫ് തിരുവനന്തപുരത്ത് തമ്പാനൂര്‍ രവി അല്ലെങ്കില്‍ പാലോട് രവി എന്നിവരെയൊക്കെയായിരുന്നു. സ്വന്തം വിശ്വസ്തര്‍ക്ക് കുറച്ചുകാലം പാര്‍ട്ടി പദവികള്‍ വഹിക്കാനും മേനി നടിക്കാനും ഒരിടം എന്നുമാത്രമാണ് ഇരു ഗ്രൂപ്പു നേതാക്കളും താല്‍പര്യം പ്രകടിപ്പിച്ചത്.എന്നാല്‍ കെ സുധാകരനും വിഡി സതീശനും ഈ നീക്കം മുളയിലേ നുള്ളി. ഇതോടെയാണ് ഇരു ഗ്രൂപ്പുകള്‍ക്കും ഈ നേതാക്കളോട് അതൃപ്തി തുടങ്ങിയത്. തങ്ങളുടെ ഗ്രൂപ്പിലുള്ള ചെറുപ്പക്കാരെപോലും സ്ഥാനങ്ങളിലേക്ക് ഇരുവരും പറയാത്തത് കെ സുധാകരനെയും വിഡി സതീശനെയും അത്ഭുതപ്പെടുത്തിയിരുന്നു.ഇതോടെയാണ് ഇരു നേതാക്കളും ലക്ഷ്യമിടുന്നത് പാര്‍ട്ടിയുടെ ഭാവിയല്ല മറിച്ച് ഗ്രൂപ്പു വളര്‍ത്തല്‍ മാത്രമാണെന്ന് തനേതൃത്വം തിരിച്ചറിഞ്ഞത്. ഇവര്‍ നല്‍കിയ ഒരു പേരും നേതൃനിരയിലേക്ക് പരിഗണിക്കേണ്ടെന്ന് പാര്‍ട്ടി നേതൃത്വവും ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നു.കെപിസിസി നേതൃത്വവും പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ഒരുമിച്ച് ചേര്‍ന്ന് തങ്ങളുടെ ടീമിനെ തെരഞ്ഞെടുക്കട്ടേയെന്ന് എഐസിസിയും നിര്‍ദേശിച്ചു.

എല്ലാ ഘടകവും തങ്ങള്‍ക്ക് എതിരുവന്നു എന്നു തിരിച്ചറിഞ്ഞതോടെയാണ് ഗ്രൂപ്പു നേതാക്കള്‍ പരസ്യപോരിനിറങ്ങുന്നത്.ഡിസിസി അധ്യക്ഷൻമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സംസ്ഥാനത്തെ ഗ്ഗൂപ്പ് നേതൃത്വങ്ങളുമായി ചർച്ച നടത്തിയിരുന്നു. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവെയ്പ്പ് ഇത്തവണ അനുവദിക്കില്ലെന്ന് കെ സുധാകരൻ തുടക്കത്തിൽ തന്നെ വ്ക്തമാക്കിയതാണ്. നേതാക്കളും ഇത് അംഗീകരിച്ചിരുന്നു.എന്നാൽ അവസാന ഘട്ടത്തിൽ നേതൃത്വത്തെ കുഴപ്പിച്ച് ഗ്രൂപ്പ് നോമിനികളെ ഉൾപ്പെടുത്തികൊണ്ടുള്ള പട്ടികയാണ് ഇരു ഗ്രൂപ്പുകളും കൈമാറിയത്. തർക്കം രൂക്ഷമായതോടെ അന്തിമ പട്ടിക തയ്യാറാക്കുന്നതിനുമുമ്പ്‌ വീണ്ടും ചർച്ച നടത്തിയേക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ സംസ്ഥാന തലത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടിക സുധാകരൻ ഹൈക്കമാന്റിന് കൈമാറി. ഇതോടെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഇടഞ്ഞു. സുധാകരൻ ഏകപക്ഷീയമായാണ് പട്ടിക തയ്യാറാക്കിയതെന്നാണ് നേതാക്കൾ ഉയർത്തിയ ആക്ഷേപം. ഡിസിസി പ്രസിഡന്റുമാരിൽ 8:6 അനുപാതമാണ്‌ എ, ഐ ഗ്രൂപ്പുകളുടെ സമവാക്യം. രാഹുൽ ഗാന്ധിക്ക്‌ കൈമാറിയ പട്ടികയിൽ ഇത്‌ പരിഗണിക്കപ്പെട്ടില്ലെന്നാണ് നേതാക്കൾ വിമർശനം ഉയർത്തുന്നത്. പല ജില്ലകളിലും പ്രതിപക്ഷ നേതാവ് വിഡി സതീശനും കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലും നൽകിയ നിർദ്ദേശങ്ങളാണ് സ്വീകരിക്കപ്പെട്ടതെന്നും ഇവർ കുറ്റപ്പെടുത്തി.

പുതിയ നേതൃത്വം മുതിർന്ന നേതാക്കളുടെ ചിറകരിയാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നാണ് ആക്ഷേപം. പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും തീരുമാനിച്ചപ്പോൾ തന്നെ അപമാനിക്കപ്പെട്ടുവെന്ന വികാരമാണ് നേതാക്കൾക്ക് ഉള്ളത്. നേരത്തേ തന്നെ ചർച്ചകളിൽ നിന്നും തങ്ങളെ മാറ്റി നിർത്തുന്നതായുള്ള പരാതികളും നേതാക്കൾ ഉയർത്തിയിരുന്നു. ഹൈക്കമാന്റിന് ഇത് സംബന്ധിച്ച് ചെന്നിത്തല പരാതി കത്ത് അയക്കുകയും ചെയ്തിരുന്നു. അതേസമയം നേതാക്കളുടെ ആക്ഷേപങ്ങൾ പരിഗണിക്കേണ്ടതില്ലെന്നാണത്രേ ഹൈക്കമാന്റ് നിലപാട്. നേരത്തേ ഉമ്മൻചാണ്ടിയേയും ചെന്നിത്തലയേയും ഹൈക്കമാന്റ് ഇടപെട്ട് അനുനയിപ്പിച്ചേക്കും എന്നുള്ള ചർച്ചകൾ ഉണ്ടായിരുന്നുവെങ്കിലും ഇതുവരേയും അത്തരത്തിലുള്ള നീക്കങ്ങളൊന്നും ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. മാത്രമല്ല പരാതി ഉന്നയിച്ച മുതിർന്ന നേതാക്കളെ കെപിസിസി നേൃത്വവും ബന്ധപ്പെട്ടിട്ടില്ല. അതേസമയം ഗ്രൂപ്പ് അതീതമായി തന്നെയായിരിക്കണം നിയമനമെന്നും കാര്യശേഷിയ്ക്ക് മുൻഗണന നൽകണമെന്നുമാണ് ദേശീയ നേതൃത്വം ആവർത്തിക്കുന്നതെന്നാമ് വിവരം. ഇതോടെ മിക്ക ജില്ലകളിലും പരമ്പരാഗത ഗ്രൂപ്പ് പ്രതിനിധികൾക്ക് അവസരം നഷ്ടമായിട്ടുണ്ടെന്നും വാർത്തകൾ ഉണ്ട്.നിലവിൽ 11 ജില്ലകളിലും ഒറ്റ പേരുകളിലേക്ക് പട്ടിക ചുരുങ്ങി. 3 ജില്ലകളിലാണ് ഇപ്പോഴും തർക്കം നിലനിൽക്കുന്നത്. ഇതിൽ തൃശ്ശൂരും പാലക്കാടും ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം.ഈ രണ്ട് ജില്ലകളിലും 3 പേരുകൾ വീതമാണ് ചർച്ചയാകുന്നത്. 

ജോസ് വള്ളൂർ, ടിവി ചന്ദ്രമോഹൻ , അനിൽ അക്കര എന്നീ പേരുകളാണ് തൃശ്ശൂരിൽ ഉയരുന്നത്. ഐ ഗ്രൂപ്പ് നിർദ്ദേശിച്ചത് ചന്ദ്രമോഹന്റെ പേരിനാണ്. എന്നാൽ ജോസ് വള്ളൂരിന് വേണ്ടി സാക്ഷാൽ കെപിസി അധ്യക്ഷൻ തന്നെ രംഗത്തുണ്ട്. അതേസമയം പാലക്കാട് എവി ഗോപിനാഥ്, വിടി ബൽറാം, എ തങ്കപ്പൻ എന്നിവരുടെ പേരിലാണ് തർക്കം മുറുകുന്നത്. എവി ഗോപിനാഥിനായി കെ സുധാകരൻ രംഗത്തുണ്ട്. എന്നാൽ പാലക്കാട് എംപിയും മുൻ ഡിസിസി അധ്യക്ഷനുമായ വികെ ശ്രീകണ്ഠൻ ഉൾപ്പെടെ ഗോപിനാഥിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.ഗോപിനാഥനെ ഒഴിവാക്കിയാൽ വിടി ബൽറാമിനാണ് സാധ്യത കൂടുതൽ. യുവ നേതാവായ വിടി അധ്യക്ഷ പദം ഏറ്റെടുക്കണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്. എന്നാൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെ മാറ്റി നിർത്താൻ ഹൈക്കമാന്റ് നേതൃത്വം നിർദ്ദേശിച്ചാൽ വിടിക്ക് അവസരം ലഭിച്ചേക്കില്ല. 

അതേസമയം ചില ജില്ലകളിൽ അപ്രതീക്ഷിത പേരുകളും അവസാന നിമിഷം ഉണ്ടായേക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.അതിനിടെ ഇനി പേരുകൾ നിർദ്ദേശിക്കാൻ ഇല്ലെന്ന നിസഹകരണ നിലപാടാണ് ഗ്രൂപ്പ് നേതാക്കൾ സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.അതേസമയം അത്തരമൊരു നിലപാട് സ്വീകരിച്ചാൽ അത് കെപിസിസി നേതൃത്വത്തിന് വലിയ തലവേദനയായിരിക്കും സൃഷ്ടിക്കുകയെന്ന കാര്യത്തിൽ തർക്കമില്ല. കെപിസിസി അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനേയും നിയമിച്ചതിൽ തന്നെ ഗ്രൂപ്പ് തലത്തിൽ അതൃപ്തി ശക്തമായിരുന്നു. ഡിസിസി തലത്തിലും അത്തരത്തിലുള്ള അതൃപ്തികൾ ഉയർന്നാൽ താഴെതട്ടില്‍ സംഘടനയെ ചലിപ്പിക്കുയെന്നത് കോൺഗ്രസ് നേതൃത്വത്തിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാകും.അതേസമയം ഇപ്പോൾ ഗ്രൂപ്പ് നേതാക്കൾ ഉയർത്തുന്ന ആക്ഷേപങ്ങൾ പട്ടിക പ്രഖ്യാപിക്കുന്നതോടെ അവസാനിക്കുമെന്നാണ് ഹൈക്കമാന്റിന്റെ അവകാശവാദം. ഗ്രൂപ്പ് സമവാക്യങ്ങളും പരിഗണിക്കപ്പെട്ടിട്ടുണ്ടെന്നും അർഹരായവരെ തന്നെ ഉൾപ്പെടുത്തിയുമാണ് ചർച്ച പുരോഗമിക്കുന്നതെന്നും നേതൃത്വം വ്യക്തമാക്കുന്നു. ആഗസ്റ്റ് 15നുമുമ്പ് ഡിസിസി അദ്ധ്യക്ഷന്‍മാരെ നിയമിക്കുമെന്നായിരുന്നു പറഞുകേട്ടത്. എന്നാല്‍ ഓണം കഴിഞ്ഞും നടക്കുമെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു.

Eng­lish Sum­ma­ry : dis­cus­sions regard­ing post­ing of dcc pres­i­dents in vain

You may also like this video :

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.